ഓണം നമ്മൾ മലയാളികളുടെ ദേശീയോത്സവമാണ്‌. പൂക്കളവും, പുലികളിയും, ഓണസദ്യയും ഇല്ലാതെ മലയാളിക്കെന്ത് ഓണാഘോഷം? ഏത് നാട്ടിൽ കഴിയുന്നവരായാലും സ്വന്തം കുടുംബത്തോടൊപ്പം ഒത്തുചേർന്നു ഓണം ആഘോഷിക്കാൻ ആഗ്രഹിക്കാത്ത മലയാളികളുണ്ടോ? വിവിധ ജീവിതസാഹചര്യങ്ങളാൽ കേരള സംസ്ഥാനത്തിന് പുറത്ത് (ബെംഗളൂരു പോലുള്ള സ്ഥലങ്ങളിൽ) ജോലി ചെയ്യുന്ന മലയാളികൾക്ക് തീർച്ചയായും ഓണം എന്നത് ഒരു അനിവാര്യത തന്നെയാണ്. കാരണം ഓണം എന്നത് ഒരുമയുടെ, സാഹോദര്യത്തിന്റെ, കൂടിച്ചേരലിന്റെ ഉത്സവമാണ്. മലയാളികളുടെ സുഖത്തിലും ദുഖത്തിലും കൂടെയുള്ള കെ.എസ്.ആർ.ടി.സി ഇത്തവണയും ഓണത്തിന് നിങ്ങളെ നാട്ടിലെത്തിക്കാൻ കൂടെയുണ്ട്.

സ്വകാര്യ ബസ്സുകളുടെ ഉത്സവകാലചൂഷണം ഒഴിവാക്കുവാനായി നിലവിലുള്ള സർവീസുകൾക്ക് പുറമെ കഴിയാവുന്ന എല്ലാ അധിക സർവീസുകളും കെ.എസ്.ആർ.ടി.സി നൽകുമെന്ന് കെഎസ്ആർടിസിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഏർപ്പെടുത്തുന്ന എല്ലാ സ്പെഷ്യൽ സർവീസുകൾക്കും ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമായിരിക്കും.

പുതുതായി അധിക സർവീസ് ആവശ്യമുള്ള സ്ഥലങ്ങളുടെ വിവരങ്ങൾ യാത്രക്കാർക്ക് കെഎസ്ആർടിസി ഒഫീഷ്യൽ പേജിലെ പോസ്റ്റിനു താഴെ കമന്റായി ചെയ്യാവുന്നതാണ്. ആ സ്ഥലങ്ങൾ കൂടി പരിഗണിച്ചു കൊണ്ടായിരിക്കും അധിക സർവീസുകളുടെ പുതിയ ലിസ്റ്റ് പുറത്തിറക്കുക. ബെംഗളൂരു മാത്രമല്ല, ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും സ്പെഷ്യൽ സർവ്വീസുകൾ വേണമെന്ന് യാത്രക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്ന ഈ വേളയിൽ അതുകൂടി ഉണ്ടാകുമോയെന്നു നമുക്ക് കാത്തിരുന്നു കാണാം.

ഓണക്കാലത്തെ അധിക സർവീസുകളുടെ ആദ്യത്തെ ലിസ്റ്റ് (ഒന്നാം ഘട്ടം) പ്രകാരമുള്ള തീയതിയും സമയക്രമവും ഇതോടൊപ്പം ചേർക്കുന്നു. ഇതൊരു സാമ്പിൾ വെടിക്കെട്ടാണ്. യാത്രക്കാരുടെ ആവശ്യം അനുസരിച്ചുള്ള യഥാർത്ഥ പൂരം വരാനിരിക്കുന്നതേയുള്ളു എന്നാണു കെഎസ്ആർടിസി അധികൃതർ പറയുന്നത്.

ബാംഗ്ലൂരിൽ നിന്നുള്ള സർവ്വീസുകൾ (04.09.2019 മുതൽ 14.09.2019 വരെ) ഇങ്ങനെയാണ് (ബ്രാക്കറ്റിൽ ഉള്ളത് സമയം): ബാംഗ്ലൂർ – കോഴിക്കോട് (21:20, 21:45), ബാംഗ്ലൂർ – തൃശ്ശൂർ (19:15), ബാംഗ്ലൂർ – എറണാകുളം (18:30), ബാംഗ്ലൂർ – കോട്ടയം (18:00), ബാംഗ്ലൂർ – കണ്ണൂർ (21:01), ബാംഗ്ലൂർ – പയ്യന്നൂർ (22:15).

ബാംഗ്ലൂരിലേക്കുള്ള സർവ്വീസുകൾ (04.09.2019 മുതൽ 16.09.2019 വരെ) : കോഴിക്കോട് – ബാംഗ്ലൂർ (19:35, 20:35), തൃശ്ശൂർ – ബാംഗ്ലൂർ (19:15), എറണാകുളം – ബാംഗ്ലൂർ (17:30), കോട്ടയം – ബാംഗ്ലൂർ (17:00), കണ്ണൂർ – ബാംഗ്ലൂർ (20:00), പയ്യന്നൂർ – ബാംഗ്ലൂർ (17:30).

ഈ സർവീസുകളെ സംബന്ധിച്ചുള്ള അന്വേഷണങ്ങൾക്കായി പ്രിയ യാത്രക്കാർക്ക് ഇവരെ ബന്ധപ്പെടാവുന്നതാണ്. കൺട്രോൾറൂം (24×7) – മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799. സോഷ്യൽ മീഡിയ സെൽ – (24×7) വാട്സാപ്പ് നമ്പർ – 8129562972. ഓൺലൈനായി ടിക്കറ്റുകൾ റിസർവ്വ് ചെയ്യാൻ online.keralartc.com സന്ദർശിക്കുക. സന്തോഷത്തിലും സാന്ത്വനത്തിലും കെ.എസ്.ആർ.ടി.സി എന്നും കേരള ജനതക്കൊപ്പം.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.