കൊറോണ കാരണം കേരളത്തിനു പുറത്ത് ധാരാളം മലയാളികൾ ഇപ്പോഴും നാട്ടിലേക്ക് തിരിച്ചു വരാൻ മാർഗ്ഗമില്ലാതെ പെട്ടു കിടക്കുന്നുണ്ട്. അവർക്ക് ഒരു ആശ്രയമാകുകയാണ് കെഎസ്ആർടിസി. ഓണത്തോടനുബന്ധിച്ച് ഇന്റർ സ്റ്റേറ്റ് റൂട്ടുകളിലേക്കും അവിടെ നിന്നും കേരളത്തിലേക്കും കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് കേരള – കർണാടക ആർടിസികൾ സർവ്വീസ് നടത്തും.

ബെംഗളൂരു പോലെത്തന്നെ മലയാളികൾ ധാരാളമായുള്ള ഒരു സ്ഥലമാണ് തമിഴ്‌നാട്ടിലെ ചെന്നൈ. ചെന്നൈയിലേക്ക് ആണെങ്കിൽ കെഎസ്ആർടിസിയ്ക്ക് നിലവിൽ സർവ്വീസുകൾ ഇല്ലതാനും. എങ്കിലും ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത് കേരളത്തിൽ നിന്നും ചെന്നൈ റൂട്ടിൽ അപ് & ഡൗൺ സ്പെഷ്യൽ സർവ്വീസുകൾ നടത്തുവാൻ തയ്യാറായിരിക്കുകയാണ് കെഎസ്ആർടിസി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 25.08.2020 മുതൽ 06.09.2020 വരെ കെ.എസ്.ആർ.ടി.സി ചെന്നെ സർവ്വീസുകൾ സർവ്വീസ് നടത്തും. സൂപ്പർ ഡീലക്സ് വിഭാഗത്തിൽപ്പെട്ട ബസ്സുകൾ ഉപയോഗിച്ചാണ് സർവ്വീസ് നടത്തപ്പെടുക. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ചെന്നൈ സർവ്വീസുകൾ നടത്തപ്പെടുക. തെക്കൻ കേരളത്തിലുള്ളവർക്ക് തിരുവനന്തപുരം സർവ്വീസും, മധ്യകേരളത്തിലുള്ളവർക്ക് എറണാകുളം സർവ്വീസും, മലപ്പുറം, കോഴിക്കോട് തുടങ്ങി വടക്കൻ കേരളത്തിലുള്ളവർക്ക് കണ്ണൂർ സർവ്വീസും ഉപകാരപ്പെടും.

വൈകുന്നേരം 5 മണിക്ക് ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്കും, അതേ സമയത്തു തന്നെ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കും സർവ്വീസുകൾ പുറപ്പെടും. മധുര, നാഗർകോവിൽ വഴിയായിരിക്കും ഈ സർവ്വീസ്. ടിക്കറ്റ് നിരക്ക് 1330 രൂപയാണ്.

വൈകുന്നേരം 5 മണിക്ക് ചെന്നൈയിൽ നിന്നും എറണാകുളത്തേക്കും, അതേ സമയത്തു തന്നെ എറണാകുളത്തു നിന്നും ചെന്നൈയിലേക്കും സർവ്വീസുകൾ പുറപ്പെടും. സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ വഴിയാണ് ഈ സർവ്വീസ് നടത്തപ്പെടുന്നത്. 1240 രൂപയാണ് ടിക്കറ്റ് ചാർജ്ജ്.

വൈകുന്നേരം 5 മണിക്ക് കണ്ണൂരിൽ നിന്നും ചെന്നൈയിലേക്കും, അതേ ദിവസം വൈകുന്നേരം 6 മണിക്ക് ചെന്നൈയിൽ നിന്നും കണ്ണൂരിലേക്കുമാണ് സർവ്വീസുകൾ പുറപ്പെടുക. സേലം, കോയമ്പത്തൂർ, പാലക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, കോഴിക്കോട്, തലശ്ശേരി വഴിയായിരിക്കും ഈ സർവ്വീസ്.

ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം End to End വ്യവസ്ഥയിലാണ് ടിക്കറ്റുകൾ കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ വെബ്സൈറ്റായ online.keralartc.com ലൂടെ ലഭ്യമാകുക. 20.08.2020 മുതൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. 1383 രൂപയാണ് ടിക്കറ്റ് നിരക്ക്.

കേരള, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കോവിഡ് പ്രൊട്ടോക്കോൾ കർശനമായി പാലിക്കാൻ ടിക്കറ്റ് റിസർവ്വ് ചെയ്യുന്ന യാത്രക്കാർ ബാദ്ധ്യസ്ഥരായിരിക്കും. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ http://covid19jagratha.kerala.nic.in രജിസ്റ്റർ ചെയ്ത് യാത്രാവേളയിൽ കേരളത്തിലേക്കുള്ള യാത്രാ പാസ്സ് ഹാജരാക്കിയാൽ മാത്രമേ യാത്രാനുമതി ലഭിക്കുകയുള്ളൂ. യാത്രാ ദിവസം ആവശ്യമായ യാത്രക്കാരില്ലാതെ ഏതെങ്കിലും സർവ്വീസ് റദ്ദാക്കേണ്ടുന്ന സാഹചര്യമുണ്ടായാൽ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യുന്നതാണ്.

യാത്രാ ദിവസം കേരള, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പാലിക്കാൻ യാത്രക്കാർ ബാദ്ധ്യസ്ഥരാണ്. ഏതെങ്കിലും യാത്രക്കാരൻ ഇതിന് വിസമ്മതിക്കുന്ന പക്ഷം ടിക്കറ്റ് ചാർജ്ജ് റീഫണ്ട് ചെയ്ത് നൽകുന്നതാണ്. യാത്രക്കാർ യാത്രയിലുടനീളം മാസ്ക്ക് നിർബ്ബസമായും ധരിക്കേണ്ടതാണ്. യാത്രക്കാർ യാത്ര ആരംഭിക്കുന്നതിന് മുൻപായി തങ്ങളുടെ മൊബൈലിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. കേരള, തമിഴ്നാട് സർക്കാരുകൾ ഏതെങ്കിലും സാഹചര്യത്തിൽ യാത്രാനുമതി നിഷേധിച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്ത് നൽകുന്നതാണ്.

Image – Ramachandran Palaniramu.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.