കെഎസ്ആർടിസിയുടെ സർവ്വീസുകൾ കേരളത്തിനുള്ളിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. ബെംഗളൂരു, മംഗലാപുരം, മൈസൂർ, കൊല്ലൂർ മൂകാംബിക, കോയമ്പത്തൂർ, ഊട്ടി, പഴനി, മധുര, തെങ്കാശി, വേളാങ്കണ്ണി, കന്യാകുമാരി തുടങ്ങിയവയാണ് കെഎസ്ആർടിസിയുടെ പ്രധാനപ്പെട്ട അന്തർ സംസ്ഥാന റൂട്ടുകൾ. യാത്രക്കാരുടെ സൗകര്യാർത്ഥം ഈ റൂട്ടുകളിലെ ഓർഡിനറി ഒഴികെയുള്ള സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് സൗകര്യം മുൻപേ തന്നെ ലഭ്യമാക്കിയിരുന്നു. എന്നാൽ ഇവയിൽ ഊട്ടി, പഴനി, മധുര, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരികെ കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന ബസുകളിൽ സീറ്റ് റിസർവേഷൻ സൗകര്യം ലഭ്യമായിരുന്നില്ല.

ഈ കാര്യം പലതവണ യാത്രക്കാർ കെഎസ്ആർടിസി അധികൃതരെ ബോധിപ്പിക്കുകയുണ്ടായെങ്കിലും ഇതുവരെ ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരം കണ്ടിരുന്നില്ല. എന്നാൽ ഇപ്പോഴിതാ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ഊട്ടി (ഊട്ടി – കണ്ണൂർ), പഴനി, മധുര (മധുര – കണ്ണൂർ), വേളാങ്കണ്ണി എന്നീ സ്ഥലങ്ങളിൽ നിന്നും കേരളത്തിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സുകളിൽ ഓൺലൈൻ റിസർവേഷൻ സൗകര്യം ആരംഭിച്ചിരിക്കുകയാണ്.

കെഎസ്ആർടിസിയുടെ റിസർവേഷൻ സൈറ്റിലെ ബോർഡിംഗ് പോയിന്റിൽ ഇല്ലാതിരുന്ന ഒരു സ്ഥലമായിരുന്നു ഊട്ടി. കണ്ണൂർ, ബത്തേരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഊട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സുകളിൽ റിസർവേഷൻ സൗകര്യം ഉണ്ടായിരുന്നുവെങ്കിലും ഊട്ടിയിൽ നിന്നും തിരികെയുള്ള ട്രിപ്പിൽ ഇവയ്ക്ക് ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയിരുന്നില്ല. ഇവയിൽ ഊട്ടി – കണ്ണൂർ സൂപ്പർ ഫാസ്റ്റിലാണ് ഇപ്പോൾ മടക്കയാത്രയ്ക്ക് റിസർവേഷൻ സൗകര്യം വന്നിരിക്കുന്നത്. ഇതേപോലെ കോയമ്പത്തൂർ – ഊട്ടി – ബത്തേരി സർവ്വീസിലും ഊട്ടി ബോർഡിങ് പോയിന്റ് ഏർപ്പെടുത്തുമെന്നും അറിയുവാൻ സാധിച്ചു.

പഴനിയിൽ നിന്നുള്ള ചേർത്തല, കൊട്ടാരക്കര തുടങ്ങിയ സർവ്വീസുകൾക്കാണ് ഇപ്പോൾ ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. ഇതു കൂടാതെ മധുര – കണ്ണൂർ സൂപ്പർ ഫാസ്റ്റിൽ പഴനിയിൽ നിന്നും യാത്രക്കാർക്ക് ഓൺലൈൻ ബുക്കിംഗ് മൂലം ബോർഡിംഗ് ചെയ്യുവാനും സാധിക്കും. മധുരയിൽ നിന്നും തുടക്കത്തിൽ കണ്ണൂർ സൂപ്പർ ഫാസ്റ്റിനു മാത്രമാണ് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിരിക്കുന്നത്. അധികം വൈകാതെ മധുരയിൽ നിന്നുള്ള മറ്റു സർവ്വീസുകളായ എറണാകുളം, തിരുവല്ല, കൊല്ലം തുടങ്ങിയവയിലും ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തും.

ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേക്കുള്ള സൂപ്പർ എക്സ്പ്രസ്സ് ബസ്സിൽ റിസർവേഷൻ സൗകര്യം ഉണ്ടെങ്കിലും തിരിച്ചു വേളാങ്കണ്ണിയിൽ നിന്നും ആരംഭിക്കുന്ന ട്രിപ്പിന് ഇത് ലഭ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി വേളാങ്കണ്ണിയിൽ നിന്നുള്ള ട്രിപ്പിനും കൂടി ഓൺലൈൻ റിസർവേഷൻ ആരംഭിച്ചിരിക്കുകയാണ് കെഎസ്ആർടിസി.

എന്തായാലും ഊട്ടി, മധുര, പഴനി, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ കേരളത്തിലേക്കുള്ള യാത്രകൾ ഇനി കൂടുതൽ സുഗമമാകും എന്നു തന്നെ അനുമാനിക്കാം. ഒപ്പം തന്നെ പഴനി, വേളാങ്കണ്ണി എന്നിവിടങ്ങളിലേക്ക് തീർത്ഥാടന യാത്ര പോകുന്ന മലയാളികൾക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്ത് പ്ലാൻ ചെയ്ത രീതിയിൽ തന്നെ യാത്ര സഫലമാക്കുവാൻ സാധിക്കും.

അന്തർ സംസ്ഥാന ബസുകൾക്കെതിരെ യാത്രക്കാർക്കിടയിലുണ്ടായ വികാരങ്ങളെ മുൻനിർത്തി യാത്രക്കാരുടെ സൗകര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് കെഎസ്ആർടിസി ഇത്തരം നല്ല പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കുന്നത്. ഇത് ഇനി തുടർന്നു കൊണ്ടു പോകുകയാണെങ്കിൽ കെഎസ്ആർടിസിയ്ക്ക് കൂടുതൽ യാത്രക്കാരെ ലഭിക്കുകയും വരുമാനവർദ്ധനവിന് അതു കാരണമായിത്തീരുകയും ചെയ്യും. എന്തായാലും കെഎസ്ആർടിസിയുടെ അവസരോചിതമായ ഇത്തരം പ്രവൃത്തികൾ അഭിനന്ദനാർഹം തന്നെയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.