ഈ വർഷത്തെ മണ്ഡലകാലത്തോടനുബന്ധിച്ച് ശബരിമലയിൽ നിലയ്ക്കൽ – പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസ്സുകൾ മാത്രമായിരിക്കും സർവ്വീസ് നടത്തുക. ഭക്തരുടെ തിരക്ക് പരിഗണിച്ചുകൊണ്ടാണ് ഈ തീരുമാനം. മൊത്തം 250 ബസ്സുകളാണ് ഈ റൂട്ടിൽ ചെയിൻ സർവ്വീസുകൾക്കായി കെഎസ്ആർടിസി തയ്യാറാക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ്സുകളും ശബരിമല സ്പെഷ്യൽ സർവ്വീസുകളായി ഓടിത്തുടങ്ങും. നിലയ്ക്കൽ – പമ്പ റൂട്ടിൽത്തന്നെ ആയിരിക്കും ഈ പത്ത് ഇലക്ട്രിക് ബസ്സുകൾ സർവ്വീസ് നടത്തുക.
നിലയ്ക്കൽ – പമ്പ റൂട്ടിൽ ഇത്തവണ തീർത്ഥാടകർക്ക് ഓൺലൈനായിട്ടും അല്ലാതെയും ബസ് ടിക്കറ്റുകൾ എടുക്കുവാനുള്ള സൗകര്യങ്ങൾ കെഎസ്ആർടിസി ഏർപ്പെടുത്തിയിട്ടുണ്ട്. ടിക്കറ്റുകൾ മുൻകൂട്ടി ഓൺലൈനായോ അല്ലെങ്കിൽ അവിടെയുള്ള കെഎസ്ആർടിസി ടിക്കറ്റ് കൗണ്ടറുകളിൽ നിന്നോ എടുക്കാവുന്നതാണ്. ഇതിനു പുറമെ യാത്രക്കാർക്കായി പമ്പയിൽ 15 സെൽഫ് സർവ്വീസ് ടിക്കറ്റ് കിയോസ്‌ക്കുകളും സജ്ജമാക്കിയിട്ടുണ്ട്.
കേരള പൊലീസിന്റെ www.sabarimalaq.com എന്ന വെർച്വൽ ക്യൂ വെബ്സൈറ്റിൽ പോയാൽ കെ എസ് ആർ ടി സി ബുക്കിങ് എന്ന ബാനർ കാണാം. ആ ബാനറിൽ ക്ലിക്ക് ചെയ്താൽ www.keralartc.com എന്ന വെബ്സൈറ്റിൽ പോകും. ആ വെബ്സൈറ്റിൽ വേറെ ബാനർ കാണാം. ആ ബാനറിൽ ക്ലിക്ക് ചെയ്താൽ sabarimala.keralartc.com എന്ന വെബ്സൈറ്റിൽ പോകും.അവിടെ നിന്നു നിങ്ങൾക്ക് നിലയ്ക്കൽ പമ്പ ബസുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഒരു ബുക്കിങ്ങിലൂടെ പത്ത് പേർക്ക് നിലയ്ക്കൽ, പമ്പ കെഎസ്ആർടിസി ടിക്കറ്റടക്കം തീർഥാടനസൗകര്യം ലഭിക്കും. ശബരിമലയ്ക്ക് പോകേണ്ട തിയതിയും സമയവും നൽകിയാൽ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള കെഎസ്ആർടിസി ടിക്കറ്റ് ലഭിക്കും. ഇതിനു പുറമെ http://sabarimala.keralartc.com/ എന്ന സൈറ്റിൽ നേരിട്ട് കയറിയും കെഎസ്ആർടിസി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. നിലയ്ക്കൽ – പമ്പ റൂട്ടിൽ മടക്കയാത്ര ടിക്കറ്റ് അടക്കവും അല്ലാതെയും ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സൗകര്യമുണ്ട്. ഓൺലൈൻ അല്ലാതെ കൗണ്ടറിൽ നിന്നും നേരിട്ട് എടുക്കുന്ന ടിക്കറ്റുകൾ കാശു കൊടുത്തും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ വഴിയും എടുക്കാം.
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : ബുക്ക് ചെയ്ത ടിക്കറ്റിന്റെ പ്രിൻറ് കോപ്പികളും ഏതെങ്കിലും ഐഡി പ്രൂഫും കയ്യിൽ കരുതേണ്ടതാണ്. ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, വോട്ടേഴ്‌സ് ഐഡി കാർഡ് തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്ന ഐഡി പ്രൂഫുകൾ. യാത്രയ്ക്കായി ബുക്ക് ചെയ്തിരിക്കുന്ന സമയത്ത് പ്രസ്തുത യാത്രക്കാരൻ ബസ്സിൽ കയറേണ്ടതാണ്. ഗ്രൂപ്പായി ടിക്കറ്റ് ബുക്ക് ചെയ്ത് വരുന്നവർ തങ്ങളുടെ കൂടെയുള്ളവരെല്ലാം കൃത്യമായി ബസ്സിൽ കയറിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. മടക്കയാത്രയ്ക്ക് കൂടിയുള്ള ടിക്കറ്റുകൾ ബുക്ക് ചെയ്തു വരുന്നവർ മടക്കയാത്രാ ടിക്കറ്റുകൾ കൂടി പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. യാത്രയ്ക്കായി വരുമ്പോൾ ഓൺലൈനായി ബുക്ക് ചെയ്ത ടിക്കറ്റ് കയ്യിൽ ഇല്ലാത്ത പക്ഷം യാത്രക്കാരൻ വേറെ പണമടച്ച് ടിക്കറ്റ് എടുക്കേണ്ടതാണ്.
നിലയ്ക്കൽ – പമ്പ റൂട്ടിലെ പുതുക്കിയ ബസ് ചാർജ്ജുകൾ ഇനി പറയുന്നതാണ്. നോൺ എസി ബസ്സുകളിൽ നിലയ്ക്കൽ – പമ്പ – നിലയ്ക്കൽ റൗണ്ട് ട്രിപ്പിന് (മടക്കയാത്ര) ഒരാൾക്ക് 80 രൂപയും ഒരു വശത്തേക്ക് മാത്രമുള്ള ട്രിപ്പിന് ഒരാൾക്ക് 40 രൂപയുമാണ് നിരക്ക്. ഇനി എസി ബസ്സുകളിൽ ആണ് നിങ്ങളുടെ യാത്രയെങ്കിൽ നിലയ്ക്കൽ – പമ്പ – നിലയ്ക്കൽ റൗണ്ട് ട്രിപ്പിന് (മടക്കയാത്ര) ഒരാൾക്ക് 150 രൂപയും ഒരു വശത്തേക്ക് മാത്രമുള്ള ട്രിപ്പിന് ഒരാൾക്ക് 75 രൂപയുമാണ് നിരക്ക്. ഓൺലൈനായി ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റ് ചാർജ്‌ജിന്റെ 1% ട്രാൻസാക്ഷൻ ഫീ ആയി ഈടാക്കുന്നതായിരിക്കും.
നിലയ്ക്കൽ – പമ്പ റൂട്ടിലെ കെഎസ്ആർടിസി ബസ്സുകൾ കണ്ടക്ടർ ഇല്ലാതെയായിരിക്കും സർവ്വീസ് നടത്തുക. ടിക്കറ്റുകളിലെ QR കോഡ് പരിശോധിച്ചായിരിക്കും ആളുകളെ ബസ്സിൽ കയറ്റുക. ഓരോ രണ്ടു മിനിട്ടിലും എസി ബസ്സുകളും ഓരോ മിനിറ്റ് വെച്ച് നോൺ എസി ബസ്സുകളും സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ ശബരിമല സ്പെഷ്യൽ ബസ്സുകളിൽ GPS സംവിധാനവും യാത്രക്കാർക്കായി പ്രത്യേകം ക്ലോക്ക് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.