കെഎസ്ആർടിസി ബസ് ജീവനക്കാരും സ്ഥിര യാത്രക്കാരുമെല്ലാം എന്നും പരസ്പരം സുപരിചിതരായിരിക്കും. മിക്കവാറും എല്ലാവരും ബസ്സിൽ കയറിയാൽ പിന്നെ അതായിരിക്കും കുടുംബം. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനും അനിയനും അനിയത്തിയുമെല്ലാം അടങ്ങിയ, ആറു ചക്രങ്ങളിൽ നീങ്ങുന്ന ഒരു വലിയ കൂട്ടുകുടുംബം.

ഇത്തരത്തിൽ യാത്രക്കാർ പരസ്പരം സ്നേഹത്തോടെ, ഒരു കുടുംബത്തിലെന്നപോലെ യാത്ര ചെയ്യുന്ന ബസ് സർവീസാണ് കിളിമാനൂർ ഡിപ്പോയുടെ ‘സെക്രട്ടറിയേറ്റ് ബസ്’ എന്നു വിളിപ്പേരുള്ള തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ (RPC 66). കൂടുതൽ യാത്രക്കാരും സെക്രട്ടറിയേറ്റ് ജീവനക്കാർ ആയതിനാലാണ് ഈ ബസ്സിന്‌ ഇങ്ങനെയൊരു പേരു വരാൻ കാരണം.

കഴിഞ്ഞ ദിവസം വ്യത്യസ്തമായൊരു കാഴ്ചയ്ക്ക് ഈ ബസ് സാക്ഷ്യം വഹിക്കുകയുണ്ടായി. വേറൊന്നുമല്ല സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കുന്ന സ്ഥിര യാത്രക്കാരിൽ ഒരാൾക്ക് സഹയാത്രികരുടെ വക സ്നേഹാദരം നൽകുകയുണ്ടായി. ഇറിഗേഷൻ വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടായി വിരമിച്ച മടവൂർ വിളയക്കാട് സ്വദേശി മണികണ്ഠൻ സാറിനാണ് ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മ ബസിനുള്ളിൽ തന്നെ യാതയയപ്പ് നൽകിയത്. കണ്ടക്ടറും ഡ്രൈവറും കൂടി യാത്രക്കാരോടൊപ്പം സഹകരിച്ചതോടെ ചടങ്ങ് ഉഷാറായി.

സംഭവ ദിവസം പോങ്ങനാട് കഴിഞ്ഞ് കക്കാക്കുന്ന് എത്തിയതോടെ ബസ് റോഡരികിൽ നിർത്തി. സംഭവത്തിലേക്ക് സൂചന നൽകി ചെറിയൊരു ആമുഖം. പിന്നെ യാതക്കാരെല്ലാം എഴുന്നേറ്റ് നിന്ന് മണികണ്ഠൻ സാറിനെ മുന്നിലേക്ക് ക്ഷണിച്ചു. പി.എസ്.സി ഓഫീസിലെ മുഹമ്മദ് ജാസി ആദ്യം അദ്ദേഹത്തെ പൊന്നാടയണിച്ചു. കോളജ് വിദ്യാഭ്യാസ വകുപ്പിലെ മനോജ് യാത്രക്കാരുടെ വകയായ മൊമന്റോയും അദ്ദേഹത്തിന് നൽകി. ചുരുക്കം ചില വാക്കുകളിൽ മണികണ്ഠൻ സാറിന്റെ നന്ദി പ്രകടനം. മരിച്ചാലും ഈ സ്നേഹം മറക്കില്ലെന്ന ഹൃദയത്തിൽ നിന്നുള്ള വാക്കുകളിൽ വൈകാരികമായിരുന്നു മറുപടി. ഇതോടൊപ്പം ബസിലെ യാത്രക്കാർക്കെല്ലാം മധുരവും വിതരണം ചെയ്തു.

കഴിഞ്ഞ കുറച്ചു നാളുകളായി കെഎസ്ആർടിസി ബസുകളിലെ സ്ഥിര യാത്രികരുടെ കൂട്ടായ്മയും, അവരുടെ ഒത്തായ പ്രവർത്തനങ്ങളും എല്ലാം വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ദിവസങ്ങൾക്ക് മുൻപാണ് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർക്ക് ബസ്സിലെ സ്ഥിര യാത്രികരെല്ലാം ചേർന്ന് യാത്രയയപ്പ് നൽകിയത്. ഇപ്പോഴിതാ അതുപോലൊരു യാത്രയയപ്പ് യാത്രക്കാരനും.

അദ്ദേഹത്തിന് ഓഫീസിൽ നിന്നും കിട്ടിയതിനേക്കാൾ ഇരട്ടി മധുരമുണ്ടാകും സൗഹൃദക്കൂട്ടായ്മ നൽകിയ സ്നേഹം നിറഞ്ഞ, കണ്ണീരോടെയുള്ള ഈ ചടങ്ങ്. എന്തായാലും നമ്മുടെ നാട്ടിൽ ബസ് യാത്രകൾ വഴി ഇങ്ങനെയും ചില നല്ല കാര്യങ്ങൾ നടക്കുന്നുണ്ടല്ലോ. വളരെ സന്തോഷം. പൊതുഗതാഗത സംവിധാനത്തിന് എന്നും ഒരു മുതൽക്കൂട്ടായിരിക്കും ഇത്തരത്തിലുള്ള ബസ് സൗഹൃദങ്ങളും കൂട്ടായ്മകളുമെല്ലാം.

ചിത്രങ്ങൾക്ക് കടപ്പാട് – Respected Photographer.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.