കോവിഡ് നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെ.എസ്.ആർ.ടി.സി “റിലേ സർവ്വീസുകൾ” ആരംഭിക്കുന്നു. അന്തർ ജില്ലാ യാത്രികരിൽ നിന്നും നിരന്തരമായി ലഭിച്ച പരാതികളാണ് ഇത്തരം ഒരു സർവ്വീസിനെക്കുറിച്ച് ആലോചിക്കാൻ കെ.എസ്.ആർ.ടി.സി-യെ പ്രേരിപ്പിച്ചത്. ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്കും തിരിച്ചുമാണ് സർവ്വീസ് നടത്തുന്നത്.
രാത്രി 9 മണിയോടു കൂടി സർവീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാൽ ഉച്ചവരെയുള്ള സർവ്വീസുകൾ തൃശ്ശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന വിധത്തിലായിരിക്കും ക്രമീകരണം ഏർപ്പെടുത്തുക. കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കി കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് മാറിക്കയറി യാത്ര തുടരുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരേക്കുള്ള ബസുകളുടെ സമയക്രമം 5:00, 6:00, 7:00, 8:00, 9:00, 10:00, 11:00, 12:00, 13:00, 14:00 എന്നിങ്ങനെയും, തൃശ്ശൂർ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസ്സുകളുടെ സമയക്രമം 4:40, 5:40, 6:40, 7:40, 8:40, 9:40, 10:40, 11:40, 12:40, 13:40 എന്നിങ്ങനെയും ആണ്.
യാത്രക്കാർക്ക് ഈ സർവ്വീസ് സംബന്ധിച്ച നിർദ്ദേശങ്ങൾക്കും അന്വേഷണങ്ങൾക്കുമായി സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7) ഫേസ്ബുക്, വാട്സാപ്പ് നമ്പർ – 8129562972,
വെബ് സൈറ്റ് : www.keralartc.com, കെഎസ്ആർടിസി, കൺട്രോൾറൂം (24×7) (മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799) എന്നീ മാർഗ്ഗങ്ങളിലൂടെ കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെടാവുന്നതാണ്.
അതുപോലെത്തന്നെ കോവിഡ് പ്രതിരോധ രംഗത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സേവനം വളരെ വലുതാണ്. വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തിൽ നിന്നും സ്വന്തം നാടുകളിലെത്തിക്കുന്ന ഈ ജീവനക്കാർ ആരോഗ്യ പ്രവർത്തകർക്കൊപ്പം സാഹസികമായാണ് പ്രവർത്തിക്കുന്നത്. കെ എസ് ആർ ടി സി ബസുകൾ അണുവിമുക്തമാക്കുന്നതിനും ജീവനക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കുന്നതിനും നമ്മൾ പ്രതിജ്ഞാബദ്ധരാണ്. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ബസുകളും മറ്റ് ബസുകളും സര്‍വീസിന് ശേഷം അണുവിമുക്തമാക്കും.
വിവരങ്ങൾക്ക് കടപ്പാട് – സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി.