പത്തനംതിട്ടയിൽ നിന്നും ബെംഗളുരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്‌കാനിയ ബസ് ഫ്‌ളൈ ഓവറിൽ നിന്നും താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധിയാളുകൾക്ക് പരിക്ക്. 26 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തമിഴ്നാട്ടിലെ സേലം ദേശീയപാതയിൽ അവിനാശി മംഗള മേൽപാതയിൽ നിന്നുമാണ് ബസ് താഴേക്ക് പതിച്ചത്. കാറിനെ ഇടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് പറയപ്പെടുന്നത്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ സെബി വർഗ്ഗീസ് എന്ന യാത്രക്കാരിയുടെ നില ഗുരുതരമാണ് എന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, ഈ ബസില്‍ എത്ര മലയാളികള്‍ ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല. കെഎസ്ആര്‍ടിസി ഉന്നത സംഘത്തോട് സംഭവസ്ഥലത്തെത്താന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

കെഎസ്ആർടിസി വാടകയ്ക്ക് എടുത്ത് സർവ്വീസ് നടത്തുന്ന സ്‌കാനിയ ബസുകളിൽ ഒന്നാണ് ഇപ്പോൾ അപകടത്തിൽപ്പെട്ടിരിക്കുന്നത്. അപകടത്തിൽ  ബസ്സിന്റെ ഡ്രൈവർ കമ്പനിയുടേതും കണ്ടക്ടർ കെഎസ്ആർടിസിയുടേതും ആണ്. ഈയിടെയായി വാടക സ്‌കാനിയ ബസുകൾ നിരന്തരമായി അപകടത്തിൽപ്പെടുന്നത് പതിവാക്കിയിരിക്കുകയാണ്. മിക്കതും ഡ്രൈവർ ഉറങ്ങിപ്പോകുന്നതു മൂലം ഉണ്ടാകുന്ന അപകടങ്ങളാണ്. വാടക ബസ് ആയതിനാൽ കെഎസ്ആർടിസിയ്ക്ക് ഇതുമൂലം വലിയ നഷ്ടങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കിലും യാത്രക്കാരുടെ ജീവൻ വെച്ചു പന്താടുന്ന ഈ പ്രവണതകൾ അവസാനിപ്പിക്കേണ്ടത് തന്നെയാണ്. ഡ്രൈവർമാർക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി വേണം സർവ്വീസ് നടത്തുവാൻ.

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്‍റെ മനശാസ്ത്രമാണിത്. പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ് എന്ന് മറന്നു കൂടാ.

ഒരാള്‍ക്ക് വാഹനമോടിക്കാന്‍ കഴിയാത്ത വിധം തലച്ചോര്‍ മയക്കത്തിലേക്ക് പോകുന്നത് ഏതു അവസ്ഥയിലാണ് എന്ന് എളുപ്പത്തില്‍ വിവരിക്കാന്‍ സാധിക്കുകയില്ല. “റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ കഴിയാത്ത വിധം കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക, തുടര്‍ച്ചയായി കണ്ണ് ചിമ്മി, ചിമ്മി തുറന്നു വയ്ക്കുന്ന സാഹചര്യം ഉണ്ടാവുക, ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറി, അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ചിന്തിക്കുക, എളുപ്പത്തില്‍ ലഭിക്കാമായിരുന്ന ഒരു ഷോര്‍ട്ട് കട്ട് അല്ലെങ്കില്‍, ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു വ്യാകുലപ്പെടുക, തുടര്‍ച്ചയായി കോട്ടുവായിടുകയും, കണ്ണ് തിരുമ്മുകയും ചെയ്യുക, ശരീരത്തിനു മൊത്തത്തില്‍ ഒരു അസ്വസ്ഥത തോന്നുക” തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ടോ? എങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കെങ്കിലും നിര്‍ത്തി വച്ചു തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുന്നതാണ് ഉചിതം.

ശരീരത്തിന്‍റെ വിവിധഭാഗങ്ങള്‍ ചെറുതെങ്കിലും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ കഴിയുകയുള്ളൂ. ഓരോ മൈക്രോസെക്കന്ടില്‍ തലച്ചോറിന്‍റെ ശരിയായ നിയന്ത്രണവും ഇതിനു ആവശ്യമുണ്ട്. ജീവിച്ചിരിക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുള്ള ഒരു വലിയ ജീവിതത്തില്‍ നിന്നും ഒരു നിമിഷത്തെ അശ്രദ്ധ സമ്മാനിക്കുന്നത് എന്നത്തെക്കുമുള്ള ഒരു ദുരന്തമായിരിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.