വിവരണം – സിറിൾ ടി. കുര്യൻ.
ബാംഗ്ലൂർ പോകുവാൻ 1800 മണിയുടെ കോട്ടയം – ബെംഗളൂരു സ്‌കാനിയ സർവീസ് എടുത്തിന്റെ പ്രായശ്ചിത്തതോടെ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം ബാംഗ്ളൂർ വരെ പോകേണ്ട ഒരു ആവശ്യം വന്നു. അവസാന നിമിഷമാണ് തീയതി തീരുമാനിച്ചത്. ഞാനും എന്റെ സുഹൃത്തു ദീപക്കും (അവൻ പാലക്കാടു നിന്ന് ജോയിൻ ചെയ്യും). രണ്ടു പേർക്കും സൗകര്യമായി കോട്ടയം – ബംഗളുരു രണ്ടു സര്വീസുകൾ. ഒരെണ്ണം കേരള rtc, മറ്റേത് കർണാടക rtc. മഹാരാജാവിനോട് ഒത്തുള്ള യാത്രകൾ നടത്തി കുറെ നാളായല്ലോ എന്ന ചിന്തായാൽ, ജൂലൈ 10ന്റെ 1800 KTMBLR വണ്ടിക്ക് 2 സീറ്റുകൾ എടുത്തു.. വാടക സ്കാനിയ ആണെന്ന് അറിഞ്ഞു.. നമ്മുടെ വണ്ടിയേക്കാൾ നല്ല മൈൻന്റെനൻസ് ആണെന്നാണ് എന്റെ വിശ്വാസം.
അങ്ങനെ ആ സുദിനം എത്തി.. അതായത് 10 ജൂലൈ. വൈകുന്നേരം 4 മണി കഴിഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി നേരെ ചങ്ങനാശേരി സ്റ്റാണ്ടിലേക്ക്… അവിടെ ചെന്ന പിറകെ ഒരു അസി ലോ ഫ്ലോർ കിട്ടി.. അതിൽ നേരെ കോട്ടയത്തേക്ക്… പ്രശ്ന രഹിത തുടക്കം.. സന്തോഷം ! കോട്ടയത്തു ഒരു 5:15 pm ഓടെ എത്തിയ ഞാൻ തിരഞ്ഞത് എനിക്ക് പോകേണ്ട വണ്ടിയെ… കാണാതായപ്പോൾ ഒരു പേടി… ഇനി അവസാന നിമിഷം ക്യാൻസൽ ചെയ്തോ എന്തോ ! അന്വേഷിച്ചപ്പോൾ സാധനം ക്യാൻസൽ അല്ല. സമാധാനം ! വേറെ ഒരു വണ്ടി ബുക്ക് ചെയ്താലും കിട്ടാത്ത ടെൻഷൻ ആണ് ആനവണ്ടി ബുക്ക് ചെയ്തുകഴിഞ്ഞാൽ ഉള്ളത്… അവസാന നിമിഷം cancellation തന്നു യാത്രക്കാരെ ധൃതങ്ക പുളകിതർ ആക്കുകയും വിജ്രംഭിപ്പിക്കുകയും ചെയ്ത കോര്പറേഷൻ ആണല്ലോ നമ്മുടെ.
കുറച്ചു കഴിഞ്ഞപ്പോൾ കർണാടകയുടെ ഡയമണ്ട് ക്ലാസ് ന്റെ രംഗപ്രവേശം. കുറച്ചു കഴിഞ്ഞപ്പോൾ തിരുവനന്തപുരം – ബാംഗ്ളൂർ (കോട്ടയം സേലം വഴി) സ്കാനിയയുടെ രംഗപ്രവേശനം. ചങ്കിടിപ്പ് ഇരട്ടിയാകുന്ന പോലെ. നമ്മുടെ ആശാൻ ഇത് ഏത് കാട്ടിലാണോ എന്തോ. അപ്പോളതാ, ഭൂമി പിളർന്നു ഉഗ്ര സംഹാരിയുടെ മൂർത്തി രൂപത്തിന്റെ അവതരപിറവി എന്നൊക്കെ പറയുന്ന പോലെ (സൈലന്റ് എൻട്രി ആയിരുന്നു കേട്ടോ… ഇതൊക്കെ അല്ലെ അതിന്റെ ഒരു ഇത്) താഴെ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഗരാജിൽ നിന്ന് ലൈറ്റ് ഒക്കെ ഇട്ടു കയറി വരുന്നു നമ്മുടെ കഥ നായകൻ ! തൊട്ടു പിറകെ വണ്ടി നമ്പർ വെച്ചുള്ള മെസ്സേജു വന്നു. TL8 ആണ് വണ്ടി… പുറമെ നിന്ന് നോക്കിയാൽ വലിയ തട്ടുകെട് പറയാനില്ല… മുഖം കണ്ടാൽ ഇന്നലെ ഇറങ്ങിയ വണ്ടി പോലെ.. സൈഡ്-ൽ കുറച്ചു സ്‌ക്രച്ചു ഒണ്ടേ.. അത് പിന്നെ നമ്മുടെ ജന്മവകാശം ആണലോ?
അങ്ങനെ നമ്മുടെ കഥാനായകനിലേക്കു ഞാൻ കയറി. ചില സീറ്റുകൾ വൃത്തിഹീനമാണ്. പക്ഷെ overall വൃത്തിയുള്ള ഉൾവശം. പുറമെ നിന്നും വലിയ തട്ടുകേടില്ല. തൊട്ടടുത്തായി കർണാടകയുടെ ഡയമണ്ട് ക്ലാസ്, അതിനപ്പുറം നമ്മുടെ RP662 TVM – BLR സ്കാനിയയും. തലസ്ഥാന സ്കാനിയ ഉടൻ തന്നെ സ്റ്റാൻഡ് വിട്ടു പോയി. ഞങ്ങളുടെ വണ്ടിയിൽ ആളുകൾ നന്നേ കുറവ്. എങ്കിലും ആളുകൾ സീറ്റ് ഉണ്ടോ എന്ന് അന്വേഷിക്കുന്നത് തൊട്ട് അപ്പുറത്തുള്ള കർണാടക വണ്ടിയേലും. കാരണം എന്താണെന്ന് എനിക്ക് വ്യെക്തമാകുവാൻ കുറച്ചു ദൂരം സഞ്ചരിക്കേണ്ടി വന്നു. അത് വഴിയെ പറയാം.
18.00 മണിയോടെ വണ്ടി എടുത്തു. സിനിമ ഇല്ല, പകരം പാട്ടു വെച്ചിരിക്കുന്നു. MC റോഡിൻറെ തനതായ ബ്ലോക്കുകൾ ഒക്കെ ചാടിക്കടന്ന് വണ്ടി മുന്നോട്ട് കുതിക്കുകയാണ്. വണ്ടിയിൽ കയറിയപ്പോൾ ഞാൻ ശ്രദ്ധിച്ചതാണ്, സീറ്റുകൾക്ക് മുകളിലോ, overhead സ്റ്റോറേജിലോ ബ്ലാങ്കറ്റുകൾ (പുതപ്പുകൾ) കാണാനില്ല. കുടിവെള്ളവും ഇല്ല. ഇപ്പോൾ തരും, പിന്നെ തരും എന്നൊക്കെ സ്വയം പറഞ്ഞു സമാധാനിപ്പിക്കുവാൻ ശ്രമിക്കുകയാണ് ഞാൻ. പുറത്തു ചെറിയ മഴ കൂടെ പെയ്തപ്പോൾ അകത്തു തണുപ്പിന്റെ കാഠിന്യം കൂടി വരുന്നു.
അത് ശ്രദ്ധിച്ചിട്ടെന്നവണ്ണം ക്രൂ കൂളിംഗ് കുറക്കാനും നോക്കുന്നു. ആകെ ഒരു അങ്കലാപ്പ്. നമ്മുടെ ചില കൂട്ടുകാരോട് അന്വേഷിച്ചപ്പോൾ അതിനുള്ള ഉത്തരം കിട്ടി. ബ്ലാങ്കെറ്റ് ഇല്ല പോലും. എന്നാലും ഒന്ന് confirm ചെയണമല്ലോ. ഫുഡ് ബ്രേക്ക് വരെ സഹിക്കാൻ തീരുമാനിച്ചു. അല്ലാതെ വേറെ വഴിയും ഇല്ല. കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ വണ്ടി നിന്നു. ഹോൺ ജാം ആയി നിർത്താതെ കൂവുകയാണ്. അതെങ്ങനൊക്കെയോ ശരിയാക്കി വണ്ടി വീണ്ടും പുറപ്പെട്ടു. ഈ കലാപരിപാടി 1-2 തവണ കൂടെ ആവർത്തിക്കപ്പെട്ടു. വണ്ടിയുടെ maintenance ലെവൽ (കോര്പറേഷൻ ഉത്തരവാദിത്തമല്ലാ, മറിച്, പാട്ടത്തിനു നൽകിയ ആളിന്റെ ഉത്തരവാദിത്വം !.. എന്നിരുന്നാലും വേണ്ട പണികൾ ഒക്കെ ഇവർ ചെയുന്നു എന്ന് നമ്മുടെ അധികാരികൾ ഉറപ്പിക്കണ്ടേ?)
20.20 മണിയോടെ അങ്കമാലി പാസ് ചെയ്ത വണ്ടി 20.30 നു കറുകുറ്റിയിൽ ഡിന്നർ ബ്രേക്ക് എടുത്തു. ഫുഡ് കഴിച്ചു ഇറങ്ങിയ ഞാൻ നേരെ ക്രൂവിനോട് ബ്ലാങ്കെറ്റ് അന്വേഷിച്ചു. ഉടനെ വന്നു ഉത്തരം. ഒരാഴ്ചയായി ഈ വണ്ടിക്ക് ബ്ലാങ്കറ്റ് ഇല്ലത്രേ! അവർ കംപ്ലൈന്റ്റ് പറഞ്ഞു മടുത്തു. യാത്രക്കാരോട്, കണ്ട്രോൾ റൂമിൽ വിവരം അറിയുക എന്നാണ് ആ നിസ്സഹായായരായ ക്രൂവിന്റെ അഭ്യർത്ഥന…
എന്ത് പറയാൻ.. ആരോട് ക്ഷോഭിക്കാൻ? എന്തിനു? എന്ത് ഗുണം ! ഡിന്നർ ബ്രേക്ക് കഴിഞ്ഞു വണ്ടി വീണ്ടും യാത്ര ആരംഭിച്ചു. തണുപ്പ് സഹിക്കാൻ തയാറായിക്കൊള്ളാൻ ഞാൻ സുഹൃത്തിനു ഒരു അലേർട്ടും കൊടുത്തു. വണ്ടി നല്ല വേഗത കൈവരിക്കുന്നുണ്ട്. നല്ല കൃത്യതയാർന്ന ഡ്രൈവിംഗ്. ഡ്രൈവർ ചേട്ടൻ അനായസം ഈ 14 മീറ്റർ ഭീമനെ കൈപ്പടയിൽ ഒതുക്കി നിയന്ത്രിക്കുന്നു. 21.35 ഓടെ ഞങ്ങൾ തൃശൂർ എത്തി.
ഞങ്ങളെ ഫുഡ് ബ്രേക്കിന് മുൻപേ കടന്നു പോയ എറണാകുളം – ബംഗളുരു ഗരുഡ അതാ അവിടെ പിറകിൽ ഒതുക്കി ഇട്ടിരിക്കുന്നു. വണ്ടിയിൽ ഒറ്റ കുഞ്ഞില്ല. ഒരു ബ്രേക്ക് ഡൌൺ മണത്തു. അവരുടെ ക്രൂ ഞങ്ങളുടെ വണ്ടിക്കാരോട് എന്തൊക്കെയോ പറയുന്നു.. അതെ… ഗരുഡ ബീഡി (ബ്രേക്ക് ഡൌൺ) വലിച്ചു ! പിന്നെ അതിലെ കുറച്ചു ആളുകളെ ഞങ്ങളുടെ വണ്ടിയിൽ കയറ്റി. വണ്ടിയിലെ റിസർവേഷൻ സീറ്റുകൾ avoid ചെയ്തു ബാക്കി സീറ്റുകൾ വ്യക്തമായി നൽകി ആളുകളെ ഇരുത്തി; ശേഷം വണ്ടി വീണ്ടും യാത്ര തുടർന്നു. ദൈവാനുഗ്രഹം കൊണ്ട് കാര്യമായ ബ്ലോക്ക് ഒന്നും കിട്ടിയില്ല. ടൌൺ ലിമിറ്റ് വിട്ടശേഷം വണ്ടി വീണ്ടും വേഗത ആര്ജിച്ചു കുതിച്ചു തുടങ്ങി.
ചുവന്നമണ്ണും കുതിരാനും ഒക്കെ ചാടിക്കടന്ന് മഹാരാജാവ് കുതിച്ചു പായുകയാണ്. 23.00 മണിയാണ് പാലക്കാട് സമയം. പാലക്കാടെക്ക് വണ്ടി പ്രവേശിക്കുമ്പോൾ മണി 23.05 ! വണ്ടി പാലക്കാടെക്ക് കയറുകയാണ് എന്ന് പറഞ്ഞപ്പോൾ സുഹൃത്തും ഒന്ന് ഞെട്ടി. പാലക്കാട് ഒരു 10 മിനിറ്റ് വിശ്രമം. തണുത്തു ഇരിക്കുന്നവർക്ക് ഇച്ചിരി ചൂടൊക്കെ കൊള്ളാണമല്ലോ. ഞാനും പുറത്തിറങ്ങി. സീറ്റിൽ ബാഗ് വല്ലതും വെച്ചിട്ട് പോകണേ എന്ന് കണ്ടക്ടറുടെ അഭ്യർത്ഥന. ഇവിടെ നിന്നും ബി.ഡി ആയ എറണാകുളം ഗരുഡയുടെ കുറച്ചു പേരെ എടുക്കാൻ ഉണ്ടത്രേ.
വണ്ടി വീണ്ടും ഓടി തുടങ്ങി. സീറ്റുകൾ ഫുൾ. (എറണാകുളം വോൾവോക്ക് കടപ്പാട്). പാലക്കാട് ടൌൺ ലിമിറ്റ് വരെ പതുങ്ങിയ മഹാരാജാവ് പിന്നീട് അങ്ങോട്ട് കുതിച്ചു പായുവാൻ തുടങ്ങി. തണുപ്പും കുറേശ്ശെ കയറി വരുന്നുവോ എന്നൊരു സംശയം. മുകളിലെ ac വെന്റ്സ് അടച്ചു വെച്ച്. ഇതൊക്കെ നടക്കുമ്പോൾ എന്റെ മനസിലൂടെ കടന്നു പോയത് പണ്ട് കാലത്തു നമ്മുക്ക് ബാംഗ്ലൂർ റൂട്ടയിൽ ഉണ്ടായിരുന്ന ടാറ്റ ഗ്ലോബസ് എന്ന ac coaches നെ കുറിച്ചാണ്. Moving freezer എന്ന അപരനാമത്തിൽ അറിയപ്പെട്ട ആ വണ്ടിയെകുറിച്ച് ധാരാളം കഥകൾ busfans ഗ്രൂപ്പുകളിൽ നിന്ന് കെട്ടിട്ടോണ്ട്..ഇന്നത്തെ അത്യാധുനിക സാങ്കേതിക വിദ്യയിൽ തണുപ്പ് നിയന്ത്രിക്കാൻ ആവും എന്നതാണ് ഈ യാത്രയിലെ ആകെയുള്ള ആശ്രയം. വണ്ടി നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെ കുതിച്ചു പായുകയാണ്.
സീറ്റുകൾ നിറഞ്ഞതുകൊണ്ടു കോയമ്പത്തൂർ ടൌൺ ഒഴിവാക്കി ബെപാസ് വഴിയാണ് ഞങ്ങളുടെ യാത്ര… വണ്ടിയിൽ ആദ്യം മുതൽ ഞങ്ങൾ പലരും ഒരാളെ ശ്രദിച്ചിരുന്നു… അല്പം മാനസികമായി പിറകിലാണ് ആൾ എന്ന് എല്ലാവര്ക്കും തോന്നി. അങ്ങനെയാണ് പ്രവർത്തികൾ. കോട്ടയത്തു നിന്ന് കയറിയപ്പോൾ മുതൽ ഒരു പ്രത്യേക സ്വഭാവം പുള്ളി പ്രകടിപ്പിച്ചിരുന്നു. ആദ്യം ഞാൻ കരുതിയത് പേടി വല്ലതുമാവും എന്നാണ്. സീറ്റിൽ ഇരിക്കുന്നില്ല, ഓടി നടക്കുന്നു അങ്ങനെ പലതും.
പാലക്കാട് കഴിഞ്ഞു ഞാൻ ഒന്ന് മയങ്ങി വന്നപ്പോൾ സുഹൃത്തു എന്നെ വിളിച്ചു ഉണർത്തി, പിറകിലേക്ക് നോക്കുവാൻ പറഞ്ഞു. ഒരു ചെറിയ അരണ്ട നീല വെളിച്ചം മാത്രമാണ് വണ്ടിയിൽ. ഉറക്കപ്പിച്ചയിൽ പിന്നിലേക്ക് നോക്കിയപ്പോൾ ഈ മനുഷ്യൻ ഒരു തൂവാല കൊണ്ട് മുഖം ഒകെ മറച്ചു നിൽക്കുന്നു. കണ്ണുകൾ എന്തോ തിരയുന്ന പോലെ. എവിടോ എന്തോ…. ഏയ്… ഇനി എങ്ങാനും… ഏയ്… അയാളുടെ കൈകൾ overhead കോംപാർട്മെന്റിൽ എന്തോ തിരയുന്നുമുണ്ട്.. കൂടാതെ എല്ലാവരെയും ശ്രദ്ധിക്കുന്നു അയാൾ. ഒരു വിഭ്രാന്തി പോലെ. അടുത്തിരുന്ന യുവാക്കളോട്, “Sprite ബോട്ടിൽ തുറക്കരുത്, പുള്ളിക്കു ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും” എന്നൊക്കെ വന്നു പറയുന്ന കേട്ടപ്പോൾ ആകെ കൺഫ്യൂഷൻ. ഉള്ള ഉറക്കം കൂടെ പോയ കിട്ടി. പിന്നീട് പുള്ളി നേരെ മുന്നിലേക്ക്, മുന്നിൽ ആരോടോ സംസാരിക്കുന്നു… ഇടയ്ക്ക് പുള്ളിക്ക് കൊറേ കാൾ വരുന്നുണ്ട്… കാൾ എടുത്ത് എന്തൊക്കെയോ പറയുന്ന പോലെ.
വണ്ടി കുതിച്ചു പായുകയാണ്… വഴിയിൽ വെച്ച് നമ്മുടെ തിരുവല്ല deluxe ഉം കൂടെ കൂടി. പിന്നെയങ്ങോട്ട് ഓരോരുത്തരെ എടത്തു കളഞ്ഞു ഒരു കിടിലൻ യാത്ര. വെളുപ്പിന് 03.50 മണിയോടെ കൃഷ്ണഗിരി ടോൾ പ്ലാസ കടന്നു ഞങ്ങൾ യാത്ര തുടർന്നു. 04.45 മണിയോടെ ഇലക്ട്രോണിക് സിറ്റി കടന്ന്, 05.00 മണിയോടെ മടിവാളയിൽ വണ്ടി എത്തി. പിന്നെ അങ്ങോട്ട് ടൗണിന്റെ തനതു സ്വഭാവം. ഒടുവിൽ 05.25 ഓടെ ഞങ്ങൾ Satellite ബസ്സ്റ്റാൻഡ് എത്തി. സ്റ്റാൻഡിന് വെളിയിൽ ഇറക്കിയിട്ടു മഹാരാജാവ് പീന്യ സ്റ്റാണ്ടിലേക്ക് പോയി… ഒരു “ബല്ലാത്ത ജാതി” യാത്ര നടത്തിയതിന്റെ അമ്പരപ്പിൽ ഞങ്ങളും…