കൃത്യമായ പെർമിറ്റുകൾ ഇല്ലാതെ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയെടുക്കുവാൻ ഈയിടെയാണ് മോട്ടോർവാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. ഇത്തരത്തിലുള്ള പരിശോധനയ്ക്കിടെ തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നും അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ്സിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു. ഇതോടെ പ്രസ്തുത ബസ് സർവ്വീസ് അവസാനിപ്പിക്കുമെന്ന് അറിയിക്കുകയും, പ്രമുഖ ബുക്കിംഗ് സൈറ്റായ റെഡ് ബസിൽ നിന്നും അവരുടെ സർവ്വീസ് വിവരങ്ങൾ നീക്കം ചെയ്യുകയുമുണ്ടായി.
അനധികൃതമായിട്ടാണെങ്കിലും ഓടികൊണ്ടിരുന്ന സർവ്വീസ് പെട്ടെന്നു നിർത്തലാക്കിയതോടെ യാത്രക്കാർ അൽപ്പം വലഞ്ഞു. അതോടെ ഇതിനു പരിഹാരമായി കെഎസ്ആർടിസി രംഗത്തു വന്നിരിക്കുകയാണ്. കെഎസ്ആർടിസി സർവ്വീസുകൾ തുടങ്ങണമെന്നാവശ്യപ്പെട്ട് ടെക്നോപാർക്കിലെ സംസ്കാരിക സംഘടനയായ ‘പ്രതിധ്വനി’യുടെ നേതൃത്വത്തിൽ കെഎസ്ആർടിസി സൗത്ത് സോൺ എക്സിക്യൂട്ടിവ് ഡയറക്ടർ അനിൽ കുമാറിന് നിവേദനം നൽകിയതിനെ തുടർന്നാണ് സർവ്വീസ് ആരംഭിക്കുന്നത്. അതായത് സ്വകാര്യ ബസ് ഓടിയിരുന്ന സ്ഥാനത്ത് പകരം കെഎസ്ആർടിസിയുടെ സർവ്വീസ്. തിരുവനന്തപുരം ടെക്നോപാർക്കിൽ നിന്നും തൊടുപുഴയിലേക്കും മുണ്ടക്കയത്തേക്കുമാണ് സർവ്വീസ് ആരംഭിക്കുന്നത്. ഇതിനായി KURTC യുടെ വോൾവോ A/C ലോഫ്ലോർ ബസ്സുകളായിരിക്കും ഉപയോഗിക്കുക.
10-05-2019 മുതൽ ടെക്നോപാർക്കിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാർക്കായി ബസ് ഓടി തുടങ്ങും. പ്രസ്തുത ബസുകൾക്ക് റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതുതായി ആരംഭിക്കുന്ന സർവ്വീസുകളും അവ കടന്നു പോകുന്ന റൂട്ടും : 1. തിരുവനന്തപുരം – തൊടുപുഴ (വഴി: തമ്പാനൂർ ചാക്ക – ബൈപാസ് – ഇൻഫോസിസ് – ടെക്ക്നോപാർക്ക് – കഴക്കുട്ടം -പോത്തൻകോട്-വെഞ്ഞാറുമുട്-കൊട്ടാരക്കര – അടൂർ-കോട്ടയം). തിരിച്ച് തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 4.30 നായിരിക്കും ഈ ബസ് പുറപ്പെടുന്നത്.
16.30 തിരുവനന്തപുരം – മുണ്ടക്കയം (വഴി : തമ്പാനൂർ ചാക്ക – ഇൻഫോസിസ് – ടെക്ക്നോപാർക്ക് – കഴക്കൂട്ടം – പോത്തൻകോട് – വെഞ്ഞാറുമുട് – അഞ്ചൽ – പുനലൂർ – പത്തനാപുരം – കൂടൽ – കോന്നി – പത്തനംതിട്ട – റാന്നി – എരുമേലി – കാഞ്ഞിരപളളി). തിരിച്ച് മുണ്ടക്കയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 4.30 നായിരിക്കും ഈ ബസ് പുറപ്പെടുന്നത്.
ഇതേപോലെ തന്നെ സ്വകാര്യ ബസുടമകൾ അനധികൃതമായി സർവ്വീസ് നടത്തിയിരുന്ന മുഴുവൻ റൂട്ടിലേക്കും പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി ഓപ്പറേഷൻ മേധാവി ഷറഫ് മുഹമ്മദ് അറിയിച്ചു. തിരുവനന്തപുരം സിറ്റി യൂണിറ്റ് അധികാരിക്കാണ് ഈ സർവ്വീസുകളുടെ നടത്തിപ്പ് ചുമതല.
Photo – Ajith Kumar H.