അനുഭവക്കുറിപ്പ് – സജിത്ത് സി.സതീശൻ.

മോനെ എഴുത്തിനിരുത്താൻ മൂകാംബികക്ക് പോകാൻ രണ്ടു ടിക്കറ്റ് ബുക്ക് ചെയ്തു. ദൂരമില്ലേ അതുകൊണ്ട് മൾട്ടി ആക്സിൽ തന്നെ ബുക്ക് ചെയ്തു. 8മണിക്ക് വരേണ്ട ബസ്സാ 7മണിക്ക് കരുനാഗപ്പള്ളി ആയെ ഒള്ളു എന്ന് വിളിച്ചപ്പോൾ പറഞ്ഞു. കൂടെ ഉള്ളവർ പലരും അക്ഷമരായിതുടങ്ങി. ഇന്ന് ഹർത്താൽ ആയത്കൊണ്ട് പലർക്കും പല സ്ഥലങ്ങളിൽ വെളുപ്പിന് തന്നെ എത്തിച്ചേരേണ്ടതാണ്. എല്ലാവരും മാറി മാറി വിളിച്ചു അവർ സ്ഥലങ്ങളും മാറി മാറി പറഞ്ഞു.

ഒടുവിൽ 10 മണി കഴിഞ്ഞു ബസ് വന്നു. സ്കാനിയക്ക് പകരം തിരുവനന്തപുരം എറണാകുളം ഓടുന്ന പഴയ വോൾവോ മൾട്ടി ആക്സിൽ. മനസില്ലാ മനസോടെ കേറി. ഹൈവേയിൽ പോലും വണ്ടി കടകട ശബ്ദം കേൾപ്പിച്ചു യാത്ര തുടങ്ങി. എന്തോ ഒരു വശപിശക് തോന്നി. അതെല്ലാം തോന്നലാ എന്ന് കരുതി യാത്രയിൽ മുഴുകി. മോന് ചെറിയ ജലദോഷം ഉണ്ടായിരുന്നതിനാൽ AC കുറച്ചു വെച്ച് അവനെ ഉറക്കാനുള്ള ബുദ്ധിമുട്ടിൽ വണ്ടിയുടെ കാര്യം മറന്നു. അവന്റെ കരച്ചിൽ പലരുടെയും ഉറക്കം കളഞ്ഞു ഇടക്ക് തിരിച്ചു പൊന്നാലോ എന്ന് വരെ ആലോചിച്ചു.

ചാലക്കുടി ഒക്കെ ആയപ്പോൾ അവനുറങ്ങി. പതുക്കെ ഞങ്ങളും. തൃശൂർ കഴിഞ്ഞു ഇടക്ക് അവനുണർന്നു എങ്കിലും ഉറങ്ങി. പിന്നെ ഉണർന്നു നോക്കിയപ്പോൾ ബസ് ഓഫാക്കി എവിടെയോ കിടക്കുന്നു. കണ്ണൂരോ കാസർകോഡോ ആയെന്നു കരുതി പിന്നെയും മയങ്ങി. പിന്നെ ഉണർന്നപ്പോൾ ഏകദേശം 6 മണി ആയി. ബസ് കോഴിക്കോട് സ്റ്റാൻഡിൽ. എല്ലാവരും ഇറങ്ങുന്നു. ആരോ പറയുന്നു “ഈ വണ്ടി കേടാ വേറെ വണ്ടി അറേഞ്ച് ചെയ്തിട്ടുണ്ട്”.

മോന്റെ ഉറക്കം കളയണ്ട എന്ന് കരുതി എല്ലാരും ഇറങ്ങാൻ കാത്തിരിന്നു. എന്നിട്ട് പതിയെ എഴുന്നേറ്റു പോയി ഡ്രൈവറെ കണ്ടു കാര്യം തിരക്കി. അടുത്ത് കിടക്കുന്ന സൂപ്പർ ഡീലക്സ് ചൂണ്ടി കാണിച്ചു ഡ്രൈവർ ചേട്ടൻ പറഞ്ഞു “ആ ബസ് ആണ് പോയി കയറിക്കോ” എന്ന്. എന്നിലെ ഉപാഫോക്താവ് ഉണർന്നു “ഞാൻ AC ബസ് ആണ് ബുക്ക്‌ ചെയ്തത്. അപ്പൊ എങ്ങനെ ഈ ബസ് ശരിയാകും? അല്ലങ്കിൽ ബാക്കി കാശ് വേണം”.

“സർ ന് റീഫണ്ട് വേണമെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ പോയി കണ്ടു കാര്യം പറഞ്ഞോ. വരുന്നില്ലെങ്കിൽ വേണ്ട” എന്ന് ആ ഡ്രൈവർ പറഞ്ഞു. അങ്ങനെ ആ ബസ്സും ഡ്രൈവർമാരും യാത്രയിലെ വില്ലൻമാരായി. ബസിൽ നിന്ന് ഇറങ്ങിയപ്പോൾ ആണ് ഹർത്താൽ എന്ന സഹ നടനെ ഓർത്തത്. വില്ലന്മാർക്കും സഹനടനും നടുവിൽ, ഒടുവിൽ കുറച്ചു നഷ്ടം ആണെങ്കിലും വില്ലന്മാരോട് കൂടി പോകാൻ തീരുമാനമായി.

ബസ്സിൽ എല്ലവരും കേറി ഡ്രൈവർ മാത്രം ഇല്ല. എല്ലാവരും അക്ഷമരായി ഒടുവിൽ, ആരോ പഴയ ഡ്രൈവർമാരിൽ ഒരാളോട് ചോദിച്ചു “സാറെ ഇതെപ്പോ പോകും കുറെ നേരമായല്ലോ?” ഹർത്താൽ അനുകൂലികൾ ബസ് തടയുന്നു അതാണ് വൈകുന്നത് എന്ന് മറുപടി കേട്ടപ്പോൾ ആരോ പറഞ്ഞു “6 മണിക്കേ തടയാൻ തുടങ്ങിയോ ചുമ്മാ അടവ് ഇറക്കാതെ ഇതിന് തീരുമാനം ഇണ്ടാക്കേടോ.” ഇത് കേട്ട ഉടൻ മറ്റേ ഡ്രൈവർ വന്നു വണ്ടി ഓണാക്കി എന്നിട്ട് സഹ ഡ്രൈവറെ വിളിച്ചു – “സർ കേറൂ നമുക്ക് പോകാം”.

വണ്ടി എങ്ങനെയോ ഹൈവേ എത്തി. പല സ്ഥലത്തും പോലീസ് കാവൽ ഉണ്ട് അല്ലാതെ ഹർത്താൽ ബഹളം ഒന്നുമില്ല. കണ്ണൂർ ആയപ്പോൾ സ്റ്റാൻഡിന്റെ മുൻപിൽ പ്രകടനം. തെല്ലൊന്ന് ഭയന്നെങ്കിലും. പ്രശ്നം ഒന്നുമില്ലാതെ കണ്ണൂർ ടൌൺ വിട്ടു. ഇതിനിടയിൽ ആളുകൾ പല സ്ഥലത്തും ഇറങ്ങുന്നുണ്ട്. കാസർഗോഡ് ന് മുൻപ് എവിടെയാ നിർത്തിയപ്പോ ഒരാൾ കേറി. ടിക്കറ്റ് ചാർജ് കൂടുതൽ ആണ് ac യുടെ ചാർജ് ആകും എന്ന് ഡ്രൈവർ പറഞ്ഞു. പിന്നീട് കാസർഗോഡ് സ്റ്റാൻഡിൽ കേറി എല്ലാവർക്കും ചായ കുടിക്കാനോ ഫ്രഷ് ആകാനോ വേണമെങ്കിൽ പോയി വരാം എന്ന് ഡ്രൈവർ പറഞ്ഞു.

ചായ കുടിക്കാൻ ഇരുന്നപ്പോൾ ആണ് ഡ്രൈവർ കാര്യം വ്യക്തമാക്കിയത് “വണ്ടി കോഴിക്കോട് എത്തും മുൻപ് കേടായി. ഹർത്താൽ ആയിട്ടു ഇത്രയും ആളുകളെ എങ്ങനെ വഴിയിൽ ഇറക്കി വിടും? അതാണ്‌ കോഴിക്കോട് വരെ കൊണ്ട് വന്നത്. അവിടെ പകരം വണ്ടി ചോദിച്ചു. കിട്ടിയത് ഇതാണ്. ആരെങ്കിലും AC ബസ് വേണം എന്ന് പറഞ്ഞാൽ അടുത്ത AC ബസ് വരും വരെ നിൽക്കേണ്ടി വരും. നിങ്ങളെ അടുത്ത ബസ്സിൽ കേറ്റി വിട്ടാൽ ഞങ്ങൾക്ക് ഞങ്ങടെ ഉത്തരവാദിത്വം തീർന്നു. പിന്നെങ്ങനെ ഇത്രയും പേരെ ഒരു ഹർത്താലിന്റന്ന് അവിടിറക്കി വിട്ടിട്ടു പോരും. നിങ്ങൾ ഒക്കെ അല്ലെ ഞങ്ങൾക്ക് വലുത്, ഞങ്ങളെ വിശ്വസിച്ചു അല്ലെ നിങ്ങൾ എല്ലാം ബസ്സിൽ കേറുന്നത്.”

ഇത്രയും കേട്ടപ്പോൾ അതുവരെ വില്ലൻ പരിവേഷം നൽകിയ ബസ്സും ഡ്രൈവർമാരും നായകന്മാർ ആയി. കാസർഗോഡ് കഴിയാറായപ്പോൾ ഉണ്ടായ ഹർത്താൽ അനുകൂലികളുടെ പ്രകടനവും കഴിഞ്ഞു ഇങ്ങു കൊല്ലൂർ കൊണ്ടെത്തിച്ചപ്പോൾ അതിരട്ടിയായി. ഇവരെപ്പോലുള്ളവർ കൊണ്ടാണ് ഞാനുൾപ്പടെ പലരും KSRTC എന്ന പ്രസ്ഥാനത്തെ നെഞ്ചിലേറ്റി കൊണ്ട് നടക്കുന്നത്. ദയവ് ചെയ്തു മേലാളൻമാർ ഇനിയും ഇതുപോലെ യാത്രക്കാരെയും പാവപ്പെട്ട ജീവനക്കാരെയും വെച്ച് ഇതുപോലെ പരീക്ഷണം നടത്തരുതേ. ബസ്സിലെങ്കിൽ ബുക്കിംഗ് ബ്ലോക്ക്‌ ചെയ്യണം. അല്ലാതെ പണ്ട് ഓടി പരിപ്പിളകിയ ബസ്സ്‌ കൊടുത്തുവിട്ടു യാത്രക്കാരെയും ജീവനക്കാരെയും ബുദ്ധിമുട്ടിക്കരുത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.