കുട്ടികളെയും കൊണ്ട് യാത്ര ചെയ്യുന്ന മാതാപിതാക്കൾ അവർ കൈവിട്ടു പോകാതിരിക്കുവാൻ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ബസ് യാത്രകളിൽ. കഴിഞ്ഞ ദിവസം ബസ് യാത്രയ്ക്കിടയിൽ മാതാപിതാക്കളിൽ നിന്നും ഒറ്റപ്പെട്ടു പോയ ആറു വയസ്സുകാരന് തുണയായത് കെഎസ്ആർടിസി ബസ് ജീവനക്കാരും യാത്രക്കാരുമായിരുന്നു. രാവിലെ തിരുവമ്പാടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള കെഎസ്ആർടിസി ബസ്സിലായിരുന്നു ഈ സംഭവം നടന്നത്.
സംഭവം ഇങ്ങനെ – മുക്കം സ്വദേശിയായ ആറു വയസ്സുകാരൻ ഓമശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും അറിയാതെ ബസ് മാറിക്കയറി. രാവിലെ 9.30 ഓടെ ഈ ബസ് കുന്നമംഗലത്ത് എത്തിയപ്പോഴാണ് മാതാപിതാക്കളോ ബന്ധുക്കളോ കൂടെയില്ലാതെ ഒറ്റപ്പെട്ടു, പരിഭ്രാന്തനായി ബസ്സിലിരിക്കുന്ന കുട്ടിയെ ശ്രദ്ധിക്കുന്നത്. ഉടൻതന്നെ ബസ് കണ്ടക്ടറും മറ്റു യാത്രക്കാരും ചേർന്ന് കുട്ടിയെ കുന്നമംഗലം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
ഇതിനിടെ കുട്ടിയെ കാണാതെ പരിഭ്രാന്തരായ മാതാപിതാക്കൾ പരാതിയുമായി കൊടുവള്ളി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങൾക്കിടയിൽ ഉച്ചയ്ക്ക് 12 മണിയോടെ കുട്ടി കുന്നമംഗലം പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നു വിവരം കിട്ടുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുന്നമംഗലം പോലീസ് സ്റ്റേഷനിലെത്തുകയും കുട്ടിയെ തിരിച്ചറിഞ്ഞു കൂട്ടിക്കൊണ്ടു പോകുകയുമാണുണ്ടായത്.
യാത്രകൾക്കിടയിൽ കുട്ടികൾ ഒറ്റപ്പെട്ടു പോകുന്ന സംഭവം വളരെ ഗുരുതരമായ ഒന്നാണ്. ഇവിടെ ഈ കുട്ടിയ്ക്ക് രക്ഷകരായത് കെഎസ്ആർടിസി ജീവനക്കാരും യാത്രക്കാരുമായിരുന്നു. എന്നാൽ ആരുടേയും ശ്രദ്ധയിൽപ്പെടാതെ ആ കുട്ടി ഏതെങ്കിലും സ്റ്റോപ്പിൽ ഇറങ്ങിയാലുള്ള അവസ്ഥ എന്തായിരിക്കും? ഏതെങ്കിലും സാമൂഹ്യദ്രോഹികളുടെ കയ്യിൽപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും? ഇതൊക്കെ നമ്മൾ ചിന്തിക്കേണ്ടതാണ്.
കുട്ടികളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ബസ്, ട്രെയിൻ യാത്രകൾ ചെയ്യുകയാണെങ്കിൽ. ബസ്സിൽ കയറുമ്പോൾ കുട്ടികളും കൂടെ കയറുന്നുണ്ട് എന്ന് എല്ലാവരും ഉറപ്പു വരുത്തണം. ബസ് സ്റ്റാണ്ടുകളിൽ ഒന്നിലേറെ ബസുകൾ വരുമ്പോൾ ഉണ്ടാകുന്ന തിരക്കിനിടയിൽ കുട്ടികൾ കൈവിട്ടു പോകുവാനുള്ള സാദ്ധ്യതകൾ ഏറെയാണ്. ചിലപ്പോൾ അച്ഛന്റെ അടുത്തുണ്ടാകുമെന്ന് അമ്മയും, അമ്മയുടെ അടുത്തുണ്ടാകുമെന്ന് അച്ഛനും വിചാരിക്കും. അതിനാൽ ബസ്സിൽ കയറുന്നതിനു മുൻപായി കുട്ടി ആരുടെ കൂടെ യാത്ര ചെയ്യണം എന്നതിൽ ഒരു ധാരണ മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം.
ഇനി ബസ്സിൽ കയറിയിട്ട് സീറ്റ് കിട്ടിയില്ലെങ്കിൽ അപരിചിതരുടെ അടുത്തോ മടിയിലോ കുട്ടികളെ ഇരുത്താറുണ്ട്. എന്നിരുന്നാലും മാതാപിതാക്കളുടെ ശ്രദ്ധ എപ്പോഴും കുട്ടികളിൽ ഉണ്ടായിരിക്കണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുവാൻ തരം നോക്കി നടക്കുന്ന ഒട്ടേറെ മാഫിയകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ കൈയ്യിൽ നമ്മുടെ മക്കൾ അകപ്പെടാതിരിക്കട്ടെ. എല്ലാ മാതാപിതാക്കളും ജാഗ്രത പാലിക്കുക.