ഏതെങ്കിലും ഒരു ബസ്സിന്‌ കേടുപാടുകൾ സംഭവിച്ചാൽ കെഎസ്ആർടിസി എന്തു ചെയ്യും? പൊതുവെ ആ സർവ്വീസ് ക്യാൻസൽ ആക്കാറായിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ ദിവസം (2019 ഏപ്രിൽ) എറണാകുളം ഡിപ്പോയിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.

എറണാകുളത്തു നിന്നും ബെംഗളുരുവിലേക്ക് വൈകീട്ട് ഏഴു മണിയ്ക്ക് പോകേണ്ടിയിരുന്ന വോൾവോ ബസ് കേടായി. ബസ് ആണെങ്കിൽ ഫുൾ സീറ്റും ആളുകൾ ബുക്ക് ചെയ്തിരുന്നതായിരുന്നു. ബസ്സിന്റെ കേടുപാടുകൾ തീർത്തു കൃത്യ സമയത്ത് തിരികെ നൽകുവാൻ വോൾവോ കമ്പനിയ്ക്ക് ആയില്ല. ഈ സാഹചര്യത്തിൽ സർവ്വീസ് ക്യാൻസൽ ചെയ്യുവാൻ ഡിപ്പോ അധികൃതർ നിർബന്ധിതരായി. എന്നാൽ ഈ സർവ്വീസിനെ വിശ്വസിച്ചു യാത്ര ചെയ്യുവാൻ തയ്യാറായിരിക്കുന്ന യാത്രക്കാരെ വിഷമിപ്പിക്കുവാൻ ഇവർക്ക് ബുദ്ധിമുട്ടായി.

ഈ സർവ്വീസിന്റെ പെയർ ബസ്സായ RS 789 ഈ സമയം ബെംഗളൂരുവിൽ ആയിരുന്നു. അതിലെ ജീവനക്കാരോട് ഈ കാര്യം ഡിപ്പോ അധികൃതർ സൂചിപ്പിക്കുകയും ചെയ്തു. ആ സമയത്ത് അതിലെ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരായ ബൈജുവും, ആന്റണി റെൻസിലും എറണാകുളം – ബെംഗളൂരു ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുന്ന സമയമായിരുന്നു. ഈ വിവരം അറിഞ്ഞതോടെ വിശ്രമം പോലും ഉപേക്ഷിച്ച്, ഉടനെ ബെംഗളൂരുവിലുള്ള ബസുമായി ഇവർ എറണാകുളത്തേക്ക് യാത്ര തിരിച്ചു.

തലേദിവസം എറണാകുളത്തു നിന്നും രാവിലെ ബെംഗളൂരുവിൽ എത്തിയ ഇവർ വെറും അരമണിക്കൂർ മാത്രം റെസ്റ്റ് എടുത്താണ് തിരികെ എറണാകുളത്തേക്ക് ബസ് ഓടിക്കുവാൻ തയ്യാറായത്. എറണാകുളത്ത് വൈകീട്ട് ആറു മണിയ്ക്ക് എത്തുക എന്നതായിരുന്നു ഇവർക്ക് മുന്നിലുള്ള വെല്ലുവിളി. പകൽ സമയത്തെ തിരക്കുകളും ബ്ലോക്കുകളുമെല്ലാം പിന്നിട്ട് വിചാരിച്ച സമയത്തു തന്നെ അവർ എറണാകുളത്ത് എത്തിച്ചേർന്നു.

അക്ഷീണം പരിശ്രമിച്ചാണ് ഡ്രൈവർ കം കണ്ടക്ടർമാരായ ബൈജുവും ആന്റണി റെൻസിലും വണ്ടി നാട്ടിൽ എത്തിച്ചത്. ബസ് എത്തിയപാടെ ഇൻസ്പെക്ഷൻ ചെയ്യുവാനായി ഡിപ്പോയിൽ ആളെ ഏർപ്പാട് ചെയ്തിരുന്നു. ഇന്സ്പെക്ഷനു ശേഷം വണ്ടി വേഗത്തിൽ ഒന്നു വൃത്തിയാക്കി. ഏകദേശം രാത്രി 7.10 ഓടു കൂടി വണ്ടി സ്റ്റാൻഡിൽ നിന്നും എടുക്കുകയും ചെയ്തു. യാത്രക്കാരെല്ലാം ഡിപ്പോ അധികൃതരെയും ജീവനക്കാരെയും അഭിനന്ദിക്കുകയും ചെയ്തു.

ഈ സംഭവത്തിൽ കയ്യടി നേടിയിരിക്കുന്നത് എറണാകുളം ഡിപ്പോ അധികൃതരും കഷ്ടപ്പെട്ട് ബസ്സോടിച്ചു കൃത്യ സമയത്തെത്തിച്ച ജീവനക്കാരുമാണ്. വേണമെങ്കിൽ ബസ് ഇല്ലെന്ന കാരണം പറഞ്ഞു ഡിപ്പോയ്ക്ക് ഈ സർവ്വീസ് റദ്ദാക്കാമായിരുന്നു. പകരം യാത്രക്കാരുടെ പഴിയും പരാതിയുമൊക്കെ കേൾക്കുമായിരുന്നു. ഈ ജീവനക്കാർക്കും വേണമെങ്കിൽ വിശ്രമം ഇല്ലായെന്ന കാര്യം പറഞ്ഞുകൊണ്ട് ബെംഗളൂരുവിൽ തന്നെ കിടക്കമായിരുന്നു. എന്നാൽ അവരും യാത്രക്കാരുടെ ബുദ്ധിമുട്ട് ആലോചിച്ചാണ് ക്ഷീണം പോലും വകവെയ്ക്കാതെ ബസുമായി പകൽ സമയത്ത് പാഞ്ഞത്.

എന്തായാലും ഇത് മാധ്യമങ്ങളിൽ വാർത്തയായതോടെ കെഎസ്ആർടിസിയുടെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തപ്പെട്ടിരിക്കുകയാണ്. എറണാകുളം ഡിപ്പോയ്ക്കും ജീവനക്കാരായ ബൈജുവിനും ആന്റണി റെൻസിലിനും അഭിനന്ദനങ്ങൾ കുമിഞ്ഞു കൂടി.. ഇതായിരിക്കണം ആനവണ്ടി.. ഇങ്ങനെയായിരിക്കണം നമ്മുടെ കെഎസ്ആർടിസി.

ഈ സംഭവത്തിലെ കെഎസ്ആർടിസി ജീവനക്കാരിൽ ഒരാളായ ബൈജു അവിനാശിയിൽ വെച്ച് കെഎസ്ആർടിസി വോൾവോ ബസ്സിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നമ്മെ വിട്ടു പിരിഞ്ഞു എന്നത് വേദനാജനകമായ ഒരു വസ്തുതയാണ്. ആ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ബൈജുവിനും ഗിരീഷിനും മറ്റുള്ള യാത്രക്കാർക്കും ആദരാജ്ഞലികൾ….

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.