കൊറോണ വൈറസ് ഭീതി പടർത്തിയിരിക്കുന്ന ഈ അവസരത്തിൽ ധാരാളമാളുകളാണ് പുറത്തിറങ്ങാൻ കഴിയാതെ വീട്ടിൽത്തന്നെ സുരക്ഷിതമായി ഇരിക്കുന്നത്. എന്നാൽ ഈ അവസ്ഥയിലും ദേശങ്ങൾ താണ്ടി ജോലിയെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാരുടെ കാര്യം ആരെങ്കിലും ഓർക്കുന്നുണ്ടോ? ഒരു സർജിക്കൽ മാസ്ക്കിൻ്റെ മാത്രം ധൈര്യത്തിൽ പലതരത്തിലുള്ള ആളുകളോട് ഇടപഴകുന്ന ഇവരെ നാം അഭിനന്ദിച്ചേ മതിയാകൂ.

കൊറോണ പ്രശ്നം കാരണം യാത്രക്കാർ കുറവായതിനാൽ കെഎസ്ആർടിസിയിൽ ഇത്തവണയും ശമ്പളം വൈകുവാനാണ് സാധ്യത. പക്ഷേ ഈ അവസരത്തിൽ അവർ അതിനെക്കുറിച്ചൊന്നും ഉൽഘണ്ഠപ്പെടാതെ സേവനനിരതരായി സഞ്ചരിക്കുകയാണ്. കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടറായ ഷൈനി സുജിത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പ് താഴെ കൊടുക്കുന്നു.

“കൊറോണ, നിപ്പ ഇതൊക്കെ വന്ന് നഴ്സുമാരെ ആവശ്യം ഉള്ള സമയങ്ങളിൽ അവർ മാലാഖമാർ ആണ്. അല്ലാത്ത സമയങ്ങളിൽ വെറും നഴ്സ് മാത്രമാവും അവർ. ഏതെങ്കിലും സമയങ്ങളിൽ കെഎസ്ആർടിസി ആവശ്യം ഉള്ളപ്പോൾ ജീവനക്കാർ കൊലമാസ് ആണ്.അല്ലാത്തപ്പോൾ നികുതി പണം തിന്നു ജീവിക്കുന്ന നന്ദി കെട്ട വർഗ്ഗം എന്ന് പറയാം.

അവധി കാരണം യാത്രക്കാർ തീരെ കുറവാണ്. എന്നാലും നമ്മൾ ഇങ്ങനെ ഉള്ള സമയങ്ങളിൽ അവശ്യ സർവീസിലുള്ള ഗവൺമെന്റ് ജീവനക്കാരി ആണ്. സന്തോഷമേ ഉള്ളൂ ജനങ്ങളെ സേവിക്കാൻ. ശമ്പളം വാങ്ങിക്കുന്നതിന് ആത്മാർത്ഥമായി പണി എടുക്കാൻ.

ഈ മാസം ശമ്പളം കിട്ടാൻ വൈകും എന്ന സൂചനകൾ ഇന്നലയെ കിട്ടി. എങ്കിലും ധൈര്യപൂർവം ഞങ്ങൾ ഈ വീഥിയിൽ ഉണ്ട്. ആനവണ്ടിയുമായി.

ഞങ്ങൾ ആണുങ്ങളുടെ ഒരു തുള്ളി ബീജം മതി എല്ലാ പെണ്ണുങ്ങളും വീട്ടിലിരിക്കാൻ എന്ന് പ്രവചിച്ച മഹാനെ കാണാൻ യുവതികൾ (പ്രബുദ്ധ മലയാളി മങ്കമാർ വിത്ത് ജീൻസ്) കുഞ്ഞു മക്കളെയും എടുത്ത് എയർപോർട്ടിൽ വിലസുമ്പോൾ, ഒബ്സർവേഷനിൽ ഇരിക്കുന്ന പ്രവാസികൾ മക്കളെ കാണാൻ കഴിയാതെ സകലതും സഹിച്ച് ഇരിക്കുന്ന കാര്യം ആരെങ്കിലും ഓർക്കുന്നുണ്ടോ? നിപയെയും പ്രളയത്തെയുമൊക്കെ നാം അതിജീവിച്ച പോലെ ഇതിനെയും നാം അതിജീവിക്കും. കൊറോണ; ഭയം വേണ്ട, ജാഗ്രത മതി.”

യാത്രക്കാർ കുറവായതിനാൽ പ്രൈവറ്റ് ബസുകളും കെഎസ്ആർടിസിയും സർവീസുകൾ വെട്ടിക്കുറക്കുകയാണ്. സർവീസ് കുറക്കുന്നതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.