കെഎസ്ആർടിസി ബസ്സുകൾ വിവാഹങ്ങൾക്കും ചെറിയ ടൂറുകൾക്കും ഒക്കെ വിളിക്കുന്നത് ഇപ്പോൾ സാധാരണയാണ്. എന്നാൽ വിവാഹത്തിനു പോകുവാനായി വധുവിനും കൂട്ടർക്കും വരൻ കെഎസ്ആർടിസി ബസ് ഏർപ്പാടാക്കിയ വാർത്ത അധികമാരും കേട്ടിട്ടുണ്ടാകില്ല. എന്നാൽ അങ്ങനെയൊരു കൗതുകകരമായ സംഭവം കഴിഞ്ഞ ദിവസം നടന്നു. സംഭവം നടക്കുന്നത് കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലാണ്. അവിടെ ബിസിനസ്സ് നടത്തുന്ന തലശ്ശേരി, പൊയിലൂർ സ്വദേശിയായ ലിബിത്താണ് കല്യാണച്ചെക്കൻ. അധ്യാപികയായ വധുവാകട്ടെ ബെംഗളൂരു സ്വദേശിനിയായ ശോഭയും. വിവാഹം നടക്കുന്നത് വരന്റെ നാടായ തലശ്ശേരിയിൽ വെച്ചാണ്.

ബെംഗളൂരുവിൽ നിന്നും വധുവും ഫാമിലിയും മറ്റു ബന്ധുക്കളും ഉൾപ്പെടെയുള്ള ആളുകൾക്ക് വിവാഹത്തിൽ പങ്കെടുക്കുവാൻ ഒരു വണ്ടി വിളിക്കണം. അൽപ്പം വ്യത്യസ്തത പരീക്ഷിക്കുവാനായി മലയാളിയായ വരൻ വിവാഹത്തിന് ഒരുമാസം മുൻപേ തന്നെ ബെംഗളൂരുവിലെ കേരള ആർടിസി ഓഫീസുമായി ബന്ധപ്പെട്ടു. ബെംഗളൂരുവിൽ നിന്നും തലശ്ശേരിയിലേക്ക് സർവ്വീസ് നടത്തുന്ന സൂപ്പർ എക്സ്പ്രസ്സ് ബസ് തിരഞ്ഞടുക്കുവാനായിരുന്നു കെഎസ്ആർടിസി ജീവനക്കാർ നിർദ്ദേശിച്ചത്. വിവിവാഹത്തലേന്നു ബസ്സിൽ സീറ്റ് റിസർവ്വേഷനുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ വൈകാതെ തന്നെ ബസ് മുഴുവനും വരൻ ബുക്ക് ചെയ്തു. വിവാഹം കഴിഞ്ഞു തിരികെ ബെംഗളുരുവിലേക്ക് മടങ്ങുവാനും ഇതേ ബസ്സിൽ തന്നെ മുഴുവൻ സീറ്റുകളും റിസർവ്വ് ചെയ്യുകയും ചെയ്തു.

ബസ് മുഴുവനായും ബുക്ക് ചെയ്തിരുന്നതിനാൽ ബെംഗളൂരുവിലെ വിത്സൺ ഗാർഡനിലെ വധൂഗൃഹത്തിൽ നിന്നുമായിരുന്നു ബസ് യാത്ര തുടങ്ങിയത്. അങ്ങനെ വിവാഹത്തലേന്ന് രാത്രി 10.30 ഓടെ വധുവും കൂട്ടരും ബെംഗളൂരുവിൽ നിന്നും തലശ്ശേരി ഡിപ്പോയുടെ ATC 129 എന്ന സൂപ്പർ എക്‌സ്പ്രസ്സ് ബസ്സിൽ തലശ്ശേരിയിലേക്ക് യാത്രയായി. വിവാഹസാരിയൊക്കെ ധരിച്ച് ആഭരണങ്ങളൊക്കെ അണിഞ്ഞുകൊണ്ട് ശരിക്കും ഒരു മണവാട്ടിയായിത്തന്നെയായിരുന്നു വധു എത്തിയിരുന്നത്. ബാക്കി കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം ഒരു കല്യാണം കൂടാനുള്ള മുന്നൊരുക്കത്തിലുമായിരുന്നു. യാത്ര തുടങ്ങുന്നതിനു മുൻപ് വധു അടക്കമുള്ളവർ ചേർന്ന് ബസ് അലങ്കരിക്കുകയും, ബസ്സിനു മുന്നിൽ പ്രത്യേക പൂജ നടത്തുകയും ചെയ്യുകയുണ്ടായി. ഇതിനുശേഷം ബസ്സിനു മുന്നിൽ നിന്നുകൊണ്ട് ചെറിയൊരു ഫോട്ടോഷൂട്ടും ഇവർ നടത്തി. ഇതിനിടെ ബസ് ജീവനക്കാരായ ഡ്രൈവർ ഷമീമും കണ്ടക്ടർ മാർട്ടിനും ഇവരോടൊപ്പം കൂടി.

യാത്രയിൽ പങ്കെടുത്തവരിൽ ആരോ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണ് രസകരമായ ഈ വിവരം പുറംലോകമറിയുന്നത്. എന്തായാലും കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്ത വധുവും കൂട്ടരും ഹാപ്പിയാണ്. തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹച്ചടങ്ങുകൾക്കു ശേഷം ഇവർ ഇതേ ബസ്സിൽ തന്നെ ബെംഗളുരുവിലേക്ക് പോകുകയും ചെയ്തു.

കണ്ടില്ലേ കെഎസ്ആർടിസിയെ ഇഷ്ടപ്പെടുന്ന, വിശ്വസിക്കുന്ന ചിലരെങ്കിലും നമ്മുടെ നാട്ടിലുണ്ടെന്നു ഇപ്പോൾ മനസിലായില്ലേ? മലയാളിയായ ആ യുവാവിന് (വരൻ) വേണമെങ്കിൽ ഏതെങ്കിലും പ്രൈവറ്റ് ട്രാവൽസുകാരെ ഏർപ്പെടുത്താമായിരുന്നു. പക്ഷേ കെഎസ്ആർടിസി എന്ന പ്രസ്ഥാനത്തോടുള്ള ഇഷ്ടവും വിശ്വാസവും പിന്നെ അൽപ്പം വ്യത്യസ്തത ആഗ്രഹിച്ചതു കൊണ്ടുമാണ് അദ്ദേഹം ഇത്തരമൊരു തീരുമാനത്തിലെത്തുവാൻ കാരണം. കെഎസ്ആർടിസിയെ പുച്ഛിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ചിലരുള്ള നമ്മുടെ ഈ സമൂഹത്തിൽ കെഎസ്ആർടിസി ചെയ്യുന്ന നല്ല കാര്യങ്ങൾ ആരും ഓർക്കുന്നില്ല എന്നതാണ് സത്യം. വിവാഹത്തിന് കെഎസ്ആർടിസി ബസ് വിളിച്ച ആ വരനും വധുവിനും എല്ലാവിധ മംഗളാശംസകളും നേരുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.