ആലപ്പുഴ ബസ് സ്റ്റാൻഡിൽ രാവിലെ 5.50 നു എത്തിയ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് 40 മിനിറ്റോളം കഴിഞ്ഞു 6.30 നു യാത്ര തുടർന്നാൽ മതിയെന്നു കെഎസ്ആർടിസി ഇൻസ്ക്പെക്ടർ ഇൻ ചാർജ്ജ് (പരിശോധകൻ) ബസ് ജീവനക്കാരെ അറിയിക്കുകയുണ്ടായി. ഇതോടെ തിരുവനന്തപുരത്തേക്ക് ഇന്റർവ്യൂ, പരീക്ഷകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി പോകുന്നവരും എയർപോർട്ടിലേക്ക് പോകുകയായിരുന്ന വിമാന യാത്രക്കാരും ഇതോടെ കുഴങ്ങിയ അവസ്ഥയിലായി. ഇത്തരം ആവശ്യങ്ങൾക്കായി പോകുന്നവർ എളുപ്പം എത്തുവാൻ ആയിരിക്കും സൂപ്പർഫാസ്റ്റ് ബസ്സുകൾ യാത്രയ്ക്കായി തിരഞ്ഞെടുത്തത്.
ബസ് 40 മിനിറ്റോളം വൈകി പോകുകയാണെങ്കിൽ തങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റുമെന്നു മനസ്സിലാക്കിയ യാത്രക്കാർ പ്രതിഷേധിക്കുവാൻ ആരംഭിച്ചു. ബസ് തടഞ്ഞു നിർത്തിയ ഇൻസ്പെക്ടർക്കെതിരെയാണ് യാത്രക്കാരെല്ലാം ഒന്നടങ്കം തിരിഞ്ഞത്. ഇത് ഡിപ്പോയിൽ വലിയ ബഹളങ്ങൾക്കും ഒച്ചപ്പാടിനും ഇടവരുത്തി. സമയക്രമം മാറ്റിയ വിവരം ഒന്നുകിൽ ടിക്കറ്റെടുക്കുമ്പോൾ കണ്ടക്റ്റർ പറയുക. അല്ലെങ്കിൽ കയറുമ്പോഴെങ്കിലും പറയുക. അങ്ങനെയെങ്കിൽ ഞങ്ങൾ ട്രയിനിലോ മറ്റ് സ്വകാര്യ ബസിലോ പോകുമായിരുന്നുവെന്നായിരുന്നു യാത്രക്കാർ പറഞ്ഞത്. എന്നാൽ പെട്ടെന്ന് ഒരു സ്റ്റാൻഡിൽ എത്തിയപ്പോൾ ബസ് 40 മിനിറ്റോളം അവിടെ കിടക്കണമെന്നു പറയുന്നത് അത്യന്തം ക്രൂരകൃത്യമാണെന്ന് സ്ത്രീകളടക്കമുള്ളവർ അഭിപ്രായപ്പെട്ടു.
യാത്രക്കാരുടെ ബഹളം ശക്തമായതോടെ പത്തു മിനിട്ടിനു ശേഷം, അതായത് 6 മണിയ്ക്ക് ബസ് യാത്ര തുടരുവാൻ ഇൻസ്‌പെക്ടർ അനുവാദം കൊടുത്തു. ഇതോടെ യാത്രക്കാർ പ്രതിഷേധം മതിയാക്കുകയും ബസ് തിരുവനന്തപുരത്തേക്ക് സമയത്തിനു തന്നെ യാത്ര തുടരുകയുമാണ് ഉണ്ടായത്. താൻ സ്വന്തമായി എടുത്ത തീരുമാനം അല്ലെന്നും ഉന്നത അധികാരികളുടെ ഉത്തരവ് പ്രകാരമാണ് ബസ് വൈകി പോകുവാൻ വേണ്ടി പിടിച്ചിട്ടതെന്നും ഇൻസ്‌പെക്ടർ പറഞ്ഞു. പൊതുവെ ഈ ഇൻസ്പെക്ടറെക്കുറിച്ച് കെഎസ്ആർടിസിയിൽ നല്ല പേരാണുള്ളത്. മുകളിലുള്ളവരുടെ നിർദ്ദേശം അനുസരിക്കാതെ അദ്ദേഹത്തിനു കഴിയില്ലല്ലോ.
പക്ഷെ യാത്രക്കാർക്ക് പരാതി പറയാൻ കിട്ടുന്നവരോട് പരാതി പറയും. അവർക്ക് മുകളിലെ ഓർഡറോ മുകളിലെ ഉദ്യോഗസ്ഥരെയോ അറിയേണ്ട കാര്യം ഇല്ലല്ലോ. കൃത്യ സമയത്ത് എത്തുന്നതിനായാണ് ആളുകൾ വേഗതയുള്ള സൂപ്പർഫാസ്റ്റ് ബസ് തന്നെ നോക്കി കയറുന്നത്. കെഎസ്ആർടിസിയിൽ വന്ന പുതിയ പരിഷ്‌ക്കാരങ്ങൾ മൂലമാണ് ബസ്സുകൾ ഒരു നിശ്ചിത സമയത്തോളം അകലം പാലിക്കണമെന്നു വന്നത്.
എന്നാൽ ഇത്തരം പരിഷ്‌കരണങ്ങൾ കാശുമുടക്കി ടിക്കറ്റെടുത്തു പോകുന്ന യാത്രക്കാർ അറിയേണ്ട കാര്യം ഇല്ലല്ലോ. 15 മിനുട്ടിൽ കൂടുതൽ ഒരു ബസ് സ്റ്റാൻഡിൽ ഇടുന്നത് ഒക്കെ തീർത്തും യാത്രക്കാരുടെ ക്ഷമ കെടുത്തുന്ന പരിപാടിയാണ്. ഇത് പ്രത്യേകം ശ്രദ്ധിച്ചു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം കൈകാര്യം ചെയ്തില്ലെങ്കിൽ പിന്നീട് യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള കയ്യാങ്കളികൾക്ക് വരെ ഡിപ്പോകൾ സാക്ഷിയാകേണ്ടി വരും.