കല്യാണയാത്രകൾക്കോ ചെറു വിനോദയാത്രകൾക്കോ വേണ്ടി വലിയ ബസ്സുകൾ വാടകയ്ക്ക് എടുക്കാറുണ്ടല്ലോ. ഇത്തരത്തിൽ വാടകയ്ക്ക് എടുക്കുന്നത് സാധാരണയായി ടൂറിസ്റ്റ് ബസുകളായിരിക്കും. സാധാരണക്കാരായ ചിലർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസ്സുകളും വാടകയ്ക്ക് എടുക്കാറുണ്ട്. എന്നാൽ വിവാഹാവണ്ടിയായി നമ്മുടെ കെഎസ്ആർടിസി ബസ് എടുത്താലോ? അത്തരത്തിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം താഴെ കൊടുക്കുന്നു.
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരനായ അനുരാജിന്‍റെ ആനവണ്ടി പ്രേമത്തിന് വിവാഹ നാളിലും മാറ്റമില്ല. അനുരാജ് വി എസ് എന്ന ഐ.ടി പ്രഫഷനലിന് ആനവണ്ടിയോട് അത്രമേൽ ഇഷ്ടമാണ്. കാലങ്ങളായി തുടരുന്ന ഈ ഇഷ്ടം കല്യാണനാളിലും മറച്ചുവെച്ചില്ല.
കരകുളം അയണിക്കാട് അനുഭവനിൽ അനുരാജാണ് വിവാഹദിവസത്തിലും കെ.എസ്.ആർ.ടി.സി ബസിനെ ഒപ്പംകൂട്ടിയത്. നെടുമങ്ങാട് ഡിപ്പോയിൽനിന്നും ബുക്ക് ചെയ്ത ബസിലാണ് അനുരാജ്, ആര്യനാടിന് സമീപത്തെ മരങ്ങാട് സിയോൺ മാർത്തോമാ ചർച്ചിലെത്തി മരങ്ങാട് സ്വദേശിനി പ്രിയയെ ജീവിത പങ്കാളിയാക്കിയത്. വ്യാഴാഴ്ചയായിരുന്നു ഇവരുടെ വിവാഹം.
KSRTC യോടുള്ള അടുപ്പം കാരണം ഇന്നുവരെ അനുരാജ് ഒരു ടൂവീലർ പോലും വാങ്ങിയിട്ടില്ല. പഠിക്കുമ്പാഴും പിന്നീട് തിരുവനന്തപുരം ടെക്നോപാർക്കിലെ ക്യുബെർസ്റ്റ്(QBurst) കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചിട്ടും തന്‍റെ യാത്ര കെ.എസ്.ആർ.ടി.സിയിൽ മാത്രം. ടെക്നോപാർക്കിലെ ജീവനക്കാർക്കാരുടെ കൂടുതൽ ബസ് സൗകര്യങ്ങൾക്കായി ആരംഭിച്ച “പ്രതിധ്വനി KSRTC ഫോറ”ത്തിന്റെ ജോയിന്റ് കൺവീനർ കൂടിയാണ് അനുരാജ്. അനുരാജിന്റെ വിവാഹ ജീവിതത്തിനു എല്ലാവിധ ആശംസകളും നേരുന്നു.
കെഎസ്ആർടിസി ബസ്സുകൾ വാടകയ്ക്ക് എടുക്കണമെന്ന് തോന്നിയാൽ ആദ്യം ചെയ്യേണ്ടത് നമുക്ക് തൊട്ടടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ ബന്ധപ്പെടുക എന്നതാണ്. ലോഫ്‌ളോർ ബസ്സുകളുടെ വാടക നിരക്ക് സാധാരണ ബസ്സുകളേക്കാൾ കൂടുതലായിരിക്കും. വണ്ടി വരുന്ന ഡിപ്പോയിൽ നിന്നും വന്നു ആളെ കയറ്റി യാത്രയ്ക്കു ശേഷം തിരികെ അതേ ഡിപ്പോയിൽ എത്തുന്ന ദൂരമാണ് യാത്രാദൂരമായി കണക്കിലാക്കുന്നത്.
യാത്രകൾക്ക് സാധാരണ ടൂറിസ്റ്റ് ബസുകൾ എടുക്കുന്നതിനേക്കാൾ വാടകച്ചെലവ് അൽപ്പം കൂടുമെങ്കിലും ഒരു വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കും എല്ലാവരുടെയും ശ്രദ്ധ നേടുന്നതിനും ഒക്കെ ഇത്തരത്തിൽ കെഎസ്ആർടിസി ബസുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള കെഎസ്ആർടിസി ഡിപ്പോയിൽ ബന്ധപ്പെടുക. എല്ലാ യൂണിറ്റുകളിലും ബസ്സുകൾ എളുപ്പത്തിൽ വാടകക്ക് ലഭ്യമാക്കുന്നതിനുള്ള സൗകര്യത്തിനായി ട്രാഫിക് സെക്ഷൻ പ്രവർത്തിക്കുന്നുണ്ട്.
കടപ്പാട് – Prathidhwani Technopark.