കഴിഞ്ഞ 3 വർഷങ്ങളായി വിജയകരമായി സർവീസ് നടത്തിയിരുന്ന ജനപ്രിയ സർവീസ് അടൂർ – ഉദയഗിരി സൂപ്പർ ഫാസ്റ്റ് അട്ടിമറിച്ചതിനു പിന്നിൽ ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന. സ്വകാര്യ ബസുടമകളുമായി ചേർന്ന് ഘട്ടം ഘട്ടമായി നടപ്പാക്കിയ “നഷ്ടത്തിലാക്കൽ” പദ്ധതിയുടെ അവസാന റൗണ്ടിൽ KSRTC സർവീസ് അവസാനിപ്പിക്കുകയായിരുന്നു.
ഇനി പ്രസ്തുത സർവീസിന്റെ ചരിത്രം പരിശോധിക്കാം. 2016 ഒക്ടോബറിലാണ് പ്രസ്തുത സർവീസ് ആരംഭിച്ചത്. അടൂരിൽ നിന്നും ആലപ്പുഴ, എറണാകുളം, തൃശൂർ വഴി ഉദയഗിരിയിലേക്കും തിരിച്ചു ഉദയഗിരിയിൽനിന്നും തൃശൂർ, എറണാകുളം, വൈക്കം, കോട്ടയം വഴി അടൂർ ആയിരുന്നു റൂട്ട്. തുടക്കത്തിൽ വൈകുന്നേരം 3.30ന് അടൂരിൽ നിന്നും 5 ന് ഉദയഗിരിയിൽ നിന്നും എന്ന രീതിയിൽ ആയിരുന്നു സർവീസ്. പിന്നീട് പ്രധാനപ്പെട്ട നഗരങ്ങളിൽ ഒരുപാട് നേരം ബ്ലോക്കുമൂലം സമയക്രമം തെറ്റുന്നതിനാലും മറ്റ് സർവീസുകളുടെ സമയത്തെ ബാധിക്കാതിരിക്കുന്നതിനും സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ അടൂരിൽ നിന്നും വൈകിട്ട് 3 നും ഉദയഗിരിയിൽ നിന്നും 4.30നും ആക്കി പുനഃക്രമീകരിച്ചിരുന്നു.
ഈ ക്രമീകരണം പ്രസ്തുത സർവീസിന് ഉയർന്ന വരുമാന വർധനവും വൻ സ്വീകാര്യതയും ലഭിക്കുവാൻ കാരണമായി. 40000 – 45000 ശരാശരി വരുമാനം പ്രസ്തുത ഘട്ടത്തിൽ സർവീസിന് ലഭിച്ചു തുടങ്ങി. അപ്പോഴാണ് എറണാകുളത്തു നിന്നും ഉള്ള ഒരു സ്വകാര്യ ബസിന്റെ മുതലാളിയുടെ നേതൃത്വത്തിൽ ഈ സർവീസിനെതിരെ നീക്കം ആരംഭിച്ചത്. 6.40 PMന് എറണാകുളം കടന്നുപോയിരുന്ന ഈ സൂപ്പർ ഫാസ്റ്റ് സർവീസ് 7.10ന് മാത്രം എറണാകുളത്തു നിന്നും പോകുന്ന കൂരാച്ചുണ്ട് ഫാസ്റ്റിനെ ബാധിക്കുന്നു എന്ന പ്രചാരണം മുഴക്കി കോർപറേഷനിൽ ഉന്നത സ്വാധീനം ഉള്ള ഒരു വക്കീലും പ്രസ്തുത സ്വകാര്യനു ഒത്താശ ചെയ്യുകയും ഇയാളുടെ നേതൃത്വത്തിൽ എറണാകുളം KSRTC ബസ് സ്റ്റേഷനിൽ വെച്ച് അടൂർ – ഉദയഗിരി ബസ് തടയുകയും തനിക്കുള്ള സ്വാധീനം വെച്ച് ഈ സർവീസ് നിർത്തിക്കും എന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. തുടർന്ന് ടിയാന്റെയും സ്വകാര്യ ബസ് മുതലാളിയുടെയും അവർക്ക് കുട പിടിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥബൃന്ദത്തിന്റെയും കുൽസിതശ്രമത്തിന്റെ ഭാഗമായി പ്രസ്തുത സർവീസിന്റെ സമയം അട്ടിമറിച്ചു.
സർവീസിനോട് പക വെച്ചു പുലർത്തിയ വക്കീൽ പറശനിക്കടവിൽ നിന്നും ഗുരുവായൂർ,എറണാകുളം വഴി പിറവത്തേക്കുള്ള സൂപ്പർ ഫാസ്റ്റിന്റെ റൂട്ട് തൃശൂർ വഴി ആക്കി ഉദയഗിരി-അടൂരിന്റെ തൊട്ടുമുന്നിൽ ആക്കി. ഇത്തരത്തിൽ ഉള്ള നിരവധി അനവധി പ്രതിസന്ധികൾ ഉരുത്തിരിഞ്ഞപ്പോഴും 35000-40000 ശരാശരി കളക്ഷനുമായി അടൂർ-ഉദയഗിരി സർവീസ് തുടർന്നു. പിന്നീട് മാറി വന്ന KSRTC എം.ഡി. ശ്രി ഹേമചന്ദ്രൻ അവർകൾക്ക് കാര്യങ്ങൾ മനസ്സിലാവുകയും സർവീസിന്റെ സമയം വീണ്ടും പഴയപടി ആക്കുകയും ചെയ്തു.
തുടർന്ന് സമ്മർദ്ദം വീണ്ടും ഉയർത്തി എം.ഡി മാറിയപ്പോൾ ചീഫ് ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനെ മുൻനിർത്തി സ്വകാര്യ ബസിന് വേണ്ടി വീണ്ടും സമയം അട്ടിമറിച്ചു. അതിനിടെ അടൂരിൽ ഉള്ള KSRTC ബസ് പ്രേമികളുടെ കൂട്ടായ്മയിലെ പ്രവർത്തകരോട് കുപ്രസിദ്ധനായ ഈ ഉദ്യോഗസ്ഥൻ താൻ ഓപ്പറേഷൻ വിഭാഗത്തിൽ എത്തിയാൽ സർവീസ് നിർത്തി കാണിച്ചു തരാം എന്ന് വെല്ലുവിളിച്ചു. തുടർന്ന് KSRTC നടത്തിയ വിവിധ പരിഷ്‌കരണങ്ങളെ തുടർന്ന് പ്രസ്തുത ഉദ്യോഗസ്ഥൻ വീണ്ടും തലപ്പത്തെത്തി. തുടർന്ന് പരിഷ്കരണങ്ങളുടെ മറവിൽ ആർക്കും ഉപകരമില്ലാത്ത സമായക്രമത്തിൽ ഓടാൻ നിർദ്ദേശം ലഭിക്കുന്നു.
പിന്നീട് എറണാകുളം ഒഴിവാക്കി മുവാറ്റുപുഴ വഴി സർവീസ് വീണ്ടും ക്രമീകരിച്ചതോടെ നഷ്ടത്തിലാക്കാൻ ഉള്ള പദ്ധതിക്ക് വേഗം വർധിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയെന്നോണം അടൂർ A T O യുടെ നിർലോഭമായ പിന്തുണയിൽ സർവീസ് ക്യാന്സലേഷൻ ഒരു പ്രധാന പരിപാടിയായി പ്രാബല്യത്തിൽ വന്നു. വിശ്വസിച്ചു കാത്തുനിൽക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരും കൈവിടാൻ തുടങ്ങി. അവസാനം സർവീസ് നഷ്ടത്തിൽ എന്ന പേരു പറഞ്ഞുകൊണ്ട് അടൂർ – ഉദയഗിരി KSRTC സൂപ്പർ ഫാസ്റ്റ് സർവീസ് കോർപ്പറേഷൻ നിർത്തലാക്കി.
ഏതായാലും യാത്രാക്ലേശം പരിഹരിക്കാൻ പ്രതിജ്ഞാബദ്ധരായ കുപ്രസിദ്ധ ഉദ്യോഗസ്ഥരുടെ വഴി വിട്ട സഹായംകൊണ്ട് ഉടൻ തന്നെ ഉദയഗിരി-കോട്ടയം റൂട്ടിൽ ഒരു പുതിയ സ്വകാര്യ ബസ് കൂടി ആരംഭിക്കുകയും ചെയ്തു. അടൂരിലെയും ഉദയഗിരിയിലെയും ജനങ്ങളുടെ ഒരു സ്വപ്ന സാക്ഷാൽക്കാരമായിരുന്നു ഈ സർവീസ്. ബസ് പ്രേമികൾക്കിടയിൽ ‘ഉദയഗിരി സുൽത്താൻ’ എന്ന പേരിൽ ഈ സർവീസ് ജനകീയമായി. പ്രത്യേകിച്ച് ഗോഡ്ഫാദർമാരോ സോഷ്യൽ മീഡിയയിൽ തള്ളി കൂട്ടുന്ന ഫാൻസ് പോരാളികളുടെയോ ഒന്നും പിന്തുണ വേണ്ടത്ര ഇല്ലാതിരുന്ന ഈ സർവീസ് നിർത്തലാക്കിയപ്പോഴും പ്രതികരിക്കാൻ സാധാരണ യാത്രക്കാർ അല്ലാതെ ആരും ഉണ്ടായിരുന്നില്ല.
ഒരു സർവീസ് നഷ്ടത്തിലായാൽ അതിനെ എങ്ങനെ ലാഭത്തിൽ ആക്കാം എന്ന് ചിന്തിച്ചു ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർ തന്നെ എങ്ങനെ ഇതിനെ നഷ്ടത്തിലാക്കി സ്വകാര്യ ബസുടമകളെ സഹായിക്കാം എന്ന നയം സ്വീകരിച്ചു പണം കൈപ്പറ്റി അഴിമതിയുടെ ഭാഗമാകുന്നത് സർക്കാരിന്റെ നയങ്ങൾക്കെതിരും പൊതുഗതാഗത സംവിധാനത്തെ നഷ്ടത്തിൽ നിന്നും വീണ്ടും നഷ്ടത്തിന്റെ പാടുക്കുഴിയിലേക്ക് തള്ളി വിടുന്നതിന് കാരണവുമാണ്.
പക്ഷെ അഴിമതിയുടെ ഭാഗമായ ഈ നീക്കങ്ങളൊന്നും കയ്യും കെട്ടി നോക്കി നിൽക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ. ശക്തമായ പ്രതിഷേധം ഇതിനെതിരെ ഉയർന്നു വരേണ്ടത് ആവശ്യമാണ്. അഴിമതിയുടെ ഭാഗമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക. അടൂർ-ഉദയഗിരി ബസ് സർവീസ് പുനരാരംഭിക്കുക. പ്രതികരിക്കുക, പ്രതിഷേധിക്കുക.
കടപ്പാട് പോസ്റ്റ്.