കർണാടകയിലെ ബെംഗളൂരു, മംഗലാപുരം, മൈസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കേരളം അടക്കമുള്ള വിവിധ ദീർഘദൂര റൂട്ടുകളിലേക്ക് പ്രൈവറ്റ് ബസ് സർവ്വീസുകൾ (കോൺട്രാക്ട് കാര്യേജ്) ലാഭകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. മിക്ക റൂട്ടുകളും ഇവരുടെ കുത്തകയെന്ന രീതിയിലുമാണ് സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ഈ ബസുകളിലെ ടിക്കറ്റ് നിരക്കുകൾ വിമാന ടിക്കറ്റിനേക്കാളും ഉയർന്ന തരത്തിൽ ആകാറുണ്ട്. വേറെ വഴിയില്ലാതെ ആളുകൾ കത്തി വില കൊടുത്ത് സീറ്റുകൾ ബുക്ക് ചെയ്യാറാണ് പതിവ്.
വോൾവോ – സ്‌കാനിയ തുടങ്ങിയ ആഡംബര ബസ്സുകളാണ് പ്രധാനമായും പ്രൈവറ്റ് സർവ്വീസുകാരുടെ തുറുപ്പുചീട്ട്. ഇതിനൊപ്പം യാത്രക്കാർക്ക് കിടന്നുറങ്ങിക്കൊണ്ട് പോകുവാൻ സഹായകമായ സ്ലീപ്പർ കോച്ച് ബസ്സുകളും കൂടിയാകുമ്പോൾ സംഭവം ഉഷാർ. സ്വകാര്യന്മാരുടെ ഈ കുത്തകയ്ക്ക് മുട്ടൻ പാരയുമായാണ് കർണാടക ആർടിസിയുടെ വരവ്. മറ്റൊന്നുമല്ല ദീർഘദൂര റൂട്ടുകളിലേക്ക് ആദ്യമായി കർണാടക ആർടിസി മൾട്ടി ആക്സിൽ വോൾവോ സ്ലീപ്പർ ബസ്സുകൾ പുറത്തിറക്കുവാൻ പോകുകയാണ്. അടുത്ത ആറുമാസത്തിനകം ഇത്തരത്തിലുള്ള 22 സർവ്വീസുകൾ ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിൽ ആറെണ്ണം മിക്കവാറും ഒരു മാസത്തിനകം പരീക്ഷണാടിസ്ഥാനത്തിൽ സർവ്വീസ് ആരംഭിക്കുവാനും സാധ്യതയുണ്ട്.
നിലവിൽ പ്രൈവറ്റ് ബസ്സുകാർ ഇത്തരത്തിൽ മികച്ച സൗകര്യങ്ങളുള്ള സർവ്വീസ് നടത്തുന്നുണ്ടെങ്കിലും ഭയങ്കരമായ ‘ചാർജ്ജ്’ യാത്രക്കാരെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാൻ ഒരു കാരണമാകുന്നു. യാത്രക്കാരുടെ പരാതികളുടെയും അഭ്യർത്ഥനകളുടെയും അടിസ്ഥാനത്തിലാണ് സ്വകാര്യ ബസുകളെക്കാൾ കുറഞ്ഞ ചെലവിൽ വോൾവോ സ്ലീപ്പർ സർവ്വീസുകൾ ആരംഭിക്കുവാൻ കർണാടക ആർടിസി തീരുമാനിച്ചത്. നിലവിൽ ‘അംബാരി’ എന്ന പേരിൽ സ്ലീപ്പർ കോച്ച് സർവ്വീസുകൾ (CORONA – സിംഗിൾ ആക്സിൽ) കെഎസ്ആർടിസി നടത്തുന്നുണ്ട്. വോൾവോ സ്ലീപ്പർ ബസ്സുകളും ഇതേപേരിൽത്തന്നെയായിരിക്കും സർവ്വീസ് നടത്തുക.
ഇന്ത്യയിൽ വോൾവോയുടെ മൾട്ടി ആക്സിൽ ബസ് സർവ്വീസുകൾ ആദ്യമായി ആരംഭിച്ചത് കർണാടക ആർടിസിയാണ്. സ്ലീപ്പർ അല്ലാതെയുള്ള വോൾവോ – സ്‌കാനിയ സർവ്വീസുകൾ കർണാടക ആർടിസി ലാഭകരമായിത്തന്നെ ഓടിക്കുന്നുണ്ട്. നിലവിൽ സർവ്വീസ് നടത്തുന്ന 12 മീറ്റർ നീളമുള്ള കൊറോണ – അംബാരി സ്ലീപ്പർ കോച്ച് ബസ്സുകളിൽ 32 യാത്രക്കാരെ മാത്രമേ കയറ്റുവാൻ സാധിക്കുകയുള്ളൂ. എന്നാൽ 15 മീറ്റർ നീളമുള്ള വോൾവോ സ്ലീപ്പർ കോച്ച് ബസ്സുകളിൽ 40 യാത്രക്കാരെ ഉൾക്കൊള്ളിക്കുവാൻ സാധിക്കും.
തുടക്കത്തിൽ വോൾവോ സ്ലീപ്പർ കോച്ച് ബസ്സുകൾ ബെംഗളൂരുവിൽ നിന്നും ഹൈദരാബാദ്, എറണാകുളം, വിജയവാഡ, മുംബൈ, പൂനെ, ഷിർദ്ദി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിരിക്കും സർവ്വീസ് നടത്തുക. എന്തായാലും കർണാടക ആർടിസിയുടെ ഈ നീക്കത്തെ വളരെ സൂക്ഷ്മതയോടെയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റർമാർ നോക്കിക്കാണുന്നത്. നിലവിൽ അവർക്ക് ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയില്ലെങ്കിലും, ഇത്തരത്തിലുള്ള കൂടുതൽ സർവ്വീസുകൾ ആരംഭിച്ചാൽ പ്രൈവറ്റ് ബസ്സുകളുടെ കുത്തക അവസാനിക്കുവാൻ അതൊരു കാരണമായിത്തീരും എന്നുറപ്പാണ്.