എഴുത്ത് – സുജിത്ത് എസ് പിള്ള ചേപ്പാട്.
പ്രിയ സുഹൃത്തുക്കളെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ പ്രമുഖ സ്വകാര്യ ബസ് സര്‍വീസ് ഗ്രൂപ്പായ കല്ലടയുടെ ബസിലെ ക്രൂരത നമ്മള്‍ കണ്ടതാണ്. ബസിന്‍റെ തകരാറിനെ ചോദ്യം ചെയ്ത യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം ആയിരുന്നു അത്. തകരാര്‍ ചോദ്യം ചെയ്തു മണിക്കൂറിന് ശേഷം മറ്റൊരു ബസ് സര്‍വീസിനായി സജ്ജമാക്കിയെങ്കിലും ബസ് ഗ്രൂപ്പിന്‍റെ ഗുണ്ടകള്‍ വൈരാഗ്യം തീര്‍ക്കുകയാണ് ചെയ്തത്. ബസിന് തകരാര്‍ സംഭവിച്ചാല്‍ സര്‍വീസ് മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ ബസുകള്‍ക്കിടയില്‍ (പ്രത്യേകിച്ച് രാത്രിയിലെ സര്‍വീസ്) ഇപ്പോൾ താരമാകുകയാണ് നമ്മുടെ സര്‍ക്കാര്‍ വണ്ടികള്‍.
ഈയടുത്ത് അര്‍ദ്ധ രാത്രിയില്‍ തകരാര്‍ സംഭവിച്ച് വഴിയില്‍ കിടന്ന കര്‍ണ്ണാടക സര്‍ക്കാരിന്‍റെ എ.സി ബസ് യാത്രക്കാര്‍ പോലും അറിയാതെ പകരം ബസ് വരുത്തി യാത്ര തുടര്‍ന്നത് വാര്‍ത്തയായിരുന്നു. ബസിന് തകരാര്‍ ആണെന്ന് മനസിലാക്കിയ ഡ്രൈവര്‍ ബസ് റോഡ് സൈഡില്‍ ഒതുക്കി. ഈ സമയം യാത്രക്കാര്‍ എല്ലാവരും ഉറക്കമായിരുന്നു. അവരെ അറിയിക്കാതെ ബസിലെ എ.സി ഓഫ് ചെയ്യാതെ അടുത്ത ബസ് വരുന്നതുവരെ തല്‍സ്ഥിതി തുടര്‍ന്നു. പകരം ബസ് വന്ന് യാത്രക്കാരോട് മാറാന്‍ പറയുമ്പോഴാണ് എല്ലാവരും സംഭവം അറിയുന്നത്. സമാന സംഭവം കേരള ആര്‍ടിസിയിലും ഈയടുത്തുണ്ടായി. യാത്ര തുടങ്ങുന്നതിന് തൊട്ടുമുന്‍പ് തകരാറായ ബസിന് പകരം ബസ് സജ്ജീകരിച്ച് യാത്ര തുടര്‍ന്നു.
ഇപ്പോഴിതാ വീണ്ടും കേരള ആര്‍ടിസി താരമാകുകയാണ്. വിന്‍ഡോ ഗ്ലാസ് പൊട്ടിയ വോള്‍വോ ബസിന്‍റെ ഗ്ലാസ് പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ച് നന്നായി സീല്‍ ചെയ്ത് യാത്ര മുടക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെ സര്‍വീസ് നടത്തിയിരിക്കുന്നു. കാണുന്നവര്‍ക്ക് കുറ്റം പറയാനും കാരണം കാണും. കാരണം പ്ലാസ്റ്റിക്ക് ഷീറ്റ് ആണല്ലോ എന്ന ആക്ഷേപം. പക്ഷേ ഒന്ന് മനസിലാക്കണം വോള്‍വോ അല്ലെങ്കില്‍ സ്കാനിയ പോലെയുള്ള മള്‍ട്ടി ആക്സില്‍ വണ്ടികളുടെ ഇത്തരം വിന്‍ഡോ ഗ്ലാസുകള്‍ പൊട്ടിയാല്‍ പുറത്തു നിന്നും ഇറക്കുമതി ചെയ്തു വേണം തകരാര്‍ പരിഹരിക്കാന്‍.
അതിനായി കാത്തുനിന്നാല്‍ സര്‍വീസ് മുടങ്ങുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുകയും ചെയ്യും. അതിന് വഴി വെക്കാതെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസിയാണ് മാസ്സ്. സ്പെയർ ബസ് ലഭ്യമാക്കാൻ കഴിയാത്ത അപൂർവ്വം സന്ദർഭങ്ങളിൽ സർവ്വീസ് ക്യാൻസൽ ആവാതിരിക്കാൻ വേണ്ടി ചെയ്യുന്ന അറ്റകൈ ആണിത്. അത് സ്ഥാപനത്തിന്റെ അന്തസ്സിന് ചേർന്നതല്ല എന്നറിയാമെങ്കിലും, ഈ സർവ്വീസിനെ വിശ്വസിച്ച്, KSRTC യെ വിശ്വസിച്ച് കാത്തു നിൽക്കുന്ന യാത്രക്കാരുടെ താൽപര്യമാണ് പ്രാധാന്യം. വീണ്ടും മലയാളിയുടെ മനസില്‍ ഒരിടം നേടിയ നമ്മുടെ സ്വന്തം ആനവണ്ടി..