എഴുത്ത് – Chandran Satheesan Sivanandan.
2005 ഒക്ടോബര്‍ 29 ഡൽഹിയുടെ ചരിത്രത്തിലെ കരിദിനങ്ങളിലൊന്നാണ് .രണ്ടു ദിവസം കഴിഞ്ഞാൽ ദീപാവലിയാണ്. ഡൽഹി നിവാസികൾ തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് .വൈകുന്നേരം അഞ്ചുമണിക്കു ശേഷം യാത്രാ വാഹനങ്ങളിലും ചന്തകളിലും അന്ന് പതിവിലും കൂടുതല്‍ തിരക്കനുഭവപ്പെട്ടു. അതേ ദിവസം നമ്മുടെ അയൽരാജ്യം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഷ്ക്കർ അൽ തയ്ബ എന്ന ഭീകര സംഘടന ഇന്ത്യന്‍ തലസ്ഥാന നഗരിയിൽ ബോംബ് സ്ഫോടനങ്ങളിലൂടെ ചോരപ്പുഴയൊഴുക്കാൻ തീരുമാനിച്ചിരുന്നു.
5:38 p.m.- ന്യൂഡൽഹി റെയില്‍വേ സ്റ്റേഷനടുത്തുള്ള പഹർഗന്ജ് പച്ചക്കറി ചന്തയിൽ ഒരു ഇരുചക്രവാഹനത്തിലെ ബോംബ് പൊട്ടിത്തെറിച്ച് 18 പേര്‍ മരിക്കുകയും 60 പേർക്കു പരിക്കുപറ്റുകയും ചെയ്തു. 6:00 p.m.- ഗോവിന്ദപുരിയിൽ D.T.C ബസ്സില്‍ സ്ഥാപിച്ച ബോംബു പൊട്ടി ഒൻപതുപേർക്കു പരിക്കുപറ്റിയിരുന്നു അതില്‍ നാലുപേരുടെ നില ഗുരുതരമായിരുന്നു.
6:05 p.m- തെക്കന്‍ ഡൽഹിയിലെ സരോജിനിനഗറിൽ ഒരു വെളുത്ത മാരുതി വാനിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി 43 പേര്‍ മരിക്കുകയും മുപ്പതോളം പേർക്ക് പരിക്കുപറ്റുകയും ചെയ്തു . തീവ്രവാദികൾ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കുന്ന സ്ഫോടനം നടത്താനായി ശ്രമിച്ചത് ഗ്യാസ് ഇന്ധനമായുള്ള ബസ്സിലാണ് എന്നാല്‍ അതു അത്തരത്തിൽ നടക്കാതെ പോയത് D.T.C ബസ്സിലെ ഡ്രൈവറായിരുന്ന കുൽദീപ് സിംഗിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് .
ബി.ബി.സി യുടെ ഇന്റർവ്യൂവിൽ കുൽദീപ് നടത്തിയ സംഭവവിവരണം ഇങ്ങനെയാണ്. അറുപതിലേറെ യാത്രക്കാരുമായി ഗോവിന്ദപുരിയിലൂടെ പോകുമ്പോഴാണ് യാത്രക്കാരിലാരോ വണ്ടിയില്‍ അവകാശിയില്ലാതെ കാണപ്പെടുന്ന സ്യൂട്ട്കേസ് ഒരു ബോംബാണെന്ന് വിളിച്ചു പറഞ്ഞത്. ഇതു കേട്ടയുടൻ കുൽദീപ് തിരക്കു കുറഞ്ഞയിടം നോക്കി വണ്ടി നിർത്തി യാത്രക്കാരോട് എത്രയും വേഗം വണ്ടിയില്‍ നിന്നും പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഒരു സീറ്റിനടിയിലായി കാണപ്പെട്ട സ്യൂട്ട്കേസ് വലിച്ചെടുത്തു.
അതില്‍ ഒരു റ്റെെമറും ഒപ്പം ചില വയറുകളും പുറത്തേക്കു നീണ്ടു നിൽക്കുന്നതു കണ്ടപ്പോള്‍ ഇതു ബോംബാണെന്ന് അദ്ദേഹം ഉറപ്പിച്ചു. ചില ബോളിവുഡ് സിനിമാരംഗങ്ങളാണ് ഈ ചിന്തയ്ക്ക് പ്രേരകമായത്. സിനിമയിൽ നായകന്മാർ ചെയ്യുന്നതു പോലെ വയർ മുറിച്ച് ബോംബ് നിർവീര്യമാക്കിയാലോ എന്നൊരു ചിന്ത ഉയർന്നെങ്കിലും ഗ്യാസ് ഇന്ധനമായ തന്റെ വാഹനത്തിൽ ഇതു പൊട്ടിയാൽ ഉണ്ടാകുന്ന ദുരന്തം വളരെ വലുതായിരിക്കുമെന്ന് തോന്നിയ കുൽദീപ് സ്യൂട്ട്കേസുമായി പുറത്തേക്ക് ഓടി. അടുത്തു കണ്ട ഒരു മരത്തിനടുത്ത് അതു നിക്ഷേപിച്ച് തിരിഞ്ഞോടാൻ ശ്രമിക്കുമ്പോൾ വലിയ ശബ്ദത്തോടെ ബോംബ് പൊട്ടിത്തെറിച്ചു .
ഗോവിന്ദപുരിയിലെ ആ സ്ഫോടനത്തിൽ പരിക്കു പറ്റിയ ഒൻപതുപേരിൽ ഒരാള്‍ കുൽദീപ് സിംഗായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചയും, ഒരു ചെവിയുടെ ശ്രവണശേഷിയും, രണ്ടു കൈ വിരലുകളും, ഒരു കൈയ്യുടെ ചലനശേഷിയും നഷ്ടപ്പെട്ടു. രണ്ടു മാസം കഴിഞ്ഞ് തന്റെ ഭാര്യ നീലം ജന്മം നല്‍കിയ മകന്റെ മുഖം കാണാനുള്ള ഭാഗ്യം ആ പിതാവിനുണ്ടായില്ല. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷൻ വെഹിക്കിൾ എക്സാമിനറായി ജോലിക്കയറ്റം നല്‍കി സ്ഥാപനത്തിൽ നിലനിർത്തിയെങ്കിലും ചികിത്സയ്ക്കും ജീവിത സുരക്ഷിതത്വത്തിനുമായി ഡൽഹി ഗവണ്‍മെന്റ് നല്‍കിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ലെന്നാണ് പിന്നീടുള്ള പത്രവാർത്തകൾ തെളിയിക്കുന്നത്. വാഗ്‌ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെങ്കിലും കുൽദീപ് സിംഗ് ഒരു ഹീറോ തന്നെയാണ്. ഒരു യഥാർത്ഥ ഇന്ത്യൻ ഹീറോ..