വിവരണം – സുമേഷ് കുമാർ.
ഏകദേശം ഒരു മാസം മുന്നേ ഫേസ്ബുക്കിൽ വെറുതെ scroll ചെയ്തോണ്ടിരിക്കുമ്പോൾ ആണ് കുംഭമേളയുടെ ന്യൂസ് ആരോ share ചെയ്തിരിക്കുന്നത് കണ്ടത്. പെട്ടെന്നെന്തോ അതിനെ കുറിച്ചു കൂടുതൽ അറിയാൻ തോന്നി. പിന്നീട് ഓരോ ദിവസവും കുംഭമേളയുടെ വിവരങ്ങൾ ശേഖരിക്കൽ ആയിരുന്നു. ഇപ്രാവശ്യം കുംഭമേള നടക്കുന്നത് ഉത്തർപ്രദേശിലെ പ്രയാഗരാജ് എന്ന സ്ഥലത്താണ്. ജനുവരി 15 മുതൽ മാര്ച്ച് 4 വരെ നീണ്ടു നിൽക്കുന്ന ഒരു മഹാമഹം. ലോകത്തു ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഒരു മേള. ഇക്കൊല്ലം ഏകദേശം 15 കോടി ആളുകൾ കുംഭമേളയുടെ പുണ്യം തേടി എത്തും എന്നാണ് പറയപ്പെടുന്നത്. അതിൽ ഏകദേശം 10 ലക്ഷം വിദേശികളെ ആണ് പ്രതീക്ഷിക്കുന്നത്. എന്തിനാണീ ആളുകൾ കുംഭമേള കൂടാൻ വരുന്നത്. എന്താണ് അവരെ ഒന്നിപ്പിക്കുന്നത്. ദിവസം കൂടും തോറും എന്നിൽ ആഗ്രഹം ഏറുകയായിരുന്നു.
എന്താണീ കുംഭമേള. പണ്ട് പണ്ട് ഭൂമിയിൽ ദൈവങ്ങൾ വാണിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ദേവന്മാർക്കു ജരാനര ബാധിച്ചപ്പോൾ പാലാഴി കടഞ്ഞു അമൃത് സേവിച്ചാൽ അമരത്വവും നിത്യയൗവ്വനവും കിട്ടുമെന്ന് ഉപദേശം കിട്ടി. ഒറ്റക്ക് പാലാഴി കടയാൻ കഴിയാത്തതോണ്ടു വൈരികളായ അസുരന്മാരെയും കൂട്ടു വിളിച്ചു. അങ്ങനെ പാലാഴി മഥനം കഴിഞ്ഞു അമൃത് കുംഭം പുറത്തു വന്നപ്പോൾ അസുരന്മാർ അതും കൊണ്ടു കളഞ്ഞു കടന്നു. ദേവന്മാരുടെ അഭ്യർത്ഥന മാനിച്ചു വിഷ്ണു മോഹിനി രൂപം കെട്ടി അസുരന്മാരെ പറ്റിച്ചു അമൃതും കൊണ്ടു കടന്നു. ദേവലോകത്തെക്കുള്ള ആ യാത്രയിൽ അമൃതകുംഭത്തിൽ നിന്നും 4 തുള്ളികൾ ഭൂമിയിൽ 4 സ്ഥലത്തു പതിച്ചു. ആ സ്ഥലങ്ങളാണ് പ്രയാഗ്, ഹരിദ്വാർ, നാസ്സിക് പിന്നെ ഉജ്ജയിൻ. ഈ സ്ഥലങ്ങളാണ് പിന്നെ കുംഭമേളയുടെ വേദികളായി മാറിയതെന്നാണ് വിശ്വാസം. അമൃതിനു വേണ്ടിയുള്ള പ്രയാണം 12 ദൈവിക ദിനങ്ങളാണ് എടുത്ത്. അതിനു തുല്യമായ മനുഷ്യ കാലം 12 കൊല്ലങ്ങൾ ആണ്. അതുകൊണ്ടു തന്നെ കുംഭമേള ആഘോഷിക്കുന്നത് 12 കൊല്ലം കൂടുമ്പോൾ ഓരോ വേദിയിലും വരുന്ന രീതിയിൽ ആണ്. ഹാരിദ്വാറിലും പ്രയാഗിലും മാത്രം 6 വർഷം കൂടുമ്പോൾ ഒരു അർദ്ധ കുംഭമേളയും കൂടുന്നു.
കൂട്ടില്ലാതെ പോവാൻ പറ്റില്ലലോ. ആരെ വിളിക്കും എന്നു ശങ്കിച്ചു നിന്നു. ഒരു വാരാന്ത്യത്തിൽ വീട്ടിൽ രാജീവും സരിനും സുബുവുമായി കൂടിയപ്പോ കാര്യം അവതരിപ്പിച്ചു. രാജീവും സരിനും എന്റെ സ്ഥിരം വട്ടുപരിപാടിയായി കാര്യമായി എടുത്തില്ല. പക്ഷെ സുബു പറഞ്ഞപ്പാടെ പറഞ്ഞു നമുക്ക് പോവാം എന്നു. 2 ദിവസം കഴിഞ്ഞിട്ടും എനിക്ക് പോവാനായി ഒരു പ്ലാൻ ഉം ചെയ്യാൻ പറ്റിയില്ല. ഓഫീസിൽ ലീവ് എടുക്കാണ്ട് പോവണം. അലഹബാദ് ലേക്ക് നേരിട്ടു വിമാന സർവീസും ഇല്ല. വാരാണസി അല്ലെങ്കിൽ ലക്‌നൗ പോയി അവിടന്നു ടാക്സി വിളിക്കണം. കുറെ റിസർച്ചിനു ശേഷം വ്യാഴാഴ്ച പോയി ഞായറാഴ്ച രാവിലെ തിരിച്ചുവരുന്ന രീതിയിൽ ഒരു ഡ്രാഫ്റ്റ് പ്ലാൻ ആയി. അന്ന് തന്നെ ലിജോനും ജിത്തു നും ഒരു വാട്‌സ്ആപ്പ് മെസ്സേജ് അയച്ചു. വരുമെന്ന് ഉറപ്പൊന്നും ഉണ്ടായില്ല. പിന്നെ ഒരു ഫോൺ വിളിയിൽ കാര്യങ്ങൾ മാറി മറഞ്ഞു. ജിത്തുവും ലിജോനും ഒരു പാതി സമ്മതം മൂളി.
കുംഭമേള കാണാനുള്ള ആഗ്രഹത്തിനെക്കാളും അവർക്ക് ഞങ്ങൾ നാലുപേരും കൂടി ഒരു യാത്ര പോകുന്ന ത്രിൽ ആയിരുന്നു. വൈകീട്ടോരു ദോശ മീറ്റിങ് കഴിയുമ്പോൾക്കും പോവാനുള്ള ടിക്കറ്റ് ബുക്ക് ചെയ്തു. ഓഫീസിലെ തിരക്കിനിടയിലും ഒരു വിധം അവിടെ താമസിക്കാനുള്ള ഒരു ടെന്റ് ബുക്ക് ചെയ്തു. 4 പേർക്ക് ഒരു രാത്രി താമസിക്കാനുള്ള ചിലവ് ഏകദേശം 17000 വന്നു. ഭക്ഷണം ഉൾപ്പെടെ. അങ്ങനെ വ്യാഴാഴ്ച രാത്രി ഒരു തോൾബാഗും എടുത്തു ഞങ്ങൾ ഇറങ്ങി. ജിത്തു ചെന്നൈയിൽ നിന്നും ഏകദേശം ആ സമയത്തു തന്നെ ഇറങ്ങി. അവനു ഡൽഹി വന്നിട്ടു പിന്നെ ലക്നൗ യിലേക്ക് കണക്ഷൻ ഫ്ലൈറ് ആയിരുന്നു. ഞങ്ങൾക്ക് ഷാർജയിൽ നിന്നു നേരെയുള്ള ഫ്ലൈറ്റ് ആയിരുന്നു. ഞങ്ങൾ രാവിലെ 8.30ക്കു ലക്നൗ എത്തിയപ്പോൾക്കും ജിത്തു അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. തലേ ദിവസം ഓണ്ലൈനില് ബുക് ചെയ്ത OLA ടാക്സിക്കാരൻ ജിത്തുനെ വിളിച്ചു സമയം ചോദിച്ചിരുന്നു.
ഞങ്ങൾ അവിടെ തന്നെ ഫ്രഷ് ആയി വിമാനത്താവളത്തിന് പുറത്തു കണ്ട ഒരു കാന്റീനിൽ നിന്നു ബ്രേക്ഫാസ്റ്റ് കഴിച്ചു. ഇരുന്നു കഴിക്കാനുള്ള സ്‌ഥലമൊന്നുമില്ല. നിന്നുകൊണ്ട് തന്നെ ചോല ബട്ടൂര കഴിച്ചു. ചൂടും വിശപ്പും കാരണം നല്ല രുചി തോന്നി. 10 മണി കഴിഞ്ഞപ്പോൾക്കും ടാക്സിക്കാരനെ കണ്ടുപിടിച്ചു ഞങ്ങൾ പ്രയാഗ് രാജിലേക്കു യാത്ര തുടങ്ങി ഏകദേശം 4 മണിക്കൂർ എടുക്കും എന്നാണ് ഡ്രൈവർ പറഞ്ഞത്. ലക്നൗ ടൌൺ കഴിഞ്ഞതോടെ കാഴ്ചകൾക്ക് കൂടുതൽ പച്ചപ്പേറി. എള്ള് വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ. ആധുനികതയുടെ ലക്ഷണങ്ങൾ ഒന്നും തൊട്ടു തീണ്ടാത്ത സാധാരണ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലൂടെ ഉള്ള യാത്ര. ഇടക്കിടക്ക് ചെറിയ ടൗണുകൾ വരുമ്പോൾ കുറച്ചു തിരക്ക് കാണാം. ഡ്രൈവറോട് ഒരു നല്ല ചായ കുടിക്കണം എന്നു പറഞ്ഞപ്പോ വഴിയരികിലെ ഒരു ധാബയിൽ നിർത്തി. മണ്ണുകൊണ്ട് ഉണ്ടാക്കിയ ഗ്ലാസ്സിലെ കാച്ചി കുറുക്കിയ ചായ കുടിച്ചതോടെ ഉഷാറായി. കൊല്ലങ്ങൾക്കു ശേഷം ഞങ്ങൾ നാലുപേരും കൂടുന്നതുകൊണ്ടു പറഞ്ഞു തീർക്കാൻ കുറെ വിശേഷങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരു നീണ്ട കാർ യാത്രയുടെ വിരസത വർത്തമാനങ്ങളാൽ തീർത്തു.
പോകുന്ന വഴിയിൽ ഇടക്കെല്ലാം “Chalo Kumbh” ബാനറുകളും പ്രയാഗ് രാജിലേക്കുള്ള ദൂരം കാണിക്കുന്ന ദിശാ സൂചികകളും കണ്ടു. ഗൂഗിൾ മാപ്പും ഡ്രൈവറും പറഞ്ഞത് പ്രകാരം പ്രയാഗരാജ് എത്താൻ അധിക സമയം ബാക്കി ഉണ്ടായിരുന്നില്ല. പക്ഷെ അവിടെ എത്തിയപ്പോ കഥ വേറെ ആയിരുന്നു. ഡ്രൈവർ കുറച്ചു നാൾ മുന്നേ വന്ന ഒരു പരിചയം വെച്ചാണ് വന്നത്. ടാർ ഇട്ട റോഡിൽനിന്നും ഇറങ്ങി ഒരു മണ്ണിട്ട റോഡിലേക്ക് കയറി. വണ്ടികൾ മണ്ണിൽ താഴ്ന്നു പോകാതിരിക്കാൻ മണ്ണിനു മുകളിൽ ഇരുമ്പു പാളികൾ നിരത്തി താല്കാലികമായൊരു റോഡ് നിർമിച്ചിരിക്കുന്നു. പിന്നീടുള്ള യാത്ര അതിലൂടെ ആയിരുന്നു. ഗൂഗിൾ മാപ്പിൽ ഞങ്ങളുടെ വണ്ടി പാതകൾ ഇല്ലാത്ത വിജനമായ ഒരു സ്ഥലത്തുകൂടി നീങ്ങി. അകലെ യമുന നദി കാണാൻ തുടങ്ങി. പണ്ട് മുതലേ കേട്ട കൃഷ്ണന്റെ കഥകളിലെ യമുന. വൃന്ദാവനത്തിൽ കൃഷ്ണനും കൂട്ടുകാരും കളിച്ചു നടന്നത് യമുനയുടെ കരകളിൽ അല്ലെ. കൃഷ്ണൻ കാളിയ മർദ്ദനം നടത്തിയ യമുന. യമുന നദീതടങ്ങളിലൂടെ ആണ് ഞങ്ങൾ യാത്ര ചെയ്യുന്നതെന്ന് ഓർത്തപ്പോൾ മനസ്സിലൊരു കുളിർമ.
കുറച്ചു കഴിഞ്ഞപ്പോൾ കുംഭമേളയുടെ ഗോപുരം കണ്ടു. വഴികളിൽ ടെന്റുകൾ കണ്ടു തുടങ്ങി. വഴിയിൽ കണ്ട പോലീസ് കാരോട് ഞങ്ങൾ ബുക്ക് ചെയ്ത ക്യാമ്പിന്റെ വഴി ചോദിച്ചു. പലരും പല അഭിപ്രായം പറഞ്ഞു. ക്യാമ്പ് ന്റെ പേരും അടുത്തുള്ളൊരു അമ്പലത്തിന്റെ പേരും വെച്ച് വഴി കണ്ടു പിടിക്കാൻ പറ്റില്ലാന്ന് മനസ്സിലായി. ഞങ്ങൾ മനസ്സിൽ കണ്ടതിനേക്കാൾ ബ്രഹത്തായ ഒരു ലോകമാണ് കുംഭമേള എന്ന് മനസ്സിലാക്കി. ഏകദേശം 33 കിലോമീറ്റര് ചുറ്റളവിൽ നിർമിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ താൽക്കാലിക നഗരമാണ് കുംഭമേള നഗരി എന്ന് ഡ്രൈവർ പറഞ്ഞു. ഗൂഗിൾ മാപ്പിൽ ഞങ്ങളുടെ കാർ ഗതി കണ്ടു പിടിക്കാൻ കഴിയാതെ നിന്ന് തിരിഞ്ഞു. ഒരു പോലീസ്‌കാരൻ പറഞ്ഞ ദിശയിലൂടെ ഞങ്ങൾ യാത്ര തുടർന്ന്. വഴിയുടെ രണ്ടു വശത്തും ടെന്റുകൾ. ഇടയ്ക്ക് നിരനിരയായി ടോയ്‍ലെറ്റുകൾ. ഉച്ച സമയം ആയതിനാലാവണം വഴിയിലൊന്നും അധികം ജനങ്ങൾ ഇല്ല. ഓരോ ടെന്റുകളും ഓരോ ആശ്രമങ്ങൾ ആണ്. ഇന്ത്യയുടെ പല ഭാഗത്തു നിന്നും വന്ന ആത്മീയ ഗുരുക്കളുകളുടെയും ആൾ ദൈവങ്ങളുടെയും ആശ്രമങ്ങൾ.
വീണ്ടും വഴിയിൽ നിർത്തി വഴിചോദിച്ചു. ഇപ്രാവശ്യം ക്യാമ്പിന്റെ അഡ്രസ്സിൽ എഴുതിയിരുന്ന ഒരു അരയാൽ ഘട്ട് ന്റെ പേര് പറഞ്ഞപ്പോ അവിടുത്തെ ആൾക്ക് മനസ്സിലായി. അത് അവസാനത്തെ സെക്ടർ ഇൽ ആണ്. ഇവിടുന്നു നേരെ കുറെ പോണം എന്ന് പറഞ്ഞു. കുംഭമേള നഗരി മുഴുവൻ പല പല സെക്ടറുകൾ ആയി തരം തിരിച്ചിരിക്കുകയാണ്. ഇവിടെ ഏതു ക്യാമ്പ് കണ്ടു പിടിക്കണമെങ്കിലും ഏറ്റവും എളുപ്പം സെക്ടർ നമ്പർ അറിയുന്നതാണ്. താൽക്കാലിക റോഡിൽ നിന്നും കയറി ഞങ്ങൾ വീണ്ടും ടാറിട്ട റോഡിൽ കയറി. റോഡിൽ നല്ല തിരക്കുണ്ട്. ശരിയായ റോഡ് കിട്ടിയ സന്തോഷത്തിൽ ഗൂഗിൾ മാപ്പ് വീണ്ടും ഞങ്ങൾക്ക് വഴി പറഞ്ഞു തന്നു. പോലീസ് പല റോഡുകളും അടച്ചു ഗതാഗതം വഴി തിരിച്ചു വിടുന്നു. അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് അന്ന് 150 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഗവണ്മെന്റ് അതിഥികൾ ആയി പ്രയാഗരാജ് സന്ദർശിക്കാൻ എത്തിയിട്ടുണ്ടെന്നു. ഞങ്ങളുടെ പദ്ധതികൾ ഒക്കെ പൊളിയുമോ എന്ന് തോന്നി.
വീണ്ടും കുറെ കറങ്ങിയാണ് ഞങ്ങൾ ബുക്ക് ചെയ്ത കുംഭ് ക്യാമ്പ് ഇന്ത്യ എന്ന ക്യാമ്പ് കണ്ടു പിടിച്ചത്. ഒരു കോമ്പൗണ്ടിനുള്ളിൽ നിര നിരയായി കുറെ ടെന്റുകൾ. അവിടെ റിസപ്ഷനിൽ പോയി റിപ്പോർട്ട് ചെയ്തു. ഞങ്ങൾക്ക് ഒരു ടെന്റിനുള്ളിൽ 4 കട്ടിലുകൾ ഉള്ള ഒരു ടെന്റ് ആണ് കിട്ടിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാത്തതിന്റെയും ദൂരയാത്രയുടെയും തലേന്നത്തെ ഉറക്കത്തിന്റെയും ക്ഷീണം എല്ലാവരെയും തളർത്തിയിരുന്നു. ക്യാമ്പിൽ ചോദിച്ചപ്പോൾ ഉച്ച ഭക്ഷണത്തിന്റെ സമയം കഴിഞ്ഞു എന്ന് പറഞ്ഞു. പിന്നെ ആകെ കിട്ടിയത് ചായയും പക്കോഡയും ആണ്. അത് റൂമിൽ കൊണ്ട് തരാൻ പറഞ്ഞു ഞങ്ങൾ ടെന്റിൽ പോയി. ടെന്റിൽ കയറി ബാഗ് ഒക്കെ വെച്ച് കട്ടിലിൽ ഒന്ന് കിടന്നപ്പോ വല്ലാത്തൊരു ആശ്വാസം. എല്ലാ ടെന്റിലും അറ്റാച്ചഡ് ബാത്റൂം ഉണ്ട്. ഞങ്ങൾക്ക് ഒരു രാത്രി താമസിക്കാൻ അവിടെ ആവശ്യത്തിൽ കൂടുതൽ സൗകര്യം ഉണ്ടായിരുന്നു. ഞങ്ങളുടെ ഡ്രൈവറോട് പിറ്റേ ദിവസം ഞങ്ങളെ കൊണ്ട് വിടണം എന്ന് പറഞ്ഞപ്പോൾ അവൻ അന്ന് ക്യാമ്പ് ഇൽ തന്നെ കൂടിക്കൊള്ളാം എന്ന് പറഞ്ഞു. അതൊരു നല്ല തീരുമാനം ആയിരുന്നെന്നു പിന്നീട് ഞങ്ങൾക്ക് ബോധ്യമായി.
റിസപ്ഷനിൽ ഇരുന്ന പയ്യൻ ഞങ്ങളോട് റെഡി ആയി വന്നാൽ പുറത്തു കൊണ്ട് പോവാൻ ഒരു ഗൈഡ് നെ തരാം എന്ന് പറഞ്ഞു. ഉള്ള സമയം കളയാതെ ഞങ്ങൾ വേഗം ഫ്രഷ് ആയി പുറത്തിറങ്ങി. ഞങ്ങളെ കാത്തു ഒരു ഗൈഡ് ഉണ്ടായിരുന്നു. ഞങ്ങൾ കാർ എടുത്തു തന്നെ പോവാൻ തീരുമാനിച്ചു. ആദ്യം ഞങ്ങൾ പോയത് അവിടെ ഉള്ള സംസ്‌കൃതി ഗ്രാമം കാണാൻ ആണ്. ഹാരപ്പൻ കാലഘട്ടം മുതൽ ഇന്ത്യൻ സ്വതന്ത്ര സമരം വരെയുള്ള ഇന്ത്യയുടെ ചരിത്രം മുഴുവൻ 17 ഗാലറികളിലായി അവിടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഏറ്റവും ആകർഷകമായി തോന്നിയത് ഓരോ കാലഘട്ടത്തിലും ഇന്ത്യയുടെ ഭൂപടം എങ്ങനെ ആയിരുന്നു എന്ന് അവിടെ ചിത്രീകരിച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ നിൽക്കുന്നത് പൗരാണിക ഇന്ത്യയിലെ പ്രസിദ്ധമായ ഭൂമിയിലാണെന്ന സത്യം മനസ്സിൽ സന്തോഷമുണർത്തി. അവിടുന്ന് ഇറങ്ങി ഞങ്ങൾ ഗംഗ നദിക്കു കുറുകെ താൽക്കാലികമായി ഉണ്ടാക്കിയ പാലം കടന്നു അപ്പുറത്തെത്തി. ഞങ്ങളുടെ ഗൈഡ് ആയി വന്ന ആൾ അവിടത്തെ ഒരു ആശ്രമത്തിലെ പണ്ഡിറ്റ് ആണ്. കുംഭമേള സമയത്തു ആൾ ഗൈഡ് ആയിട്ടും പോയി പൈസ ഉണ്ടാക്കും. ഒരു നേരം ആളുടെ സേവനം എടുക്കന്നതിനു 1000 രൂപ ആണ് ഫീസ്.
ഗംഗയും യമുനയും അവരുടെ വാക്കുകളിൽ ഗംഗാജി യും യമുനാജി യും ആണ്. ആർഷ ഭാരത സംസ്കാരത്തിൽ ഈ മഹാനദികൾക്കുള്ള പ്രാധാന്യം അവരുടെ ബഹുമാനത്തിൽ നിന്നും മനസ്സിലാവും. ഹിന്ദു മതം ഒരു ജാതിയല്ല മറിച്ചു ജീവന മാർഗം ആണെന്നാണ് പറയുന്നത്. ഹിന്ദുത്വത്തിൽ നമ്മൾ ഈ പ്രപഞ്ചത്തിലെ ഏതൊരു സൃഷ്ടിയെയും ആരാധിക്കാനാണ് പഠിച്ചിരുന്നത്. നമ്മൾ ആകാശ ഗോളങ്ങളെയും, പർവ്വതങ്ങളെയും നദികളെയും വൃക്ഷങ്ങളെയും ആരാധിച്ചിരുന്നു. ഗംഗാതീരത്തു കൂടെ പോവുമ്പോൾ ഗൈഡ് പറഞ്ഞു മഴക്കാലത്ത് ഗംഗ കര കവിഞ്ഞു ഒഴിക്കുമ്പോൾ ഈ നദീതടങ്ങളെല്ലാം വെള്ളത്തിനടിയിൽ ആവും. നദിയിലെ ഇലക്ട്രിക്ക് ടവറിന്റെ കോൺക്രീറ്റ് ബേസിന്റെ ഉയരം കണ്ടപ്പോൾ ഏകദേശം ഊഹം കിട്ടി മഴക്കാലത്ത് ഞങ്ങളുടെ തലയ്ക്കു മേലെ മീറ്ററുകൾ ഉയരെ വെള്ളം പൊങ്ങും എന്ന്.
സന്ധ്യ മയങ്ങി തുടങ്ങി. കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന ടെന്റുകൾക്കിടയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. അവിടെ എങ്ങും LED ബൾബുകളുടെ വെള്ളിവെളിച്ചം നിറഞ്ഞു തുടങ്ങി. അടുത്ത് ഞങ്ങൾ പോയത് ഒരു അഖാര കാണാൻ ആണ്. ഹിന്ദു സാധു സന്ന്യാസിമാർക്ക് കൂട്ടമായി ഒരുമിച്ചു താമസിച്ചു അഭ്യസിച്ചു സാധന ചെയ്യാനുള്ള ഒരു സ്ഥലമാണ് അഖാര. വിശ്വാസങ്ങളുടെയും ആരാധിക്കുന്ന ദൈവങ്ങളുടെയും പേരിൽ ഏകദേശം 14 അഖാരകൾ നിലവിൽ ഉണ്ട്. കുംഭമേളക്ക് എല്ലാ അഖാരകളും അവരവരുടെ ആശ്രമങ്ങൾ സ്ഥാപിക്കും. എല്ലാ ആശ്രമത്തിലും സ്ഥിരം പൂജകളും സാധു സന്യാസിമാരുടെ ദർശനവും ഉണ്ടാകും. ആയിരക്കണക്കിനാളുകൾ അഖാരകളിൽ ദർശനത്തിനും സത്‌സംഘത്തിനും വന്നു ചേരും. കുംഭമേളക്ക് ഏറ്റവും പ്രസിദ്ധമായ മൂന്നു ഷാഹി സ്നാനങ്ങൾ കഴിഞ്ഞ കാരണം കുറെ അഖാരകൾ തിരിച്ചു പോയിരുന്നു. ഇപ്രാവശ്യത്തെ കുംഭമേളയുടെ ഒരു പ്രത്യേകത ഭിന്നലിംഗക്കാരുടെ കിന്നർ അഖാര ആയിരുന്നു. ഓരോ അഖാരകളിലെയും പ്രധാനികൾ മഹാമണ്ഡലേശ്വർ എന്നാണ് അറിയപ്പെടുന്നത്. ഞങ്ങൾ പോയ അഖാരയിൽ 3 മഹാമണ്ഡലേശ്വർ ഉണ്ടായിരുന്നു.
അന്ന് മിക്ക റോഡുകളും ബ്ലോക്ക് ആയ കാരണം തിരക്ക് വളരെ കുറവായിരുന്നു. അതുകൊണ്ടു തന്നെ അധികം കാത്തു നിൽക്കാതെ നേരെ സ്റ്റേജിൽ കയറി അവരുടെ അനുഗ്രഹം വാങ്ങാനായി. നമ്മൾ ദക്ഷിണ കൊടുത്താൽ അവർ നമ്മളെ അനുഗ്രഹിച്ചു ഒരു നാണയം നൽകും. അത് സൂക്ഷിച്ചു വെച്ചാൽ എല്ലാവിധ അഭിവൃദ്ധികളും ഉണ്ടാകും എന്നാണ് വിശ്വാസം. എല്ലാവരും മഹാമണ്ഡലേശ്വറിന്റെ ഒപ്പം നിന്ന് സെൽഫിയും എടുക്കുന്നുണ്ട്. എല്ലാം ഒരു കൗതുകത്തോടെ കണ്ടിറങ്ങി എന്നല്ലാതെ നമുക്ക് മനസ്സുകൊണ്ട് ഉൾകൊള്ളാൻ പറ്റാത്ത ആചാരങ്ങൾ. അവിടുന്ന് ഇറങ്ങി ഞങ്ങൾ കുംഭമേളയുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായ നാഗ സന്യാസിമാരെ കാണാൻ പോയി. ഭാരത സംസ്കാരത്തിനുമേൽ കടന്നുകയറ്റം ഉണ്ടായപ്പോൾ സനാതന ധർമം പരിപാലിക്കാൻ ഉണ്ടാക്കിയ ഹിന്ദു സാധുക്കളുടെ ഒരു സായുധ സേനയാണ് നാഗ സന്യാസികൾ എന്നാണ് കരുതപ്പെടുന്നത്. നാഗ സന്യാസികൾ പൊതുവെ ദേഹം മുഴുവൻ ഭസ്മം പൂശി വിവസ്ത്രരായാണ് ജീവിക്കുന്നത്. ലൗകിക ജീവിതം വെടിയുന്ന അവർ ശരീരത്തെ തന്നെ ആത്മാവിന്റെ പുറത്തെ ഒരു വസ്ത്രമായാണ് കരുതുന്നത്. അതുകൊണ്ടു തന്നെ ദേഹത്തിനു പുറത്തു വേറൊരു വസ്ത്രം വേണമെന്നവർ കരുതുന്നില്ല.
ഒരു സാധാരണ മനുഷ്യനിൽ നിന്ന് നാഗ സന്യാസിയാവുന്നതിലേക്കുള്ള യാത്ര അതീവ കഠിനമാണ്. കൊല്ലങ്ങളായി ആശ്രമങ്ങളിൽ നിന്ന് പഠിച്ചും പണിചെയ്തും മനസ്സിനെയും ശരീരത്തേയ്ക് പരുവപ്പെടുത്തി പഞ്ചേന്ദ്രിയങ്ങളെയും ജയിച്ചാലേ നാഗസാധു ആയി നാമകരണം ചെയ്യപെടുകയുള്ളു. ഇപ്രാവശ്യത്തെ കുംഭമേളക്കും പതിനായിരക്കണക്കിന് ആളുകൾ സ്വയം ബലിപിണ്ഡം വെച്ച് നാഗ സാധുക്കളായി മാറി എന്നാണ് കേട്ടത്. രാജ്യത്തിൻറെ പല ഭാഗത്തുള്ള നാഗസാധുക്കൾ ഒത്തു ചേരുന്ന ഒരു മേളയാണ് കുംഭമേള. അത് കഴിഞ്ഞു അവർ വീണ്ടും ഓരോരോ സ്ഥലങ്ങളിലേക്ക് പോവും. ജീവിതത്തിന്റെ മുഖ്യധാരയിൽ നിന്നകന്നു ധർമത്തെ വാഴ്ത്തുന്ന നാഗസാധുക്കളുടെ ജീവിതം നമുക്ക് മനസ്സിലാക്കാൻ പറ്റുന്നതിന്റെ അപ്പുറത്താണ്. പോകുന്ന വഴിയിൽ ഒറ്റക്കാലിൽ നിൽക്കുന്ന ഒരു നാഗ സന്യാസിയെ കണ്ടു.
പിന്നെ ഞങ്ങളെ ഗൈഡ് കൊണ്ട് പോയത് ഒരു നാഗസന്യാസിയുടെ ആശ്രമത്തിൽ ആണ്. ദേഹം മുഴുവൻ രുദ്രാക്ഷമാല മാത്രം ധരിച്ചു ഭസ്മം പൂശി നിൽക്കുന്ന ഒരു സന്യാസി. അദ്ദേഹത്തിന്റെ കുറച്ചു ശിഷ്യന്മാരും ഒപ്പം ഉണ്ട്. ഞങ്ങളെ കണ്ടപ്പോളേക്കും ആരതി ഒക്കെ കത്തിച്ചു ഏതോ ഒരു ഭക്തിഗാനം ഒക്കെ ഉറക്കെ വെച്ച് തലയിൽ ശിവലിംഗം പോലത്തെ ഒരു കിരീടം ഒക്കെ വെച്ച് അനുഗ്രഹം തരാൻ നിന്ന്. ഞങ്ങൾ ഓരോരുത്തരായി അനുഗ്രഹം വാങ്ങി. ദക്ഷിണ കൊടുക്കുന്നത് എത്രയാണെന്ന് നോക്കി ആള് കൂടുതൽ ചോദിച്ചു വാങ്ങുന്നുണ്ടായിരുന്നു. ശരിക്കുള്ള നാഗ സന്ന്യാസിമാർക്ക് എന്തിനാണ് പൈസ എന്ന് ഞാൻ ആലോചിച്ചു. ഞങ്ങൾക്ക് കുംഭ പ്രസാദവും പിന്നെ ചായയും നൽകിയാണ് അദ്ദേഹം വിട്ടത്.
അടുത്ത ലക്‌ഷ്യം ഗംഗ ആരതി കാണൽ ആയിരുന്നു. ഗംഗ നദിയുടെ കരയിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ പീഠങ്ങൾക്കു മുകളിൽ നിന്ന് ഒരേ വസ്ത്രം ധരിച്ച കുറെ പൂജാരികൾ ബഹുനില വിളക്കുകൾ കത്തിച്ചു ഉയരുന്ന മണിനാദങ്ങൾക്കും പ്രാർത്ഥനകൾക്കും ഒപ്പം ആരതി ഉഴിയുന്നു. താഴെ നിൽക്കുന്ന എല്ലാ ഭക്തരും ആ പ്രാർത്ഥനയിൽ ഒപ്പം കൂടുന്നു. മനുഷ്യന്റെ നിലനിൽപ്പിനു ജലസ്രോതസ്സുകൾ എത്രമാത്രം അത്യാവശ്യമാണെന്ന് ബോധ്യപ്പെടുത്താനും ഭക്തിയോടെ നദികളെ ആരാധിക്കാനും വേറെ ഏതെങ്കിലും സംസ്കാരങ്ങൾ ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയം ആണ്. ഗംഗ ആരതിക്കു ശേഷം പ്രയാഗിലെ പ്രസക്തമായ ബഡെ ഹനുമാൻജി ടെംപിൾ കാണാൻ പോയി. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത ലോകത്തിൽ ഇവിടെ മാത്രമാണ് ഹനുമാന്റെ വിഗ്രഹം കിടക്കുന്ന രീതിയിൽ കാണാൻ കഴിയുക. അതിനു പിന്നിൽ പല വിധ ഐതിഹ്യങ്ങളും പറഞ്ഞു കേൾക്കുന്നുണ്ട്. ഗൈഡ് പറഞ്ഞ ഒരു കഥ എന്ന് പറഞ്ഞാൽ, ലങ്കാ ദഹനം കഴിഞ്ഞു ഹനുമാൻ തിരിച്ചു വന്നപ്പോൾ ഭയങ്കര ക്ഷീണത്തിൽ ആയിരുന്നു. അപ്പോൾ വിശ്രമിക്കാൻ വേണ്ടി ഗംഗാതീരത്തു കിടന്ന സ്ഥലമാണ് പിന്നീട് ഈ അമ്പലം ആയി മാറിയത്.
തറനിരപ്പിൽ നിന്നും ഏകദേശം 8 അടി താഴെ ആണ് ഹനുമാന്റെ വിഗ്രഹം കിടക്കുന്നതു. നമ്മൾ മുകളിൽ നിന്നും താഴേക്ക് നോക്കിയാണ് തൊഴുക. അതുപോലെ തന്നെ കേട്ടൊരു കഥയാണ് ഈ വിഗ്രഹം ഗംഗാനദിയിൽ മുങ്ങികിടക്കുകയായിരുന്നു എന്ന്. വിഗ്രഹം കണ്ടെടുത്ത ആൾ അത് നിൽക്കുന്ന രീതിയിൽ പ്രതിഷ്ഠിക്കാൻ നോക്കിയപ്പോൾ പറ്റിയില്ലത്രേ. അത് വീണ്ടും മണ്ണിൽ കൂടുതൽ ഉറച്ച പോലെ ആയി തീർന്നു എന്നാണ് പറയുന്നത്. മഴക്കാലത്ത് യമുനയിലും ഗംഗയിലും വെള്ളം കൂടി അത് ഹനുമാന്റെ വിഗ്രഹത്തിൽ വന്നു തൊടും എന്നും കേട്ടു. കടലപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന ലഡ്ഡു ആണ് അവിടത്തെ പ്രസാദമായി കിട്ടിയത്. അതും വാങ്ങി ഞങ്ങൾ പോയത് അടുത്ത് തന്നെ ഉള്ള ശ്രീ ആദി ശങ്കര വിമാന മണ്ഡപം കാണാനാണ്.
4 നിലകളിലായി തെക്കേ ഇന്ത്യൻ ശൈലിയിൽ നിർമിച്ചിരിക്കുന്ന ഒരു അമ്പലം. കാഞ്ചിപുരത്തുള്ള കാമകോടി മഠത്തിന്റെ ആണ് ഈ അമ്പലം. ഓരോ നിലകളിലും ആയി ഓരോരോ പ്രതിഷ്ഠകൾ ആണ് ഉള്ളത്. ഈ അമ്പലത്തിന്റെ മുകളിലെ നിലകളിൽ നിന്നും കുംഭമേളയുടെ മനോഹരമായ ഒരു വിഹഗ ദൃശ്യം കാണാം. രാത്രി കനക്കും തോറും ഗംഗയിൽ കുളിച്ചു വീശുന്ന കാറ്റിന് കുളിരു കൂടി തുടങ്ങി. മനസ്സ് നിറഞ്ഞ കാഴ്ചകളുമായി ഞങ്ങൾ ക്യാമ്പിലേക്ക് മടങ്ങി. പിറ്റേന്ന് വെളുപ്പിന് തന്നെ എഴുന്നേറ്റു ത്രിവേണിയിൽ മുങ്ങാൻ പോണമെന്നു ഗൈഡ് പറഞ്ഞു. ക്യാമ്പിൽ തിരിച്ചെത്തിയപ്പോളേക്കും അവിടെ രാത്രി ഭക്ഷണം റെഡി ആയിരുന്നു. ഞങ്ങളുടെ ക്യാമ്പിൽ താമസിക്കുന്ന കുറെ ഫാമിലികൾ ഭക്ഷണം കഴിക്കാൻ ഒപ്പം ഉണ്ടായിരുന്നു. ഭക്ഷണം കഴിഞ്ഞു ടെന്റിൽ എത്തി മൊബൈലിൽ പകർത്തിയ ഫോട്ടോസ് ഒക്കെ നോക്കി പുതപ്പിനു കീഴെ കിടന്നതേ ഓര്മയുള്ളു.
രാവിലെ 4 മണിക്ക് അലാറം അടിച്ചപ്പോളാണ് എണീറ്റത്. വേഗം എണീറ്റ് ഫ്രഷ് ആയി 5 മണിക്ക് മുന്നേ പോവാൻ റെഡി ആയി. ഡ്രൈവർ ഉം ഗൈഡ് ഉം അപ്പോളേക്കും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ബാക്കി ആളുകളൊക്കെ എണീറ്റ് വരുമ്പോളേക്കും നമുക്ക് ത്രിവേണി സംഗമത്തിൽ എത്താം എന്ന് ഗൈഡ് പറഞ്ഞു. ഞങ്ങൾ താമസിക്കുന്നിടത്തു നിന്നും 3 – 4 കിലോമീറ്റര് അകലെ ആയിരുന്നു ത്രിവേണി സംഗമത്തിലേക്കു പോവാനുള്ള വഞ്ചി കിട്ടുന്ന സ്ഥലം. വണ്ടി നദിക്കരയിൽ തന്നെ പാർക്ക് ചെയ്തു ഞങ്ങൾ വഞ്ചികൾ കിടക്കുന്ന സ്ഥലത്തേക്ക് പോയി. വഞ്ചിക്കാരോട് ഗൈഡ് വിലപേശി നോക്കി. അവസാനം ഞങ്ങൾ 6 പേരും പിന്നെ വഞ്ചിയിൽ മുന്നേ ഇരിക്കുന്ന 2 പേരും കൂടി സംഗമത്തിലേക്കു. ഒരാൾക്ക് 100 രൂപ വെച്ച് 6 പേർക്ക് 600 . മരം കൊണ്ടുള്ള സാധാരണ വഞ്ചി. വഞ്ചി നീങ്ങി തുടങ്ങിയപ്പോൾ വെള്ളത്തിലൊന്നു തൊട്ടു. നല്ല ഐസ് പോലെ തണുത്ത യമുനാജലം. ഈ വെള്ളത്തിലാണല്ലോ മുങ്ങേണ്ടത് എന്നാലോചിച്ചപ്പോൾ തന്നെ വിറയൽ വന്ന പോലെ.
തിരക്ക് കുറവാണെങ്കിലും വേറെയും വഞ്ചികൾ നീങ്ങുന്നുണ്ട്. ഇത്ര ജനസാഗരങ്ങൾ വരുന്ന സ്ഥലത്തു സുരക്ഷക്കായി എന്താണ് ഒരുക്കിയിരിക്കുന്നതെന്ന് ഞാൻ ആലോചിച്ചു. ആകാശത്തു വെള്ള കീറി തുടങ്ങുന്നതേ ഉള്ളു. കുറച്ചു ദൂരം പോയതിനു ശേഷം മരത്തിന്റെ ഒരു പ്ലാറ്റഫോമിന് സമീപം വഞ്ചി നിർത്തി. ഏതാണ് ത്രിവേണി സംഗമം. എന്റെ മനസ്സിൽ ഞാൻ കരുതിയിരുന്നത് വെള്ളം ഇല്ലാത്ത ഒരു കര പ്രദേശം ആണ് ത്രിവേണി സംഗമം എന്നാണ്. പക്ഷെ മുഴുവൻ വെള്ളം മൂടി നിൽക്കുന്ന ഒരു സ്ഥലം. നദിയുടെ നടുവിൽ ഒരു പ്ലാറ്റഫോം കെട്ടിയിട്ടു അതിൽ നിന്നും നദിയിലേക്കു ഇറങ്ങുന്ന ഒരു തോന്നൽ. നമ്മൾക്ക് മുന്നേ വന്ന കുറെ ആളുകൾ വെള്ളത്തിൽ ഇറങ്ങി മുങ്ങുന്നുണ്ട്. അവരുടെ ഒക്കെ അരക്കു ഒപ്പമേ വെള്ളം കാണാനുള്ളൂ. എങ്കിലും ഇറങ്ങാൻ ഒരു പേടി. രാത്രിയുടെ കറുപ്പും വെള്ളത്തിന്റെ കടുത്ത നിറവും ചേർന്ന് നിലകാണാത്ത ഒരു നദിയിലേക്കുള്ള ഇറക്കം മനസ്സിൽ ഭീതി നിറച്ചു. പക്ഷെ ഇറങ്ങി കഴിഞ്ഞു നിലകിട്ടി കഴിഞ്ഞപ്പോൾ സമാധാനമായി.
ഗംഗയും യമുനയും പിന്നെ അദൃശ്യ നദിയായ സരസ്വതിയും കൂടി ചേരുന്ന ഏറ്റവും പുണ്യമായ ഒരു സ്ഥലത്താണ് നിൽക്കുന്നതെന്ന് ഓർത്തപ്പോൾ മനസ്സിലൊരു പുളകം. മുന്ജന്മങ്ങളിൽ ഒക്കെ ചെയ്ത എന്തെങ്കിലും ഒരു പുണ്യത്തിന്റെ ഫലമായിരിക്കും ഈ പുണ്യതീര്ഥത്തില് മുങ്ങാൻ ലഭിച്ച ഈ അവസരം എന്ന് തോന്നി. പ്രയാഗരാജ് കുംഭമേള ബാക്കി എല്ലാ കുംഭമേളകളേക്കാൾ പ്രാധാന്യമായതിന്റെ കാരണം ഈ ത്രിവേണി സംഗമത്തിലെ സ്നാനത്തിന്റെ പുണ്യം തന്നെ ആണ്. ഈ സംഗമസ്ഥലത്തു സ്നാനം ചെയ്യുന്നതിലൂടെ നമ്മുടെ 10 തലമുറകൾക്കു മോക്ഷം കിട്ടും എന്നാണ് പറയുന്നത്. പണ്ട് വ്യാസമഹര്ഷി മഹാഭാരത കഥ പറഞ്ഞു കൊടുത്തു ഗണപതിയെ കൊണ്ട് എഴുതിക്കുമ്പോൾ പുറകിൽ സരസ്വതി നദി ഒഴുകുന്ന ശബ്ദം അലോസരമായത്രേ. അതുകൊണ്ടു സരസ്വതിയെ അപ്രത്യക്ഷമാക്കി ദൂരെ ത്രിവേണി സംഗമത്തിൽ പോയി പുനർജനിക്കാൻ കല്പിച്ചുവത്രെ. അങ്ങനെ ത്രിവേണി സംഗമത്തിൽ ഗംഗയും യമുനയും സരസ്വതിയും കൂടിചേരുന്നു എന്നാണ് സങ്കൽപ്പം.
ഒപ്പം വന്ന ഗൈഡ് പണ്ഡിറ്റ് ആയതുകൊണ്ട് ഞങ്ങൾ മുങ്ങാനിറങ്ങുമ്പോൾ ആള് തന്നെ ശ്ലോകങ്ങൾ പറഞ്ഞു തന്നു ഞങ്ങളെ കൊണ്ട് ചൊല്ലിച്ചു. കിഴക്കോട്ടു തിരിഞ്ഞു 3 പുണ്യ നദികളെയും ധ്യാനിച്ച് ഞങ്ങൾ 3 തവണ മുങ്ങി നിവർന്നു. ജന്മാന്തരങ്ങളായി നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്ത പാപകർമങ്ങളെല്ലാം ക്ഷമിക്കണേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചോരു പുണ്യസ്നാനം. സത്ഗുരു കുംഭമേളയുടെ സ്നാനത്തിന്റെ പിന്നെ ശാസ്ത്രിയ വശത്തെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്. നമ്മുടെ ശരീരത്തിലെ 72 % ജലം ആണ്. അത് പോലെ തന്നെ ഈ ഭൂമിയിലെ 72 % ജലമാണ്. അതുകൊണ്ടു തന്നെ നമ്മുടെ ജീവിതത്തിൽ ജലത്തിന്റെ സ്വാധീനം വളരെ കൂടുതൽ ആണ്. സൂര്യനും ചന്ദ്രനും വ്യാഴവും ഒരു പ്രത്യേക രാശിയിൽ വരുന്ന സമയത്തു മഹാനദികളുടെ സംഗമസ്ഥാനത്തു സ്നാനം ചെയ്യുമ്പോൾ അത്കൊണ്ട് നമ്മുടെ മനസ്സിനും ശരീരത്തിനും ഉണ്ടാവുന്ന മാറ്റം വളരെ ശുഭകരമായിരിക്കും എന്നത്രെ. പുണ്യസ്നാനം കഴിഞ്ഞു അവിടെ നിന്ന് തീർത്ഥം ഒരു പാത്രത്തിൽ നിറച്ചു തിരിച്ചു കരയിലേക്ക്.
സംഗമത്തിലെ ജല നിരപ്പ് നിറയെ വെളുപ്പും ചാരവും നിറമുള്ള ആയിരക്കണക്കിന് സൈബീരിയൻ ദേശാടന പക്ഷികൾ. അവയും കുംഭമേളയുടെ പുണ്യം തേടി വന്നതാവണം. പക്ഷികൾക്ക് കൊടുക്കാൻ ഭക്ഷണം വിൽക്കുന്ന തോണിക്കാരൻ അടുത്തെത്തിയപ്പോൾ 2-3 പാക്കറ്റ് വാങ്ങി. നമ്മൾ പാക്കറ്റ് തുറന്നു ഭക്ഷണം എടുക്കുമ്പോളേക്കും പക്ഷികൾ കൂട്ടമായി ശബ്ദത്തോടെ പറന്നു വരും. രാവിലെ വരുമ്പോളുണ്ടായിരുന്ന തണുപ്പെല്ലാം കുളി കഴിഞ്ഞതോടെ പോയ പോലെ. മനസ്സിന്റെ സംതൃപ്തിയിൽ മൗനം വാചാലമായി. ഞങ്ങളുടെ ഒപ്പം സ്നാനത്തിനു ഡ്രൈവറും വന്നു. ആളും ചെറുപ്പത്തിലെപ്പോളോ കുംഭമേള കൂടിയതാണ്. ഇപ്രാവശ്യം ആണ് വീണ്ടും ഇങ്ങനെ ഒരു അവസരം കിട്ടിയതെന്ന് പറഞ്ഞു.
കരയിലെത്തി ഞങ്ങൾ കുംഭമേളയുടെ രാജ്യാന്തര പ്രാധാന്യം വിളിച്ചോതുന്ന 192 രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തിയ വേദി കാണാൻ പോയി. നേരം നന്നായി വെളുത്തു. സംഗമത്തിലേക്കു പോവാനുള്ള കടവിൽ ആളുകളുടെ തിരക്ക് കൂടി തുടങ്ങി. ഞങ്ങൾ അവിടുന്ന് നവദുര്ഗാ ദേവി ക്ഷേത്രം പോയി തൊഴുതു. തിരിച്ചു മടങ്ങുമ്പോൾ സോമേശ്വര ക്ഷേത്രത്തിലും ദർശനം നടത്തി. പണ്ട് ഇന്ദ്രദേവന് ചര്മ രോഗം ബാധിച്ചപ്പോൾ ഗംഗ തീരത്തു താമസിച്ചു ഗംഗയിൽ കുളിച്ചു പരമേശ്വരനെ പ്രാര്ഥിച്ചിരുന്ന സ്ഥലമാണ് പിന്നീട് സോമേശ്വര ക്ഷേത്രം ആയിമാറിയതു എന്നാണ് ഗൈഡ് പറഞ്ഞത്. ഞങ്ങൾ തിരിച്ചു ക്യാമ്പിൽ എത്തി പ്രഭാത ഭക്ഷണം കഴിച്ചു ചെക്ക് ഔട്ട് ചെയ്തു ഇറങ്ങി. പോകുന്ന വഴിയിൽ അലഹബാദ് ഫോർട്ട് കാണിച്ചു തരാം എന്നാണ് ഗൈഡ് പറഞ്ഞിരുന്നത്. അന്ന് ശനിയാഴ്ച ആയതു കൊണ്ട് അലഹബാദ് ഫോറത്തിന്റെ അടുത്തേക്ക് എത്തും തോറും ഭയങ്കര തിരക്ക് അനുഭവപെട്ടു.
വണ്ടി കുറെ അകലെ തന്നെ നിർത്തി ഞങ്ങൾ ആ തിരക്കിനിടയിലൂടെ ഫോർട്ട് ന്റെ അടുത്തേക്ക് നീങ്ങി. പോകുന്ന വഴി നീളെ വഴിവാണിഭക്കാർ. അലഹബാദ് ഫോർട്ട് ന്റെ ഉള്ളിൽ അക്ഷയവത് എന്ന പേരിലുള്ള ഒരു വിശുദ്ധ വൃക്ഷം ഉണ്ട്. നശിപ്പിക്കാൻ കഴിയാത്ത ആൽമരം എന്നാണ് അതിന്റെ അർഥം എന്നാണ് അറിഞ്ഞത്. പണ്ട് രാമനും സീതയും ഈ മരത്തിനു കീഴെ വിശ്രമിച്ചു എന്നാണ് വിശ്വാസം. ഫോർട്ട് ന്റെ അടുത്തെത്തിയപ്പോൾ അവിടുത്തെ ജനസാഗരം കണ്ടു ഞങ്ങൾ അമ്പരന്നു. ഫോർട്ട് ന്റെ ഉള്ളിലേക്ക് കയറാൻ മണിക്കൂറുകളോളം വരി നിൽക്കേണ്ടി വരും. ഞങ്ങൾക്ക് തിരിച്ചു ലക്നൗ എത്താൻ 5 മണിക്കൂറുകളോളം സമയം വേണ്ടതിനാൽ ഫോർട്ട് ന്റെ ഉള്ളിൽ കയറേണ്ടെന്നു തീരുമാനിച്ചു. ഗൈഡ് ഞങ്ങളെ കൂട്ടി പുറത്തു കൂടി ചുറ്റി ഫോർട്ട് ന്റെ മുകളിലേക്ക് വളർന്നു നിൽക്കുന്ന അക്ഷയവത് മരത്തിന്റെ ഭാഗം കാണിച്ചു തന്നു. ഫോർട്ട് ന്റെ അടുത്തുള്ള കടവിലും സംഗമത്തിലേക്കു പോവാനുള്ള വഞ്ചികളുടെ തിരക്കാണ്.
ഞങ്ങൾ തിരികെ വണ്ടിയിൽ കയറി തിരക്കേറിയ വഴികൾ താണ്ടി ലക്നൗ യിലേക്ക് പോകുന്ന ജംഗ്ഷനിൽ എത്തിയപ്പോൾ ഗൈഡ് യാത്ര പറഞ്ഞു ഇറങ്ങി. പരിമിത സമയത്തിനുള്ളിൽ കുംഭമേളയുടെ ഭാഗ്യം മുഴുവൻ ഞങ്ങൾക്ക് നുകർന്ന് തന്ന ആ മനുഷ്യനെ ഞങ്ങൾ നന്ദിയോടെ യാത്രയാക്കി. ഇനി മടക്കയാത്ര. ജിത്തുവിനും ഞങ്ങൾക്കും കണക്ഷൻ ഫ്ലൈറ്റ് ലക്നൗ എയർപോർട്ടിൽ നിന്നായിരുന്നു. അവിടുന്ന് വീണ്ടും ഈ മനുഷ്യജന്മത്തിന്റെ ബാക്കി യാത്ര തുടരാൻ ഞങ്ങൾ പിരിഞ്ഞു. ചില യാത്രകൾ ഇങ്ങനെയാണ്. കൂടുതലൊന്നും പ്ലാൻ ചെയ്യാതെ പെട്ടെന്നുള്ള തീരുമാനങ്ങൾക്കു പിന്നാലെ പോകുന്ന യാത്രകൾ. അവക്ക് അതിന്റെതായ ഒരു ത്രില്ല് ഉണ്ട്. കഴിഞ്ഞ 60 മണിക്കൂറിൽ പൂർത്തിയായ ഈ യാത്ര ചിലപ്പോ ഞങ്ങളുടെ നാലുപേരുടെയും ജീവിതത്തിലെ ഒരു നിമിത്തമായിരിക്കും. സൗഹൃദച്ചരടിൽ കോർത്തൊരു ആത്മീയ നിമിത്തം…