വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.
പ്രകൃതി ഉണ്ടെങ്കിലേ മനുഷ്യൻ ഉള്ളു. മനുഷ്യൻ ഉണ്ടെങ്കിലേ പ്രകൃതിയുള്ളൂ. ഈ തിരിച്ചറിവാണ് നമ്മൾ ഓരോത്തരിലും ആദ്യം ഉണ്ടാക്കേണ്ടത്. എന്റെ ജീവനേ ഈ ഭൂമിയിലുള്ളു ആത്മാവ് യാത്രയിലാണ്. എൻ്റെ നാട്… കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്…
മഞ്ജീരമിട്ടൊരു പാല്ക്കാരി പോലവേ പൊട്ടിച്ചിരിക്കുമാ കായലുള്ള ഗ്രാമം. നാണിച്ചു നില്ക്കുന്ന കതിരുകള്‍ ചുംബിച്ച് പകലിന്‍ മയൂഖം ചിരിച്ച ഗ്രാമം. വിയര്‍പ്പിന്റെ തുള്ളികള്‍ മോന്തിക്കുടിച്ചിട്ട് കനകം നിറയ്ക്കുന്ന മണ്ണുള്ള ഗ്രാമം. മതമുണ്ട് മദമില്ല, കനവുണ്ട് കനലില്ല കപടങ്ങളറിയാത്ത നല്ല ഗ്രാമം.
വേനൽ ചൂടിനെ വകവെയ്ക്കാതെ നീണ്ടു കിടക്കുന്ന പാതയോരങ്ങളെ മാത്രം ലക്ഷ്യമാക്കി പച്ച പുത്തുപ്പ് അണിഞ്ഞ് കണ്ണുകൾക്ക് കുളിർമ്മ നല്ക്കുന്ന ഗ്രാമത്തിൻ ഭംഗി നുകരാൻ സഞ്ചാരികൾ ഒരേ മനസ്സോടെയും കൂട്ടായ്മ്മയോടും യാത്ര ആരംഭിച്ചു.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കാർഷിക വൃത്തി പ്രധാനമായുള്ള ഇവിടം കേരളത്തിലെ നെൽകൃഷിയുടെ പ്രധാന കേന്ദ്രമാണ്. അതു പോലെ തന്നെ കേരളത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രവുമാണിവിടം.
ഞങ്ങൾ ആദ്യം എത്തിച്ചേർന്ന സ്ഥലം കരുമാടിയിലെ ശ്രീ ബുദ്ധ പ്രതിമയെ കാണാനായിരുന്നു തികച്ചും ശ്രീ ബുദ്ധ പ്രതിമകളിൽ നിന്നും വ്യത്യസ്തമാണ് കരു മാടിക്കുട്ടൻ ബുദ്ധ പ്രതിമ ഇപ്പോൾ ഇവിടം കേരള പുരാവസ്തു വകുപ്പിന്റെ കീഴിലാണിവിടം.
സാധാരണ ബുദ്ധ വിഗ്രഹങ്ങളുടേതു പോലെ പത്മാസനത്തിൽ നിവർന്നു ധ്യാനത്തിൽ ഇടതു കയ്യുടെ മുകളിൽ വലതു കയ്യ് അമർത്തി വച്ചു ഉള്ള രീതിയിൽ ആണ് കരുമാടി കുട്ടൻ പ്രതിമ ഇരിക്കുന്നത് . ഒരുവശം അടർന്നു പോയ പ്രതിമയാണിവിടെ നമ്മൾ കാണുന്നത്. ബുദ്ധ മാർഗ്ഗങ്ങളെക്കുറിച്ച് അറിയുകയെന്നാൽ മനുഷ്യന്റെ ബുദ്ധിയെക്കുറിച്ചും മനസ്സിനെക്കുറിച്ചും അറിയുകയെന്നാണ്.
തൊട്ടപ്പുറത്ത് തോട്ടിൽ ഒരു കൂട്ടം താറാവുകൾ ആർത്തുല്ലസിച്ച് നീന്തി കുളിക്കുന്നതാണ് പിന്നീട് കാണുന്നത്. ഉപജീവനത്തിനും ധന സമ്പാദനത്തിനുമായി ഒരു കൂട്ടര്‍ ആറും തോടും നീന്തിക്കടന്ന് വരും. അവരാണ് ‘താറാവുകാര്‍’.
ഇവിടെ നിന്ന് താറാക്കൂട്ടങ്ങളെ പോലെ സഞ്ചാരികളായ ഞങ്ങൾ വരിവരിയായി എത്തിച്ചേർന്നത് പുളിങ്കുന്നിലെ സെന്റ് മേരീസ് ഫെറോന ചർച്ചിലായിരുന്നു. തമിഴ് ചലച്ചിത്രമായ ‘വിണ്ണയ് താണ്ടി വരുവായാ’ യുടെ Location ഇവിടെ ആയിരുന്നു. ഞാറാഴ്ചയായതിനാൽ പള്ളിയിൽ പ്രാർത്ഥന നടന്നു കൊണ്ടിരിക്കുകയാണ് യാത്രയിൽ അല്പം ഈശ്വര വിചാരവും പ്രാർത്ഥനയും നല്ലതാണ് ഞങ്ങളും ആ പാത പിൻ തുടർന്നു.
വേനൽ ചൂട് അതി കഠിനമായി ആക്രമിച്ച് കൊണ്ടിരിക്കുകയാണ് പക്ഷേ നാമ ജപങ്ങൾക്ക് മുൻമ്പിൽ ചൂടിന് ഓടി ഒളിക്കേണ്ടി വന്നു. ഉച്ച ഊണിന് സമയമായി വിശപ്പിനെ മന്ദമാരുതൻ വിളിച്ചു കൊണ്ട് വന്നു.
ഒട്ടും താമസിക്കാതെ രാജപുരം ഷാപ്പിലേക്ക്… ആലപ്പുഴ വന്നാൽ രാജപുരം ഷാപ്പിൽ പോയി ആഹാരം കഴിക്കാത്തവർ ആരും തന്നെ കാണില്ല. കാവാലം ലിസ്യൂ പള്ളിക്ക് സമീപം ബോട്ടു ജെട്ടിയില്‍ നിന്നും അക്കരെ കടന്നാൽ രാജപുരം ഷാപ്പായി. കേരളത്തിലെ ഷാപ്പുകളുടെ പട്ടികയിൽ പ്രശസ്തമാണിവിടം. നാവിൽ രുചിയേറും ഭക്ഷണങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കാം .
തോണിയിലൂടെ യാത്ര ചെയ്ത് രാജപുരം ഷാപ്പിൽ എത്തിച്ചേർന്നു. ഞാറാഴ്ച്ച ആയതിനാൽ നല്ല തിരക്കാണ്. ഷാപ്പിലെ വിഭവങ്ങൾ ഓരോന്നായി തീൻ മേശകളിലേക്ക് ഒഴുകി എത്തി. നാവിൽ രുചിയേറും വിഭവങ്ങൾ ഉള്ളിലാക്കി ഷാപ്പിനോടും വിട പറഞ്ഞു. ഷാപ്പ് ആയതിനാൽ സ്നേഹിതർക്ക് തോന്നും കള്ളു കുടിച്ചില്ലേ എന്ന്. ഇല്ല എന്നേ ഉത്തരം തരാൻ ഉള്ളു. ഷാപ്പ് എന്ന് കേട്ടാൽ കള്ള് മാത്രമല്ല നാവിൽ രുചിയേറും വിഭവങ്ങളും ഉണ്ട് എന്ന് മനസ്സിലാക്കാം.
ഉൾനാടൻ ഗ്രാമ പ്രദേശങ്ങളുടെ ഭംഗിയും ആസ്വദിച്ച് അസ്തമയ സൂര്യനെ കാണാൻ കൈനകിരിയിൽ എത്തി ചേർന്നു. പമ്പയാറിന്റെയും , വേമ്പനാട്ടു കായലിന്റെയും ഇരു വശങ്ങളിലായി സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണിത് .
ജലാശയങ്ങൾക്ക് ചുറ്റും ബണ്ടു നിർമ്മിച്ച് വെള്ളം വറ്റിച്ചു കൃഷി ചെയ്യുന്ന കുട്ടനാടൻ ശൈലിയുടെ പ്രതീകമാണ് കൈനകരി . ഒരു തുരുത്തും അതിനു ചുറ്റുമുള്ള കുറേ കൈത്തോടുകളും ചേർത്താൽ കൈനകരിയുടെ ഔട്ട് ലൈൻ വരയ്ക്കാം. കൈത്തോടുകളിലൂടെ ഒരുവട്ടം കറങ്ങിയെത്താൻ രണ്ടു മണിക്കൂർ മതി. നീർവാഴകളും പായലുകളും തിങ്ങിനിറഞ്ഞ കൈത്തോടുകളിലൂടെ ബോട്ട് സവാരി രസകരമായ അനുഭവമാണ്.
“അസ്തമയം കൺ കുളിർക്കേ കണ്ട് കൂട്ടിൽ ചേക്കേറുന്നുണ്ട് ദൂരങ്ങൾ കൊതിക്കുന്ന ദേശാടനക്കിളി…” ജീവിതത്തിലൊരിക്കൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് കൈനകരി.
കണ്ണ് വേഗത്തിൽ മുന്നോട്ട് സഞ്ചരിക്കുന്നതും മനസ്സ് അതിവേഗത്തിൽ ഓർമ്മകളിലേക്ക് സഞ്ചരിക്കുന്നതും യാത്രകളിലാണ്. പ്രകൃതി മനോഹരമായ കാഴ്ചകൾ ഏതൊരു ക്യാമറ പകർത്തുന്നതിനേക്കാട്ടിലും എന്റെ കണ്ണുകൾ പകർത്തി എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. യാത്രയെ പ്രണയിക്കുന്നവർ ഉണ്ടോ ? ചാറ്റൽ മഴ ആസ്വദിച്ച് യാത്ര ചെയ്യാൻ ആഗ്രഹിക്കാത്തവർ ഉണ്ടോ? ജീവിതം യാത്രകളിൽ സന്തോഷമാക്കുക.
സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത് . ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.
1 comment
കുട്ടനാടും, എന്റെ നാടും,ഞങ്ങടെ സ്വന്തം രാജപുരം ഷാപ്പും ഒക്കെ കാണുമ്പോൾ വളരെ സന്തോഷം….