വിവരണം – അഖിൽ സുരേന്ദ്രൻ.

കാനന ദൃശ്യ ഭംഗി ആസ്വദിച്ച് കുട്ടവഞ്ചിയിൽ ഉള്ള ഒരു പുതു പുത്തൻ യാത്ര അനുഭവം എന്റെ പ്രിയപ്പെട്ട സഞ്ചാരികളിലേക്ക്. മനസ്സിന്റെ തീരങ്ങൾ മഴവില്ല് പാടങ്ങൾ അനുരാക കാലത്തേക്ക് അലിയുന്ന നിമിഷവും സമയങ്ങളും ശലഭമായി അറിയാതെ വാനിലേക്ക് പറന്നുയർന്ന നേരം. ഞാനെന്ന സഞ്ചാരിയുടെ വേനൽ നൊമ്പരങ്ങളെ പാടേ മാറ്റിയ ഒരു യാത്രയായിരുന്നു കുട്ടവഞ്ചി സവാരി. അതെ തെന്മല ഇക്കോ ടൂറിസത്തിന്റെ പുതിയ ടുറിസം പദ്ധതി കുട്ടവഞ്ചി സാഹസിക യാത്ര. സൂര്യനാളമേറ്റും ഇളം കാറ്റിന്റെ സാമിപ്യവും ഇടകലർന്ന് പരപ്പാർ തടാകത്തിലൂടെയുള്ള ഒരു മണിക്കൂർ നീളുന്ന ഒരു സാഹസിക യാത്ര.

തനിച്ചുള്ള സഞ്ചാരം ഒരു സഞ്ചാരിയേ സംബന്ധിച്ചിടത്തോളം നല്ലതാണ്. സഞ്ചാരിയുടെ ഏകാന്തമായ യാത്ര അവനിൽ മാത്രം ഒരിക്കലും ഒതുങ്ങുകയില്ല. കാരണം അവനോടൊപ്പം നമ്മുക്ക് വർണ്ണിക്കാൻ കഴിയാത്ത ഈ പ്രകൃതി മനോഹരമായ കാഴ്ചകൾ ഉണ്ട്, അത് തന്നെയാണ് കാരണം. കണ്ണുകൾ കൊണ്ട് നമ്മൾ കാണുന്ന എല്ലാം അവനൊപ്പം യാത്രയിലുണ്ടാവും. രണ്ട് വർഷം എൻ ജീവനായ സഞ്ചാരം അതാണ് ഇപ്പോഴത്തെ എന്റെ ശ്വാസം. കാഴ്ചകളുടെ_തേനൊഴുക്കുന്ന_മലയാണ്_തെന്മല. ഇന്ത്യയിലെ തന്നെ ആദ്യത്ത ഇക്കോ ടൂറിസം പദ്ധതിയായ തെന്മല ഇക്കോ ടൂറിസം കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ പഞ്ചിമഘട്ട മല നിരകളുടെ ത്വാഴവാരങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിന്റെ ഭാഗമാണ് സെന്തുരുണി ഇക്കോ ടൂറിസം പദ്ധതിയും. സെന്തുരുണി ഇക്കോ ടൂറിസം പദ്ധതിയിലാണ് ഇപ്പോൾ കുട്ട വഞ്ചി സാഹസിക യാത്ര ആരംഭിച്ചിരിക്കുന്നത്.

സെന്തുരുണി വന്യ ജീവി സങ്കേതത്തിനു പരിസരത്തായിട്ടുള്ള പരപ്പാർ ഡാമിലാണ് ഈ സാഹസിക യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നിരവധി യാത്രികരാണ് ദിവസവും ഇവിടെ സന്ദർശനം നടത്തുന്നത്. സെന്തുരുണി ടൂറിസത്തിന് ഈ പേര് വരാൻ കാരണം ഇവിടുത്തെ വന്യജീവി സങ്കേതത്തിലെ ചെങ്കുറുഞ്ഞി മരങ്ങളുടെ സാന്നിദ്ധ്യമാണ്. ലോകത്തിൽ തന്നെ ഈ വനത്തിൽ മാത്രമേ ചെങ്കുറുഞ്ഞി മരങ്ങൾ കാണപ്പെടുന്നുള്ളു. ഏകദേശം നൂറ്റി എഴുപത്തി രണ്ട് കിലോ മീറ്ററിലാണ് ഈ വന പ്രദേശം പരപ്പാർ ഡാമിന് ചുറ്റുമായി പരന്നു കിടക്കുന്നത്. വന്യ ജീവി വൈവിധ്യം വളരെ കൂടുതലുള്ള ഒരു പ്രദേശം കൂടിയാണ് സെന്തുരുണി ഇക്കോ ടൂറിസം.

ഇനി സവാരി തുടങ്ങാം, ടൂറിസം കൗണ്ടറിൽ നിന്ന് 100 രൂപ ടിക്കറ്റ് എടുത്ത് ഫോറെസ്റ്റ് ഉദ്യോഗസ്ഥരോട് കുട്ടവഞ്ചി സവാരി സംബന്ധിച്ച വിവരങ്ങൾ തിരക്കിയതിന് ശേഷം തടാകത്തിന് അരികിലേക്ക്. നടന്ന് എത്താവുന്ന ദൂരമേ ഉള്ളു. അവിടെ യാത്രികരെ വരവേൽക്കാനായി ഫോറസ്റ്റ് ജീവനക്കാർ തയ്യാറായി നിൽക്കുന്നത് കാണാം. 4 പേർക്ക് മാത്രമേ കുട്ട വഞ്ചിയിൽ സവാരി നടത്താൻ കഴിയുകയുള്ളു. സവാരി ഒരു മണിക്കൂർ നേരത്തേക്കാണ് ഉള്ളത്. ചെറിയ തോതിൽ ഒരു പേടി തോന്നി. ആദ്യം പക്ഷേ ചെറിയ കുട്ടികൾ ഉൾപ്പടെ സവാരി നടത്താൻ തയ്യാറായി നിൽക്കുമ്പോൾ ആ പേടി മനസ്സിൽ നിന്ന് എടുത്ത് കളഞ്ഞു. കുട്ട വഞ്ചി തുഴയുന്നവർ പരിശീലനം നേടിയവരാണ്. നീളത്തിലും വട്ടത്തിലും ഒക്കെ തുഴ എറിയാൻ ഇവർക്ക് വിദഗ്ധ പരിശീലനം കിട്ടിയിട്ടുണ്ട് എന്ന് അവർ തന്നെ ആദ്യമേ നമ്മളോട് പറയുന്നുണ്ട്. കാരണം വെള്ളമാണ്, കുട്ട വഞ്ചി മുങ്ങുമോ എന്നുള്ള ഭയം യാത്രികരിൽ നിന്ന് മാറ്റിയേടുക്കാൻ വേണ്ടിയാണ് അവരുടെ ഈ ആമുഖം.

ആദ്യമായി ചില മുൻ കരുതലുകൾ വഞ്ചി തുഴയുന്നവർ പറഞ്ഞു തന്നു .1 ലൈഫ് ജാക്കെറ്റ്‌ നിർബന്ധമായും ധരിക്കണം . 2 . ദീർഘ സവാരിക്കായി പോകുമ്പോൾ ക്യാമറ, ഫോണ്‍ എന്നിവ വെള്ളം കയറാതെ സൂക്ഷിക്കണം. അങ്ങനെ സാഹസിക യാത്ര തുടങ്ങുകയായി. ലൈഫ് ജാക്കറ്റ് ഇട്ട് വഞ്ചിയിലേക്ക് കയറി , വഞ്ചി പതുക്കെ തുഴഞ്ഞ് തുടങ്ങി. ഒപ്പം ഉള്ള മൂന്ന് പേരുമായി സൗഹൃദം കൂടി. ഒരാളെ നേരത്തെ അറിയാവുന്നതാണ്. സഞ്ചാരിയായ എബിൻ. ഇളം കാറ്റ് മുഖത്ത് വന്ന് വീശി അടിച്ചു കൊണ്ടേയിരുന്നു. ഡാമിലെ വെള്ളത്തിന് നല്ല തണുപ്പ്. കൈ കുമ്പിള്ളിൽ വെള്ളം കോരിയെടുത്ത് വെണ്ണിലാ ചന്ദന കിണ്ണം പാട്ടും പാടി ആർത്തുല്ലസിച്ച നിമിഷങ്ങൾ. എബിൻ സഞ്ചാരി ബ്ലോഗർ ആയതിനാൽ അവൻ ക്യാമറയിൽ ഓരോ ദൃശ്യ ഭംഗിയും ഒപ്പിയെടുക്കാൻ തുടങ്ങി.

പെട്ടന്നാണ് സംഭവം നടന്നത്, കുട്ട വഞ്ചി മൊത്തത്തിൽ കറക്കാൻ തുടങ്ങി. ഞങ്ങളുടെ തല കറക്കിയതിന്റെ അനുഭവത്തിൽ ഉറപ്പിച്ചു തന്നെ പറയാൻ കഴിയും നമ്മുടെ കുട്ടവഞ്ചി തുഴച്ചിലുകാർ പുലികൾ ആണ് കേട്ടോ. കുട്ടയുടെ ആകൃതിയിലുള്ള കുട്ടവഞ്ചിയിൽ പരപ്പാർ ഡാമിന്റെ ഓള പരപ്പുകളിൽ ഇളകിയാടി വനത്തിന്റെ ദൃശ്യ ഭംഗി ആസ്വദിച്ച് ഒരു പുത്തൻ യാത്രാനുഭവം ആകും ഇവിടെ വരുന്ന ഓരോ സഞ്ചാരിക്കും. ആ അനുഭവം നേരിട്ടറിയുവാൻ എത്രയും വേഗം നിങ്ങൾ തെന്മല സെന്തുരിണി ഇക്കോ ടൂറിസം സന്ദർശിക്കുക.

യാത്രകളോരോന്നും അടയാളപ്പെടുത്തലാവണം, ബാക്കിയാവുന്നത് മധുരിക്കുന്ന ഓർമ്മകൾ മാത്രമാവണം. മുന്നറിയിപ്പ് : ലൈഫ് ജാക്കെറ്റ്‌ നിർബന്ധമായും ധരിക്കണം. ദീർഘ സവാരിക്കായി പോകുമ്പോൾ ക്യാമറ, ഫോണ്‍ എന്നിവ വെള്ളം കയറാതെ സൂക്ഷിക്കണം. കുട്ടവഞ്ചി യാത്ര ടിക്കറ്റ് ഒരാൾക്ക് – 100 രൂപ. തെന്മല സെന്തുരുണി ഇക്കോ ടൂറിസത്തിൽ എത്തിച്ചേരാൻ : അഞ്ചൽ നിന്നും തെന്മല സെന്തുരുണി ഇക്കോ ടുറിസത്തിലെത്തിച്ചേരാൻ 25 km ഉം , പുനലൂരിൽ നിന്നും 21 km ഉം , തിരുവനന്തപുരത്ത് നിന്ന് 72 km ഉം ആണ് ദൂരം. ഇവിടേക്ക് KSRTC ബസ് സൗകര്യം ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.