വിവരണം – സന്തോഷ് കുട്ടൻ.

രാവിലെ ആറു മണിയോടുകൂടി വീട്ടിൽനിന്നും യാത്രതിരിച്ചു. വളരെക്കാലമായി ഞാൻ കുട്ടികളോട് kuttikkanam പോകാമെന്നു പറഞ്ഞിരുന്നു. എനിക്ക് പല കാരണങ്ങളാൽ ആ വാക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം എനിക്ക് അവധി ആയിരുന്നതിനാലും കുട്ടികൾക്ക് നബിദിനത്തിന് അവധി കിട്ടിയതിനാൽ അന്നുതന്നെ പോകാമെന്ന് തീരുമാനിച്ചു. അങ്ങനെ യാത്രതിരിച്ചു. എൻറെ അനുജൻ സതീഷിൻ്റെ പൾസർ ബൈക്കിലായിരുന്നു യാത്ര. കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു.

പോകുംവഴി ലൈവ് വീഡിയോ കൂട്ടുകാർക്കായി പങ്കുവച്ചു. അതിൽ പ്രധാനമായും വന്ന ഒരു കമൻറ് കുട്ടികൾക്ക് ഹെൽമറ്റില്ല എന്ന പരാതിയായിരുന്നു. തീർച്ചയായും അതൊരു പിഴവ് തന്നെയാണ്. അടുത്തതവണ പരിഹരിക്കും. മുണ്ടക്കയം കഴിഞ്ഞു മെഡിക്കൽ ട്രസ്റ്റ് ഭാഗം മുതൽ മുകളിലേക്ക് വളരെ ആസ്വദിച്ച് തന്നെ കുട്ടികൾ കാഴ്ചകൾ കണ്ടു. പണ്ട് എൻറെ അച്ഛൻ വണ്ടി ഓടിച്ച കാലത്ത് അച്ഛൻറെ കയ്യിൽനിന്നും വണ്ടി പാളിപ്പോയ സ്ഥലം കാണിച്ചുകൊടുത്തു. ശേഷം കൊടികുത്തി മാട്ട് ചന്ത കാണിച്ചുകൊടുത്തു.

പെരുവന്താനം, പുല്ലുപാറ, മുറിഞ്ഞപുഴ, നിന്നുമുള്ളിപ്പാറ, വളഞ്ഞങ്ങാനം, കുട്ടിക്കാനം ഇതായിരുന്നു ഞങ്ങളുടെ റൂട്ട്. കുട്ടിക്കാനത്ത് ഭക്ഷണം കഴിച്ചശേഷം അടുത്തുതന്നെയുള്ള പൈൻമര തോട്ടത്തിലേക്ക് കയറി. നല്ല കയറ്റമായിരുന്നു. കുട്ടികൾ ശീലിച്ചിട്ടില്ലാത്തതിനാൽ തളർന്നു. എന്നാൽ അതിന് മുകൾഭാഗത്ത് വന്നപ്പോൾ വളരെ സന്തോഷിച്ചു. കാരണം മാനംമുട്ടെ ഉയർന്നുനിൽക്കുന്ന പൈൻമരങ്ങൾ, ചെമ്മൺപാതകൾ ഒക്കെ അതിമനോഹരമായിരുന്നു.

കുട്ടികൾ വളരെ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചുനേരം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ എൻറെ സുഹൃത്തായിരുന്ന സിവിൽ പോലീസ് ഓഫീസർ ശ്രീ ബഷീർ സാർ അവർകളുടെ നിർദ്ദേശപ്രകാരം അമ്മച്ചി കൊട്ടാരം കാണാൻ പോയി. വളരെ പണ്ടുകാലത്ത് നാട്ടു രാജാക്കന്മാരുടെ വേനൽക്കാല വസതിയാണ് ഇന്ന് അവിടെയുള്ള അമ്മച്ചി കൊട്ടാരം. അവിടേക്കുള്ള വഴി ഭീതിപ്പെടുത്തുന്നത് ആയിരുന്നു. ഇടുങ്ങിയ വഴികൾ, രണ്ടുവശവും ഉയർന്നുനിൽക്കുന്ന കാടുകൾ ഭയമുളവാക്കുന്ന തന്നെയായിരുന്നു. കുട്ടികൾ തിരികെ പോകാമെന്നു പറഞ്ഞു. ഞാൻ അവർക്ക് ധൈര്യം പകർന്നു.

കൊട്ടാര സമീപം എത്തിയ ഞങ്ങൾ താറുമാറായി കിടക്കുന്ന കുറെ ഭാഗങ്ങൾ കണ്ടു. പിന്നീട് മനസ്സിലായി അവിടെ ലൂസിഫർ എന്ന സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം പൊളിച്ച് ഇട്ടിരിക്കയായിരുന്നു. അതിൻറെ മറ്റൊരു എൻട്രൻസ് ലേക്ക് വന്നപ്പോൾ തുളസിത്തറ എന്നു തോന്നിക്കുന്ന ഒരു സ്തൂപത്തിൽ ഒരു പാമ്പിനെ കൊന്നു ഇരിക്കുന്നതായി കണ്ടു. കുട്ടികൾ പേടിച്ചു. ധൈര്യം പകർന്നു കൊണ്ട് ഞാൻ അവരെയും കൂട്ടി കൊട്ടാരത്തിലേക്ക് ചെന്നു. അവിടെ ആരുമുണ്ടായിരുന്നില്ല ഞങ്ങൾ തിരികെ ഇറങ്ങി. കുട്ടികളുടെ ആവശ്യപ്രകാരം അല്പം കാട്ടിലേക്ക് കയറി. ഗ്രൗണ്ട് പോലെ തോന്നിക്കുന്ന ഒരു സ്ഥലം കണ്ടു. പിന്നീട് ഞങ്ങൾ അവിടുന്ന് തിരികെപ്പോന്നു.

കുറച്ചുനേരം വളഞ്ഞങ്ങാനം view point നിന്നു മുൻപേ തന്നെ എന്നെ വിളിച്ചു സംസാരിച്ചിരുന്ന amalu എന്ന സുഹൃത്ത് എന്നെ വിളിച്ചു. അദ്ദേഹത്തിൻ്റെ വീടിന് സമീപമാണ് പാഞ്ചാലിമേട്. ബസ് യാത്രയിൽ ആയിരുന്നു അദ്ദേഹം. ഹോസ്പിറ്റലിലായിരുന്ന സഹോദരനെ കാണാൻ പോയിട്ടു വരുന്ന വഴി ഞാൻ വരുന്നു എന്നറിഞ്ഞപ്പോൾ വെളുപ്പിന് നാലുമണിക്ക് പോയി കണ്ടശേഷമാണ് അദ്ദേഹം വന്നത്. അദ്ദേഹത്തോട് വളരെ നന്ദിയുണ്ട്.

പാഞ്ചാലിമേട് പോയി കണ്ടു. വളരെ മനോഹരമായ സ്ഥലം. മേഘങ്ങൾ കൂട്ടമായി ഇറങ്ങുന്ന സ്ഥലം. നല്ല ചൂടുണ്ടായിരുന്നു. കയറ്റങ്ങൾ ശീലം അല്ലാത്ത കുട്ടികൾക്ക് കഠിനപ്രയത്നം തന്നെയായിരുന്നു എല്ലായിടത്തും എത്തിച്ചേരുക എന്നുള്ളത്. ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. എല്ലാവരും കണ്ടു കുട്ടികൾക്ക് വളരെയധികം സന്തോഷമായിരുന്നു. ശേഷം ഞങ്ങൾ അമലുവിനൊപ്പം വീട്ടിൽ പോയി ഉച്ചഭക്ഷണം കഴിച്ചു. വിശേഷങ്ങൾ പങ്കുവച്ചു നന്ദി പറഞ്ഞ് അവിടുന്നിറങ്ങി. പരുന്തുംപാറ കാണാൻ പോകാൻ കുട്ടികൾ ആഗ്രഹം പ്രകടിപ്പിച്ചു. ഞാൻ പറഞ്ഞു “സമയം ഒരുപാടായി വീട്ടിലെത്തണം. അടുത്ത ട്രിപ്പ് നമുക്ക് പരുന്തുംപാറയിലേക്ക് പോകാം.” കുട്ടികൾ സമ്മതിച്ചു. ഒരു യാത്ര പോകുന്നത് കുട്ടികൾക്ക് സന്തോഷമല്ലേ. അങ്ങനെ അഞ്ചുമണിയോടുകൂടി ഞങ്ങൾ വീട്ടിലെത്തി. യാത്ര സന്തോഷകരമായിരുന്നു. മഴ ഇല്ലായിരുന്നു എന്നുള്ളത് വളരെ സന്തോഷം പകർന്നു. പ്രകൃതി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതുപോലെ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.