നിയമലംഘനം പതിവാക്കിയ സ്വകാര്യ കോൺട്രാക്ട് കാര്യേജ് ബസ്സ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് പിടികൂടി.

തിരുവനന്തപുരം ജൂലൈ 12, 2019 വെള്ളിയാഴ്ച: നിയമവിരുദ്ധമായി കോൺട്രാക്ട് കാര്യേജ് പെർമിറ്റ് ഉപയോഗിച്ച് സ്റ്റേജ് കാര്യേജായി സർവീസ് നടത്തി വരുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ ശക്തമായ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അനധികൃതമായി നടത്തുന്ന സ്വകാര്യ സർവീസുകൾ മുഖാന്തരം KSRTC ക്ക് ദിനംപ്രതി 40 ലക്ഷത്തിലധികം രൂപ നഷ്ടപ്പെടുന്നതായി വിലയിരുത്തപ്പെടുന്നു. കെഎസ്ആർടിസി അധികൃതരുടെ നിരന്തരമായ പരാതിയെ തുടർന്ന് KYROS (കെയ്റോസ്) എന്ന ബസ്സ് ഇന്ന് പിടികൂടിയത് പത്താം തവണ.

കഴിഞ്ഞ ആറ് മാസക്കാലമായി കഴക്കൂട്ടം, തിരുവനന്തപുരം ആർടിഒ എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ ഈ ബസ്സ് പിടികൂടി പലപ്രാവശ്യം പിഴയും താക്കീതും നൽകി വിട്ടയച്ചിരുന്നു. എന്നാൽ അവർ വീണ്ടും നിയമലംഘനം ആവർത്തിക്കുകയാണ് ചെയ്തു വന്നത്. ചെക്ക് റിപ്പോർട്ട് നൽകി അപ്പോൾ തന്നെ പറഞ്ഞു വിടുകയാണ് സാധാരണ രീതിയെങ്കിലും കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടം വരുത്തുന്ന ഇത്തരം സ്വകാര്യ കോൺട്രാക്റ്റ് ക്യാരേജുകൾക്കെതിരെ ബഹു: കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ശ്രീ. എം.പി. ദിനേഷ് IPS അവർകളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് കഴക്കൂട്ടം RTO ഓഫീസിലെ AMVI ശ്രീ.എം. രജ്ഞിത്ത് 18/5/19-ൽ ടി ബസ്സ് പിടികൂടി കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പ്രസ്തുത അനധികൃത സ്വകാര്യ കോൺട്രാക്ട് ബസ്സ് സർവ്വീസ് നിർത്തിയശേഷം തൊടുപുഴയിലേക്കും, മുണ്ടക്കയത്തേക്കും രണ്ട് ലോ ഫ്ലോർ A/C ബസുകൾ കെഎസ്ആർടിസി ആരംഭിച്ചിരുന്നു.

മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ്സിൻ്റെ ഉടമസ്ഥൻ ബസ്സ് പിടികൂടി 20 ദിവസത്തിന് ശേഷം, തന്റെ അറിവില്ലായ്മ മൂലമാണ് ഇത്തരത്തിൽ സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തിയതെന്നും ഇനി മേലാൽ ഇത്തരം സർവ്വീസ് നടത്തില്ലായെന്നും അങ്ങനെ വന്നാൽ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്ന എതൊരു നടപടിയും പാലിച്ചു കൊള്ളാം എന്ന് ആർ ടി ഒ യ്ക്ക് എഴുതി നൽകിയതിനു ശേഷമാണ് ബസ്സ് വിട്ടുകൊടുത്തത്. ടി സംഭവത്തിൽ അന്ന് കഴക്കൂട്ടം ആർടിഒ 5000 രുപ പിഴ ഈടാക്കിയിരുന്നു. എന്നാൽ പ്രസ്തുത ബസ്സ് പുറത്തിറങ്ങി ഒരാഴ്ച പിന്നിട്ടപ്പോൾ വീണ്ടും മറ്റൊരു ബസ്സ് ഉപയോഗിച്ച് ഇതേ റൂട്ടിൽ നിയമവിരുദ്ധ സർവ്വീസ് പുനരാരംഭിച്ചു. ടെക്ക്നോപാർക്കിലെ യാത്രക്കാരായിരുന്നു ഭൂരിഭാഗവും. ടി ബസിലെ യാത്രക്കാരുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് അവരെ ഈ ബസ്സിലേക്ക് വിളിച്ച് കയറ്റി സർവീസ് തുടരുന്നതിനിടയിലാണ് ആർ ടി ഒ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് വീണ്ടും പിടികൂടിയത്.

ടെക്ക്നോപാർക്കിനു മുന്നിൽ വച്ച് ടി ബസിനെ പിടികൂടുമ്പോൾ 39 യാത്രക്കാരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. തുടർച്ചയായി നിയമ ലംഘനം തുടരുന്നതിനാൽ ടി ബസിൻ്റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി അധികൃതർ ഇന്നേ ദിവസം ബഹു: ട്രാൻ: കമ്മീഷണർക്ക് കത്ത് നൽകുകയുണ്ടായി. ഇന്ന് നടന്ന വാഹന പരിശോധനയിൽ AMVI-മാരായ ശ്രീ. എസ്.ഷിബു, ശ്രീ. എ.എൽ.അനീഷ്, CPO മാരായ ശ്രീ. എം.ജി.ക്യഷ്ണപ്രസാദ്, ശ്രീ. ബിജീഷ് ബി. നായർ, ശ്രീ. ബി. സുനിൽ, ശ്രീ. എം. ഇസ്മയിൽ എന്നിവർ പങ്കെടുത്തു. കെഎസ്ആർടിസി ഇൻസ്പെക്ടർമാരായ ശ്രീ. എസ്. ജെ. പ്രദീപ്, ശ്രീ. ലൈസൺ തോപ്പിൽ എന്നിവർ കെഎസ്ആർടിസിയുടെ പ്രതിനിധികളായി ഉണ്ടായിരുന്നു.*

കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ എഎംവിഐ-പോലീസ്-കെഎസ്ആർടിസി സംയുക്ത സ്ക്വാഡ് രണ്ട് യൂണിറ്റ് ഉണ്ടായിരുന്നത് ഇപ്പോൾ നാല് യൂണിറ്റുകളാക്കി ഉയർത്തിയിരിക്കുകയാണ്. ഓരോ ടീമിലും മോട്ടോർ വാഹന വകുപ്പിൽ നിന്നും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും രണ്ട് പോലീസ് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ഇൻസ്പെക്ടറും ഉണ്ടായിരിക്കും. വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.

കടപ്പാട് – മീഡിയ സെൽ കെഎസ്ആർടിസി, കവർ ചിത്രം – അരുൺ വിജയ്  (Representative Image).

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.