50 മണിക്കൂറിനുള്ളിൽ, കൃത്യമായി പറഞ്ഞാൽ 49 മണിക്കൂറും 34 മിനുറ്റും കൊണ്ട് അങ്ങ് ലഡാക്കിൽ നിന്നും കന്യാകുമാരിയിലേക്ക് കാറിൽ യാത്ര ചെയ്ത് റെക്കോർഡ് ഇട്ടിരിക്കുകയാണ് മൂന്നു മലയാളി യുവാക്കൾ. സംഭവം അടിപൊളിയല്ലേ?
കുറച്ചുനാൾ മുൻപ് കോതമംഗലത്തു വെച്ച് നമ്മൾ ഒരു ഫ്ലാഗ് ഓഫ് ചടങ്ങു നിർവ്വഹിച്ചിരുന്നത് ഓർമ്മയുണ്ടോ? അതെ, കോതമംഗലത്തു നിന്നും ഫ്ലാഗ് ഓഫ് നടത്തി ലഡാക്കിൽ ചെന്നതിനു ശേഷം, ലഡാക്കിൽ നിന്നും കന്യാകുമാരിയിലേക്ക് കുറഞ്ഞ സമയം കൊണ്ട് കാറിൽ എത്തുക എന്ന ലക്ഷ്യത്തോടെ യാത്ര പുറപ്പെട്ട മലപ്പുറം ആക്കോട് സ്വദേശി നൗഫൽ, കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി ബിബിൻ, ആലപ്പുഴ സ്വദേശി സമീർ എന്നിവർ ഉൾപ്പെട്ട Team F1 India പ്രസ്തുത യാത്ര റെക്കോർഡ് ഇട്ടുകൊണ്ട് വിജയകരമായി പൂർത്തീകരിച്ചിരിക്കുന്ന വാർത്ത നമുക്ക് എല്ലാവർക്കും വളരെ അഭിമാനകരമാണ്. ‘ഫാസ്റ്റസ്റ്റ് നോർത്ത് – സൗത്ത് ഇന്ത്യ ഫോർവീൽ എക്സ്പെഡിഷൻ ഗ്രൂപ്പ്’ വിഭാഗത്തിലാണ് ഇവർ പുതിയ റെക്കോർഡ് ഇട്ടത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ 1 രാവിലെ 07.05 നു ലഡാക്കിൽ നിന്നും ടാറ്റാ ഹെക്സ കാറിൽ പുറപ്പെട്ട സംഘം കന്യാകുമാരിയിൽ മൂന്നാം തീയതി രാവിലെ 08.39 ഓടെ എത്തിച്ചേർന്നു. 49 മണിക്കൂറും 34 മിനുറ്റും കൊണ്ടാണ് ഈ നോൺസ്റ്റോപ് ഡ്രൈവ് ലിംക ബുക്കിൽ ഇടംനേടിയത്. മലയാളികളുടെ പേരിൽത്തന്നെയുണ്ടായിരുന്ന 52 മണിക്കൂറും 58 മിനിറ്റുമായിരുന്നു നിലവിലുണ്ടായിരുന്ന റെക്കോർഡ്.
ലഡാക്കിൽ നിന്നും 17 മണിക്കൂറോളം ദുർഘടമായ ഹിമാലയൻ പാതകളിലൂടെ യാത്ര ചെയ്ത് പഞ്ചാബിൽ എത്തിയ ശേഷം ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇവർ തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ എത്തിച്ചേർന്നത്. ഏകദേശം 3900 ഓളം കിലോമീറ്ററുകളാണ് ഇവർ ഈയൊരൊറ്റ ട്രിപ്പിൽ പിന്നിട്ടത്. ഇത്രയും ദൂരത്തെ ഈ യാത്രയ്ക്കിടയിൽ ഇവർ ഒരിക്കൽപ്പോലും വാഹനം നിർത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
ഇനി ഗിന്നസ് വേൾഡ് റെക്കോർഡ് യാത്രയാണ് ഇവരുടെ ലക്‌ഷ്യം. ഇപ്പോൾ വിജയകരമായി പൂർത്തിയാക്കിയതു പോലെ തന്നെ ഇനിയുള്ള റെക്കോർഡറുകളും മറികടക്കുന്നതിനായി ‘Team F1 India’ യ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.