വിവരണം -ഫാരിഷ് അഹമ്മദ്.
യാത്രകളെ ഇഷ്ടപ്പെട്ട അന്ന് മുതൽ പോകാൻ ആഗ്രഹിച്ചിരുന്നു സ്ഥലമാണ് ലക്ഷദ്വീപ്. ദ്വീപിനെ കുറിച്ച് വായിച്ച യാത്ര വിവരണങ്ങളും അടുത്തിടെ ഇറങ്ങിയ സിനിമയും ആ ആഗ്രഹത്തെ ഒന്ന് കൂടെ ശക്തിപ്പെടുത്തി. ഇന്ത്യയിൽ ആയിരുന്നിട്ട് പോലും Mainland കാർക്ക് കർശന നിയന്ത്രണത്തോടെയാണ് ദ്വീപ് സന്ദര്‍ശനം അനുവദിക്കുന്നുള്ളൂ. ദ്വീപ് സന്ദര്‍ശനത്തിന് രണ്ട് മാർഗ്ഗം ആണ് ഉള്ളത്. ഒന്ന് ഗവണ്‍മെന്റ് പേക്കജ്, രണ്ടാമത്തേത് ദ്വീപ് നിവാസികളുടെ ക്ഷണം സ്വീകരിച്ച് പോകുക. ഗവണ്‍മെന്റ് പേക്കജ് ചിലവ് വളരെ കൂടുതലാണ്. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു.
അടുത്തത് ദ്വീപ് നിവാസിയുടെ invitation തരപ്പെടുത്തുക എന്ന ദൗത്യം ആയിരുന്നു. വിചാരിച്ച അത്ര എളുപ്പമായിരുന്നില്ല അത്. ഫൈസ്ബുക്കിലൂടെ ദ്വീപുകാരെ കണ്ടെത്തലായിരുന്നു അടുത്ത ശ്രമം. ഒരുപാട് പേർക്ക് റിക്വസ്റ്റ് അയച്ച് നോക്കി. ആരും വലയിൽ വീഴുന്നില്ല. കുറച്ച് സമയം എടുത്തതാണെങ്കിലും ശ്രമം വിജയിച്ചു. മമ്മു എന്ന മുഹമ്മദ്, പുള്ളിയായിരുന്നു വലയിൽ വീണ കൊമ്പൻ സ്രാവ്. ലക്ഷദ്വീപിലെ കവരത്തിയിൽ ആണ് മമ്മുവിന്റെ വീട്. ദ്വീപ് കാണണമെന്ന ആഗ്രഹം പറഞ്ഞു. പെർമിറ്റ് ശരിയാക്കിത്തരാം എന്ന ഉറപ്പും തന്നു.
സാധാരണ പെർമിറ്റിന് കൊടുത്താൽ ഒരുപാട് സമയം എടുക്കും. പോലീസ് ക്ലിയറൻസ്, കൊച്ചി ഓഫീസിൽ നിന്നുള്ള അപ്പ്രൂവൽ അങ്ങനെ കുറേ പ്രോസീജിയർ ഉണ്ട്. അങ്ങിനെയാണ് സ്പെഷൽ പെർമിറ്റ് ശരിയാക്കി തന്നത്. അപേക്ഷിച്ച് 3 ാം ദിവസം പെർമിറ്റ് കിട്ടി. അടുത്തത് ദ്വീപിലേക്കുള്ള യാത്ര ആയിരുന്നു. ഒന്നുകിൽ ഫ്ലൈറ്റ്, അല്ലെങ്കിൽ കപ്പൽ. കൊച്ചിയിൽ നിന്ന് അഗത്തിയിലേക്ക് ഫ്ലൈറ്റ് സർവീസ് ഉണ്ട്. ഒന്നര മണിക്കൂറെ എടുക്കൂ. 6000 രൂപയോളം വരും അങ്ങോട്ടേക്ക്. പരമാവധി ചിലവ് ചുരുക്കിയുള്ള യാത്രയാണ് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നത്. അത് കൊണ്ട് കപ്പലിൽ പോകാനായിരുന്നു പരിപാടി. ദ്വീപ് യാത്ര ആസ്വദിക്കണമെങ്കിൽ കപ്പലിൽ തന്നെ പോകണം.
പെർമിറ്റ് കാലാവധി ഒരു മാസം ആയിരുന്നു. കപ്പലിൽ ടിക്കറ്റ് കിട്ടുക എളുപ്പമല്ല. ഓൺലൈനിൽ ബുക്ക് ചെയ്യാൻ നോക്കി. ഒരു രക്ഷയും ഇല്ല. 90% ടിക്കറ്റും ദ്വീപ് നിവാസികൾക്കാണ് മുൻഗണ. നേരെ മമ്മുവിനെ വിളിച്ചു. കവരത്തി കൗണ്ടറിൽ നിന്നും കൺഫേം ടിക്കറ്റ് ഉണ്ടായിരുന്നില്ല. ഫെബ്രുവരി 8 ന് MV Kavarathi യില്‍ വെയിറ്റിങ് ലിസ്റ്റ് ഉണ്ട് എടുക്കട്ടെ എന്ന് ചോദിച്ചു. ഭാഗ്യം ഉണ്ടെങ്കിൽ കൺഫേം ആകും എന്ന് പറഞ്ഞു. ടിക്കറ്റ് എടുക്കാൻ പറഞ്ഞു. 8 ന് രാവിലെ കൊച്ചിയില്‍ ഉളള ലക്ഷദ്വീപ് സ്കാനിങ് സെന്ററിൽ എത്തി. വേറെ 11 പേർ കൂടെ ഉണ്ടായിരുന്നു മമ്മുവിന്റെ ലിസ്റ്റിൽ. അതിൽ 8 പേരുടെ ടിക്കറ്റ് MV KAVARATHI യില്‍ കൺഫേം ആയി. (അവർ കണ്ണൂരിൽ നിന്നും ഉള്ള ഫാമിലി ആയിരുന്നു ) ഞാനും വാഴക്കാട് നിന്നുള്ള ബാബുക്കയും ഫാമിലിയും ബാക്കിയായി. കപ്പൽ പുറപ്പെടുന്നതിനു മുന്‍പ് ഏതെങ്കിലും ടിക്കറ്റ് കാൻസിലേഷൻ വരികയാണെങ്കിൽ ശ്രമിക്കാം എന്ന് ടിക്കറ്റ് കൗണ്ടറിൽ നിന്നുളള സമാധാന വാക്കും കേട്ടിരുന്നു.
Mv kavaratti യില്‍ പോകാനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല. അതിലായിരുന്നെങ്കിൽ 17 മണിക്കൂർ കൊണ്ട് കവരത്തി ദ്വീപിൽ എത്തുമായിരുന്നു. ഇനിയുള്ളത് അന്നേ ദിവസം തന്നെ വൈകുന്നേരം പുറപ്പെടുന്ന MV Corals ആയിരുന്നു. ഈ കപ്പലാണ് അനാർക്കലി ഫിലിമിൽ ഉള്ളത്. പക്ഷേ കൊച്ചിയിൽ നിന്ന് പുറപ്പെട്ട് അമിനി, അഗത്തി, കടമത്ത്, എന്നീ ദ്വീപുകളിൽ പോയി 56 മണിക്കൂർ എടുത്ത ഞങ്ങൾക്ക് പോകേണ്ട കവരത്തിയിൽ എത്തൂ. ശ്രമം പാഴായില്ല. എനിക്ക് ബങ്ക് ക്ലാസ് ടിക്കറ്റും ബാബുക്കക്കും ഫാമിലിക്കും ഫസ്റ്റ്ക്ലാസ് ടിക്കറ്റും കിട്ടി. ബങ്ക് ക്ലാസിന് 480 രൂപയും ഫസ്റ്റ് ക്ലാസിന് 3750 രൂപയുമാണ് ചാര്‍ജ്. അങ്ങിനെ ഫെബ്രുവരി 8 ന് വൈകുന്നേരം കൊച്ചിയിൽ നിന്ന് MV Corals ഇല്‍ കയറി.
ജീവിതത്തിലെ ആദ്യത്തെ കപ്പൽ യാത്ര. മറക്കാനാവാത്ത അനുഭവം ആയിരുന്നു. യാത്രക്കാരിൽ ഭൂരിഭാഗം പേരും ദ്വീപ് നിവാസികൾ തന്നെ ആയിരുന്നു. മത്സ്യവും തേങ്ങയും ഒഴിച്ച് ബാക്കി എല്ലാത്തിനും കരയെ ആശ്രയിച്ചാണ് അവരുടെ ജീവിതം. യാത്രക്കിടെ വിവിധ ദ്വീപുകളിലെ ഒരുപാട് പേരെ പരിജയപ്പെടാൻ കഴിഞ്ഞു. കപ്പലിനുള്ളിൽ വിശാലമായ കാന്റീനും പ്രാർത്ഥന മുറിയും ഉണ്ട്. നിശ്ചിത സമയത്ത് മാത്രമേ പാചകം ചെയ്ത ഭക്ഷണം കപ്പലിൽ നിന്ന് ലഭിക്കുകയുള്ളൂ. അതാത് സമയത്ത് കഴിക്കാനുള്ള അറിയിപ്പും ഉണ്ടാകും. ഇത് കൂടാതെ ചെറിയ ഒരു ഷോപ്പും കപ്പലിനുള്ളിൽ ഉണ്ട്. യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറങ്ങാൻ വേണ്ടി മാത്രമേ ബർത്തുകളിലേക്ക് പോയിരുന്നുള്ളൂ. ബാക്കി മുഴുവൻ സമയവും ഡക്കിൽ തന്നെയാണ് ചിലവഴിച്ചിരുന്നത്.
അങ്ങിനെ 9 ാം തീയതി രാവിലെ അമിനി ദ്വീപിൽ എത്തി. നീണ്ടയാത്രക്ക് ശേഷം ആദ്യം എത്തിയ ദ്വീപ്. കപ്പലിൽ നിന്നുള്ള ദ്വീപിലെ കാഴ്ചകൾ മനോഹരമായിരുന്നു. മരതകപച്ച നിറത്തിലുള്ള കടൽ. കടലിലേക്ക് ചാഞ്ഞു നിൽക്കുന്ന തെങ്ങുകളും കടലിലേക്ക് തള്ളിനിൽക്കുന്ന കടൽപ്പാലവും. അന്നേ ദിവസം കപ്പൽ വാർഫിൽ അടുപ്പിക്കാൻ കഴിയാത്തത് കാരണം കുറച്ചു ദൂരെയാണ് നിറുത്തിയത്. അമിനിയിൽ ഇറങ്ങേണ്ടവർ കപ്പലിൽ നിന്നും റോപ്പിൽ പിടിച്ച് ബോട്ടിലേക്ക് ഇറങ്ങി വേണം വാർഫിലേക്ക് പോകാൻ. ദ്വീപിലുള്ളവർക്ക് ഇത് സ്ഥിരം ഏർപ്പാടാണ്. ആദ്യ കാഴ്ച ആയത് കൊണ്ട് വളരെ സാഹസികമായാണ് എനിക്ക് അനുഭവപ്പെട്ടത്. തിരകളുടെ ഓളത്തിന് അനുസരിച്ച് കപ്പലും ബോട്ടും ആടുന്നതിനിടയിൽ വേണം ബോട്ടിലേക്ക് ഇറങ്ങുവാൻ. എന്തിനും തയ്യാറായി ജീവനക്കാരും കൂടെ ഉണ്ട്.
അടുത്തത് അഗത്തി ദ്വീപ് ആയിരുന്നു. അവിടെയും വാർഫിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞില്ല. അമിനി ദ്വീപിലെ അതേ അനുഭവം ആയിരുന്നു. 10 ാം തീയതി രാവിലെ കടമത്ത് ദ്വീപിൽ എത്തി. വാർഫിൽ ആണ് നിറുത്തിയത്. സാധാരണ രീതിയിൽ ഏത് ദ്വീപിലേക്കാണോ പെർമിറ്റ് ഉള്ളത് ആ ദ്വീപിൽ മാത്രമേ ഇറങ്ങാൻ കഴിയൂ. എന്റേത് സ്പെഷൽ പെർമിറ്റ് ആയത് കാരണം 10 ദ്വീപിലും ഇറങ്ങാം. കടമത്ത് ദ്വീപിൽ 5 മണിക്കൂർ വെയ്റ്റിങ് ഉണ്ടായിരുന്നു. നേരെ കപ്പലിലെ ഇൻഫർമേഷൻ സെന്ററിൽ പോയി വിവരങ്ങൾ അന്വേഷിച്ചു. കപ്പൽ എടുക്കുന്നതിന് അരമണിക്കൂർ മുമ്പ് വരണം എന്ന് പറഞ്ഞു.
ആദ്യമായി ഇറങ്ങിയ ദ്വീപ് കടമത്ത് ആയിരുന്നു. ഫോട്ടോയും വീഡിയോയും എടുത്ത് മുന്നോട്ട് നടന്നു. കടൽപ്പാലത്തിൽ നിന്നും താഴേക്ക് നോക്കുമ്പോൾ അടിത്തട്ട് വളരെ വ്യക്തമായി കാണാം. കടലാമയേയും വിവിധ തരത്തിലുള്ള മത്സ്യങ്ങളെയും കാണാൻ കഴിഞ്ഞു. അവിടെനിന്ന് നേരെ ബീച്ചിലും പോയി. കുറച്ചു സമയം അവിടെ ചിലവഴിച്ചു തിരിച്ച് കപ്പലിലേക്ക്. ഉച്ചഭക്ഷണം കപ്പലിൽ തന്നെ ആയിരുന്നു. 1.30 ന് ലക്ഷദ്വീപിന്റ തലസ്ഥാനമായ കവരത്തിയിൽ എത്തി. അവിടെ ഞങ്ങളെ സ്വീകരിക്കുവാൻ മമ്മു കാറുമായി വന്നിരുന്നു. ഫൈസ്ബുക്ക് പരിചയവും ഫോണിലൂടെ ഉള്ള ബന്ധവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആദ്യത്തെ കൂടിക്കാഴ്ച.
കുശലാന്വേഷണത്തിന് ശേഷം നേരെ ഞങ്ങൾക്കായി അറേഞ്ച് ചെയ്തിരുന്ന വീട്ടിലേക്ക് പോയി. ഭക്ഷണവും വിശ്രമവും ആയി കുറച്ച് സമയം റൂമിൽ കഴിച്ചു കൂടി. അതിന് ശേഷം ആദ്യം പോയത് സാൻഡി ബീച്ചിൽ ഗ്ലാസ് ബോട്ട് റൈഡിനായിരുന്നു. വളരെ ഹൃദ്യമായ അനുഭവം. അടിത്തട്ടിൽ ഗ്ലാസ് ആയത് കൊണ്ട് അക്വേറിയത്തിലേത് പോലെ കടലിലെ ജീവജാലങ്ങളെ വളരെ വ്യക്തമായി കാണാം. കാഴ്ചകൾ കണ്ട് ഏകദേശം ഒരു മണിക്കൂറോളം ബോട്ടിൽ കറങ്ങി. തിരിച്ച് വന്നു കയാക്കിങ്ങും ചെയ്തു. അതിന് ശേഷം ബീച്ചിൽ കുളിയും കഴിഞ്ഞ് നേരെ റൂമിലേക്ക്. ദ്വീപിലെ വിഭവങ്ങൾ കൂട്ടി രാത്രി ഭക്ഷണവും കഴിച്ച് കിടന്നുറങ്ങി.
11 ാം തീയതി ആദ്യം പോയത് കവരത്തി പോലീസ് സ്റ്റേഷനിലേക്കായിരുന്നു. ദ്വീപിൽ എത്തിയാൽ നിർബന്ധമായും സ്റ്റേഷനിൽ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. നമ്മുടെ പെർമിറ്റും ID കാർഡും കാണിക്കണം അവിടെ. ഒരു രജിസ്റ്ററിൽ ഒപ്പിടുകയും വേണം. അരമണിക്കൂർ കൊണ്ട് ആ പരിപാടി കഴിഞ്ഞു. അവിടെ നിന്ന് നേരെ പോയത് സ്ക്യൂബ ഡൈവിങ്ങിനായിരുന്നു. ഗ്ലാസ് ബോട്ടിൽ പോയപ്പോൾ വെള്ളത്തിന് മുകളിൽ നിന്നുള്ള കാഴ്ചകളാണ് കാണാൻ കഴിഞ്ഞത്. സ്ക്യൂബ ഡൈവിങ്ങിൽ കടലിനടിയിലെ പവിഴപുറ്റുകളെയും വിവിധ തരത്തിലുള്ള മത്സ്യങ്ങളെയും കാണാം. ദ്വീപിൽ വന്നാൽ സ്ക്യൂബ ചെയ്തിരിക്കണം. മരതകപച്ച നിറത്തിലുള്ള ക്രിസ്റ്റൽ ക്ലിയർ വെള്ളമാണ് ദ്വീപിലേത്. നമ്മുടെ നാട്ടിൽ കലക്ക വെള്ളത്തിൽ സ്ക്യൂബ ചെയ്യാൻ 5000 രൂപ വാങ്ങുമ്പോൾ കവരത്തിയിൽ 20 മിനിറ്റിന് 2000 യേ ഈടാക്കുന്നുള്ളൂ. ആദ്യം ഒരു 10 മിനിറ്റ് ക്ലാസ്. പേടിക്കാൻ ഒന്നും ഇല്ല. നീന്തൽ വശമില്ലാത്തവർക്കും സ്ക്യൂബ ചെയ്യാം. കഴിഞ്ഞ് വരുമ്പോൾ കൺനിറയെ കണ്ട മനോഹര ദൃശ്യങ്ങളുടെ വീഡിയോയും തരും.
ഡൈവിങ് കഴിഞ്ഞ് വരുമ്പോൾ ഉച്ചയായിരുന്നു. ഭക്ഷണവും കുറച്ച് നേരം വിശ്രമവും. അതിന് ശേഷം കവരത്തി ലൈറ്റ് ഹൗസിലേക്കാണ് പോയത്. ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്നുള്ള ദ്വീപിന്റെ മനോഹാരിത ആസ്വദിക്കുക തന്നെ വേണം. ദ്വീപിന്റെ ആകെ വിസ്തൃതി 6.5 കി.മീറ്റർ ആണ്. കൽപ്പ വൃക്ഷങ്ങളും അതിനിടയിലെ വീടുകളും നാല് ഭാഗവും കടലും. വിവരണാതീതമായ കാഴ്ച. ലൈറ്റ് ഹൗസ് സന്ദര്‍ശനത്തിന് ശേഷം നേരെ പോയത് പുഷ്പ ബീച്ച് റസ്റ്റോറന്റിലേക്കായിരുന്നു. ദ്വീപിലെ പത്തിരിയും ബീഫ് റോസ്റ്റുമായിരുന്നു സ്പെഷൽ. ഭക്ഷണം കഴിച്ചതിന് ശേഷം കാറ്റും കൊണ്ട് കുറച്ചു നേരം അവിടെ ഇരുന്നു. അതിന് ശേഷം നേരെ റൂമിലേക്ക് പോയി.
12 ാം തീയതി രാവിലെ പ്രാതലിന് ശേഷം ആദ്യം പോയത് പ്ലാനറ്റോറിയത്തിലേക്കായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടർ ആണ് ഇവിടെ ഉള്ളത്. തമോഗര്‍ത്തത്തെ കുറിച്ചുള്ള 45 മിനിറ്റ് വീഡിയോയും കണ്ടു. അവിടെനിന്ന് നേരെ പോയത് കമൽ സംവിധാനം ചെയ്യുന്ന പ്രണയമീനുകളുടെ കടൽ എന്ന ഫിലിമിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കായിരുന്നു. കുറച്ച് നേരം അവിടെയും ചിലവഴിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം കടൽ വെള്ള ശുദ്ധീകരണ പ്ലാന്റിൽ പോയി. ശുദ്ധീകരണ പ്രക്രിയയെ കുറിച്ചുള്ള ഒരു 15 മിനിറ്റ് ക്ലാസ് ഉണ്ടായിരുന്നു. അതിന് ശേഷം ഡിസാലിനേഷൻ പ്ലാന്റിലേക്ക് കടൽ വെള്ളം സംഭരിക്കുന്ന സ്ഥലം വരെ അനുമതിയോട് കൂടെ നമുക്ക് പോകാൻ കഴിയും. അവിടെയും സന്ദര്‍ശിച്ചു.
അടുത്ത ലക്ഷ്യം ഉജ്റ മസ്ജിദ് ആയിരുന്നു. 400 വർഷം പഴക്കമുള്ളതും വിശ്വാസ പരമായി ഒരുപാട് ചരിത്രങ്ങൾ നിലകൊള്ളുന്നതും മരത്തിൽ കൊത്തിയെടുത്ത തൂണുകളും സീലീങ്ങുകളും പള്ളിയുടെ പ്രത്യേകതയാണ്. അവിടെ കുറച്ച് സമയം ചിലവഴിച്ചു. അടുത്ത പരിപാടി ഫിഷ് ഹണ്ടിങ്ങ് ആയിരുന്നു. കടലിൽ നിന്ന് ചൂണ്ടയെറിഞ്ഞ് മീൻ പിടിക്കൽ. കുറേ നേരത്തെ പരിശ്രമത്തിന് ശേഷം കുറച്ചു മീൻ കിട്ടി. രാത്രി ഭക്ഷണത്തിന്റെ കൂടെ അതിനെ അവിടെ വെച്ച് തന്നെ ചുട്ട് തിന്നു. 13 ാം തീയതി, ദ്വീപിലെ അവസാന ദിവസം. രാവിലെ നേരത്തെ എണീറ്റു സാൻഡി ബീച്ചിൽ പോയി കുളിച്ചു. അതിന് ശേഷം ചായയും കുടിച്ചു ദ്വീപിലെ ഉൾവഴികളിലൂടെ നടന്ന് സെക്രട്ടേറിയറ്റ്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലെല്ലാം പോയി. ഉച്ചക്ക് ദ്വീപിലെ പരമ്പരാഗത ഭക്ഷണമായ തേങ്ങച്ചോറും ചൂര മുളകിട്ടതും, ചൂര തേങ്ങയരച്ചതും, ചൂര പൊരിച്ചതും ആകെക്കൂടെ ചൂരമയം. (ചൂര ഇല്ലാതെ ദ്വീപ്കാർക്ക് ഭക്ഷണം ഇറങ്ങില്ലത്രേ).
തിരികെ പോകുന്നതിനായുള്ള പാക്കപ്പിനുള്ള സമയം ആയി. മുൻകൂട്ടി പറഞ്ഞത് കൊണ്ട് ദ്വീപിലെ ഹലുവയും ചൂര അച്ചാറുമായി മമ്മു വന്നു. ബാഗും തൂക്കി പോർട്ടിലേക്ക് പോയി. 5 മണിക്ക് കവരത്തിയിൽ നിന്നും ബേപ്പൂരിലേക്കുള്ള Amindivi കപ്പലിൽ ആയിരുന്നു തിരിച്ചുള്ള യാത്ര. ദ്വീപിൽ ഇറങ്ങിയത് മുതൽ തിരിച്ച് പോകുന്നത് വരെ എന്തിനും ഏതിനും ആയി മമ്മു ഒപ്പം ഉണ്ടായിരുന്നു. അങ്ങിനെ ദ്വീപിനോടും ദ്വീപുകാർ തന്ന സ്നേഹവും മനസ്സിൽ സൂക്ഷിച്ച് ബേപ്പൂരിലേക്ക് യാത്ര തിരിച്ചു. 14 ന് രാവിലെ 11 മണിക്ക് ബേപ്പൂരിൽ എത്തി.
4 comments
അടിപൊളി
https://youtu.be/2xnIyLiYokM
Pls watch in HD
Thank You so much Tech Travel Eat, for publishing
my Lakshadweep travelogue in your blog. I am so happy to see rising + 500 likes . Thank you all.
മമ്മു കവരത്തി എന്നാ ആളുടെ phone നമ്പർ തരുമോ? ഞങ്ങൾ കുറച്ചുപേർക്ക് ലക്ഷദീപിൽ പോകാൻ താല്പര്യം ഉണ്ട്. 🙂