വിവരണം – Jinto Joseph Pellissery.

യാത്രകൾ എന്നും ഒരു ലഹരിയാണ്. എന്നിലെ എന്നെ അടുത്തറിയുവാനുള്ള ഒരു അവസരമായാണ് ഞാനിതിനെ കാണുന്നത്.ഓരോ യാത്രകളും വേറിട്ട അനുഭവങ്ങളാണ് നമുക്ക് സമ്മാനിക്കുക. വ്യത്യസ്തമായ കാഴ്ചകൾ, പുതിയ മനുഷ്യർ, വേറിട്ട രുചിഭേദങ്ങൾ, വിവിധങ്ങളായ വസ്ത്രധാരണരീതികൾ, പുതിയ ഭാഷകൾ എന്നിങ്ങനെ….തിരക്കുപിടിച്ച ഈ ജീവിതത്തിൽ നിന്നും ഒരു ഇടവേളയെടുത്ത് പ്രകൃതിയെ അടുത്തറിഞ്ഞു ഉള്ള ഒരു യാത്ര കുറേക്കാലമായി ആഗ്രഹിച്ച് തുടങ്ങിയതാണ്. അങ്ങനെ തുടങ്ങിയ തിരച്ചിലിനൊടുവിൽ ഭൂമിയിലെ ഏറ്റവും സുന്ദരവും പ്രകൃതി രമണീയമായ സ്ഥലം ഞാൻ തിരഞ്ഞെടുത്തു, ലക്ഷദ്വീപ്…

അനാർക്കലി എന്ന മലയാളം സിനിമ കണ്ടതിനു ശേഷം ഞാൻ പോകാൻ ആഗ്രഹിച്ചിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. തികച്ചും ഒറ്റപ്പെട്ട രീതിയിൽ മറ്റ് ഭൂപ്രദേശങ്ങളിലെ പോലെ മനുഷ്യവാസമുള്ള സ്ഥലം തികച്ചും ശാന്തം അതും അറബിക്കടലിലെ മടിത്തട്ടിൽ…. ദൈവത്തിൻറെ കരവിരുതും കരുതലും മനസ്സിലാക്കാൻ പറ്റിയ സ്ഥലം. കേന്ദ്രഭരണ പ്രദേശമായ ഇവിടെ എത്തിപ്പെടാൻ കുറേ കടമ്പകൾ മറികടക്കണം. അതിൽ ഏറ്റവും പ്രധാനം അവിടെയുള്ള ഒരു വ്യക്തി നമ്മളെ സ്പോൺസർ ചെയ്യണം എന്നുള്ളതാണ്. എന്നാൽ മാത്രമേ നമുക്ക് അവിടേക്കുള്ള എൻട്രി പെർമിറ്റ് ലഭിക്കൂ. അങ്ങനെ കുറേ തിരച്ചിലിനൊടുവിൽ ഒരാൾ എന്നെ സ്പോൺസർ ചെയ്തു.

ലക്ഷദ്വീപിലേക്ക് പോകാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടമാണ്. കടൽ ഏറ്റവും ശാന്തമായ കാലഘട്ടം. ഞാൻ പോയത് 2019 ഫെബ്രുവരിയിൽ ആയിരുന്നു. ഡിസംബർ മുതൽ ഇവിടേക്ക് പോകുന്നതിനുള്ള ഒരുക്കപാടുകൾ ഞാൻ തുടങ്ങി. ഇതിന് ആദ്യം വേണ്ടത് നമ്മുടെ നിയറസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (നമ്മുടെ പേരിൽ ക്രിമിനൽ ആക്ടിവിറ്റീസ് ഒന്നും തന്നെ ഇല്ല എന്ന് കാണിക്കുന്നതിനുവേണ്ടി) കിട്ടുക എന്നതാണ്. പോലീസുകാർ ഇത്തരത്തിലുള്ള ടൂറിന് വേണ്ടി സർട്ടിഫിക്കറ്റ് നൽകുന്നത് വളരെ അപൂർവമായിട്ടായിരിക്കും. അതിനുശേഷം ഈ സർട്ടിഫിക്കറ്റ് കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ ഉള്ള ലക്ഷദ്വീപ് ഓഫീസിൽ എത്തിക്കണം.

ഒരാഴ്ചയ്ക്കുള്ളിൽ ഇവരുടെ ഓഫീസിൽ നിന്ന് നമ്മുടെ പോലീസ് സ്റ്റേഷനുമായി ഇമെയിലിൽ കോൺടാക്ട് ചെയ്യും. പോലീസ് സ്റ്റേഷനിൽനിന്ന് നമുക്ക് തന്നെയാണോ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്തത് എന്ന് ഒന്നുകൂടെ ഉറപ്പുവരുത്താനാണ് ഇത്തരത്തിലുള്ള ഒരു അന്വേഷണം. ഇതിനുള്ള റിപ്ലൈ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ചതിനു ശേഷം മാത്രമേ അവരുടെ ഓഫീസിൽ നിന്ന് നമ്മക്ക് പെർമിറ്റ് അനുവദിക്കുക. അതുപോലെ ദ്വീപിലെ ഓഫീസിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമും ഇവിടെ കൊച്ചി ഓഫീസിൽ എത്തിക്കണം. ഇത്രയുമാണ് ഇതിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുള്ള കടമ്പകൾ.

ഇങ്ങനെ പെർമിറ്റ് ലഭിച്ചതിനു ശേഷം മാത്രമാണ് നമുക്ക് പോകുന്നതിനു വേണ്ടിയുള്ള യാത്ര ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. പക്ഷേ കൊച്ചിയിൽനിന്ന് ദ്വീപിലേക്കുള്ള യാത്രയ്ക്ക് ദ്വീപുകാർക്ക് പ്രത്യേക ക്വാട്ട ഉള്ളതിനാൽ ചിലസമയങ്ങളിൽ നമുക്ക് ടിക്കറ്റ് ലഭിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് കൊച്ചി to അകത്തി പ്ലെയിനിൽ പോകുന്നതാണ് നല്ലത്. ഞാൻ പോയത് ഇത്തരത്തിലായിരുന്നു. ദ്വീപിലേക്ക് പോകുന്ന ഒരേ ഒരു ഫ്ലൈറ്റ് എയർ ഇന്ത്യയുടെതുമാത്രമാണ്.

അങ്ങനെ കാത്തിരിപ്പിന് വിരാമമായി ഞാൻ പോകുന്ന ദിവസം വന്നെത്തി. എൻറെ ഗുരുവും സുഹൃത്തുമായ ടോബി സാറും ഞാനും പുലർച്ചെ ആറു മണിക്ക് കൊച്ചി എയർപോർട്ടിലേക്കുള്ള യാത്ര തിരിച്ചു. എയർപോർട്ടിലെ സെക്യൂരിറ്റി ചെക്കിങ്ങിനുശേഷം ഫ്ലൈറ്റ് വരുന്നതുവരെ ഞങ്ങൾ വെയിറ്റിംഗ് ലോഞ്ചിൽ ഇരുന്നു. കൃത്യം 8 .45 ഞങ്ങൾക്ക് പോകാനുള്ള ഫ്ലൈറ്റ് എയർപോർട്ടിൽ എത്തിച്ചേർന്നു.

ഫ്ലൈറ്റ് മുന്നിലുള്ള കുറച്ച് സെൽഫികൾ എടുത്തതിനു ശേഷം ഞങ്ങൾ ഫ്ലൈറ്റിൽ അതാതു സ്ഥാനങ്ങളിൽ ഇരുന്നു. ഫ്ലൈറ്റിലെ സൈഡ് സീറ്റ് ആണ് ഞങ്ങൾ സെലക്ട് ചെയ്തിരുന്നത്. ആകെ 30 പേർക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറുപങ്കകൾ ഉള്ള ചെറു വിമാനമായിരുന്നു അത്. സാവധാനം വിമാനം റൺവേയിലൂടെ നിങ്ങാൻ തുടങ്ങി. ഒരു സ്മൂത്ത് ടേക്ക് ഓഫിനു ശേഷം ആകാശ ഭംഗി ആസ്വദിച്ച് ഞങ്ങൾ യാത്ര തുടർന്നു.

കുറച്ചു സമയത്തിനുള്ളിൽ ഞങ്ങളുടെ യാത്ര അറബിക്കടലിൻറെ മുകളിലൂടെയായി. താഴേക്കു നോക്കിയാൽ കടലിൽ തിരമാലകളുടെ മൽപ്പിടുത്തത്താൽ ഉള്ള നുരയും പതയും മാത്രം. ആദ്യം ഞങ്ങൾക്ക് അത് എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. മുകളിൽ നിന്നും നോക്കിയാൽ കടൽ മുഴുവൻ ഇതേ പോലെ ആയിരുന്നു. അതിനിടയിൽ പൈലറ്റിന്റെ അനൗൺസ്മെൻറ്. നമ്മളിപ്പോൾ സഞ്ചരിക്കുന്നത് 24000 അടി മുകളിലൂടെയാണ്. തീർത്തും ശാന്തമായ അന്തരീക്ഷം. അപ്പോഴേക്കും ഇതുവരെ കണ്ട നീലക്കടലിനു പകരം പഞ്ഞിക്കെട്ടുകൾ പോലെയുള്ള മേഘങ്ങൾക്കിടയിലൂടെയായി യാത്ര. അങ്ങനെ ഏകദേശം രണ്ടു മണിക്കൂർ യാത്രക്കൊടുവിൽ ഞങ്ങൾ ലക്ഷദ്വീപ് എന്ന ഭൂമിയിലെ ഏറ്റവും സുന്ദരമായ സ്ഥലത്ത് എത്തിച്ചേരാറായി.

വിമാനം സാവധാനം താഴ്ന്ന് പറക്കാൻ തുടങ്ങി കടലിനെ സാവധാനം കാണാൻ തുടങ്ങി. ഇടയ്ക്ക് ആൾത്താമസമില്ലാത്ത ചെറിയ ദ്വീപുകൾ കാണുവാനും സാധിച്ചു. അങ്ങനെ അവസാനം ഞങ്ങൾ ലഗൂണുകളും പവിഴപ്പുറ്റുകളും നിറഞ്ഞ അഗത്തി ഐലൻഡിൽ പറന്നിറങ്ങി. തികച്ചും ചെറിയ ഒരു എയർപോർട്ട്. ലക്ഷദ്വീപ് സന്ദർശിക്കാൻ വരുന്നവർക്ക് അഗത്തി യിലേക്ക് പ്രത്യേകം പെർമിറ്റ് വേണ്ടതില്ല. എന്നാൽ അന്നുതന്നെ പെർമിറ്റ് ഉള്ള ദ്വീപിലേക്ക് നമ്മൾ പോകേണ്ടതുണ്ട്. സെക്യൂരിറ്റി പരിശോധനകൾക്കുശേഷം ഞങ്ങൾ എയർപോർട്ടിന് പുറത്തിറങ്ങി സ്പോൺസർ ചെയ്ത ആളുടെ കൂട്ടുകാരൻ അവിടെ ഞങ്ങളെ കാത്തു നിൽപ്പുണ്ടായിരുന്നു.

അങ്ങനെ ആളുമായി ഞങ്ങൾ അകത്തി ഐലൻഡ് ചുറ്റി കാണുവാൻ പുറപ്പെട്ടു. ആകെ 7 കിലോമീറ്റർ മാത്രം ചുറ്റളവുള്ള അഗത്തി കാണുവാൻ ഒരു ദിവസം ധാരാളമാണെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. ആദ്യമായി ഞങ്ങൾ പോയത് അവിടെ പുതുതായി ആരംഭിച്ച ടൂറിസ്റ്റ് കോട്ടേജിലേക്ക് ആണ്. കാറ്റാടിമരങ്ങൾ പിടിപ്പിച്ച ആ സ്ഥലം വളരെ നയന മനോഹരമായിരുന്നു. ഏഴു കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഈ ദ്വീപിൽ എവിടെ നോക്കിയാലും കടൽത്തീരമാണ് കാണുക. പാൽപ്പൊടി പോലെയുള്ള പൂഴിമണലും കണ്ണാടിച്ചില്ലുപോലെ തെളിഞ്ഞ ഇളം നീല നിറത്തോടു കൂടിയ കടലുമാണ് കാണാൻ സാധിക്കുക.

തിരമാലകളുടെ ഒച്ചയും ആരവങ്ങളും ഒന്നും ഇവിടെയില്ല. പേരിന് ഒരു ചെറിയ തിര അത്രമാത്രം. ഇതിനുകാരണം ദ്വീപിനു ചുറ്റും കിലോമീറ്ററുകൾ ചുറ്റപ്പെട്ടുകിടക്കുന്ന പവിഴപ്പുറ്റുകളാണ്. കടലിലെ ഈ ചെറിയമലകൾ ഉൾക്കടലിൽ നിന്നും വരുന്ന തിരമാലകളുടെ ശക്തി ഇല്ലാതാക്കുകയാണ്. ഈ പവിഴപ്പുറ്റ് മറ്റുമാണ് നമ്മളെ ഇവിടേക്ക് ആകർഷിക്കുന്നത്. നമ്മുടെ നാട്ടിൻപുറങ്ങൾ പോലെ തികച്ചും ശാന്തമായ സ്ഥലം. കടകളും ഹോട്ടലുകളും മറ്റും അധികമില്ല. ഇവിടെ ടൂറിസ്റ്റുകളെക്കാളും കൂടുതൽ ഉദ്യോഗസ്ഥരും,പലവിധ സർവീസുകൾക്ക് വേണ്ടി വന്നു പോകുന്ന ആളുകളും മറ്റുമാണ്. മറ്റൊരു പ്രത്യേകത ഉച്ചയ്ക്ക് രണ്ടുമണിയോടെ എല്ലാ കടകളും അടച്ചിടും എന്നുള്ളതാണ്. കാരണം മുസ്ലിം മത വിഭാഗത്തിൽപെട്ടവരാണ് ഇവിടുത്തെ നാട്ടുകാർ. നിസ്കാരസമയം ആയാൽ ഒരുവിധം കടക്കാർ കടയടച്ച് വീട്ടിലേക്ക് പോകുകയാണ് പതിവ്. മാത്രമല്ല പറയത്തക്ക ഒരു തിരക്കും ഒരു കടകളിലും ഞങ്ങൾക്ക് കാണുവാൻ സാധിച്ചില്ല.

സമയം ഏകദേശം 12 മണിയായി. പുലർച്ചെ മുതൽ യാത്ര ചെയ്തു തുടങ്ങിയ ഞങ്ങൾ ക്ഷീണിതരായി തുടങ്ങിയിരുന്നു. അങ്ങനെ അഗത്തിയിൽ ഉള്ള ഒരേ ഒരു ഹോട്ടലിൽ ഞങ്ങൾ എത്തി ഭക്ഷണം കഴിക്കുവാൻ ഇരുന്നു. പൊറോട്ട, ചപ്പാത്തി,ബിരിയാണി,ഫ്രൈഡ് റൈസ് എന്നിങ്ങനെ നാട്ടിലെ എല്ലാ വിഭവങ്ങളും ഇവിടെയും ലഭ്യമാണ്. അങ്ങനെ ഉച്ചഭക്ഷണത്തിനുശേഷം ലക്ഷദ്വീപിലെ ചരിത്രമുറങ്ങുന്ന ഗോൾഡൻ ജൂബിലി മ്യൂസിയം കാണുവാൻ പോയി. അവിടെ പുരാതന മനുഷ്യർ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഉപകരണങ്ങളും പ്രദർശനത്തിന് വെച്ചിട്ടുണ്ടായിരുന്നു. വളരെ വിശദമായിതന്നെ ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളെ കുറിച്ചും അവയുടെ ചരിത്രവും വിവരിച്ചു തരുന്ന രണ്ടു നിലകളിലുള്ള ഒരു കെട്ടിടമായിരുന്നു അത്.

ഞങ്ങളുടെ യാത്ര അഗത്തിയിലെ ഉൾവഴികളിലൂടെ തുടർന്നു. മിക്ക വീടുകളിലും ആടിനെയും കോഴിയെയും ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ചിലയിടങ്ങളിൽ നാളികേരം കൂട്ടമായി ഇട്ടിരിക്കുന്നത് കാണാം. ഇടതൂർന്ന തെങ്ങുകളാണ് എവിടെ നോക്കിയാലും. അങ്ങനെ യാത്ര തുടരവേ ഡീസലിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പവർ പ്ലാൻറ് കാണുവാൻ സാധിച്ചു. ഇവിടെ ഡീസലിൽ നിന്നുള്ള വൈദ്യുതിയാണ് എല്ലാ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തുന്നത്. ഇത് എനിക്കൊരു പുതിയ അറിവായിരുന്നു.

ഞങ്ങളുടെ കാർ മിനിസ്ട്രി ഓഫ് എർത്ത് സയൻസിന്റെ കീഴിലുള്ള മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജി എന്ന സ്ഥാപനത്തിന്റെ മുന്നിലെത്തി. ഇത് ഒരു കടൽ മത്സ്യ ഹാച്ചറി ആയിരുന്നു. നമ്മൾ കാർട്ടൂൺ സിനിമകളിൽ കാണുന്ന nimmo എന്ന മത്സ്യം,ചെമ്മീൻ, കൊഞ്ച് എന്നിങ്ങനെ നമ്മുടെ നാട്ടിലെ അലങ്കാരമത്സ്യങ്ങളെ വെല്ലുന്ന തരത്തിലുള്ള ഒട്ടനവധി മത്സ്യങ്ങളെ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള അറകളിൽ സൂക്ഷിച്ചിരിക്കുന്നത് ഇവിടെ കാണുവാൻ സാധിച്ചു. കടലിലെ സുന്ദരികളെ ഇത്രയും അടുത്ത് കാണുവാൻ സാധിച്ചത് വളരെ നയന മനോഹരമായിരുന്നു.

ഏകദേശം നാലു മണി ആയിക്കാണും. ഞങ്ങൾക്ക് കവരത്തി ദ്വീപിലേക്ക് പോകാനുള്ള വെസ്സൽ (ഒരു പ്രത്യേകതരത്തിലുള്ള ബോട്ട്) എത്താറായി. ഞങ്ങൾ ഹാച്ചറിയിൽ നിന്നും ജെട്ടിയിലേക്ക് യാത്രതിരിച്ചു. വളരെ ആത്മാർത്ഥമായി യാതൊരു മുൻപരിചയവുമില്ലാത്ത ഞങ്ങളെ അഗത്തിയിലെ എല്ലാ സ്ഥലവും കാണിച്ചുതന്ന അദ്ദേഹത്തിനോട് നന്ദി പറഞ്ഞു. വെസലിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നു.

ഒരു മണിക്കൂർ യാത്രക്കുശേഷം vessel കവരത്തി ദ്വീപിൽ എത്തിച്ചേർന്നു. അനാർക്കലി സിനിമയിൽ കാണുന്ന ദ്വീപാണ് കവരത്തി ദ്വീപ്. വളരെ മനോഹരമായ സ്ഥലം. വെസ്റ്റൽ നിന്ന് ഇറങ്ങി കടലിലേക്ക് നീണ്ടുകിടക്കുന്ന കടൽ പാലത്തിലൂടെ ദ്വീപിന്റെ കവാടത്തിനരികെ ഞങ്ങൾ എത്തി. അവിടെ ഞങ്ങളെയും കാത്ത് അമീൻ ഞങ്ങളുടെ സ്പോൺസർ നിൽപ്പുണ്ടായിരുന്നു. പാലത്തിൽ നിന്ന് കടലിലേക്ക് നോക്കിയാൽ വലിയ മീനുകൾ പോകുന്നത് വളരെ കൃത്യമായി നമുക്ക് കാണാം. ഒരു സ്വിമ്മിംഗ് പൂൾ ആണോ ഇത് എന്ന് നമുക്ക് തോന്നിപ്പോകും. തികച്ചും ഒരു നാട്ടിൻപുറത്ത് എത്തിയത് പോലെ. എല്ലായിടത്തും ആളുകൾ ഒത്തുകൂടി സംസാരിച്ചിരിക്കുന്നു. വളരെ നിഷ്കളങ്കരായ ആളുകൾ.

അൻവർ ഞങ്ങളെ അടുത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി. കടലിന് അഭിമുഖമായി കവരത്തി ദ്വീപിന്റെ ഹൃദയ ഭാഗത്തായിരുന്നു അത്. ലോഡ്ജിലെത്തി ഫ്രഷ് ആയതിനു ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി. വേലിയേറ്റ സമയം ആയതിനാൽ വെള്ളം അൽപം തീരത്തേക്ക് കയറിയിരുന്നു. തീരത്തിലൂടെ ആദ്യമായി കടൽ കാണുന്ന കുട്ടികളെ പോലെ ഞങ്ങളും കുറെ ദൂരം നടന്നു. വീട്ടിലേക്ക് ഫോൺ ചെയ്യാമെന്ന് കരുതി ഫോൺ എടുത്തപ്പോഴാണ് മൊബൈലിൽ റേഞ്ച് ഇല്ല എന്ന് മനസ്സിലാക്കാൻ സാധിച്ചത്. കവരത്തിയിൽ നെറ്റ്‌വർക്ക് ഉള്ള ഒരേ ഒരു കമ്പനി ബിഎസ്എൻഎൽ മാത്രമാണ്. അതും ചില സമയങ്ങളിൽ മാത്രം. ചില ദിവസങ്ങളിൽ റേഞ്ച് ഉണ്ടാകാറില്ല എന്നാണ് ദ്വീപുവാസികൾ പറയുന്നത്.

തീരത്തിലൂടെയുള്ള യാത്ര തുടരവേ മീൻപിടിക്കുന്ന പ്രായംചെന്ന ഒരാളെ ഞങ്ങൾ പരിചയപ്പെട്ടു. അദ്ദേഹം ജനിച്ചതും വളർന്നതും ഈ ദ്വീപിൽ തന്നെയാണ്. ദൈവത്തിന്റെ വരദാനമാണ് ദ്വീപെന്നും ഇത്രയും കാലത്തിനിടയിൽ കടലിന്റെ ഒത്ത നടുക്കുള്ള ഇവിടെ വെള്ളം കയറിയിട്ടില്ലെന്നും, ചുറ്റും ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ഈ കരയിൽ എവിടെ കുഴിച്ചാലും സമൃദ്ധമായി നല്ലവെള്ളം ലഭിക്കുമെന്നും അദ്ദേഹം ഞങ്ങളോട് വിവരിച്ചു. പിന്നെ ദ്വീപിന്റെ മറ്റൊരു പ്രത്യേകത ദ്വീപുവാസികൾ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും കല്യാണം കഴിക്കാറാണത്രെ പതിവ്. അതിനാൽ തന്നെ ഒരുവിധം എല്ലാ ദ്വീപുനിവാസികൾക്കും പരസ്പരം അറിയാം.

അസ്തമയസൂര്യൻ മാറി മറിയുന്നതും നോക്കി ഞങ്ങൾ തീരത്തിലൂടെ കുറെ നടന്നു മാർക്കറ്റ് ലക്ഷ്യമാക്കി നീങ്ങി. ഇടയ്ക്ക് കൂട്ടം കൂട്ടമായി മീൻ വിൽക്കുന്നവരെ ഞങ്ങൾ കണ്ടു. അടുത്ത് ചെന്നപ്പോൾ ഞങ്ങൾ ചെറുതായി ഒന്ന് കിടുങ്ങി. അവിടെ വിൽക്കുന്നത് മീനല്ല. പിന്നെന്താണെന്ന് അറിയാമോ, അപ്പൽ !!!. അതായത് നമ്മുടെ സ്വന്തം നീരാളി. പകുതി ജീവനുള്ള സാമാന്യം നല്ല വലുപ്പമുള്ള ഇവയെ ഇങ്ങനെ കാണുന്നത് ഇത് ആദ്യം. ഇവിടത്തുകാരുടെ ഇഷ്ടവിഭവങ്ങളിൽ ഒന്നത്രെ ഇത്. കടലിൻറെ ആഴങ്ങളിൽ കാണുന്ന ഇവയെ ഒരു പ്രത്യേകതരം കമ്പി കൊണ്ട് കുത്തി ആണത്രേ പിടിക്കുക. 250 രൂപയായിരുന്നു കിലോക്ക് വില.

റോഡിലെ വശങ്ങളിലായി കൂന്തൽ, ചെമ്മീൻ, കക്ക, ചൂര എന്നിങ്ങനെ പല മീനുകളെയും വിൽക്കുന്നവരെ കണ്ടു. ഇവിടത്തുകാരുടെ ഒരു പ്രത്യേകത ഭൂരിഭാഗം എല്ലാവരുംതന്നെ മീൻപിടുത്തക്കാരാണ്. മീൻ കയറ്റുമതിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാനമാർഗം. ഇവിടെനിന്ന് ദിവസവും കൊച്ചിയിലേക്കും അവിടെനിന്ന് വിദേശത്തേക്കും മീൻ കയറ്റുമതി ചെയ്യുന്നുണ്ട്. ചൂര എന്ന മീനിന് വിദേശ വിപണിയിൽ വൻഡിമാൻഡാണ്. അതേപോലെ കടലിലെ ചെറു മത്സ്യങ്ങൾ അലങ്കാരമത്സ്യങ്ങളെ വെല്ലുന്നവയുമാണ്. കാർട്ടൂണുകളിലും മറ്റും കാണുന്ന നിമോ മത്സ്യം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട് എന്ന് അറിയുവാൻ സാധിച്ചത്.

മാർക്കറ്റിൽ എത്തിയാൽ നാട്ടിലേതുപോലെ ഇടതൂർന്ന കടകൾ കാണാം. ദ്വീപുകളുടെ തലസ്ഥാന നഗരിയാണ് കവരത്തി. അതിനാൽ തന്നെ മറ്റ് ദ്വീപുകളെക്കാളും മികവുറ്റതാണ് ഈ ദീപ്. ജനവാസവും സർക്കാർ ഓഫീസുകളും കൂടുതലുള്ള സ്ഥലവും ഇതുതന്നെ. ഇവിടെ മൊബൈലിനേക്കാൾ കൂടുതൽ ലാൻഡ് ഫോൺ ഉപയോഗിക്കുന്നവരാണ്. ബിഎസ്എൻഎൽ ലാൻഡ് ലൈനും ബ്രോഡ്ബാൻഡും ഇവിടെയുണ്ട്. അങ്ങനെ ഒരു കടയിൽ കയറി നാട്ടിലേക്ക് ഫോൺ വിളിച്ചു. ദ്വീപിലേക്ക് വരുന്നവർ മൊബൈലിനെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം ഇവിടെ ബിഎസ്എൻഎൽ നു മാത്രമേ റേഞ്ച് ഉള്ളൂ.

അതിനിടെ പുതുതായി ആരംഭിച്ച ഒരു ഹോട്ടൽ ഞങ്ങൾ കാണുവാനിടയായി. അവിടെ ധാരാളം കടൽവിഭവങ്ങൾ ഉണ്ടായിരുന്നു. അതിന്റെയെല്ലാം സ്വാദ് ആസ്വദിച്ച് ഞങ്ങൾ അവിടെ ഇരിപ്പായി. ഹോട്ടൽ ഉടമയുമായുള്ള കുശലാന്വേഷണത്തിൽനിന്ന് അദ്ദേഹം കോഴിക്കോട്ടുകാരൻ ആണെന്ന് മനസ്സിലാക്കി. മറ്റ് സ്ഥലങ്ങളിൽ നിന്നും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി വന്നവരാണ് കടയിലെ സ്ഥിരം വരവുകാർ എന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ദ്വീപുകാരുടെ ചെറിയ വിരുന്ന് സൽക്കാരവും മറ്റും നടക്കാറുണ്ട്. സാമാന്യം നല്ല ഒരു കച്ചവടം നടക്കുന്നുണ്ട് എന്നാണ് അദ്ദേഹം ഞങ്ങളോട് പറഞ്ഞത്.

കുറച്ചുകഴിഞ്ഞപ്പോൾ അമീൻ ഞങ്ങളുടെ കൂടെ കൂടി. ദ്വീപിലെ കാര്യങ്ങളെക്കുറിച്ച് ഞങ്ങൾ വർത്തമാനം പറഞ്ഞു ഞങ്ങൾ ലോഡ്ജിലേക്ക് നടന്നു.അതിനിടെ അൻവർ ദ്വീപിനെ കുറിച്ച് വാചാലനായി . ഇവിടുത്തുകാർ ടൂറിസം പ്രമോട്ട് ചെയ്യുന്നവരല്ല. ടൂറിസ്റ്റുകളും മറ്റും അവരുടെ ആചാരാനുഷ്ഠാനങ്ങളെ മാറ്റിമറിക്കും എന്നുള്ള ചിന്താഗതിക്കാരാണ്. തീർത്തും ഒറ്റപ്പെട്ട് ജീവിക്കുന്നതാണ് ഇവിടത്തുകാർക്ക് ഇഷ്ടം. അതുമാത്രമല്ല ടൂറിസത്തിനു മാത്രമായി ഒരു ദ്വീപ് മാറ്റിവെച്ചിട്ടുണ്ട്. ബംഗാരം എന്നാണ് ആദ്വീപിന്റെ പേര്. അവിടേക്കാണ് വിദേശ ടൂറിസ്റ്റുകൾ കൂടുതലായി പോകാറാത്രെ.

സമയം ഏകദേശം പത്തുമണി ആവാറായി. പതുക്കെ പതുക്കെ ടൗണിലെ തിരക്ക് കുറഞ്ഞു തുടങ്ങി. ഞങ്ങൾ സാവധാനം ലോഡ്ജിലേക്ക് മടങ്ങിയെത്തി നാളത്തെ പരിപാടികളെ കുറിച്ച് ചർച്ച ചെയ്തു. അതിനിടെയാണ് അമീൻ മടക്കയാത്രയെ കുറിച്ച് ചോദിച്ചത്. സത്യംപറഞ്ഞാൽ ഞങ്ങൾക്ക് ഇവിടെ നിന്ന് പോകണം എന്നുണ്ടായിരുന്നില്ല. ട്രാൻസ്പോർട്ടേഷൻ ആണ് ഇവിടത്തുകാരുടെ ഏറ്റവും ബുദ്ധിമുട്ടുള്ള സംഗതി. വിചാരിക്കുമ്പോൾ ദ്വീപിൽനിന്നും പോകുവാൻ സാധിക്കുകയില്ല അതിന് ആദ്യം കപ്പൽ ചാർട്ട് ചെയ്തിരിക്കുന്നത് എന്നാണെന്ന് ആദ്യം അറിയണം. അതിനുശേഷം മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ സാധിക്കൂ.

ഇൻറർനെറ്റ് കണക്ഷൻ വളരെ സ്ലോ ആയതിനാൽ ഓൺലൈൻ ബുക്കിംഗ് വളരെ ദുഷ്കരവുമാണ്. ഈ ആഴ്ചയിൽ കൊച്ചിയിൽ പോകേണ്ടത് കാരണം കപ്പൽ ചാർട്ടിംങ്ങ് അമീൻ നോക്കിയിരുന്നു. അതുപ്രകാരം നാളെയും പിന്നെ 5 ദിവസത്തിനുശേഷവും മാത്രമേ ഇവിടെ നിന്നും കപ്പൽ കൊച്ചിയിലേക്ക് ഉള്ളൂ. നാളെ അല്ലെങ്കിൽ പിന്നെ ഇത്രയും ദിവസം ജോലിയിൽ നിന്നും വിട്ടുനിൽക്കേണ്ടകാരണം ഞങ്ങൾ നാളെ തന്നെ തിരിക്കുവാൻ തീരുമാനിച്ചു. ലക്ഷദ്വീപിലെത്തിയാൽ എല്ലാവരും തീർച്ചയായും ചെയ്യേണ്ട ഒന്നാണ് സ്കൂബ ഡൈവിംഗ്. അതിനുള്ള ഏർപ്പാടും മറ്റും ചെയ്തതിനു ശേഷം അൻവർ ലോഡ്ജിൽ നിന്നും യാത്രയായി. ഞങ്ങളും സാവധാനം ഉറക്കത്തിലേക്ക് വഴുതിവീഴാൻ തുടങ്ങി.

ഉദിച്ചുയരുന്ന സൂര്യനും കടലിൽ നിന്നും വീശുന്ന ഇളംകാറ്റും പറഞ്ഞറിയിക്കുവാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു. അതിരാവിലെ തന്നെ ഞങ്ങൾ കപ്പലിന്റെ ടിക്കറ്റ് എടുക്കാൻ പോയി. ടിക്കറ്റ് എടുക്കുവാൻ ധാരാളം ആളുകൾ അവിടെ എത്തിയിരുന്നു. ഒരു ദ്വീപിൽ നിന്ന് മറ്റൊരു ദ്വീപിലേക്കോ, കൊച്ചിയിലേക്കോ യാത്ര ചെയ്യേണ്ടവരാണ് എല്ലാം. ടിക്കറ്റ് ഓൺലൈനായും എടുക്കാൻ പറ്റും എന്ന് വരിയിൽ നിൽക്കവേ ആണ് മനസ്സിലായത്. അങ്ങനെ ഭാര്യയെ വിളിച്ച് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തു തൊട്ടടുത്തുള്ള ഹോട്ടലിൽനിന്ന് ബ്രേക്ഫാസ്റ്റും കഴിച്ച് ലക്ഷദ്വീപ് പോലീസ് സ്റ്റേഷനിലേക്ക് പോയി .

ഇവിടെ എത്തുന്ന സഞ്ചാരികൾ ലക്ഷദ്വീപ് പോലീസ് സ്റ്റേഷനിലെത്തി വെരിഫിക്കേഷൻ പൂർത്തീകരിക്കണം. അതിനായി കാലത്തുതന്നെ ഇവിടെയുള്ള പോലീസ് സ്റ്റേഷനിൽ ഞങ്ങൾ എത്തി. തീർത്തും ഒച്ചയും അനക്കവും ഇല്ലാത്ത ഒരു ഓഫീസ്. പേരിനു മാത്രം ഒരു ജയിൽ ഇവിടെ ക്രിമിനൽ കേസുകൾ ഒന്നുമില്ലാത്തതിനാൽ ജയിലിൽ തോക്കും മറ്റും വെക്കുന്നതിനുള്ള ഗോഡൗണായാണ് ഉപയോഗിക്കുന്നത്. അവിടെയുള്ള ഒരു രജിസ്റ്ററിൽ പേരും, ഒപ്പും വെച്ചതിനു ശേഷം ഞങ്ങൾ അവിടെനിന്നും ഇറങ്ങി വാട്ടർ സ്പോർട്സ് നടത്തുന്ന ഗവൺമെൻറ് ഏജൻസിയുടെ ഓഫീസിലേക്ക് ഞങ്ങൾ പോയി.

ഇവിടെ എത്തുന്ന എല്ലാ സഞ്ചാരികൾക്കും ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് സ്കൂബ ഡൈവിംഗ്. കടലിന്റെ ആഴത്തിലേക്ക് ചെന്ന് അവിടത്തെ നാട്ടുകാരെ ഒക്കെ പരിചയപ്പെട്ടു വരുക എന്നത് വളരെ മനോഹരവും വല്ലാത്ത ഒരു എക്സ്പീരിയൻസും ആണ്. പത്ത് പതിനഞ്ച് മിനിറ്റ് ആണ് സ്കൂബ ഡൈവിംഗ് ഉള്ളൂവെങ്കിലും രണ്ടുമണിക്കൂറോളം അതിനുവേണ്ടി നാം ചിലവഴിക്കേണ്ടി വരും. കടലിന്റെ ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ പ്രഷർ വേരിയേഷനും മറ്റും ചിലർക്ക് അനുഭവപ്പെടാറുണ്ട്. അതുപോലെ എന്ത് ആവശ്യം വന്നാലും അത് നമ്മുടെ കൂടെയുള്ള ട്രെയ്നറെ അറിയിക്കുന്നതിന് വേണ്ടിയുള്ള ആംഗ്യഭാഷയാണ് ആദ്യം അവർ നമുക്ക് പറഞ്ഞു തരിക.

പിന്നെ നമ്മുടെ ഗ്രൂപ്പിനെ ഓക്സിജൻ മാസ്കും സേഫ്റ്റി ഡ്രസ്സും ധരിപ്പിച്ചശേഷം ബോട്ടിൽ കയറി ആഴക്കടലിലേക്ക് കൊണ്ടുപോകും. നടുകടലിൽ എത്തിയതിനുശേഷം ഗ്രൂപ്പിലുള്ള ഓരോരുത്തരെയായി സ്കൂബ ഡൈവിംഗ് കൊണ്ടുപോകും. അങ്ങനെ അടുത്തത് എൻറെ ഊഴമായി അതുവരെ ഉണ്ടായിരുന്ന എല്ലാ ധൈര്യവും ചോർന്നു പോകുന്ന പോലെ തോന്നി. അങ്ങനെ രണ്ടും കല്പിച്ച് ഞാനും കടലിലേക്ക് എടുത്തുചാടി.

പറഞ്ഞറിയിക്കാനാവാത്ത അത്രയും വിസ്മയം നിറഞ്ഞതായിരുന്നു ആ യാത്ര. കൂട്ടം കൂട്ടമായി വരുന്ന അലങ്കാരമത്സ്യങ്ങളെ വെല്ലുന്ന തരത്തിലുള്ള മീനുകൾ, ചെറുമലകളെപോലെ നിൽക്കുന്ന പവിഴപ്പുറ്റുകൾ, സ്റ്റാർ ഫിഷ്, നക്ഷത്ര ആമകൾ, കടൽ കുതിരകൾ എന്നിങ്ങനെ കടലിലെ എല്ലാ ജീവജാലങ്ങളെയും കണ്ട് ആസ്വദിച്ച് കടലിന്റെ ആഴതട്ടിൽ നിലയുറപ്പിച്ചു. വളരെ മനോഹരമായ ദൃശ്യം മുഹൂർത്തമായിരുന്നു അത്. സ്കൂബ ഡൈവിംഗ് ഞങ്ങളെല്ലാവരും വളരെയധികം ആസ്വദിച്ചു. തീർച്ചയായും ലക്ഷദ്വീപ് സന്ദർശിക്കുന്നവർ ഇത് ചെയ്യണം. Don’t miss It.

തിരിച്ച് കരയിൽ എത്തിയപ്പോഴേക്കും അമീൻ ഒരു ബൈക്കുമായി ഞങ്ങളെ കാത്തുനിൽപുണ്ടായിരുന്നു. ഞങ്ങൾക്ക് പോകേണ്ട ഷിപ്പ് നാലരയോടെ കൂടിയെത്തും എന്നുള്ള അറിയിപ്പ് ഇതിനോടകം ലഭിച്ചിരുന്നു. അതിനു മുന്നോടിയായി ദ്വീപ് ചുറ്റി കാണുന്നതിന് വേണ്ടിയുള്ള അവസരമൊരുക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ ബൈക്കിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഞങ്ങൾ യാത്രയായി. എല്ലായിടവും തീർത്തും മനോഹരം. ഇടതൂർന്ന പച്ചപ്പുള്ള തികച്ചും ഒരു നാട്ടിൻപുറം.

ഇതിനിടെ ഞങ്ങൾ ശ്രദ്ധിച്ച ഒരു കാര്യം. പവിഴപ്പുറ്റുകളും കക്കയും മറ്റും ഉപയോഗിച്ചാണ് നിർമ്മാണപ്രവർത്തനങ്ങൾ ഒരുവിധം ഇവിടെ നടക്കുന്നത് . നമ്മുടെ നാട്ടിലേതുപോലെയല്ല.എല്ലാ നിർമ്മാണപ്രവർത്തന സാമഗ്രിഗകൾ കപ്പൽ കയറി വേണം ഇവിടെയെത്താൻ. കുറച്ചുകൂടെ മുന്നോട്ടു പോയപ്പോൾ മറ്റൊരു കടൽപ്പാലം കാണുവാൻ സാധിച്ചു. വർഷക്കാലത്ത് കപ്പലുകൾ ഇവിടെ വന്നാണ് ആളുകളെ കയറ്റാറ് എന്നാണ് അറിയുവാൻ സാധിച്ചത്. അതിനടുത്തായി ജീർണ്ണാവസ്ഥയിലുള്ള ഒരു കപ്പലിനെയും കാണുവാൻ സാധിച്ചു. ആദ്യമായി കടലിലിറങ്ങിയ ഈ കപ്പൽ കപ്പിത്താന്റെ സ്ഥല പരിചയകുറവുമൂലം പവിഴ പുറ്റുള്ളമേഖലയിലേക്ക് ഇടിച്ചുകയറി. പിന്നെ അനക്കുവാൻ പറ്റാത്ത അവസ്ഥയായി. ഏകദേശം ദ്വീപിലെ ഒരു അറ്റഭാഗമാണിത്. ഇതിനടുത്തായി ഹെലിപ്പാഡും മറ്റ് നേവി ഓഫീസുകളും കാണാം.

ഞങ്ങൾ അവിടെ നിന്നും തിരിച്ചുപോന്ന് അധികം ജനവാസമില്ലാത്ത തീരത്തിലേക്ക് പോയി. അവിടെ നിന്നും അതിമനോഹരമായ കുറച്ച് പവിഴപുറ്റും മറ്റും ശേഖരിച്ചു. ദീപിന്റെ പ്രകൃതിദത്തമായ സ്വത്താണ് ഇവ.ഇവയെ ദ്വീപ് കടത്തുന്നത് കുറ്റകരമാണ്. ചിലപ്പോഴൊക്കെ പോർട്ടിൽ പരിശോധനകളും മറ്റും ഉണ്ടാകാറുണ്ടെന്ന് അൻവർ ഞങ്ങളോട് പറഞ്ഞു. അവിടെ നിന്നും ഞങ്ങളെ കൊണ്ടുപോയത് അൻവറിന് വീട്ടിലേക്കായിരുന്നു. അൻവർ യഥാർത്ഥത്തിൽ കൽപേനി ദ്വീപ് കാരനാണ് അൻവറിനെ ഭാര്യയുടെ വീടാണ് ഇത്. ദ്വീപിലെ ആചാരമനുസരിച്ച് കല്യാണത്തിന് ശേഷം ഭർത്താവ് ഭാര്യ വീട്ടിലാണ് താമസിക്കേണ്ടത്. പിതൃസ്വത്ത് പെൺകുട്ടികൾക്ക് അവകാശം ഉള്ളതാണ്.

ആ വീട്ടിൽ അൻവറിനെ ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. അവർ ഞങ്ങൾക്ക് വേണ്ടി ഉച്ചഭക്ഷണം തയ്യാറാക്കിയിരുന്നു. ദ്വീപിലെ പ്രത്യേക വിഭവങ്ങളും കുറച്ചുനേരത്തെ അന്വേഷണത്തിനൊടുവിൽ ഞങ്ങൾ അവിടെനിന്നും യാത്രയായി. ദ്വീപിലെ സ്പെഷ്യൽ ഐറ്റമായ ചൂര ഉണക്കമീനും, തേങ്ങ വിഭവങ്ങളും നാട്ടിലുള്ളവർക്കായി വാങ്ങി ഞങ്ങൾ തിരിച്ച് ലോഡ്ജിലെത്തി ഏകദേശം നാലു മണിയായി. ലോഡ്ജിലെ വാടക കൊടുത്ത് അവരോട് സലാം പറഞ്ഞ് ഞങ്ങൾ പോർട്ടിൽ എത്തി.

കപ്പൽ എത്തിയ ലക്ഷണമൊന്നുമില്ല മറ്റു ദ്വീപുകളിൽ എല്ലാം പോയി യാത്രക്കാരുമായാണ് അവസാനം കപ്പൽ കവരത്തിയിൽ എത്തുക ഏകദേശം അഞ്ചുമണിയോടുകൂടി ഒരു വലിയ ഹോൺ മുഴക്കം ഞങ്ങൾ കേട്ടു അങ്ങ് ദൂരെയായി ഒരു കപ്പൽ നങ്കൂരം ഇട്ടിരിക്കുന്നു കപ്പലിനെ ആഴക്കടലിൽ നിന്ന് പോർട്ടിന് അടുത്തേക്ക് പവിഴപ്പുറ്റുകൾ ഉള്ളതിനാൽ വരുവാൻ സാധിക്കുകയില്ല. യാത്രക്കാർ എത്രയും പെട്ടെന്ന് ബോട്ടിൽ കയറേണ്ടതാണ് എന്നുള്ള അറിയിപ്പ് അപ്പോഴേക്കും വന്നിരുന്നു. അങ്ങനെ യാത്രക്കാരെല്ലാം കയറിയ ബോട്ട് ആഴക്കടലിലേക്ക് യാത്രയായി. ബോട്ട് സാവധാനം കപ്പലടുപ്പിച്ച് കപ്പലിൽ പിടിച്ചുകെട്ടി. ചെറിയ തിരമാലകളാൽ ബോട്ടും കപ്പലും സാമാന്യം തരക്കേടില്ലാതെ ചാഞ്ചാടുന്നു ഉണ്ടായിരുന്നു. എന്നിരുന്നാലും കപ്പലിലെയും ബോട്ടിലെയും ആളുകളുടെ സഹായത്താൽ എല്ലാവരുംതന്നെ കപ്പലിൽ കയറി.

എം.വി ലഗൂൺ എന്ന കപ്പലിലാണ് ഞങ്ങൾ കയറിയത്. ഒരു അഞ്ച് നില കെട്ടിടത്തിന്റെ അത്ര വലിപ്പവും 100 മീറ്റർ നീളവുമുള്ള ഒരു കപ്പൽ. ഞങ്ങളിരുവരും കപ്പലിൽ കയറുന്നത് ഇത് ആദ്യം. ഫുള്ളി എയർകണ്ടീഷൻ ചെയ്തിട്ടുള്ള കപ്പൽ ഞങ്ങളെ വല്ലാതെ ആശ്ചര്യപ്പെടുത്തി. കപ്പലിന്റെ ഏറ്റവും താഴത്തെ നിലയിലേക്കാണ് ബോട്ടിൽ നിന്നും നാം കയറുക. അവിടെ നിന്നും രണ്ടാമത്തെ നിലയിലുള്ള ഞങ്ങളുടെ സീറ്റിന്റെ അടുത്തേക്ക് ഓരോ ഇടവഴികളിലൂടെ കയറിയിറങ്ങി എത്തി. ട്രെയിനിലെ പോലെ സ്ലീപ്പർ ക്ലാസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ ആണ് നമുക്ക് ലഭിക്കുക.

ഞങ്ങൾ എടുത്തിരുന്നത് സ്ലിപ്പർ ക്ലാസ് ടിക്കറ്റ് ആയിരുന്നു. ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് 320 രൂപ മാത്രമാണ് ടിക്കറ്റ് ചാർജ്. അതിനാൽ തന്നെ ദ്വീപുകാർ കൂടുതലായും ആശ്രയിക്കുന്ന യാത്ര മാർഗവും ഇതാണ്. ഓരോ നിലകളിലും കപ്പലിലെ ഓരോ സ്ഥലങ്ങളിലേക്കും സൂചിപ്പിച്ചുകൊണ്ടുള്ള സൈൻ ബോർഡുകൾ കാണാം. അതിനാൽതന്നെ എങ്ങനെയാണ് ഓരോ സ്ഥലങ്ങളിലേക്ക് പോകുന്നത് എന്നത് എളുപ്പം മനസ്സിലാക്കാം. കപ്പലിൽ കയറിയാൽ പിന്നെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ എത്തിയ പ്രതീതിയാണ്. യാത്രക്കാർക്ക് വേണ്ടി മാത്രം ലിഫ്റ്റുകളും ഹോസ്പിറ്റലും കപ്പലിൻറെ ഉള്ളിലുണ്ട്. 24 മണിക്കൂറും ഡോക്ടറുടെ സേവനവും ലഭ്യമാണ്.

നടന്നുനടന്നു ഞങ്ങൾ കപ്പലിന്റെ ഏറ്റവും മുകളിൽ എത്തി. സൈറ്റ് സീൻ കാണുന്നതിനു വേണ്ടി കസാരകൾ ഇട്ടിട്ടുള്ള വിശാലമായ ഒരു ഓപ്പൺ ഏരിയ. ചുറ്റും നോക്കിയാൽ കടൽ മാത്രം. വളരെ ശാന്തമായ ഇവിടെ കാറ്റും കൊണ്ടിരിക്കാൻ വളരെ രസമാണ്. കപ്പലിൽ നിന്നും താഴേക്ക് നോക്കിയാൽ തിരമാലകളെ കീറിമുറിച്ച്, അതിനെ തള്ളിമാറ്റി പോകുന്ന കപ്പലിൻറെ ശക്തി മനസ്സിലാക്കാൻ സാധിക്കും. നുരയും പതയും കാണുവാൻ തന്നെ നല്ല രസമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനുള്ള ഹെലിപാഡ് നമുക്ക് ഇവിടെ കാണാം. ഇതിൻറെയും മുകളിലായാണ് കപ്പലിൻറെ ഗതി നിർണയിക്കുന്ന ക്യാപ്റ്റനെയും സഹപ്രവർത്തകരുടെയും ക്യാബിനുകൾ.

കടലിൻറെ സൗന്ദര്യം ആവോളം ആസ്വദിച്ച് ഞങ്ങൾ അവിടെനിന്നും ഉള്ളിലേക്ക് വന്നു. സ്ലീപ്പർ ടിക്കറ്റ് ഉള്ളവർക്ക് common ആയുള്ള ബാത്റൂംസ് ആണ് ഉള്ളത്. ഏതായാലും ഇത്രയുമൊക്കെ ആയതല്ലേ, കപ്പലിലെ ഒരു നീരാട്ടും കൂടി ആവാം എന്ന് കരുതി ഞങ്ങൾ അങ്ങോട്ട് നീങ്ങിപോയി. ലേഡീസിനും ജൻസിനും പ്രത്യേകം ഇരുവശങ്ങളിലുമായി ബാത്റൂം റൂംസിൻറെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു. വളരെ മനോഹരമായി സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് പൂർണമായും തീർത്ത ബാത്ത്റൂമുകളാണ് അവിടെ ഉണ്ടായിരുന്നത്. ഒരു നല്ല ഹോട്ടലിലേതു പോലെ അറേഞ്ചഡ് ആയിരുന്നു അതിലെ സെറ്റിംഗ്സ്.

കടലിലെ ഉപ്പുവെള്ളം ശുദ്ധീകരിച്ച ശേഷമാണ് കപ്പലിലെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. കുളിക്കുന്നതിനായി ഷവറും ടാപ്പും തുറന്നപ്പോഴാണ് വെള്ളത്തിൻറെ പ്രഷർ മനസ്സിലാക്കാൻ സാധിച്ചത്. അത്രയ്ക്ക് പ്രഷറിലാണ് വെള്ളം പുറത്തേക്ക് വന്നിരുന്നത്. അങ്ങനെ വിസ്തരിച്ച് ഒരു കുളി പാസ്സാക്കി യ തിനുശേഷം ഞാൻ തിരിച്ച് സീറ്റിനടുത്തെത്തി. കപ്പലിലെ കാര്യങ്ങൾ മനസ്സിലാക്കി വരുമ്പോഴേക്കും മൈക്കിൽ അനൗൺസ്മെൻറ് വന്നു. രാത്രി ഭക്ഷണം റെഡി ആയിട്ടുണ്ട് വേണ്ടവർ വേഗം തന്നെ മെസ് ഹാളിൽ എത്തിച്ചേരണം എന്ന്. മെസ് ഹാൾ ലക്ഷ്യംവെച്ച് ഞങ്ങളും അവിടെയെത്തി.

ഒരു ഹോട്ടലിലേതു പോലെ ടേബിളും ചെയറുകളും അറേഞ്ച് ചെയ്തിരിക്കുന്ന ഒരു വലിയ മുറി. ഒരുസ്ഥലത്ത് ഓർഡർ സ്വീകരിക്കുന്ന സ്ഥലം. എതിർവശത്ത് ഭക്ഷണം കൊടുക്കുന്ന സ്ഥലം. ചപ്പാത്തി, ബിരിയാണി, മീൻ കറി, ചിക്കൻ കറി, കുറുമ കറി എന്നിങ്ങനെ പല വിഭവങ്ങൾ ഇവിടെ ലഭ്യമായിരുന്നു. അതും വളരെ വിലക്കുറവിൽ. അങ്ങനെ രാത്രി ഭക്ഷണത്തിന് ശേഷം അന്നത്തെ ഫോട്ടോസ് എടുത്തത് എല്ലാം കണ്ട് പതിയെ പതിയെ ഉറങ്ങി. വീട്ടിൽ ഉറങ്ങുന്ന ഒരു പ്രതീതി ആണ് എനിക്ക് തോന്നിയത്. ട്രെയിനിൽ സ്ലീപ്പർ കോച്ചിലേതു പോലെ, ഒരു പക്ഷേ അതിനും മികച്ചത്.

ചക്രവാളത്തിൽ സൂര്യൻ ഉദിക്കുന്നതിനു മുമ്പേ ഞങ്ങൾ ആ കാഴ്ച കാണുന്നതിനുവേണ്ടി കപ്പലിനെ ഏറ്റവും മുകളിലെത്തി. ജീവിതത്തിൽ ഇന്നേവരെ കാണാത്ത ആ മനോഹര കാഴ്ച ഞങ്ങൾ ആവോളം ആസ്വദിച്ചു. കണ്ണെത്താ ദൂരത്ത് കടലെല്ലാതെ മറ്റൊന്നുമില്ല. ഇടയ്ക്ക് കടൽകാക്കയും മറ്റു പക്ഷികളും പറക്കുന്നത് കാണുവാൻ സാധിച്ചു. ബ്രേക്ക് ഫാസ്റ്റ് ലഭ്യമാണ് എന്ന് അപ്പോഴേക്കും മൈക്കിലൂടെ പറയുന്നുണ്ടായിരുന്നു. മെസ്സിൽ പോയി ഭക്ഷണം കഴിച്ചതിനു ശേഷം കപ്പലിലെ ഓരോ മുക്കും മൂലയും കാണുവാൻ ഞങ്ങൾ തീരുമാനിച്ചു.

ആദ്യമായി ഞങ്ങൾ പോയത് കപ്പലിലെ കിച്ചനിലേക്കാണ്. പത്ത് നൂറ് ആയിരം പേർക്ക് ഭക്ഷണം പാചകം ചെയ്യാൻ പറ്റുന്ന വലിയ ഒരു അടുക്കള! ചീഫ് ഷെഫിന്റെ അനുവാദത്തോടുകൂടി ഞങ്ങൾ അവിടെ പ്രവേശിച്ചു. അരി, ധ്യാന്യകങ്ങൾ, പച്ചക്കറി എന്നിവയുടെ വലിയ ഒരു സാഗരം അവിടെ കാണുവാൻ സാധിച്ചു. പത്തുപതിനഞ്ച് ജീവനക്കാരും അവിടെ പലവിധ ജോലികളിൽ ഏർപ്പെട്ടിരുന്നു. പാത്രങ്ങൾ കഴുകുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനുമായി പ്രത്യേകം തയ്യാറാക്കിയ ഉപകരണങ്ങൾ ഞങ്ങൾക്ക് അവിടെ കാണുവാൻ സാധിച്ചു.

അവിടെ നിന്നും നേരെ ഞങ്ങൾ ഇൻഫർമേഷൻ ഡെസ്ക്കിൽ എത്തി. അവിടെ ചാർജുള്ള ഓഫീസർക്ക് ഞങ്ങളെ സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ക്യാപ്റ്റനുമായി ഒരു അഭിമുഖത്തിനു അവസരം ചോദിച്ചു. ആദ്യം നിരസിച്ചുവെങ്കിലും ചീഫ് ഓഫീസറിന്റെ അനുമതിയോടുകൂടി ക്യാപ്റ്റനെ ഇൻഫർമേഷൻ ഡെസ്ക്കിൽ നിന്നും ഫോൺ ചെയ്തു. അങ്ങനെ ക്യാപ്റ്റൻ സമ്മതപ്രകാരം ഓഫീസർ ഞങ്ങളെ കപ്പലിനെ ഏറ്റവും മുകളിലുള്ള ക്യാപ്റ്റൻറെ റൂമിലേക്ക് കൊണ്ടുപോയി.

എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി കപ്പലിനെ നിയന്ത്രിക്കുവാനും മോണിറ്റർ ചെയ്യുവാനും സാധ്യമായ തരത്തിലായിരുന്നു റൂം. ക്യാപ്റ്റനായുള്ള കൂടുതൽ പരിചയപെടലിനുശേഷം കപ്പലിൻറെ ഏറ്റവും മുന്നിലുള്ള കോക്‌പിറ്റിലേക്കു അദ്ദേഹം ഞങ്ങളെ കൊണ്ടുപോയി. അതിവിശാലമായ ഒരു റൂം. ഇവിടെ ഇരുന്നാണ് ഉദ്യോഗസ്ഥൻമാർ കപ്പലിനെ നിയന്ത്രിച്ചിരുന്നത്. ക്യാപ്റ്റൻ കപ്പലിലെ ഓരോ ഉപകരണങ്ങളും ഞങ്ങൾക്ക് പരിചയപ്പെടുത്തി. വളരെ ആശ്ചര്യത്തോടുകൂടി ഞങ്ങൾ അതെല്ലാം കേട്ടിരുന്നു. കപ്പലിലെ ഓരോ ഉദ്യോഗസ്ഥരുടേയും ഡ്യൂട്ടികളും മറ്റും അദ്ദേഹം ഞങ്ങളോട് വിശദമായി വിവരിച്ചു.

അങ്ങനെ ഒരു നീണ്ടയാത്രക്കൊടുവിൽ (ഏകദേശം 18 മണിക്കൂർ) ഉച്ചയോടുകൂടി ഞങ്ങൾ കൊച്ചിയിലെ വില്ലിംങ്ടൺ ഐലൻഡിൽ എത്തിച്ചേർന്നു. ദ്വീപിൽ നിന്നും വരുന്ന കപ്പലുകൾ സാധാരണയായി കൊച്ചിയിലെ വില്ലിംങ്ടൺ ദ്വീപിലാണ് എത്തിച്ചേരുക. ജീവിതത്തിൽ എന്നും ഓർമ്മിക്കാൻ പറ്റിയ നിറമുള്ള രണ്ടു ദിനങ്ങൾ. എല്ലാറ്റിനും സർവ്വേശ്വരനോട് നന്ദി പറഞ്ഞു ഞങ്ങൾ കപ്പലിൽനിന്നും ഇറങ്ങി. കടലിലും കരയിലും ആകാശത്തുമായി നീണ്ടു നിന്ന ഈ സാഹസിക യാത്രയിൽ (ചുമ്മാ) എന്നോടൊപ്പം ഉണ്ടായിരുന്ന ടോബിസാറിനു തത്ക്കാലം സലാം പറഞ്ഞു ഞങ്ങൾ ഇരുവരും അടുത്ത യാത്രക്കായുള്ള കാത്തിരിപ്പു തുടരുന്നു.

എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന ഒരുപറ്റം സ്നേഹിതരുടെ പ്രചോദനമാണ് ഈ ലേഖനത്തിനു പിന്നിൽ. എന്തെങ്കിലും തെറ്റു കുറ്റങ്ങൾ ഉണ്ടെങ്കിൽ സദയം ക്ഷമിക്കുമല്ല. വളരെ ചിലവ് കുറവിൽ തെല്ലും ഭയപ്പെടാതെ പോകാവുന്ന പ്രകൃതിരമണിയമായ ഒരു സ്ഥലമാണിത്. പ്രകൃതിയെ സ്നേഹിക്കുന്ന നമ്മൾ ഓരോരുത്തരും പോയിരിക്കേണ്ട സ്ഥലം.അതിനെ കുറിച്ച് എനിക്ക് അറിയാവുന്ന രീതിയിൽ ഞാൻ ഇവിടെ വർണ്ണിച്ചിരിക്കുന്നു. തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.