വിവരണം – Firoz Pulimoodan.

കുറഞ്ഞ ചിലവിൽ നിങ്ങൾക്കുംപോകാം നീല തിളക്കത്താൽ തിളങ്ങുന്ന ലക്ഷദ്വീപിലേക്ക്.. ഞങ്ങൾ ഏഴ് പേരടങ്ങുന്ന ഒരു സംഘമാണ് ലക്ഷദ്വീപ് യാത്രക്ക് തയ്യാറായത്. യാത്രക്ക് തൊട്ടു മുൻപുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ കാരണം സഹയാത്രികരാകേണ്ട സുഹൃത്തുക്കളുടെ യാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. നിരവധി കടമ്പകൾ കടന്നാൽ മാത്രമാണ് ലക്ഷദ്വീപ് യാത്ര സാധ്യമാവുകയുള്ളൂ. അത്ര എളുപ്പത്തിൽ പോയി വരാവുന്ന ഒരിടമല്ല ലക്ഷദ്വീപ്…

കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബികടലിൽ ചിന്നി ചിതറി കിടക്കുന്ന ദീപ് സമൂഹമാണ് ലക്ഷദീപുകൾ. പോർച്ചുഗീസുകാരും ഡച്ചുകാരും അറക്കൽ ബീബിയും ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരുമാണ് ദീപ് ഭരിച്ചിരുന്നത്… സാതന്ത്യ ലബ്ദിക്ക് മുൻപ് ദ്വീപിലെ പൂർവ്വികൻമാർ അനുഭവിച്ച കഷ്ടപാടുകൾ ചെറുതല്ല. ഇന്നിത് കേന്ദ്ര ഭരണ പ്രദേശമാണെങ്കിലും ഈ ജനതയുടെ പ്രയാസങ്ങളും പ്രതികരണങ്ങളും പുറം ലോകത്തെ അറിയിക്കുവാനുള്ള ദിനപത്രങ്ങളോ ചാനലുകളോ ഇല്ലതാനും..

Photo – Jyo Photography.

ആന്ദ്രോത്, മിനികോയ്, കവരത്തി, കൽപേനി, ബംങ്കാരം, കടമത്ത്, ചെത്തിലത്ത് എന്നിങ്ങനെ 35 ദീപുകൾ ചേർന്നതാണ് ലക്ഷദീപ്. ഇതിൽ പത്തോളം ദീപുകളിൽ ജനവാസമുള്ളതാണ്. ടൂറിസത്തിന് അമിത പ്രാധാന്യം കൊടുക്കുന്ന ദ്വീപുകളിൽ സ്സ്‌കൂബാ ഡൈവിങ്ങ്, കയാകിംങ്ങ്, ഗ്ലാസ് ബോട്ടിംങ്ങ് പോലുള്ള വിസ്മയ അനുഭവങ്ങളുമുണ്ട്. കൂടുതൽ ആളുകൾ താമസിക്കുന്നത് ആന്ത്രോത്തിലാണ്. പ്രാദേശികമായ സംസാരഭാഷയുമുണ്ട്. ദീപുകളുടെ കേന്ദ്രം കവരത്തിയാണ്. BSNL ആണ് ദീപുകാർ ഉപയോഗിക്കുന്നത്. തേങ്ങയും മീനുമാണ് പ്രധാന വരുമാന മാർഗങ്ങൾ. ഭൂരിഭാഗവും സർക്കാർ ജീവനക്കാരോ മീൻ പിടുത്തക്കാരോ ആണ്. ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ രണ്ടാമത്തെ എയർപോർട്ടുള്ളത് അഗത്തിയിലാണ് …

ദ്വീപ് യാത്രക്ക് വിമാനം, കപ്പൽ എന്നിങ്ങനെ രണ്ട് മാർഗ്ഗങ്ങളാണ് ഉള്ളത്. വിമാനത്തിൽ ഒരു മണിക്കൂറും കപ്പലിൽ 12 to 35 മണിക്കൂർ വരെ യാത്ര ചെയ്യണം. വ്യത്യസ്ത നിരക്കിലുള്ള ടിക്കറ്റുകൾ കപ്പലിൽ ലഭ്യമാണ്. സമയക്കൂടുതൽ എടുക്കുമെങ്കിലും കപ്പൽയാത്രയാണ് രസകരവും ചിലവ് കുറവും. വൃത്തിയുള്ള റസ്റ്റോറന്റും ചികിത്സാ സംവിധാനവുമുള്ളതാണ് യാത്രാ കപ്പലുകൾ. യാത്രക്ക് നല്ലത് Mv കവരത്തി, Mv ലഗൂൺ, Mv കോറൽസ് എന്നീ കപ്പലുകളാണ്. എന്നാൽ Mv മിനികോയ്, Mv അമിന്ദി എന്നീ കപ്പലുകളിലുള്ള യാത്ര ദുരിതമാണ്.

കൊച്ചി, ബേപ്പൂര്, മംഗലാപുരം എന്നീ വാർഫുകളിൽ നിന്നാണ് ലക്ഷദ്വീപിലേക്ക് കപ്പലുകൾ പുറപ്പെടുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇറക്കുമതി ചെയ്യേണ്ടവരാണ് ദീപുകാർ. ഭക്ഷ്യ സാധനങ്ങളും മാംസാവശ്യത്തിനുള്ള മൃഗങ്ങളും കെട്ടിട നിർമാണ സാധനങ്ങളും ഇറക്കുമതി ചെയ്യുന്നു. നെല്ലിക്കുഴി ഫർണിച്ചറിനും ദീപിൽ പ്രാധാന്യമുണ്ട്. ശാന്തിയും സമാധാനവും സ്വസ്ഥതയുമുള്ള ഗ്രാമമാണ് ലക്ഷദീപ്. മുസ്ലീംങ്ങളാണ് ദീപുകാരിൽ ഭൂരിഭാഗവും. വീതി കുറഞ്ഞ കോൺക്രീറ്റ് റോഡുകളാണ് ദ്വീപുകളിൽ ഉള്ളത്.

ബൈക്കുകളും ഓട്ടോറിക്ഷകളും മാത്രമുള്ള ദ്വീപിൽ 100% ബൈക്ക്‌ യാത്രികരും ഹെൽമെറ്റ് ഉപയോഗിക്കാത്തവരാണ്. കുറ്റകൃത്യങ്ങളും മറ്റ് പ്രശ്നങ്ങളും ഇല്ലാത്തത് കൊണ്ട് പോലീസിന് വലിയ പണിയൊന്നുമില്ല. കള്ളും കഞ്ചാവും ഇല്ലാത്തത് കൊണ്ടാവാം കുറ്റകൃത്യങൾ ഇല്ലാത്തത്.

ലക്ഷദീപിന്റെ ആചാരവും സംസ്കാരവും വ്യത്യസ്തമാണ്. നബിദിനമാണ് ദീപുകാരുടെ വലിയ ആഘോഷം. നമ്മുടെ കലോത്സവ വേദിയിൽ നിറഞ്ഞു നിൽക്കുന്ന അറബന മുട്ട് ദീപുകാരുടെ കലാരൂപമാണ്. ഇന്ന് വിദ്യഭ്യാസ, സാമ്പത്തിക, ജീവിതസാഹചര്യങ്ങൾ സൂക്ഷമമായി പിന്തുടരുന്നരും മത മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നവരുമാണ് ദ്വീപ് നിവാസികളിൽ ഭൂരിഭാഗവും.

#എങ്ങിനെ പോകാം ദീപിലേക്ക് # മൂന്ന് മാർഗ്ഗങ്ങളിൽ കൂടി ദീപിലേക്ക് പോകാം. ഗവൺമെന്റ് പാക്കേജ്, പ്രൈവറ്റ് പാക്കേജ്, വ്യക്തി ബന്ധങ്ങൾ മുഖേന. ലാഭം വ്യക്തി ബന്ധത്തിൽ കൂടി പോകുന്നതാണ്. സ്പോൺറെ കിട്ടിയാൽ നമ്മുടെ സ്പോൺസർക്ക് ഫുൾ അഡ്രസ്, രണ്ട് ഐഡന്റിഫിക്കേഷൻ മാർക്ക്, രണ്ട് സുഹൃത്തുക്കളുടെ അഡ്രസ് എന്നിവ അയച്ച് കൊടുക്കുക. അപ്പോ ഡിക്ലറേഷൻ ലെറ്റർ കിട്ടും. നമ്മുടെ പോലീസ് സ്റ്റേഷനിൽ പോയി PCC യും എടുക്കുക. PCC കിട്ടിയാൽ PCC+ Diclaration+ 3 Phottos + fees ഉൾപ്പെടെ ഐലന്റിൽ ഉള്ള ലക്ഷദ്വീപ് ഓഫീസിൽ പെർമിറ്റിന് അപേക്ഷിക്കുക. സൂക്ഷ പരിശോധനകൾക്ക് ശേഷം ക്രമമനുസരിച്ച് 15 ദിവസത്തേക്ക് പെർമിറ്റ് കിട്ടും. പെർമിറ്റ് ആയാൽ ടിക്കറ്റ് എടുക്കാം.

ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന സമയത്ത് കൊച്ചിയിലെ സ്കാനിംങ് സെന്ററിൽ പരിശോധനക്ക് ശേഷം വാർഫിലേക്ക് പ്രവേശിക്കാം. ഷിപ്പ് പുറപ്പെടുന്നത് വൈകിട്ടോടുകൂടിയാണ്‌. കപ്പലിന് മുകളിൽ കാറ്റും കൊണ്ട് നക്ഷത്രവും നോക്കി മണിക്കൂറുകൾ നീണ്ട കപ്പൽ യാത്ര മനോഹരമായ അനുഭവമാണ്. പലർക്കും ഛർദ്ദിക്കാൻ തോന്നുമെങ്കിലും ആ യാത്രയോടും കാലാവസ്ഥയോടും നമ്മൾ പൊരുത്തപ്പെട്ട് പോകുന്നതാണ്.

കപ്പൽ ജീവനക്കാരോട് സൗഹൃദം സ്ഥാപിച്ച് ചോദിച്ചാൽ ഫോട്ടോകൾ എടുക്കില്ലെന്ന നിബന്ധനയോടെ കപ്പലിന്റെ ഉള്ളറകൾ നമുക്ക് കാണുവാനും ചിലപ്പോൾ സാധിക്കും. കപ്പലിൽ നിന്നും ഇറങ്ങി ചെറു ബോട്ടുകളിലാണ് ദ്വീപിലേക്ക് പോകുന്നത്. ദീപിലെത്തിയാൽ അവിടത്തെ പോലീസ് സ്റ്റേഷനിൽ പോകണം. തിരിച്ച് പോരുമ്പോഴും റിപ്പോർട്ട് ചെയ്യണം. ദ്വീപിൽ സഞ്ചാരികൾക്കായി സ്‌കൂബാ ഡൈവിംഗ് മുതലായ വിവിധതരം ആക്ടിവിറ്റികൾ ലഭ്യമാണ്. അതുപോലെതന്നെ വ്യത്യസ്തങ്ങളായ കടൽ വിഭവങ്ങളും ദ്വീപിൽ രുചിയ്ക്കാൻ ലഭിക്കും.

കടല് പോലെ വിശാലമായ മനസിന്റെ ഉടമകളായ ലക്ഷദ്വീപുകാർ സൽക്കാരപ്രിയരാണ്. സ്നേഹിക്കാൻ മാത്രം അറിയുന്ന സന്തോഷമുള്ള സൗഹൃദമുള്ള ഒരു ജനത.. ഒരു പ്രാവശ്യം ദ്വീപിൽ പോയാൽ ഒന്നുകൂടി പോകാൻ ആഗ്രഹം തോന്നും. അത്രമേൽ സുന്ദരമാണ് ലക്ഷദ്വീപ്. കണ്ണിന് കുളിർമയുള്ള കുറേ പുതിയ അനുഭവങ്ങൾ മനസിൽ കുറിച്ചിട്ടു കൊണ്ടാണ് ദ്വീപിൽ നിന്നും ഓരോ സഞ്ചാരിയും യാത്ര പറഞ്ഞു മടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.