കേരളജനത ഇപ്പോൾ പേടിക്കുന്ന ഒരു കാര്യമാണ് ഉരുൾപൊട്ടൽ. വെള്ളപ്പൊക്കത്തേക്കാൾ ഭയാനകമായ ഈ പ്രതിഭാസത്തെ പേടിക്കുന്നതിനൊപ്പം അവയിൽ നിന്നും രക്ഷ നേടുന്നതിനുള്ള മാർഗ്ഗങ്ങൾ കൂടി നമ്മൾ മനസ്സിലാക്കിയിരിക്കണം. അതിനു മുൻപായി എന്താണ് ഉരുൾപൊട്ടൽ എന്നു നമ്മൾ അറിഞ്ഞിരിക്കണം.
ഉരുൾപൊട്ടൽ – കഠിനമായ മഴയിൽ ഭൂമിയിൽ സംഭരിക്കപ്പെടുന്ന ജലം അതിമർദ്ദത്താൽ പുറന്തള്ളപ്പെടുന്ന പ്രതിഭാസം. മഴക്കാലത്താണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിൽ സംഭവിക്കുന്ന ഈ പ്രതിഭാസത്താൽ ഭൂമിക്കടിയിലെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ശക്തമായി പുറന്തള്ളപ്പെടുന്നു. ഭൂമികുലുക്കം, കനത്ത മഴ തുടങ്ങിയവും ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്.
ഉരുൾപൊട്ടലിനു സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ അറിഞ്ഞിരിക്കേണ്ടതും കൈക്കൊള്ളേണ്ടതുമായ ചില കാര്യങ്ങൾ : ഉരുൾപൊട്ടൽ ഉണ്ടാകുമെന്നു മുന്നറിയിപ്പ് കേട്ടാൽ പരിഭ്രാന്തരാകാതെയിരിക്കുക. കാലാവസ്ഥ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക. എമർജൻസി കിറ്റ് കരുതുകയും, വീട് വിട്ടിറങ്ങേണ്ട അവസ്ഥയുണ്ടായാൽ ഇത് കൈയിൽ കരുതുകയും ചെയ്യുക.
അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കണ്ട ഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക. ശക്തമായ മഴയുള്ള സമയങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കുക. വീട് ഒഴിയാൻ ബന്ധപ്പട്ട ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടുക.
ഉരുൾ പൊട്ടൽ ഉണ്ടാകുന്ന സമയങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ : മരങ്ങളുടെ കീഴിൽ അഭയം തേടരുത്. പ്രഥമ ശുശ്രൂഷ അറിയാവുന്നവർ മറ്റുള്ളവരെ സഹായിക്കുകയും എത്രയും പെട്ടെന്ന് അവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക. വയോധികർ, കുട്ടികൾ, ഭിന്നശേഷിയുള്ളവർ തുടങ്ങിയവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന കൊടുക്കുക. വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഉരുൾ പൊട്ടുന്ന സമയത്ത് നിങ്ങൾ വീടിനകത്താണെങ്കിൽ ബലമുള്ള കട്ടിലിൻ്റെയോ മേശയുടെയോ അടിയിൽ അഭയം പ്രാപിക്കുക.
ഉരുൾപൊട്ടൽ ഉണ്ടായതിനു ശേഷം ശ്രദ്ധിക്കണ്ട കാര്യങ്ങൾ : ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലങ്ങളിലേക്ക് അനാവശ്യമായി സന്ദർശനത്തിനു പോകാതിരിക്കുക. സംഭവസ്ഥലങ്ങളിൽ നിന്നുകൊണ്ട് സെൽഫിയോ ഫോട്ടോകളോ എടുക്കാതിരിക്കുക. ഉരുൾപൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈദ്യുതി ലൈനുകൾ ഉണ്ടോയെന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കിൽ ആ കാര്യം എത്രയും പെട്ടെന്ന് തന്ന ബന്ധപ്പട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുക. രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടസ്സമാകാതിരിക്കുക. ആംബുലൻസുകൾക്കും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക. കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധനകൾ നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം അതിനു മുതിരുക.
ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്‍റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചരുവുകളില്‍ കൃഷ്ചെയ്യുന്നതും മണ്ണും പാറയും ഖനനം നടത്തുന്നതും റോഡ് പണിയുന്നതും കെട്ടിടനിര്‍മാണവും ഒക്കെ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും അത് ഉരുൾപൊട്ടലുകൾക്കു കാരണമാകുകയും ചെയ്യും.
പശ്ചിമഘട്ട മലനിരയില്‍ ആവര്‍ത്തിച്ചുണ്ടാകുന്ന ഉരുള്‍പൊട്ടലിന്‍റെ തീവ്രത കാലം കഴിയുന്തോറും കൂടി വരികയാണ്. അത് ഇല്ലാതാക്കുവാൻ നമ്മൾ എന്തു ചെയ്യണം എന്നാണു ആലോചിക്കേണ്ടതും പ്രവർത്തിക്കേണ്ടതും.
കടപ്പാട് – അബ്ദുല്‍ഹമീദ്.ഇ, Kerala State Disaster Management Authority – KSDMA.