ബുദ്ധക്ഷേത്രത്തിലെയും ഓർക്കിഡ് ഫാമിലെയും സന്ദര്ശനങ്ങൾക്കു ശേഷം ഞങ്ങൾ പോയത് ലങ്കാവിയിലെ ഒരു കിടിലൻ വൈൽഡ് – ലൈഫ് പാർക്ക് കാണുവാനാണ്. ഏതു തരക്കാർക്കും എൻജോയ് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ സ്ഥലമാണ് ഇത്. ഇവിടെ മൃഗങ്ങളെ അടുത്തു കാണുവാനും അവയ്ക്ക് ഭക്ഷണം നൽകുവാനുമൊക്കെ സന്ദർശകർക്ക് സാധിക്കും. പുറമെനിന്നും നോക്കിയാൽ ഒരു അടിപൊളി ഷോപ്പിംഗ് മാർക്കറ്റിനെപ്പോലെയായിരുന്നു പാർക്ക് തോന്നിപ്പിച്ചത്.

പാർക്കിനുള്ളിലേക്ക് പ്രവേശിക്കുവാനായി ഇവിടെ ടിക്കറ്റ് എടുക്കണം. ഒരാൾക്ക് 39 റിങ്കറ്റാണ് ഇവിടേക്കുള്ള പ്രവേശന ഫീസ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും 22 റിങ്കറ്റ് കൊടുത്താൽ മതി. ഇതുകൂടാതെ ഫാമിലിയായി വരുന്നവർക്ക് ആനിമൽ ഫീഡ് ഉൾപ്പെടെ നല്ല പാക്കേജുകളും ലഭിക്കും. ഇവിടത്തെ മൃഗങ്ങൾക്ക് നമ്മൾ ഭക്ഷണം കൊടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനായി ഭക്ഷണക്കിറ്റുകൾ നമ്മൾ പണം മുടക്കി വാങ്ങേണ്ടതാണ്. ഒരു പാക്കറ്റിനു 6 റിങ്കറ്റ് ആണ് ചാർജ്ജ്.

അങ്ങനെ ഞങ്ങൾ ടിക്കറ്റ് എടുത്തുകൊണ്ട് പാർക്കിനു ഉള്ളിലേക്ക് പ്രവേശിച്ചു. ടിക്കറ്റിനൊപ്പം ഒരു ആനിമൽ ഫീഡിംഗ് പാക്കറ്റിനു കൂടി ഞങ്ങൾ പണമടച്ചു. അവർ അതിനായുള്ള ഒരു സ്ലിപ്പ് ഞങ്ങൾക്ക് നൽകുകയും ചെയ്തു. ഉള്ളിലേക്ക് കയറിയപ്പോൾത്തന്നെ പാർക്കിലെ ആളുകൾ ഞങ്ങളെ തത്തകളുടെ കൂടെ ഇരുത്തി ഒരു ഫോട്ടോയെടുത്തു. ഈ ചിത്രം വേണമെങ്കിൽ നമുക്ക് അവസാനം പണം കൊടുത്ത് വാങ്ങാം. വേണ്ടെങ്കിൽ വേണ്ട.. അത്രേയുള്ളൂ. ഫോട്ടോയെടുപ്പോക്കെ കഴിഞ്ഞു കുറച്ചു നടന്നപ്പോൾ കണ്ട കാഴ്ച വളരെ ഭീകരമായിരുന്നു. വലിയൊരു പാമ്പിന്റെ തോൽ പ്രദർശിപ്പിച്ചിരിക്കുന്നു. കണ്ടാൽത്തന്നെ പേടിയാകും.

ഞങ്ങൾ അകത്ത് സ്ലിപ്പ് കൊടുത്ത് അനിമൽ ഫീഡിംഗ് പാക്കറ്റ് വാങ്ങി. ഓരോരോ പക്ഷിമൃഗാദികളും കഴിക്കുന്ന ഭക്ഷണം എന്തൊക്കെയാണെന്ന് അവിടെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. അതനുസരിച്ചു വേണം നമ്മൾ പാക്കറ്റിൽ നിന്നും എടുത്ത് കൊടുക്കേണ്ടത്. ഞങ്ങൾ ആദ്യം മനോഹരങ്ങളായ തത്തകൾക്കായിരുന്നു ഭക്ഷണം നൽകിയത്. ഫുഡ് കയ്യിൽ പിടിച്ചുകൊണ്ട് തത്ത കഴിക്കുന്നത് ഞങ്ങൾ ആദ്യമായിട്ടായിരുന്നു കാണുന്നത്. തത്തകൾക്ക് ഫീഡ് ചെയ്തതിനു ശേഷം ഞങ്ങൾ മീനുകളുടെ അടുത്തേക്ക് പോയി.

മൃഗങ്ങളെയൊക്കെ ശ്വേതയ്ക്ക് ഭയങ്കര ഇഷ്ടമാണ്, പക്ഷേ അടുത്തുപോകുവാൻ പുള്ളിക്കാരിയ്ക്ക് അൽപ്പം പേടിയുമുണ്ട്. എന്നാലും വീഡിയോ എടുക്കുവാനായി ശ്വേതാ പേടിയൊക്കെ അൽപ്പം മാറ്റിവെച്ചു. ആടുകളും, കോഴികളും, മുയലുകളും ഒക്കെ വളരെ കൗതുകമുണർത്തുന്ന കാഴ്‌ചയായിരുന്നു അവിടെ. നമ്മൾ സ്ഥിരം കാണുന്ന മൃഗങ്ങളാണെന്നതിനാൽ ഞങ്ങൾ അധികസമയം അവയുടെ അടുത്ത് ചെലവഴിക്കുവാൻ നിന്നില്ല. നമ്മൾ നടക്കുന്ന വഴിയിൽ ഒരാൾ ഒരു പെരുമ്പാമ്പുമായി നിൽക്കുന്നുണ്ടായിരുന്നു. പ്രത്യേകം പണം കൊടുത്താൽ നമുക്ക് വേണമെങ്കിൽ പാമ്പിനെ തൊടുകയും വേണമെങ്കിൽ കഴുത്തിലിടുകയുമൊക്കെ ചെയ്യാം. വലിയ പേടിക്കാരിയായിരുന്ന ശ്വേതാ എന്നെ ഞെട്ടിച്ചുകൊണ്ട് ആ പെരുമ്പാമ്പിനെ തൊട്ടു. തൊടുക മാത്രമല്ല നന്നായി ഓമനിച്ചു തലോടുകയും ചെയ്തു കളഞ്ഞു മിടുക്കി…

പാമ്പിനെ തൊട്ടതിന്റെ സന്തോഷത്തിലും ഊർജ്ജത്തിലും ഞങ്ങൾ അടുത്ത ഏരിയയിലേക്ക് നീങ്ങി. ലവ് ബെർഡ്സും മെയിലുകളും ഒക്കെയായിരുന്നു പിന്നീട് ഞങ്ങളെ വരവേറ്റത്. ഞങ്ങൾ തീറ്റസാധനങ്ങൾ പുറത്തെടുത്തപ്പോൾ ലവ് ബേർഡ്സ് ഒക്കെ ഞങ്ങളുടെ കയ്യിൽ വന്നിരുന്നുകൊണ്ട് ഭക്ഷണം കഴിക്കുവാൻ തുടങ്ങി. നല്ലൊരു അനുഭവം തന്നെയായിരുന്നു അത്. ഞങ്ങളെക്കൂടാതെ കുട്ടികളടങ്ങിയ ഒരു സംഘവും അവിടെയിരുന്നു കിളികളെ തീറ്റുന്നുണ്ടായിരുന്നു.

പാർക്കിനുള്ളിൽ മൃഗങ്ങളെക്കൂടാതെ ചില ഷോപ്പുകളും ഉണ്ടായിരുന്നു. പക്ഷെ ഒടുക്കത്തെ ചാർജ്ജ് കാരണം എല്ലാം ഞങ്ങൾ കണ്ടുകൊണ്ട് മാത്രം നടന്നു. ഷോപ്പിലെ സാധനങ്ങളുടെ വില കേട്ടു തളർന്നു ഞങ്ങൾ പുറത്തേക്ക് വീണ്ടും ഇറങ്ങി. പിന്നീട് ഞങ്ങൾ പോയത് മുതലയുടെ ഒരു ഷോ കാണുവാനാണ്. ഇതിനു പ്രത്യേകം ടിക്കറ്റുകൾ ഒന്നും എടുക്കേണ്ടതില്ല. പരിശീലകർ തീറ്റ കൊടുക്കുമ്പോൾ കുളത്തിൽ കിടന്നിരുന്ന മുതലകൾ കരയിലേക്ക് കയറി. അസാധ്യ വലിപ്പമായിരുന്നു അവിടെ കണ്ട മുതലകൾക്ക്. മുതല ഷോ കഴിഞ്ഞു ഞങ്ങൾ പിന്നെ ഒട്ടകപ്പക്ഷികൾക്ക് ഭക്ഷണം നൽകുവാനായി പോയി. ആദ്യമായിട്ടായിരുന്നു ഇത്രയടുത്ത് ഒട്ടകപ്പക്ഷികളെ ഞങ്ങൾ കാണുന്നത്. അവ തീറ്റ കൊത്തിക്കൊത്തി തിന്നുന്നതു കാണുവാനുമുണ്ട് ഒരു ചന്തം. മ്ലാവുകൾ, മുയലുകൾ എന്നിവയുടെയെല്ലാം ഇടയിൽ നടന്നുകൊണ്ട് നമുക്ക് തീറ്റ കൊടുക്കുവാനുള്ള ഭാഗ്യവും ഇവിടെ വരുന്നവർക്ക് ലഭിക്കും. അങ്ങനെ ഞങ്ങൾ വാങ്ങിയ തീറ്റ മുഴുവനും മൃഗങ്ങൾക്കും പക്ഷികൾക്കും കൊടുത്തു തീർത്തു.

എല്ലാം കണ്ടുകഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ ഞങ്ങൾ ആദ്യം എടുത്ത ഫോട്ടോ അവിടെ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ടായിരുന്നു. 55 റിങ്കറ്റ് ആയിരുന്നു അതിൻ്റെ ചാർജ്ജ്. പാർക്കിൽ കയറുവാൻ അത്രയും പണം കൊടുക്കേണ്ട, പിന്നെയാ ഒരു ഫോട്ടോ.. ഞങ്ങൾ ഫോട്ടോ വാങ്ങുവാൻ കൂട്ടാക്കിയില്ല. നമ്മളെ ഫോട്ടോ വാങ്ങുവാൻ അവർ നിർബന്ധിച്ചു പുറകെ നടക്കുകയൊന്നുമില്ല കേട്ടൊ.

സത്യം പറയാമല്ലോ നമ്മുടെ രാജ്യത്ത് ഇതുപോലൊരു പാർക്ക് കാണുവാൻ സാധിക്കില്ല. കാരണം ഇവിടെ കൂട്ടിലടച്ച മൃഗങ്ങളെയല്ല നമുക്ക് കാണുവാൻ സാധിക്കുന്നത്. എല്ലാ മൃഗങ്ങളും സന്തോഷത്തോടെ ഓടി നടക്കുന്നു. ചിലപ്പോൾ നമുക്കിടയിലെ വരും അവയൊക്കെ. പെരുമ്പാമ്പുകളെ മാത്രമാണ് കൂട്ടിലടച്ചിട്ടിരിക്കുന്നവയായി കണ്ടത്. എന്തായാലും ഒരു അടിപൊളി അനുഭവമായി മാറി ഇവിടേക്കുള്ള ഞങ്ങളുടെ സന്ദർശനം. ഞങ്ങൾ രണ്ടുപേരും നന്നായി എന്ജോയ് ചെയ്തു. ലങ്കാവിയിൽ വരുന്നവർ തീർച്ചയായും ഈ വൈൽഡ് – ലൈഫ് പാർക്ക് സന്ദർശിച്ചിരിക്കേണ്ടതാണ്. ഇതൊക്കെ കണ്ടിട്ടു നിങ്ങൾക്കും ലങ്കാവിയിൽ പോകണമെന്നുണ്ടോ? ലങ്കാവി ട്രാവൽ പാക്കേജുകൾക്ക് ഈസി ട്രാവലിനെ വിളിക്കാം: 8943966600.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.