ട്രെയിനുകളിൽ യാത്ര ചെയ്യാത്തവർ കുറവായിരിക്കും. ട്രെയിനുകളെക്കുറിച്ച് നിങ്ങൾ ആലോചിക്കുന്നതു പോലെ തന്നെ അവയെ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റുമാരെക്കുറിച്ചും അവരുടെ ജോലിയെക്കുറിച്ചും ആരെങ്കിലും ചിന്തിക്കാറുണ്ടോ? സ്ഥാനപ്പേരിൽ പൈലറ്റ് എന്നൊക്കെ ഉണ്ടെങ്കിലും ഇവർക്കുള്ള സൗകര്യങ്ങൾ കണക്കാണ്. അത് മനസ്സിലാക്കിത്തരുന്നതാണ് താഴെ കൊടുത്തിരിക്കുന്ന കുറിപ്പ്. ഇന്ത്യൻ റെയിൽവേയിൽ കോഴിക്കോട്ടുള്ള ഒരു ലോക്കോ പൈലറ്റ് ഫേസ്‌ബുക്കിൽ കുറിച്ചാണ് ഈ കുറിപ്പ്.
“വേനലാണ്. ഉച്ചവെയിലിൽ ആനകൾക്കു വരെ വിശ്രമം അനുവദിച്ച് ഉത്തരവിറങ്ങി. അപ്പോഴാണ് രാത്രി മുഴുവൻ കണ്ണിമ ചിമ്മാതെ നമ്മെ സുരക്ഷിതമായി എത്തിക്കാൻ ജോലി ചെയ്ത ഒരു ലോക്കോ പൈലറ്റിന്റെ ഈ അവസ്ഥ. ചിത്രം കണ്ടില്ലേ? ചൂടു മൂലം ഉറങ്ങാൻ പോലുമാവാതെ വിശ്രമമുറിയിൽ നിന്ന് വരാന്തയിലേക്ക് സന്തോഷത്തോടു കൂടെ. വിശ്രമമുറികളിൽ ലോകത്തെവിടെയും ഇല്ലാത്ത കമ്പനികളുടെ ഫാനുകൾ കാറ്റ് പൊഴിക്കാതെ ഇരിക്കുമ്പോൾ പ്രകൃതി തന്നെ ആശ്വാസം..
ശുഭയാത്ര സുരക്ഷിത യാത്ര… ആലോചിച്ചിട്ടുണ്ടോ ഈ ട്രെയിൻ പൈലറ്റുമാർ ഭക്ഷണം കഴിക്കുന്നത് എങ്ങനെ എന്ന്? ടൈം ടേബിളിൽ ഒരഞ്ച് മിനിറ്റു സമയം പോലും അതിനായി ഇല്ല എന്നതാണ് സത്യം. ഏതെങ്കിലും സ്റ്റേഷനിൽ വണ്ടി അൽപ്പസമയം നിർത്തേണ്ടി വരുമ്പോൾ ഇവർ എങ്ങനെയെങ്കിലും എന്തെങ്കിലും ഭക്ഷണം വാങ്ങിക്കൊണ്ട് ഓടിക്കിതച്ചു എഞ്ചിനിലേക്ക് കയറും. എന്നിട്ട് ഓടുന്ന വണ്ടിയിൽ ചാഞ്ചക്കം ചാഞ്ചാടി അത് കഴിച്ചെന്നു വരുത്തുന്നു. കൈ കഴുകാൻ ഉള്ള വെള്ളം പോലും കുപ്പിയിൽ കൊണ്ടു പോകണം.
ഇവർക്ക് മൂത്രം ഒഴിക്കാനുള്ള സൗകര്യത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ അങ്ങനൊരു സൗകര്യം എഞ്ചിനിൽ ഇല്ല, അത്ര തന്നെ. ഇവർക്കായി അനുവദിക്കപ്പെട്ട താമസസ്ഥലങ്ങൾ, ജോലി ചെയ്യുന്ന എഞ്ചിൻ എന്നിവ നിയമപ്രകാരം ശീതികരിക്കപ്പെടേണ്ടവയാണ്. പക്ഷേ എഞ്ചിനിൽ ഫിറ്റ് ചെയ്തവ 10% പോലും പ്രവർത്തിക്കില്ല. അതും ഉഷ്ണക്കാറ്റ് പൊഴിക്കുന്ന ഫാനുകൾ.
പാലക്കാട് ഡിവിഷന്റ കീഴിലുള്ള പ്രധാന വിശ്രമകേന്ദ്രങ്ങൾ ആയ മംഗലാപുരം സെൻട്രൽ, കണ്ണൂർ, ഷൊർണ്ണൂർ എന്നീ സ്ഥലങ്ങളിലൊക്കെ ചൂട് അസഹ്യമാണെന്നും, അതോടൊപ്പം കൊതുക് ശല്യം രൂക്ഷമാണെന്നും പറയപ്പെടുന്നു. നിയമത്തിന്റെ നൂലാമാലകളിൽപ്പെട്ട് ഇവരുടെ വിശ്രമം താളം തെറ്റുമ്പോൾ, ഇവർക്ക് നല്ല ജോലി സാഹചര്യങ്ങൾ ഇല്ലാതാകുമ്പോൾ ഓർക്കുക അപകടം കൈയ്യകലത്താണ്. അത് ബാധിക്കുന്നത് ഇവരെ മാത്രമല്ല, ഇവരെ വിശ്വസിച്ച് യാത്ര ചെയ്യുന്ന നമ്മൾ ഓരോ യാത്രക്കാരേയുമാണ്.”
ഇന്ത്യൻ റെയിൽവേയിൽ നിരവധി നല്ല മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. യാത്രക്കാർക്കായി പലതരത്തിലുള്ള സൗകര്യങ്ങൾ ഇപ്പോൾ വന്നു കഴിഞ്ഞു. എന്നാൽ ട്രെയിനിനെ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റുമാരുടെ കാര്യമോ? അവരുടെ കാര്യത്തിൽ ആരും യാതൊരുവിധ ശ്രദ്ധ കൊടുക്കുന്നില്ല. ഇന്ത്യൻ റെയിൽവേയിലെ അധികൃതർ ഇനിയെങ്കിലും ഇവർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ തക്കവിധത്തിലുള്ള മാറ്റങ്ങൾ വരുത്തട്ടെ. നമ്മുടെ യാത്രകൾ ശുഭമാകട്ടെ… യാത്രകൾ സുരക്ഷിതവുമാകട്ടേ.
1 comment
wrong information…