കേരളത്തിൽ ദിവസങ്ങൾ നീണ്ട ലോക്ക്ഡൗണിനു ഏപ്രിൽ 20 മുതൽ ചെറിയൊരു ഇളവ് സംഭവിക്കുകയാണ് എന്ന വാർത്ത ഏവർക്കും ആശ്വാസം പകരുന്നതാണ്. ജില്ലകളെ മൂന്ന് സോണുകളാക്കി തിരിച്ചാണ് ഇളവുകൾ പരിഗണിക്കുന്നത്. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകൾ റെഡ് സോണിലും, എറണാകുളം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകൾ ഓറഞ്ച് എ സോണിലും, വയനാട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, തിരുവനന്തപുരം ജില്ലകൾ ഓറഞ്ച് ബി സോണിലും, കോട്ടയം, ഇടുക്കി ജില്ലകൾ ഗ്രീൻ സോണിലുമാണ്.
റെഡ് സോണിലുള്ള ജില്ലകളിൽ മെയ് 3 വരെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ തുടരും. ഓറഞ്ച് എ സോണിലുള്ള ജില്ലകളില്‍ 24 ന് ശേഷവും ഓറഞ്ച് ബി സോണിലുള്ള ആലപ്പുഴ, പാലക്കാട്, തിരുവനന്തപുരം, വയനാട്, തൃശൂര്‍ ജില്ലകളില്‍ 20 മുതലും ഭാഗികമായ ഇളവുകള്‍ അനുവദിക്കും. ഗ്രീന്‍ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് സാധാരണ ജനജീവിതം അനുവദിക്കും.
ആളുകൾക്ക് വാഹനങ്ങൾ നിരത്തിലിറക്കുന്നതിനും പ്രത്യേകം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. കുറച്ചുകാലം മുൻപ് ഡൽഹിയിൽ പരീക്ഷിച്ചിരുന്നതു പോലെ ഒറ്റ – ഇരട്ട നമ്പറുകള്‍ ക്രമീകരിച്ചാകും വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുക. തിങ്കള്‍ , ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റ അക്ക നമ്പറുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ ഇരട്ട അക്ക നമ്പറുള്ള വാഹനങ്ങളും അനുവദിക്കും.
ജില്ലാതിർത്തി കടന്നുള്ള സഞ്ചാരത്തിന് ഈ ഇളവുകൾ ബാധകമായിരിക്കില്ലെന്നും പോലീസ് പറയുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ജില്ലതിർത്തി കടന്നുള്ള യാത്രകൾ അനുവദിക്കുകയുള്ളൂ. ഇതിനായി പെർമിഷൻ എടുക്കുകയോ, സത്യവാങ്മൂലം കൈയിൽ കരുത്തുകയോ വേണം. ബസ്, ഓട്ടോ, ടാക്സി മുതലായ ഗതാഗത സംവിധാനങ്ങൾക്ക് ഈ ഇളവുകൾ ബാധകമല്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയങ്ങള്‍, ബാറുകള്‍, വിദേശ മദ്യ വില്പനശാലകൾ എന്നിവയ്ക്ക് പ്രവർത്തിക്കുവാൻ ഇനിയും അനുമതി ലഭിച്ചിട്ടില്ല. വിവാഹങ്ങള്‍ക്കും ശവസംസ്‌കാര ചടങ്ങുകള്‍ക്കും 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.
റെഡ് സോണ്‍ ഒഴികെയുള്ള എല്ലാ സോണുകളിലും ബാങ്കുകള്‍ സാധാരണ സമയക്രമത്തില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. ഓറഞ്ച് ബി സോണില്‍ നിര്‍മാണ മേഖലയിലും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഈ സോണിലുള്ള ഹോട്ടലുകള്‍ക്ക് വൈകീട്ട് ഏഴു വരെ പ്രവര്‍ത്തിക്കാം. മാസ്ക്കിന്‍റെ ഉപയോഗം, സാമൂഹിക അകലം, സാനിറ്റെസേഷന്‍ എന്നിവ എല്ലാ ജില്ലകളിലും തുടരും.