വിവരണം – വിഷ്ണു പ്രസാദ്.
മനുഷ്യനെ സംബന്ധിച്ചിടത്തോളം യാത്രകൾ എന്നും ഉന്മാദം പകർന്നു തരുന്ന ലഹരിയാണ്. പുത്തൻ അറിവുകളും പുത്തൻ കാഴ്ചകളും തേടി നാടിനെ അറിഞ്ഞ് പ്രകൃതിയെ തൊട്ടുണർത്തി ഭൂമിദേവി നമ്മുടെ മുന്നിൽ ഇരുകരങ്ങളും നീട്ടി നിൽക്കുകയാണ്. മാർച്ച് മാസത്തിലെ ഒരു ബുധനാഴ്ച ദിവസമാണ് ലോണാവാല സന്ദർശിക്കുവാൻ ഞാൻ എത്തിച്ചേരുന്നത്. ചരിത്രാതീത കാലഘട്ടം മുതൽ മനുഷ്യവംശത്തിന്റെ പടയോട്ടങ്ങളുടെയും പിടിച്ചടക്കലുകളുടെയും കഥകൾ പറഞ്ഞുതരുന്ന വിസ്മയമാണ് ലോണാവാല.
പശ്ചിമഘട്ടമലനിരകളുടെ ഏറ്റവും ഭംഗിയുള്ള ഭാഗമായി എനിക്ക് തോന്നിയ പ്രദേശങ്ങളിലൊന്നാണ് ലോണാവാല. ഒരുകാലത്ത് ഉത്തരേന്ത്യയിൽ ദക്ഷിണേന്ത്യയും തമ്മിലുള്ള അതിർത്തി പോലെ കരുതിയിരുന്ന ഭാഗമാണ് ലോണാവാല.പ്രകൃതി തന്റെ ചട്ടക്കൂടുകൾ കൊണ്ട് മായാജാലം തീർക്കുന്ന മഹാരാഷ്ട്രയിലെ നഗരം. ട്രക്കിംഗ് പ്രേമികളുടെ പ്രധാന ഭാഗം. ഞാൻ ലോണവാല എത്തിയപ്പോൾ ആദ്യമേ കണ്ടത് ഭാജ ഗുഹകൾ എന്ന ബുദ്ധമത വിസ്മയമാണ്.
മുന്നേ ഒരു പോസ്റ്റിൽ അതിന്റെ വിവരണം ഞാൻ നൽകിയിരുന്നു. മാറാത്ത ചക്രവർത്തിയായിരുന്ന ശിവജി മഹാരാജാവിന്റെ തെരോട്ടങ്ങളുടെ കഥയാണ് ഇവിടുത്തെ ഓരോ മനുഷ്യനും പറഞ്ഞുതരുവാൻ ഉള്ളത്. ഭാജ ഗുഹകൾ കണ്ടതിനുശേഷം വിസപുർ കോട്ടയായിരുന്നു എന്റെ ലക്ഷ്യം. അതിനായി ഭാജ ഗുഹയുടെ ടിക്കറ്റ് കൗണ്ടറിൽ ഇരുന്ന മനുഷ്യൻ പറഞ്ഞു തന്ന വഴിയെയായിരുന്നു എന്റെ സഞ്ചാരം. കുത്തനെയുള്ള മലയിടുക്കിലൂടെ ഒരു ലിറ്റർ കുപ്പി വെള്ളവുമായി ഞാനെന്റെ യാത്രതുടർന്നു.
യാത്ര തുടരും തോറും അസഹനീയമായ ചൂടായിരുന്നു അന്തരീക്ഷത്തിന്. വഴി പറഞ്ഞു തരുവാൻ ഇടുങ്ങിയ കാടുകൾ പോലെ കാണപ്പെട്ട ആ ഭാഗത്ത് യാതൊരു മനുഷ്യനും ഉണ്ടായിരുന്നില്ല. ആകാശത്ത് സൂര്യൻ ഏറ്റവും തീക്ഷ്ണമായ ഭാവത്തിൽ മിന്നിത്തിളങ്ങുന്നു. ഏകദേശം ഒന്നര മണിക്കൂറോളം കഴിഞ്ഞപ്പോഴേക്കും കയ്യിലെ ജലത്തിന്റെ ഭൂരിഭാഗവും തീർന്നിരുന്നു. എങ്കിലും ദൂരെ മലമുകളിൽ കോട്ട കവാടത്തിലെ കരിങ്കൽ അതിർത്തികൾ കണ്ടുതുടങ്ങിയിരുന്നു. ശരീരമാസകലം ജലലഭ്യത കുറഞ്ഞിരുന്നതിനാൽ ഉപ്പ് പൊടിയാൻ തുടങ്ങിയിരുന്നു. വഴി കാണിക്കാനോ ചോദിക്കാനോ ആരുമില്ലാത്ത അവസ്ഥ. അങ്ങനെ ഓരോ ചുവടുകളിലും ഹൃദയം ഘോര ശബ്ദത്തിൽ മിടിക്കുവാൻ തുടങ്ങിയിരുന്നു.
ദൈവത്തിന്റെ അനുഗ്രഹം പോലെയാണ് കാടിനു നടുവിൽ ഒരു പഴയ വീട് ശ്രദ്ധയിൽപ്പെട്ടത്. കാലികളെയും കന്നുകാലികളെയും വെച്ചിരുന്ന ഒരു വൃദ്ധൻ ആയിരുന്നു ആ വീടിന്റെ ഉടമ. ബാഗും തൂക്കി സഞ്ചരിച്ചിരുന്ന ഞാൻ ചോദിച്ച പല കാര്യങ്ങളും അദ്ദേഹത്തിന് മനസ്സിലാകുന്നില്ലായിരുന്നു. അദ്ദേഹം മറാട്ടി ഭാഷയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. അവസാനം ആംഗ്യഭാഷയിലൂടെ അദ്ദേഹം എനിക്ക് വഴി കാണിച്ചു തന്നു. കാട്ടുവഴിയിലൂടെ കാൽ നടപ്പാതകൾ പോലും ദൃശ്യമാകാത്ത വഴിയിലൂടെ ഞാൻ നടന്നു. വീടുകൾക്ക് ഇരുവശവും വള്ളിപ്പടർപ്പുകളും കല്ലുകളും നിറഞ്ഞിരുന്നു.
അപ്പോഴാണ് ഒരു ഭാഗത്ത് കല്ലുകളിൽ തീർത്ത ഒരു പീരങ്കി കുഴൽ ശ്രദ്ധയിൽപെട്ടത്. ഏകദേശം തൊട്ടടുത്തുതന്നെ ആയി മനുഷ്യരുടെ ശബ്ദവും കേട്ടു തുടങ്ങി. ഞാൻ പതിയെ കൂവാൻ ആരംഭിച്ചു. തിരിച്ചു മറുപടിയും ലഭിച്ചു. അങ്ങനെ ആ ഭാഗം ലക്ഷ്യമാക്കി യാത്രയായപ്പോൾ മലമുകളിൽ നാരങ്ങാ സോഡാ വിൽക്കുന്ന ഒരു മനുഷ്യനെ കണ്ടുകിട്ടിയത്. പിന്നീട് അദ്ദേഹത്തിനൊപ്പം ആയിരുന്നു യാത്ര. ഏകദേശം രണ്ടരമണിക്കൂറോളം നടന്നുകയറി ആണ് കോട്ടയുടെ മുകളിൽ എത്തിപ്പെട്ടത്.
കോട്ടയുടെ ഭൂരിഭാഗവും നാമാവശേഷമായി തീർന്നിരിക്കുന്നു. കോട്ടയുടെ മുകളിൽ നിന്നുള്ള കാഴ്ചകളാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ദൂരെ ലോഹഗഡ് കോട്ട അതിന്റെ ഏറ്റവും മികച്ച പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്നു. മലാവ്ലി റെയിൽവേ സ്റ്റേഷനും ഗ്രാമവും മറ്റു മലനിരകളും കോട്ടയുടെ മുകളിൽ നിന്ന് കാണുവാൻ മനോഹരമായിരുന്നു. കോട്ടയിൽ ഇപ്പോൾ ശേഷിക്കുന്നത് കരിങ്കൽ ഭിത്തികളും കുളങ്ങളും കാറ്റിൽ പാറിക്കളിക്കുന്ന രാജാവിന്റെ ഒരു പതാകയുമാണ്.
1713 മുതൽ 1720 വരെയുള്ള വർഷത്തിൽ മറാത്ത സേനയിലെ ആദ്യത്തെ നേതാവായ ബാലാജി വിശ്വനാഥ് ആണ് ഈ കോട്ട സ്ഥാപിച്ചത്. മറാത്ത രാജവംശത്തിന്റെ ഖജനാവ് ആയിരുന്നു ഈ കോട്ട എന്നും പറയപ്പെടുന്നു. അതുപോലെതന്നെ പഞ്ചപാണ്ഡവർ നിർമ്മിച്ച കുളം എന്നറിയപ്പെടുന്ന ഒരു കുളവും ഇവിടെ സ്ഥിതി ചെയ്തിരുന്നു. അതിനു ശേഷം പതിയെ ലോഹഗഡ് കോട്ടയിലേക്ക് ഞാൻ യാത്ര തുടർന്നു.
മൺസൂൺ കാലഘട്ടത്തിലാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. പച്ചപ്പുകളും ജല നിർഭയവുമായ മൺസൂൺ കാലം സഞ്ചാരികൾക്ക് മഴവിൽ വർണ്ണങ്ങൾ ഉള്ള കാഴ്ചകൾ സമ്മാനിക്കുന്നു എന്നതിൽ സംശയമില്ല. അവിടെനിന്നും മലയിറങ്ങി ഏകദേശം 30 നിമിഷം കൊണ്ട് നമുക്ക് ലോഹഗഡ് കോട്ടയിൽ എത്തിച്ചേരാവുന്നതാണ്. വാഹനമുള്ളവർക്ക് വിസപുർ കോട്ടയുടെ തൊട്ടുതാഴെ വരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. തിരിച്ചു ഇറങ്ങും വഴിയാണ് ആ കാര്യം എന്റെ ശ്രദ്ധയിൽപെട്ടത്.
ഗ്രാമീണത നിറഞ്ഞ ആ വഴികളിലൂടെ ഞാൻ ഏകനായി നടന്നു. വെളുത്ത തൊപ്പി ധാരികളായ മനുഷ്യരും സാരി തട്ടം പോലെ ധരിച്ച് സ്ത്രീകളും സാരിയും ഷീറ്റുകൾ കൊണ്ടും മറച്ച ഭവനങ്ങളും വഴിയരികിലെ കാഴ്ചകളാണ്. വഴിയരികിലെ ഒരു ഹോട്ടലിൽ നിന്ന് ഞാൻ പതിയെ ഭക്ഷണം കഴിച്ചു. സഞ്ചാരികളോട് എനിക്ക് പറയുവാനുള്ളത് കൂടുതലും ഈ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ ഭക്ഷണം കയ്യിൽ കരുതുന്നത് തന്നെയാണ് നല്ലത്. അത്രയധികം വൃത്തിഹീനം ആയിരുന്നു ഹോട്ടൽ.
അതിനുശേഷം ഞാൻ പതിയെ ലോഹഗഡ് കോട്ടയുടെ താഴ്വാരത്ത് എത്തിച്ചേർന്നു. മറാത്ത രാജവംശ കാലത്തെ മറ്റൊരു പ്രധാനമായ കോട്ടയായിരുന്നു ഇത്. സൂറത്തിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കൾ സൂക്ഷിക്കാനായി ഉപയോഗിച്ചിരുന്ന കോട്ടയായിരുന്നു ഇത്. ഒരുപാട് രാജവംശങ്ങൾ കൈമാറ്റം ചെയ്യപ്പെട്ട കോട്ടയാണിത്. ഒടുവിൽ മറാത്ത രാജവംശത്തിന്റെ മന്ത്രിമാരിൽ ഒരാളായ നാനാ ഫട്നവിസ് കുറച്ചുകാലം ചെലവഴിച്ചിരുന്ന കോട്ട കൂടിയാണിത്. കല്ലുകൾ പതിച്ച കുത്തനെയുള്ള പടികളിലൂടെയാണ് യാത്ര. ചില ഭാഗങ്ങൾ പിരിയൻ ഗോവണി പോലെ നിർമ്മിക്കപ്പെട്ടിരിക്കുന്നു. വഴികളിലെ പീരങ്കികളും മറ്റു യുദ്ധസാമഗ്രികളും കോട്ടയുടെ പ്രതാപകാലം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഏകദേശം അരമണിക്കൂറോളം സമയമെടുത്താണ് ഞാൻ മുകളിൽ എത്തിച്ചേർന്നത്. വിശാലമായി പരന്നുകിടക്കുന്ന കോട്ട. ആദ്യമേ നമുക്ക് കാണുവാൻ സാധിക്കുന്നത് പേർഷ്യൻ നിർമ്മിതിയിലുള്ള ഒരു ശവകുടീരമാണ്. അതിനുശേഷം ഇക്കാലമത്രയും ശുദ്ധജലം മാത്രം ഉൽപ്പാദിപ്പിക്കുന്ന ഭൂഗർഭ ജലസ്രോതസ്സ് എന്നിൽ അത്ഭുതമായ പ്രതീതി ഉളവാക്കി. പിന്നീട് ഞാൻ കണ്ടത് കേരളത്തിലെ ക്ഷേത്ര കുളങ്ങളെ അനുസ്മരിപ്പിക്കുന്ന കൽപ്പടവുകൾ നിറഞ്ഞ ജലസംഭരണിയാണ്. വരൾച്ചയും ജലക്ഷാമവുമായി ബുദ്ധിമുട്ടുന്ന ഇന്ത്യൻ ജനതയ്ക്ക് ഒരു ഉദാഹരണം കൂടിയാണ് ഈ കോട്ട.
പിന്നീട് ഞാൻ കണ്ടത് പച്ച നിറത്തിലുള്ള തോരണങ്ങൾ വിരിച്ച രണ്ട് കബറുകളാണ്. കോട്ടയുടെ നിർമ്മാണരീതി തന്നെ നമ്മിൽ അൽഭുതം ഉളവാക്കുന്നതാണ്. പശ്ചിമഘട്ടമലനിരകളുടെ ഭംഗി മുഴുവനായും തന്നെ നമുക്ക് അവിടെ നിന്ന് ആസ്വദിക്കുവാൻ സാധിക്കും. ആകാശം കാർമേഘങ്ങളാൽ അലങ്കരിക്കപ്പെടാൻ തുടങ്ങിയതിനാൽ ഞാൻ പതിയെ തിരികെയുള്ള യാത്ര തുടർന്നു. ഏകദേശം ഒന്നരമണിക്കൂറോളം വീണ്ടും നടന്നതിനു ശേഷമാണ് ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തപ്പെട്ടത്.