കൊറോണ വിഷയം കത്തിനിൽക്കുന്ന ഈ അവസരത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നവർക്ക് എയർപോർട്ടുകളിൽ നല്ല രീതിയിലുള്ള മെഡിക്കൽ ചെക്കപ്പുകൾ അഭുമുഖീകരിക്കേണ്ടി വരുന്നുണ്ട്. മിക്കയാളുകളും ഈ ചെക്കപ്പുകൾ വലിയൊരു ബുദ്ധിമുട്ടേറിയ കടമ്പയാണെന്ന രീതിയിലാണ് ധരിച്ചു വെച്ചിരിക്കുന്നത്. എന്നാൽ നമുക്കും ഒപ്പം സമൂഹത്തിനും വേണ്ടിയുള്ളതാണിത് എന്നകാര്യം ചിലരെങ്കിലും മറക്കുന്നു.

ലോകം മുഴുവൻ കൊറോണ ഭീഷണിയിൽ നിൽക്കുന്ന ഈ ദിവസങ്ങളിൽ ലണ്ടനിൽ നിന്നും ദുബായ് വഴി കൊച്ചിയിലെത്തിയ, ജേർണലിസ്റ്റ് കൂടിയായ രാജേഷ് കൃഷ്ണ എന്ന യാത്രക്കാരൻ്റെ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സിയാലിന്റെ ഒഫീഷ്യൽ പേജ് ഇദ്ദേഹത്തിന്റെ കുറിപ്പ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ആ ഫേസ്‌ബുക്ക് കുറിപ്പ് താഴെ കൊടുക്കുന്നു.

“ദാ ഇപ്പൊ നാട്ടിലെത്തി. ലോകം മുഴുവൻ കൊറോണ ഭീതിയിൽ ഉള്ളപ്പോഴാണ് യാത്ര ചെയ്യേണ്ടി വന്നത്. രണ്ട് ലോകോത്തര എയർപോർട്ടുകളായ ലണ്ടൻ ഹീത്രൂവും ദുബായും വഴി കൊച്ചിയിലെത്തി. ഹീത്രൂവിൽ ഒരു ആവറേജ് തിരക്ക് മാത്രം. ദുബായ് എയർപോർട്ട് അക്ഷരാർത്ഥത്തിൽ മരുഭൂമിയാണ്. ജോലിക്കാർ മാത്രമുണ്ട്. ലണ്ടൻ ദുബായ് ഫ്‌ളൈറ്റിൽ മിക്ക റോയിലും ഓരോരുത്തർ മാത്രമായതിനാൽ കിടന്നു തന്നെ വന്നു. കൊച്ചി ഫ്ളൈറ്റിലും സ്ഥിതി വ്യത്യസ്ഥമല്ല.

പക്ഷെ ഒന്ന് പറയാതെ വയ്യ. കൊച്ചിയിലെ ഉദ്യോഗസ്ഥരുടെ അത്യധ്വാനം. മാസ്ക് വയ്ക്കാത്ത ഒരു ഉദ്യോഗസ്ഥനെയും കൊച്ചി എയർ പോർട്ടിൽ കണ്ടില്ല. ബ്രഡ്ജ് ഓപ്പറേറ്റിങ്ങ് സ്റ്റാഫ് മുതൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ, ഡ്യൂട്ടീ ഫ്രീ സ്റ്റാഫ് എന്ന് വേണ്ട ഒടുവിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെ, കേരളത്തിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം മാസ്ക് ഉപയോഗിക്കുന്നു.

ഓരോ യാത്രക്കാരന്റെയും ടെമ്പറേച്ചർ പരിശോധിക്കുന്നു. ഒരേ തരത്തിലുള്ള രണ്ട് ഫോമുകൾ ഫില്ല് ചെയ്ത് വാങ്ങുന്നു. അതിൽ കൃത്യമായ മേൽവിലാസം, ബന്ധപ്പെടാനുള്ള നമ്പർ, കഴിഞ്ഞ ദിവസങ്ങളിലെ യാത്രവിവരങ്ങൾ എന്നിവ പൂരിപ്പിക്കാൻ സ്ഥലമുണ്ട്. വരുന്ന യാത്രക്കാരെ ആരോഗ്യ വകുപ്പ് ആദ്യം സ്ക്രീൻ ചെയ്യുന്നു. പിന്നെ എമിഗ്രേഷനിലും ചോദ്യങ്ങൾ. രണ്ടാമത്തെ ഫോം ഒന്നു തന്നെയല്ലേ പിന്നെന്തിന് വീണ്ടും പൂരിപ്പിക്കണം എന്ന് പറഞ്ഞ് കയർത്ത ‘മാന്യന്’ നല്ല നമസ്കാരം.

നമ്മൾ നമ്മുടെ സമൂഹത്തിനായി സ്വയം പ്രതിരോധിക്കേണ്ട സമയമാണ്. ആരും അറിഞ്ഞു കൊണ്ട് രോഗം വരുത്തുകയില്ല. പക്ഷെ നമ്മുടെ നിരുത്തരവാദപരമായ സമീപനം രോഗം പടർത്തിയേക്കാം. കുറച്ച് ദിവസത്തേക്ക് ‘അമിത’ സൗഹൃദ സന്ദർശനങ്ങളിൽ നിന്ന് മാറി നിൽക്കാനാണ് തീരുമാനം. എയർപോർട്ടിൽ നിന്ന് ഇറങ്ങിയതു മുതൽ, ടാക്സി ഡ്രൈവർ മുതൽ അടുത്ത് ബന്ധപ്പെടുന്നവരുടെ ഒരു ലിസ്റ്റും സൂക്ഷിക്കുന്നുണ്ട്. നാളെ എന്നത് നമ്മുടെ കയ്യിലല്ലല്ലോ.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.