വിവരണം – Denny P Mathew.
കൊറോണക്കാലത്തെ എന്റെ ലണ്ടൻ യാത്രക്ക് സാനിട്ടയിസറുകളുടെ ഗന്ധമായിരുന്നു. പതിനൊന്നു മണിക്കൂറുകൾ തുടർച്ചയായി പറന്ന വിമാനം ഇരുളിന്റെ താഴ്വാരങ്ങളൊന്നും താണ്ടിയില്ല. നാട്ടിലെ ഉച്ചക്ക് തുടങ്ങിയ യാത്ര ഇരുള് വീഴും മുൻപേ സമയത്തിന്റെ രേഖകൾ താണ്ടി വീണ്ടും പ്രകാശമുള്ള ഏതോ നാട്ടിലെത്തി. ഇരുള് കാണാഞ്ഞത് കൊണ്ടാവണം ഫ്‌ളൈറ്റിൽ കുഞ്ഞുങ്ങളൊക്കെ ഉറങ്ങാതെ ഒച്ചവെച്ചു തൊടിയിലെന്നപോലെ ഓടിനടക്കുന്നുണ്ട്.
ദൈവങ്ങളുടെ മുന്നിൽ മാത്രം കരയാൻ ഇഷ്ടപ്പെട്ടിരുന്ന ഞാൻ, നാളുകൾക്കു ശേഷം പിന്നിലുപേക്ഷിച്ചു പോകുന്ന മനുഷ്യരെയോർത്തു കാറിലിരുന്ന് മുഖം പൊത്തികരഞ്ഞു. അത് കണ്ട് നെഞ്ചു കലങ്ങിയ കൂട്ടുകാരനും കണ്ണുതുടച്ചു. ഒരു ദൈവവും ഇന്നെന്റെ കൂട്ടിനില്ല, പക്ഷെ എനിക്ക് വേണ്ടി കരയാൻ ഞാൻ കുറച്ചു മനുഷ്യരെ സമ്പാദിച്ചു കഴിഞ്ഞിരിക്കുന്നു. എം. മുകുന്ദന്റെ ‘കുടനന്നാക്കുന്ന ചോയി’ ആകാശത്തു വച്ചു ഞാൻ വായിച്ച പുസ്തകമെന്ന നിലയിൽ എന്നും ഓർമ്മിക്കപ്പെടും. 224 ആമത്തെ അവസാന താളും വായിച്ചു തീർത്തപ്പോൾ യാത്ര അവസാനിക്കാൻ ഒരു മണിക്കൂർ കൂടി മാത്രമായിരുന്നു ബാക്കി. കടലുകൾക്കക്കരെ ഷൈജ കാത്തിരിക്കുന്നു, കടലിനിക്കരെ കണ്ണുതുടച്ച് കുറേപ്പേർ കൈകൾ വീശുന്നു. ജീവിതമെന്ന നെല്ലിക്കായ തിന്ന് ഞാൻ കുഴഞ്ഞു. ഹീത്രോ എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ സമയം വൈകുന്നേരം ആറുമണി.
ലണ്ടൻ നഗരത്തിന്റെ തിരക്കുകളിൽ നിന്നൊക്കെ മാറിയാണ് സാലിസ്ബറി എന്ന ഗ്രാമം. ഓടിട്ട വീടുകൾക്ക് നാട്ടിലെ വീടുകളെക്കാളും അൽപ്പം ഉയരം കൂടിയെന്നൊരു വ്യത്യാസം. ചിമ്മിനികൾക്കരികിൽ പ്രാവുകൾ കുറുകുന്നു. ഇടുക്കിയിലെ വീടുകൾ പോലെ എല്ലാ മുറ്റത്തും നിറയെ പൂച്ചെടികളും മരങ്ങളും. ഒരു കുഞ്ഞിക്കിളി നാളുകളലഞ്ഞു തുന്നിയ കൂട്. അതായിരുന്നു ഞങ്ങളുടെ സലിസ്ബറിയിലെ വീട്. തനിയെ അലഞ്ഞു ഷൈജ വാങ്ങിയെടുത്തതാണ്.
നിറയെ വെളിച്ചം കടക്കുന്ന മുറികൾ. ജനാലകൾക്കരികിൽ പൂചട്ടിയിൽ ചുവപ്പും വെള്ളയും പിങ്കും നിറമുള്ള പൂക്കൾ ചിരിച്ചു നില്കുന്നു. സൂര്യപ്രകാശത്തിൽ മാത്രം ഇടുപ്പിളക്കി നൃത്തം ചെയ്യുന്നൊരു സോളാർകുട്ടിപ്പാവയും. ഈ വീടുനിറയെ പൂക്കൾ കൊണ്ട് നിറക്കണമെന്നാണ് അവൾക്കാഗ്രഹം. നാട്ടിൽ നിന്നു കൊണ്ടുവന്ന കറിവേപ്പിന്റെയും പനിക്കൂർക്കയുടെയും തൈകൾ ബ്രിട്ടീഷുകാരന്റെ മണ്ണിൽ ഞങ്ങളെപ്പോലെ വേരുറപ്പിക്കുന്നു . തളിർക്കുമോ വാടുമോ എന്ന് കാലം പറയട്ടെ. നാളെ അവർക്കും എന്റെ UK ജീവിതത്തിനും ഒരേ പോലെ പ്രായമാകും.
ഹാളിലിരുന്നാൽ എതിർ വശത്ത് കന്യകാമേരിയുടെ പേരിൽ പണിത എഴുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ പള്ളിയുടെ ഗോപുരം. ദുബായിൽ ഒട്ടുമിക്ക കോണിൽ നിന്ന് നോക്കിയാലും ബുർജ് ഖലീഫ കാണാം എന്നതുപോലെയാണ് സാലിസ്ബറിയിൽ പള്ളിയുടെ ഗോപുരവും. പള്ളിക്കും ഞങ്ങൾക്കുമിടയിൽ ഒരു നിര ഓടിട്ട വീടുകളുണ്ട്. അതിന്റെ ജനാലകളൊക്കെ സദാ അടഞ്ഞുകിടക്കുന്നു. താമസക്കാരിൽ ചിലരെ ഉച്ചനേരത്ത് ചെടികൾക്കിടയിൽ വെയിലുകായുന്ന നിലയിൽ കാണാം. ഞങ്ങളുടെ കിടപ്പുമുറിയുടെ വശത്താണ് സൂര്യോദയം. ഹാളിന്റെ വശത്തെ പള്ളിക്കു പിന്നിലാണ് അസ്തമയം.
മതില്കെട്ടിനുള്ളിലെ ആപ്പിൾ മരങ്ങൾക്കു താഴെ പിങ്ക് നിറമുള്ള ആപ്പിളുകൾ, പെറുക്കാൻ കുട്ടികളില്ലാതെ അനാഥമായി പൊഴിഞ്ഞു വീഴുന്നു. ക്വറന്റൈൻ കഴിഞ്ഞെങ്കിൽ ഇറങ്ങിയത് പെറുക്കിയെടുത്തേനേ ഞാൻ. വരട്ടെ, ഇവിടമാകെ നടന്നുകാണാൻ 10 ദിവസം കൂടി ഞാൻ കാത്തിരിക്കണം. രാത്രി മീനച്ചാറും ചമ്മന്തിപൊടിയും കൂട്ടി ചോറ് കഴിക്കുമ്പോൾ വീട് പിന്നെയും നാവിലേക്ക് എരിച്ചുവന്നു. ചൂടും കൊണ്ട് അപ്പനാണ് അരമണിക്കൂർ കരിയാതെ ഉരുളിയിൽ ഇളക്കി തേങ്ങ മൂപ്പിച്ചത്. അഞ്ചു തേങ്ങ ചിരണ്ടിയത് അമ്മ. വറ്റല് മുളകും കൊച്ചുള്ളിയും പൊളിച്ചത് ശോശാമ്മച്ചി. ഒരുനുളള് രുചിയിൽ എത്രപേരുടെ വിയർപ്പു ചേർന്ന ഉപ്പ്! അറിയാതെ കണ്ണ് നിറഞ്ഞു.
പനിയൊന്നുമില്ലാഞ്ഞത് കൊണ്ട് ക്വാറന്റൈൻ പൂർത്തിയാവാൻ ഒരു ദിവസം കൂടി ബാക്കിയുണ്ടെങ്കിലും പുറത്തെ വഴിയിലൂടെ ഇറങ്ങി നടക്കാൻ തന്നെ തീരുമാനിച്ചു. നൈറ്റ് ഷിഫ്റ്റിനായി ഷൈജ ഇറങ്ങിയപ്പോൾ ബസ്സ് സ്റ്റോപ്പിലേക്കു ഞാനും കൂടെ നടന്നു. നാട്ടിലായിരുന്നപ്പോൾ വിളിക്കുമ്പോഴൊക്കെ അവൾ പങ്കുവെക്കുന്നൊരു സ്വപ്നം അങ്ങനെ പൂർത്തിയായി. കൈയ്യും കോർത്തു ഞങ്ങൾ നടന്നു. ഒരു കുഞ്ഞിനോടെന്നപോലെ അവളെന്നോട് വഴിയുടെ പേരും തെരുവിന്റെ പേരും കെട്ടിടത്തിന്റെ നമ്പറുമൊക്കെ മാറിമാറി പറഞ്ഞു പഠിപ്പിച്ചു. വഴിതെറ്റിയാലും ചോദിച്ച് പറഞ്ഞ് ഞാൻ തിരിച്ച് വീടുപിടിക്കണമല്ലോ. മൂത്തപുത്രൻ ധന്യനാണ് ഭാര്യെ.
ബസ്സ് സ്റ്റോപ്പിലെ ബോർഡിൽ കണ്ടതുപോലെ കൃത്യം 6:29 ന് തന്നെ അവളുടെ ബസ്സെത്തി. നാളെ വരുമ്പോഴും അവളെയും കാത്ത് ഞാനാ ബസ്റ്റോപ്പിൽ എത്താമെന്ന് ഉറപ്പുകൊടുത്ത് അവളെ യാത്രയാക്കി. ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ, നടപ്പിലാകാത്ത വലിയ വാഗ്ദാനങ്ങളല്ല, മറന്നുപോകാത്ത ചെറിയ സ്വപ്നങ്ങളാണ് ജീവിതത്തെ സ്വർഗീയമാക്കുന്നത്. അവളുടെ കൂട്ടുകാരിയും ഭർത്താവും അടുത്ത തെരുവിൽ താമസിക്കുന്നുണ്ട്. നേരത്തെ വിളിച്ചു പറഞ്ഞതിൻപ്രകാരം പുള്ളി എന്റെ നേരെ നടന്നു വരുന്നുണ്ടായിരുന്നു. നാട്ടിൽ നിന്ന് ഞങ്ങളൊന്നിച്ചാണ് വിമാനം കയറിയത്.
ഒരു കുന്തവുമറിയാത്ത വഴിയിലൂടെ ഞങ്ങൾ നടന്നു. പൂക്കളും പച്ചപ്പുമില്ലാത്ത വഴികളില്ല. മതിലുകളിലൊക്കെ വള്ളിച്ചെടികൾ മൂടി നില്കുന്നു. എനിക്ക് പേരറിയാവുന്ന ഒരേയൊരു ചെടി റോസയാണ്. ബാക്കിയെല്ലാം നമ്മുടെ നാട്ടിൽ കാണാത്ത ഇനങ്ങൾ. പോവുമ്പോൾ എല്ലാത്തിന്റെയും കമ്പ് കൊണ്ടോയി ചെമ്പകം കാവല്നില്ക്കുന്ന എന്റെ വീട്ടുമുറ്റത്തു നടണം.
റോഡിനിരുവശത്തും ഹോട്ടലുകളും കടകളും. അതിലൊക്കെ തിരക്കുകൂട്ടുന്ന ആൾക്കൂട്ടവും. വൃത്തിയുള്ള വഴികൾ.
Zindagi na milegi dobaara എന്ന ഹിന്ദി ചിത്രത്തിൽ കണ്ടു പരിചയമുള്ള സ്പാനിഷ് തെരുവുകളോടാണ് ഈ നാടിനു സാമ്യം. CFL ലൈറ്റുകളുടെ വെള്ള വെളിച്ചമല്ല, മുനിഞ്ഞു കത്തുന്ന മെഴുകുതിരിയുടെ മഞ്ഞ വെളിച്ചമാണ് എല്ലാ വീടുകളിലും കടകളിലും. ദുബായിലെപോലെ ചടുലഭാവമല്ല ഈ നാടിന്റേത്, ഒരു ബസ്സും തിരക്കിട്ടു പിടിക്കാനില്ലാത്തവന്റെ ശാന്ത ഭാവം. ജീവിതം ആസ്വദിക്കാനുള്ളതെന്നു ബോധമുള്ള ആളുകൾ. കമാന ആകൃതിയിലുള്ള ചെറിയ പാലങ്ങൾക്കു താഴെ സ്വച്ഛജലം കളങ്കപ്പെടാതെ ഒഴുകുന്നു. പച്ചനിറമുള്ളൊരു സാരി ഒഴുക്കിൽ പെട്ടതുപോലെ കൊഴുത്തപച്ച പായൽ ഒറ്റപ്പിടിയുടെ ബലത്തിൽ വെള്ളത്തിൽ പുളച്ചു നില്കുന്നു. നാട്ടിലെ തോടുപോലെ തന്നെ.
തണുപ്പുതുടങ്ങിയതുകൊണ്ടു എല്ലാവരും ജാക്കറ്റ് ധരിച്ചിട്ടുണ്ട്. മക്കളെയും കൊണ്ട് നടന്നുപോകുന്ന അമ്മമാരുടെ മറുകൈയിൽ എരിയുന്ന സിഗരറ്റിന്റെ മായപ്പുക. ഗർഭിണികൾ പോലും പുകവലിച്ച് തുള്ളിത്തെറിച്ചു നടക്കുന്നു. പങ്കജകസ്തൂരിയുടെ തെങ്ങിൻ പൂക്കുലലേഹ്യം കഴിച്ചിട്ടും നേരെ നിൽക്കാത്ത നമ്മുടെ നാട്ടിലെ പാവം സ്ത്രീകളെ ഞാൻ നമിക്കുന്നു. മാസ്ക്ക് ധരിച്ചൊരു മുത്തശ്ശി ചക്രമുള്ളൊരു ചതുരകമ്പിയുടെ സഹായത്തോടെ നടപ്പാതയിലൂടെ മെല്ലെ പിച്ചവെച്ചു വരുന്നു. നാട്ടിലാണെങ്കിൽ ഇത്രയും പ്രായമുള്ള അമ്മച്ചിമാരെ കുഴമ്പിന്റെ മണമുള്ള മുറിയിലെ കട്ടിലിലെ കാണാൻ കഴിയു. ഈ പാവം അവശ്യ സാധനങ്ങളും വാങ്ങി പോകുന്ന വഴിയാണ്. ഞങ്ങൾ അരികിലേക്ക് മാറികൊടുത്തു. ചുളിവുവീണ മുഖത്തെ കണ്ണുകൾ പുഞ്ചിരിക്കുകയാണെന്നു ഒരു കത്തിയുടെ കനത്തിൽ മാത്രം തുറന്നിരുന്നിട്ടും ഞങ്ങൾക്ക് മനസിലാക്കാൻ പറ്റി. ചിരിക്കുമ്പോൾ ആ കണ്ണുകൾ വീണ്ടും ചുരുങ്ങി ചെറുതാവുന്നു. അവർക്കു കാഴ്ച മറയുന്നില്ലേ!
ഇവിടെ എല്ലാവരും സ്വയം പര്യാപ്തരാണ്. പ്രായപൂർത്തിയാവുന്ന യുവത്വവും തളർന്നു തുടങ്ങുന്ന വാർദ്ധക്യവും. എല്ലാവരും സ്വതന്ത്രർ. വൈകാരികബന്ധങ്ങളോ വിലക്കുകളോ ഒന്നും തന്നെ അവരെ തടുക്കാനില്ല. ആരും ആർക്കും ബാധ്യതയല്ല. എതിരെ ഒരുകൂട്ടം ആളുകൾ ഓടിവരുന്നു. അതിൽ ആണും പെണ്ണുമുണ്ട്. ഉറച്ച ശരീരം. ഞങ്ങൾ വീണ്ടും ഒതുങ്ങി നിന്നു. ഞാൻ ശ്രദ്ധിച്ച കാര്യം അവരിൽ ഓരോരുത്തരും കടന്നുപോകുമ്പോൾ ഞങ്ങൾക്ക് നന്ദി പറയുന്നുണ്ടായിരുന്നു എന്നതാണ്. എനിക്ക് സന്തോഷം തോന്നി.
വഴി മുറിച്ചുകടക്കാൻ കാത്തുനിൽക്കുമ്പോൾ വാഹനം നിർത്തി തരുന്ന മനുഷ്യരെ തല കുനിച്ചു ഒരു പുഞ്ചിരിയോടെ ഞാനും അഭിവാദ്യം ചെയ്തു. ഒരു സംസ്കാരത്തിലെ നല്ലതിനെ സ്വീകരിക്കാൻ അമാന്തിക്കരുത്. മറന്നുതുടങ്ങുന്ന സാഹോദര്യം വീണ്ടെടുക്കാൻ ലോക മനുഷ്യന് പുഞ്ചിരിയെക്കാളും നല്ലൊരു മാധ്യമമില്ല എന്ന് തോന്നാറുണ്ട്. ലളിതം. ഹൃദ്യം. പിന്നെ ഞാൻ കണ്ടതൊരു ഭ്രാന്തനെയാണ് അയാളുടെ താടിക്കും മുടിക്കും ചെമ്പു കമ്പികളുടെ നിറമായിരുന്നു. മയക്കം മൂടിയ കണ്ണുകളുമായി മുഷിഞ്ഞ കുപ്പായക്കാരൻ ലോകത്തെയൊന്നും വകവെക്കാതെ വഴിവക്കിൽ കുത്തിയിരിക്കുന്നു. മനസ്‌കൈവിട്ടുപോകുന്ന മനുഷ്യർ എല്ലാ നാടുകളിലുമുണ്ടെന്നു അയാളെന്നെ ഓർമ്മപ്പെടുത്തി.
പെണ്ണുങ്ങൾക്കിതു എന്തൊരു വെളുപ്പാണെന്നോ! ആരോഗ്യമുള്ള വലിയ പെണ്ണുങ്ങൾ. നെഞ്ചിന്റെ താളവും നിതംബത്തിന്റെ ലയവും. പെരുമ്പറ കണ്ടുനിൽക്കുന്നോരുടെ ചങ്കിലും. ഡും ഡും ഡും… തുറിച്ചുനോക്കി മലയാളിയാണെന്ന് അവരെ അറിയിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. കടൽക്കരയിൽ നനഞ്ഞു കിടക്കുന്ന ക്ലാരയും, പുളിങ്കുന്നം പള്ളി പിരിഞ്ഞു വരുന്ന ജെസ്സിയും, മാടമ്പള്ളിയിലെ നൃത്തക്കാരി നാഗവല്ലിയുമൊക്കെ ഹൃദയം നിറഞ്ഞു നില്കുന്നതുകൊണ്ടാവും മനസ്സ് ഹാലീബെറിയെയും ഗാൽഗാഡ്‍വിനെയും ആഞ്ജലീന ജോളിയെയുമൊക്കെ ഇനിയും പ്രണയിച്ചു തുടങ്ങാത്തത്. സാലിസ്ബറിയിലെ യാത്രകൾ തുടരും. എന്ന്, ചേരയെ തിന്നുന്ന നാട്ടിലും, നടുക്കഷ്ണം മാറ്റിവെച്ചേച്ചു കപ്പയും കാന്താരിമുളകും തിരയുന്നൊരു കോഴഞ്ചേരിക്കാരൻ.