കേരളത്തിൻ്റെ സ്വന്തം ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് കെഎസ്ആർടിസി അഥവാ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ. കേരളത്തിലുടനീളവും അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ ലക്ഷ്യകേന്ദ്രങ്ങളിലേക്കുമൊക്കെ കെഎസ്ആർടിസി സർവ്വീസ് നടത്തുന്നുണ്ട്. അപ്പോൾ ഒരു ചോദ്യം… കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ ദൂരമുള്ള റൂട്ട് ഏതാണ്? അതിനുള്ള ഉത്തരമാണ് ഇനി പറയുവാൻ പോകുന്നത്.

തിരുവനന്തപുരത്തു നിന്നും കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കുള്ള സർവീസാണ് കെഎസ്ആർടിസിയുടെ ഏറ്റവും ദൂരമേറിയ റൂട്ട്. തിരുവനന്തപുരത്തു നിന്നും കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ കടന്ന് മംഗലാപുരം വഴിയാണ് ബസ് കൊല്ലൂർ മൂകാംബികയിലേക്ക് എത്തിച്ചേരുന്നത്. തിരുവനന്തപുരത്തു നിന്നും കൊല്ലൂർ മൂകാംബിക വരെ 817 കിലോമീറ്ററോളം ദൂരമാണ് ഈ ബസ് താണ്ടുന്നത്.

തിരുവനന്തപുരത്തു നിന്നും വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 9 മണിയോടെയാണ് കൊല്ലൂർ മൂകാംബികയിൽ എത്തുന്നത്. അവിടെ നിന്നും ഉച്ചയ്ക്ക് 2 മണിക്ക് മടക്കയാത്രയാരംഭിക്കുകയും അടുത്ത ദിവസം രാവിലെ 7.30 ഓടെ തിരുവനന്തപുരത്ത് എത്തിച്ചേരുകയും ചെയ്യും. 17 മണിക്കൂറോളം സമയമെടുത്താണ് ഈ റൂട്ടിൽ ഒരു വശത്തേക്ക് മാത്രം ബസ് ഓടിയെത്തുന്നത്.

2016 ലാണ് കെഎസ്ആർടിസി ഈ റൂട്ടിൽ ബസ് സർവ്വീസ് ആരംഭിച്ചത്. അതുവരെ തിരുവനന്തപുരം – ബെംഗളൂരു വോൾവോ സർവ്വീസായിരുന്നു കെഎസ്ആർടിസിയിലെ ദൂരമുള്ള ബസ് റൂട്ട്.

ഗരുഡ മഹാരാജ എന്ന കാറ്റഗറിയിൽപ്പെട്ട മൾട്ടി ആക്സിൽ സ്‌കാനിയ ബസ്സുകളാണ് തിരുവനന്തപുരം – കൊല്ലൂർ മൂകാംബിക ഷെഡ്യൂളിൽ ഓടിക്കുന്നത്. നിലവിൽ കെഎസ്ആർടിസി വാടകയ്‌ക്കെടുത്ത സ്‌കാനിയ ബസ്സുകളാണ് ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത്. അധികമാർക്കും അറിയാത്ത ഈ വിവരം കൂടുതലാളുകളിലേക്ക് എത്തിക്കുവാനായി ഇത് നിങ്ങൾ എല്ലാവരും പരമാവധി ഷെയർ ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.