നമ്മുടെ മനസ്സിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ചില സംഭവങ്ങളും സന്ദർഭങ്ങളുമൊക്കെ ഉണ്ടാകും. മിക്കവാറും അവ നമ്മുടെ കുട്ടിക്കാലവും, സ്‌കൂൾ ജീവിതവും ഒക്കെയായിരിക്കും. അത്തരത്തിലൊരു സംഭവം പങ്കുവെയ്ക്കുകയാണ് പ്രശസ്ത ചിത്രകാരനായ സുനിൽ പൂക്കോട്. അദ്ദേഹത്തിൻ്റെ ഫേസ്‌ബുക്ക് പോസ്റ്റ് താഴെ കൊടുക്കുന്നു.

“ഒന്നര ഉർപ്യേന്റെ അരച്ചോറിൽ മീൻചാറിനു കുഴി കുത്തുമ്പോളാണ് പൊടുന്നനെ ഒരു ഊയ്യാരം. “ലോറി… ലോറി…” പെട്ടന്ന് അടുക്കള ഭാഗത്തു നിന്ന് രണ്ട്പേര് നീളൻ കമ്പിപാരയുമായി ശരവേഗത്തിൽ പുറത്തേക്ക് ഓടി പോകുന്നു. പുറത്തു പിന്നെയൊരു കോലാഹലവും കേട്ടതുമില്ല. കൊടലിന്റെ എരിപൊരിശലും മത്തിച്ചാറിന്റെ മാസ്മരികതയിലും ഞാനതങ് വിട്ടു.

കൂത്തുപറമ്പ് ഹൈസ്‌കൂൾ തൊക്കിലങ്ങാടിയിൽ ചേർന്ന ആദ്യ നാളുകളിൽതന്നെ ആനന്ദഭവൻ ഹോട്ടലിലെ ഉച്ച നേരത്തെ തിക്കും തിരക്കും ഞാൻ നോട്ടമിട്ടതാണ്. ഹൈസ്‌കൂളിലെ നല്ലൊരു വിഭാഗം പിള്ളാരുടെയും പള്ള ഉച്ചനേരത്ത് നിറക്കുന്നത് ആനന്ദഭവനിലെ അമ്പത് പൈസേടെ പൂളക്കപ്പയും അരച്ചോറും മീഞ്ചാറു നനച്ച പൊറോട്ടയും ഉണ്ടക്കായയും തന്നെയാണ്.

പിള്ളാരുടെ പള്ള ശരാശരിയിൽ നിറച്ചുകൊടുക്കാൻ… അതിനുപിന്നിലും ചില അധ്വാനങ്ങൾ ഉണ്ടാകുമല്ലോ. കൂർഗ് നിടുംപൊയിൽ റോഡുകളിലൂടെ ആറളം നിടുംപൊയിൽ ഫോറസ്റ്റ് റേഞ്ചുകളിൽനിന്ന് മലയിറങ്ങിവരുന്ന ഭീമൻ മരലോറികൾക്ക് തൊക്കിലങ്ങാടി ചെക്പോസ്റ്റിൽ കാൽമണിക്കൂറെങ്കിലും വെയ്റ്റിംഗ് ഉണ്ട്. വല്ല ചന്ദനമോ മറ്റോ ഉണ്ടോന്ന് നോക്കാൻ പേരിനൊരു ചെക്കിങ്, ഒരു സീലടി.

ആ സമയത്താണ് ആനന്ദഭവൻകാരുടെ പണി നടക്കുന്നത്. സംഗീതംപോലെ അലയടിച്ച മരലോറികളുടെ മുരൾച്ച നിൽകുന്ന ഭാഗത്തേക്ക് ശരവേഗത്തിൽ രണ്ടുപേർ ഓടിയടുക്കും. ചാടിക്കേറി ആനവലിച്ചു പതംവന്നതും, ഉണങ്ങി ഇളകാറായതുമായ മരത്തോൽ ആവുന്നത്ര ഇളക്കിയെടുക്കും. എല്ലാം ആനന്ദഭവനിലെ അടുപ്പിന്റെ തൊള്ളയിലേക്ക്.

മരത്തിന്റെ പള്ളയിൽനിന്ന് കിട്ടുന്ന ലാഭം പിള്ളേർസിന്റെ പള്ളയിലേക്ക്. പരമാനന്ദം. ആനന്ദഭവനിൽ എന്നും കേറിയിറങ്ങാനുള്ള പാങ്ങൊന്നും നമ്മക്ക് ഇല്ലെങ്കിലും അതിന്റെ പള്ളയിലുള്ള ഇച്ചിരി വയസ്സുള്ളൊരു ചേട്ടന്റെ വാച്ചു റിപ്പയർകടയുടെ സിമന്റ് ബഞ്ചിൽ ക്‌ളാസ് വിട്ടുള്ള ഇടവേളകളിൽ ഞാനുണ്ടാകും. അവിടെയാണ് തൊക്കിലങ്ങാടിയുടെ വർണശബളിമയും ആനന്ദഭവനിലെ ഉണ്ടാക്കായുടെ മാസ്മര ഗന്ധവും.”

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.