വിവരണം – Shaam Mon.
മനസ്സ് മുഴുവൻ യാത്ര ആണ്. പക്ഷെ എങ്ങനെ പോകും.? കൈയിൽ ആണേൽ നയാപൈസ ഇല്ല.. പോരാത്തതിന് ഡിഗ്രി ഒക്കെ കഴിഞ്ഞ് തെക്കു വടക്ക് നടക്കുന്ന സമയം. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരു ദിവസം ഗുജറാത്തിലേക്ക് പോകാൻ ഒരു അവസരം കിട്ടുന്നു. അതും ലോറിയിൽ. വിശന്നു ഇരിക്കുന്നവന്റെ അടുത്ത് ചിക്കൻ ബിരിയാണി കിട്ടിയ അവസ്ഥ ആയി. ഒന്നും ആലോചിച്ചില്ല.. അങ്ങ് പുറപ്പെട്ടു… കൃത്യമായി പറഞ്ഞാൽ ഡിസംബർ 5 ആം തിയതി രാത്രി 7. 30 ന്.
പാലായിൽ നിന്നും ആണ് ലോറി പുറപ്പെടുന്നത്. ഞാൻ വീട്ടിൽ നിന്നും നേരെ പാലായിലേക്ക് പുറപ്പെട്ടു. ഒരു മണിക്കൂർ കാത്തിരിപ്പിനു ശേഷം നമ്മുടെ ലോറി എത്തി. ലോറി ഗുജറാത്തിലെ ധോറാജി എന്ന പട്ടണത്തിലേക്ക് ആണ് പോകുന്നത്. കൈതച്ചക്ക ആണ് ലോഡ്. ലോറിയിൽ എന്നെ കൂടാതെ രണ്ടുപേർ കൂടി ഉണ്ടായിരുന്നു. രണ്ടുപേരും വേണ്ടപ്പെട്ടവർ. അങ്ങനെ രാത്രി തന്നെ യാത്ര ആരംഭിച്ചു.
പിറ്റേന്നു രാവിലെ 9 മണിക്ക് കേരള കർണാടക ബോർഡർ ക്രോസ്സ് ചെയ്തു. കർണാടക ചെക്ക് പോസ്റ്റിൽ 50 രൂപ കൈകൂലി കൊടുക്കണം, അല്ലേൽ അവർ വണ്ടി പിടിച്ചിടും. ഉച്ച കഴിഞ്ഞ് കുംതാ എന്ന സ്ഥലത് എത്തി. അവിടെന്നു ഫുൾ ടാങ്ക് ഡീസൽ അടിച്ച് യാത്ര തുടർന്നു. ഇനി യാത്ര കൊടും വനത്തിലുടെ ആണ്. ഇടയ്ക്ക് കുളിക്കുവാനായി വനത്തിൽത്തന്നെ ഒരിടത്ത് നിർത്തി. വനത്തിലെ തോട്ടിൽ ഒന്നു കുളിക്കണം. പറഞ്ഞ് അറിയിക്കാൻ പറ്റാത്ത സുഖം ആണ്. നമ്മളെ നോക്കി മരത്തിൽ കുരങ്ങൻമാർ ചാടികളിക്കുന്നു. ഇതൊക്കെ നോക്കി ആ തോട്ടിൽ കുളിക്കണം… എന്റമ്മോ.. വൗ…
വനയാത്ര അപകടം നിറഞ്ഞത് ആണേലും ഞങ്ങൾ യാത്ര വീണ്ടും തുടർന്നു. വെളുപ്പിന് ബെൽഗമിൽ എത്തി. എന്നോട് പലരും പറഞ്ഞു ഈ വനത്തിൽ കൊള്ളക്കാർ ഒക്കെ ഉണ്ടെന്ന്. ഒന്നും ഇല്ലന്ന് ബെൽഗമിൽ എത്തിയപ്പോൾ മനസിലായി. ഇനിയാണ് നല്ല റോഡ്, നാലും ആറുമൊക്കെയായുള്ള വരിപാത ആണ്. രണ്ടു വരി കഴിഞ്ഞുള്ള മീഡിയനിൽ പലതരത്തിലുള്ള പൂച്ചെടികൾ വച്ചു പിടിപിച്ചിരികുന്നു. രാത്രിയിൽ ആണേൽ ഈ ചെടികൾ കാരണം എതിരെ വരുന്ന വണ്ടിടെ വെട്ടം നമ്മുടെ മുഖത്തു അടിക്കില്ല. ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ അധികാരികളെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ..
അങ്ങനെ കർണാടക – മഹാരാഷ്ട്ര ബോർഡർ ക്രോസ്സ് ചെയ്തു. മഹാരാഷ്ട്ര ബോർഡറിൽ 200 രൂപ കൈകൂലി കൊടുക്കണം. 180 എടുത്തിട്ട് അവർ ബാക്കി ഇരുപത് രൂപ ചായ ക്യാഷ് ആയി തിരിച്ചു തരും. അങ്ങനെ കുറെ യാത്രയ്ക്ക് ശേഷം പൂനെ – മുംബൈ എക്സ്പ്രസ്സ്‌വേയിൽ എത്തി. ഇനി സൂപ്പർ ആണ്. 90 കിലോമീറ്റർ ഒക്കെ ചുമ്മാ നിമിഷനേരം കൊണ്ട് പോകും. ഇനി ആണ് തുരങ്ക യാത്ര. ഒന്നും പറയാൻ ഇല്ല…. വൗ….. ഈ അനുഭവങ്ങൾ കിട്ടണേൽ റോഡ് വഴി യാത്ര ചെയ്യണം. ഒരു വിമാന യാത്രയ്‌ക്കോ ട്രെയിൻ യാത്രയ്‌ക്കോ ഈ അനുഭവങ്ങൾ നൽകാൻ കഴിയില്ല..
അങ്ങനെ മുംബയിൽ എത്തി. ഇനിയും 600 അതികം കിലോമീറ്റർ സഞ്ചരിച്ചാലെ ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. ഇടക്ക് ഫുഡ് കഴിക്കാൻ നിർത്തി.. ഒരു മലയാളി ഹോട്ടൽ.. എന്റമ്മേ എവിടെ ചെന്നാലും മലയാളി. പക്ഷെ ഫുഡ് മഹാരാഷ്ട്ര സ്റ്റൈൽ ആണ്. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ വണ്ടി ഒതുക്കി കിടക്കാൻ തുടങ്ങി. ഞങ്ങൾ മൂന്നുപേർ ഉള്ളോണ്ട് എനിക്ക് കിടക്കാൻ സ്ഥലം ഇല്ല. അവസാനം ഉള്ള സ്ഥലത്ത് അഡ്ജസ്റ്റ് ചെയ്തു കിടന്നു.
നേരം വെളുത്തപ്പോൾ ഭയങ്കര തണുപ്പ്. ഏതായാലും അന്നത്തെ കുളി വേണ്ടന്ന് വച്ചു യാത്ര തുടങ്ങി. അങ്ങനെ ഞങ്ങൾ മഹാരാഷ്ട്ര – ഗുജറാത്ത് ബോർഡറിൽ എത്തി. രണ്ടിടത്തും പതിവുപോലെ കൈക്കൂലി കൊടുത്തു യാത്ര വീണ്ടും തുടർന്നു. ഗുജറാത്തിലെ റോഡുകൾ മനോഹരം തന്നെ ആണ്. പക്ഷെ വൃത്തിയുടെ കാര്യത്തിൽ വളരെ പിന്നിൽ ആണ്. പോകുന്ന വഴിയ്ക്ക് എല്ലാം മൂക്ക് പോത്തേണ്ട അവസ്ഥ ആണ്. വഴി നീളെ പശുക്കൾ ചുറ്റി നടക്കുന്നു…
2000 ത്തിലധികം കിലോമീറ്റർ സഞ്ചരിച്ചു എട്ടാം തിയതി രാത്രി 9 മണിക്ക് ലോറി ലക്ഷ്യസ്ഥാനത്ത് എത്തി. ഇനി കിടക്കാം… ഒന്നു രണ്ടു ദിവസം ആയി ഉറങ്ങിട്ട്… രാവിലെ ഒരു ഏജന്റ് വന്നു ഞങ്ങളെ കൈതചക്ക ഗോഡൗണിലേക്ക് കൊണ്ട് പോയി. ധോറാജി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. ലോഡ് ഇറക്കുന്ന സമയം ഞാൻ ഒന്ന് കറങ്ങാൻ പോയി. തീരെ വൃത്തി ഇല്ലാത്ത സ്ഥലം. അവിടെയും കുറെ പശുക്കൾ എല്ലായിടത്തും ചുറ്റി നടക്കുന്നു. ഫുഡ് കഴിക്കാൻ ചെന്നു പൂരിയും കിഴങ്ങ് കറിയും മേടിച്ചു. സത്യം പറഞ്ഞാൽ ഇത് ഉണ്ടാക്കുന്നത് കണ്ടാൽ തിന്നാൻ തോന്നില്ല. കാരണം തീരെ വൃത്തി ഇല്ല എന്നതുതന്നെ.
പിന്നെ ഒരു കാര്യം പറയാൻ മറന്നു. ഇവിടത്തെ ചായയുടെ രുചി പറഞ്ഞ് അറിയിക്കാൻ പറ്റില്ല. അത് അടിപൊളിയാണ്. പശുവിൻ പാലിന് പകരം ഇവിടെ എരുമ പാൽ ആണ് ഉപയോഗിക്കുന്നത്. പക്ഷെ നമുക്ക് ഒരു ചായ തികയില്ല. ഒരു കുഞ്ഞു ഗ്ലാസ്. ഞാൻ ചില സമയത്ത് അവിടെ നിന്നും മൂന്നു ഗ്ലാസ് ചായവരെ വാങ്ങി കുടിച്ചു.
ധോറാജിയിലെ കെട്ടിടങ്ങൾ വളരെ പഴയത് ആണ്. വളരെ മനോഹരം ആണ്. അങ്ങനെ കറങ്ങി നടക്കുമ്പോൾ ഒരു ഗുജറാത്തി കല്യാണം കണ്ടു. ഈ കല്യാണം ഒക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട്ടിലെ കല്യാണ ആഘോഷങ്ങൾ ഒക്കെ ഒന്നും അല്ലെന്നു മനസിലായത്. ഇതിനിടയിൽ ലോഡ് ഇറക്കികഴിഞ്ഞിരുന്നു. പക്ഷേ അന്ന് തിരിച്ചുള്ള ലോഡ് കിട്ടിയില്ല. പിറ്റേന്നും ലോഡ് കിട്ടിയില്ല. അതിനും അടുത്ത ദിവസം ലോഡ് കിട്ടി. അത് ഗുജറാത്തിലെ മോർബി എന്ന സ്ഥലത്തായിരുന്നു. അവിടെന്നു ‘ഭരണി’ ആണ് തിരിച്ചുള്ള ലോഡ്. ഭരണി ഫാക്ടറി ആദ്യമായിട്ടാണ് കാണുന്നത്. വളരെ മനോഹരമായ കാഴ്ചകൾ.
ഇനി തിരിച്ചുള്ള യാത്ര ആണ്. പിന്നെ ഒരു കാര്യം ഗുജറാത്തിൽ മീൻ, ഇറച്ചി ഒക്കെ കിട്ടാൻ വളരെ പാടാണ്..ഹോട്ടലിൽ എല്ലാം pure veg ആണ്.. ഉച്ചക്ക് ഫുഡ് കഴിക്കാൻ ഒരു ഗുജറാത്തി ഹോട്ടലിൽ പോയി. കിട്ടിയ ഫുഡ് കണ്ട് ഞെട്ടി.. വലിയ ചപ്പാത്തി കുറെ പച്ചക്കറി പച്ചക്ക്. 80 രൂപയെ ഉള്ളു.. എത്ര ചപ്പാത്തി വേണേലും കിട്ടും… പക്ഷെ എനിക്ക് ഒരു ചപ്പാത്തിയിൽ കൂടുതൽ കഴിക്കാൻ പറ്റിയില്ല. ഹെവി ഫുഡ് ആണ്.
നർമദ നദിയ്ക്ക് കുറുകെ ഉള്ള പാലം വളരെ മനോഹരമായ കാഴ്ചയാണ്. വളരെ മനോഹരമായരീതിയിൽ ആണ് നിർമിച്ചത്. അങ്ങനെ രാത്രി 11 മണിക്ക് അഹമ്മദാബാദിൽ എത്തി. എനിക്ക് പട്ടേൽ പ്രതിമ കാണണം എന്നുണ്ടായിരുന്നു. പക്ഷെ എന്തു ചെയ്യാം രാത്രി ആയി. ഇനി ഒരിക്കൽ കാണാം…. അങ്ങനെ ഞങ്ങൾ അഹമ്മദാബാദ് എക്സ്പ്രസ്സ് വേയിൽ കേറി. ഇത് 4 വരി ആണ് മുംബൈ എക്സ്പ്രസ്സ് വേ ആറു വരി പാതയാണ്… മനോഹരം.. അതിമനോഹരം… ഇതൊക്കെ ആണ് റോഡുകൾ. വഴിസൈഡിൽ എങ്ങും കൃഷി സ്ഥലങ്ങൾ ചുമ്മാതെ കിടക്കുന്നു.. ചിലയിടത്തു കൃഷി..
തിരിച്ചുള്ള യാത്രയിൽ മുംബയിൽ ട്രാഫിക് ബ്ലോക്കിൽ കിടന്നത് ഒന്നും രണ്ടും മണിക്കൂർ അല്ല. ഒൻപത് മണിക്കൂർ… മഹാരാഷ്ട്ര പോലീസ് മനഃപൂർവം ഉണ്ടാകുന്ന ബ്ലോക്ക് ആണ്. ബ്ലോക്ക് കഴിഞ്ഞു ചെന്നപ്പോൾ സൗത്ത് ഇന്ത്യൻ വണ്ടി ആണെന്ന് അറിഞ്ഞോണ്ട് പോലീസ് ഞങ്ങളോട് 800 രൂപ കൈകൂലി മേടിച്ചു. എന്തായാലും ആ 800 രൂപ കൊണ്ട് അവർ ഒരിക്കലും രക്ഷപെടില്ല.
കൃത്യം ഒരു കിലോമീറ്റർ കഴിഞ്ഞപ്പോൾ അതാ വേറെ ഒരു പോലീസുകാരൻ. ‘അണ്ണാ നൂറു രൂപ’ എന്ന്. ഇവരെല്ലാം സൗത്ത് ഇന്ത്യക്കാരെ അണ്ണാ എന്നാ വിളിക്കുന്നെ. അയാൾക്ക് അൻപതു രൂപ കൊടുത്തു ഒതുക്കി. ഗുജറാത്തിലേക്ക് പോയപ്പോഴും ഇങ്ങനെ ഒരു സംഭവം ഉണ്ടായി. ഒരു പോലീസ്കാരൻ കൈ നീട്ടി 1000 രൂപ ചോദിച്ചു. അവസാനം 500 രൂപ കൊടുത്തു ഒതുക്കി. അതേ പോലീസുകാരൻ ഞങ്ങൾ നോക്കി നിൽക്കെ മറ്റൊരു ലോറി തടഞ്ഞു. ലോറി ഡ്രൈവറെ കണ്ടു പോലീസുകാരൻ ഞെട്ടി. അതൊരു പഞ്ചാബി ആയിരുന്നു. പുള്ളി ഒരു രൂപ പോലും കൊടുത്തില്ല. ഇതൊക്കെ കാണുമ്പോൾ ആണ് കേരള പോലീസിനോട് ബഹുമാനം തോന്നുന്നേ..
അങ്ങനെ കർണാടകയിലെ ആനന്ദ് ഹോട്ടലിൽ എത്തി. ലോറിക്കാരുടെ താവളം ആണ്. ഇത് ഒരു മലയാളി ഹോട്ടൽ ആണ് കേട്ടോ. അവിടെന്നു ഫുഡ് കഴിച്ചു നേരെ വച്ചു പിടിച്ചു ഇന്ത്യയുടെ ഇങ്ങേ തെക്കേ അറ്റത്തെക്കു. ഉടുപ്പി ആയപ്പോൾ ആണ് കേരളത്തിൽ ഹർത്താൽ അന്നെന്നു അറിയുന്നേ. പിന്നെ കാസർഗോഡ് വന്നു കിടന്നു. അങ്ങനെ പത്തു ദിവസത്തെ യാത്രയ്ക്ക് ശേഷം നാട്ടിൽ തിരിച്ച് എത്തി. ഇനി അടുത്ത യാത്രയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.. പ്രണയം ആണ് യാത്രകളോട്.
1 comment
Super