നമ്മുടെ സമൂഹത്തിൽ ഇപ്പോൾ ഭൂരിഭാഗമാളുകൾക്കും ഉന്നത നിലവാരത്തിലുള്ള ജോലി നേടണം എന്നാണാഗ്രഹം. അത് വളരെ നല്ലൊരു ചിന്താഗതി തന്നെയാണ്. പക്ഷേ നിർഭാഗ്യവശാൽ നമ്മൾ ആഗ്രഹിച്ചതു പോലൊരു ജോലി എളുപ്പം കിട്ടിയില്ലെങ്കിലോ? മിക്കയാളുകളും പിന്നെ നിരാശയുടെ പടുകുഴിയിലേക്ക് പോകുന്നതു കാണാം. ചിലരൊക്കെ മദ്യത്തിനും മറ്റും അടിമകളായി സ്വയം നശിക്കും, മറ്റുചിലർ എന്നെങ്കിലും നല്ല ജോലി ലഭിക്കും എന്നു കരുതി അതുവരെ ഒരു ജോലിക്കും പോകാതെ ചുമ്മാ നടക്കും. എന്നാൽ ഇവർ രണ്ടിലും പെടാത്ത ഒരു കൂട്ടരുണ്ട്. മനസ്സുകൊണ്ടാഗ്രഹിച്ച നല്ല ഉയർന്ന ജോലി കിട്ടുന്നത് വരെ മറ്റെന്തെങ്കിലും മാന്യമായ ജോലി ചെയ്ത് വരുമാനം കണ്ടെത്തും. ഇത്തരക്കാരാണ് എന്നും ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ളത്.
പറഞ്ഞു വരുന്നത് വിശപ്പടക്കാൻ മാന്യമായ എന്തു ജോലിയും ചെയ്യാൻ മടിയില്ലാത്തവരെക്കുറിച്ചാണ്. അത്തരത്തിലൊരു വ്യക്തിയെ കണ്ടുമുട്ടിയ അനുഭവമാണ് പൊന്നാനി സ്വദേശി സോനുരാജ് പങ്കുവെയ്ക്കുന്നത്. മുൻപ് പറഞ്ഞതിൽ നിന്നൊക്കെ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നൊരാൾ… തൻ്റെ ഉയരക്കുറവ് കാരണം മറ്റു ജോലികൾ ലഭിക്കാതെ വന്ന ഒരു പാവം മനുഷ്യൻ.. അദ്ദേഹത്തെ കണ്ടുമുട്ടിയ അനുഭവക്കുറിപ്പ് താഴെ കൊടുക്കുന്നു.. വായിക്കാം.
“വൈറ്റ് കോളർ ജോബ് മാത്രം ചെയ്യൂ എന്ന് വാശി പിടിച്ചു നടക്കുന്ന പുതുതലമുറ ഈ ചേട്ടനെ കണ്ടു പഠിക്കണം. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ വച്ചാണ് ഈ ചേർത്തലക്കാരൻ ചേട്ടനെ പരിചയപ്പെടുന്നത്. ഞാനും എന്റെ സുഹൃത്ത് റസാക്കും നിന്നു സംസാരിക്കുമ്പോളാണ് ഞങ്ങൾക്കിടയിലേക്ക് ഒരുകെട്ട് ലോട്ടറി ടിക്കറ്റുകൾ വച്ചു നീട്ടികൊണ്ട് ഈ ചേട്ടന്റെ കടന്നുവരവ്. ഒരു 35 വയസ്സ് പ്രായം വരും. വീട് ചേർത്തല, വീട്ടിൽ അമ്മ മാത്രം. അവിടെ ലോട്ടറി വില്പന നടത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ ആ തൊഴിൽ അവിടെ മുന്നോട്ടു പോകില്ല എന്നു മനസ്സിലാക്കിയ ചേട്ടൻ പല പല നാടുകളിൽ ഒരു ജോലിക്കായി അലഞ്ഞു നടന്നു. ആരും ജോലി കൊടുത്തില്ല അവസാനം പൊന്നാനിയിലോട്ടു പോന്നു. ഇവിടെ ഹോട്ടലുകളിലും പല പല കടകളിലും ജോലി അന്വേഷിച്ചു. ഉയരക്കുറവ് കാരണം ഇവിടെയും ആരും ജോലി നൽകിയില്ല.
രണ്ടു മൂന്നു ദിവസങ്ങളായി ഇവിടെ അലഞ്ഞു നടക്കുന്നത് കണ്ട പൊന്നാനി കോൺവെന്റിലെ പള്ളീലച്ചൻ ഇദ്ദേഹത്തെ കൂട്ടികൊണ്ടുപോയി വിശപ്പടക്കാൻ ഭക്ഷണം കൊടുത്തു. പിന്നീട് അച്ഛന്റെ പരിചയത്തിലുള്ള വേറെ രണ്ടു മൂന്നു പേർ ചേർന്ന് കുറച്ചു ലോട്ടറി ടിക്കറ്റ് എടുത്തു കൊടുത്തു. അത് വിറ്റ് ജീവിച്ചോളാൻ പറഞ്ഞു. സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു. മാറി ഉടുക്കാൻ വസ്ത്രങ്ങളും വിശപ്പടക്കാൻ ആഹാരവും ഇല്ലാതെ കുറെ അലഞ്ഞു എന്നു പറയുമ്പോൾ ചേട്ടന്റെ കണ്ണ് നിറയുന്നുണ്ടാർന്നു. ആ അവസ്ഥ കണ്ടപ്പോൾ ഞങ്ങൾ സഹായിക്കാമെന്ന് പറഞ്ഞു. കുറച്ചു തുക ഞങ്ങൾ ആ ചേട്ടന് കൊടുത്തു. അത് വാങ്ങാൻ തയ്യാറായില്ല. അത് വേണ്ട നിങ്ങൾ ഇതിൽ നിന്നും ഒരു ടിക്കറ്റ് എടുത്താൽ മതിയെന്നും, എന്തു ജോലിയും ചെയ്യാനുള്ള മനക്കരുത്തുണ്ടെന്നും ഈ ചേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു.”