വിമാനയാത്രകൾ ഇന്ന് സർവ്വ സാധാരണമാണെന്നു പ്രത്യേകം എടുത്തു പറയേണ്ടല്ലോ. വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും (കേരളത്തിൽ നിന്നും) നിരവധി വിമാനസർവീസുകൾ ഇന്ന് ലഭ്യമാണ്. ഇവയിൽ ചില വിമാന സർവീസുകൾക്ക് ടിക്കറ്റ് നിരക്കുകൾ കൂടുതലും ചിലതിനു വളരെ കുറവും ആയിരിക്കും. കൂടുതൽ ടിക്കറ്റ് നിരക്കുള്ള വിമാനങ്ങളിൽ അതിനനുസരിച്ചുള്ള സൗകര്യങ്ങളും അതോടൊപ്പം തന്നെ യാത്രാ സുഖവും ഉണ്ടായിരിക്കും. എന്നാൽ സാധാരണക്കാർക്ക് വിദേശ യാത്രയ്ക്കായി തിരഞ്ഞെടുക്കാവുന്ന ബഡ്‌ജറ്റ്‌ സർവ്വീസുകൾക്കാണ് ഇന്ന് ഡിമാൻഡ്. ഇത്തരത്തിൽ ബഡ്‌ജറ്റ്‌ വിമാനസർവീസുകൾ ഇന്ത്യയിൽ നിന്നും സജീവമാകുവാൻ കാരണം എയർ ഏഷ്യയുടെ ഇന്ത്യയിലേക്കുള്ള വരവാണ്. ഇത്തരത്തിൽ ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാക്കുന്ന ചില വിമാന സർവീസുകളെ പരിചയപ്പെടാം.

1. എയർ ഏഷ്യ : ബഡ്‌ജറ്റ്‌ വിമാന സർവീസുകളുടെ തലതൊട്ടപ്പൻ എന്നു വേണമെങ്കിൽ എയർ ഏഷ്യയെ വിളിക്കാം. ബെംഗളൂരു ആസ്ഥാനമാക്കിയാണ് ഇന്തോ-മലേയ്ഷ്യൻ കമ്പനിയായ എയർ ഏഷ്യ (ഇന്ത്യ) പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്നതിനു മുൻപേ തന്നെ വ്യോമയാന പരിസ്ഥിതിയും നികുതി നിരക്കുകളും അനുയോജ്യമാണെങ്കിൽ, എയർഏഷ്യ ഇന്ത്യയിൽ കുറഞ്ഞ യാത്ര നിരക്കിൽ വ്യോമയാന സൗകര്യം ഒരുക്കാൻ തീരുമാനിച്ചിരുന്നു.

ചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ട് പ്രധാന പ്രവർത്തന ആസ്ഥാനമായി ടയർ 2, ടയർ 3 നഗരങ്ങളിലേക്കു പ്രവർത്തനം ആരംഭിക്കാനാണ് എയർ ഏഷ്യ ആദ്യം പദ്ധതിയിട്ടത്. എന്നാൽ പിന്നീട് അത് ബംഗളുരുവിലേക്ക് മാറ്റി. ആദ്യ വിമാനം പറന്നത് ബംഗളുരുവിൽനിന്നും ഗോവയിലേക്കാണ്. ഇന്ന് ഇന്ത്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ മലേഷ്യ, തായ്‌ലൻഡ് പോലുള്ള രാജ്യങ്ങളിലേക്ക് എയർ ഏഷ്യ സർവ്വീസ് നടത്തുന്നുണ്ട്. ഈ റൂട്ടുകളിലെ കുത്തകയായി മാറിയിരിക്കുന്നു എയർ ഏഷ്യ എന്നു വേണമെങ്കിൽ പറയാം. നിരക്ക് കുറവായതിനാൽ യാത്രാ സൗകര്യങ്ങളും അത്ര തന്നെ പ്രതീക്ഷിച്ചാൽ മതി. ഗൾഫ് രാജ്യങ്ങളിലേക്ക് എയർ ഏഷ്യയുടെ സർവ്വീസ് ഇല്ലെന്നത് ഒരു ന്യൂനതയായി അവശേഷിക്കുന്നുണ്ടെങ്കിലും സാധാരണക്കാർക്ക് പറക്കുവാനായി വിശ്വാസത്തോടെ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ ഒരു എയർലൈനാണ്‌ എയർ ഏഷ്യ.

2. ഇൻഡിഗോ : എയർ ഏഷ്യ പോലെത്തന്നെ വളരെ ചെലവ് കുറഞ്ഞ എയർലൈനാണ് ഇൻഡിഗോ. ഇതൊരു ഇന്ത്യൻ കമ്പനി കൂടിയാണ്. 2017 ജനുവരിയിലെ കണക്കനുസരിച്ചു 39.8 ശതമാനം മാർക്കറ്റ്‌ വിഹിതമുള്ള ഇൻഡിഗോ എയർലൈൻസ്‌ ആണ് യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈൻസ്‌. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇൻഡിഗോ എയർലൈൻസിൻറെ പ്രധാന ഹബ്. ഇന്ത്യയിൽ നിന്നും ദുബായ്, മസ്കറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന ബഡ്ജറ്റ് എയർലൈനുകളിൽ പ്രധാനിയാണ് ഇന്ന് ഇൻഡിഗോ. എയർ ഏഷ്യയെക്കാളും കുറച്ചുകൂടി സൗകര്യങ്ങൾ ഇൻഡിഗോയിൽ ആണെന്നാണ് യാത്രക്കാരിൽ ഭൂരിഭാഗവും പറയുന്നത്.

3. സ്‌പൈസ് ജെറ്റ് : ഒരു ഇന്ത്യൻ ലോ ബഡ്‌ജറ്റ്‌ എയർലൈനാണ്‌ സ്‌പൈസ് ജെറ്റ്. ദുബായ്, മസ്കറ്റ് ഉൾപ്പെടെ ഏഴോളം വിദേശ രാജ്യങ്ങളിലേക്ക് സ്‌പൈസ് ജെറ്റ് സർവ്വീസ് നടത്തുന്നുണ്ട്. സാധാരണക്കാർ വളരെ ചെലവു കുറഞ്ഞ യാത്രകൾക്ക് തിരഞ്ഞെടുക്കാറുള്ളതും സ്‌പൈസ് ജെറ്റിനെ ആണ്. മറ്റു ലോ ബഡ്ജറ്റ് എയർലൈൻസുകളെ അപേക്ഷിച്ച് നല്ല ഓഫറുകളും ഇടയ്ക്കിടെ സ്‌പൈസ് ജെറ്റ് യാത്രക്കാർക്ക് നൽകാറുണ്ട്.

4. എയർ ഇന്ത്യ എക്സ്പ്രസ്സ് : കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌. എയർ ഇന്ത്യയെ അപേക്ഷിച്ച് ചാർജ്ജ് കുറവായിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്സിൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റിലേക്കും സൗത്ത് ഈസ്റ്റ്‌ ഏഷ്യയിലേക്കും ആഴ്ച്ചയിൽ നൂറിൽ അധികം സർവീസുകൾ നടത്തുന്നു. മറ്റു ബഡ്ജറ്റ് എയർ ലൈനുകളെ അപേക്ഷിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്സിൽ യാത്രക്കാർക്ക് ലഘുവായ ഭക്ഷണം ലഭിക്കുന്നതായിരിക്കും.

5. എയർ അറേബ്യ : ഷാർജ കേന്ദ്രീകരിച്ച് നടത്തുന്ന ഒരു എയർലൈൻ ആണ് എയർ അറേബ്യ. ഇന്ത്യയിൽ മുംബൈ, ഡൽഹി, ചെന്നൈ, ഗോവ, ബെംഗളൂരു, കൊച്ചി എന്നിവിടങ്ങളിൽ നിന്നും എയർ അറേബ്യയുടെ സർവ്വീസുകൾ ലഭ്യമാണ്. എയർ ഇന്ത്യ എക്സ്പ്രസ്സിനോളം ചാർജ്ജ് കുറവില്ലെങ്കിലും ബഡ്ജറ്റ് എയർലൈൻസുകളുടെ ഗണത്തിൽ എയർ അറേബ്യയെയും ഉൾപ്പെടുത്താം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.