വിവരണം – ബിബിൻ സ്‌കറിയ.
ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് സിനിമ ഡോൺ പുറത്തിറങ്ങിയതോടെയായിരുന്നു മലയാളികൾ ലങ്കാവി എന്ന ദ്വീപിനെപ്പറ്റി കേട്ടുതുടങ്ങിയത്. ക്വലാലംപുർ, മലാക്ക, ജോഹോർ ബാറു, ജന്റിങ് ഹൈലാൻഡ്, ക്യാമെറോൺ ഹൈലാൻഡ് എന്നീ സ്ഥലങ്ങളിലെല്ലാം പലതവണ പോയിട്ടുണ്ട്. എന്നാൽ മലേഷ്യയിൽ പോകാൻ ആഗ്രഹിച്ച രണ്ട് സ്ഥലങ്ങളായിരുന്നു പെനാങ്ങും, ലങ്കാവിയും. സിങ്കപ്പൂരിൽ ജോലിചെയ്യുന്ന ഞാൻ മലേഷ്യൻ വിസ തീരുന്ന മുറക്ക് വിസ എടുത്തുവെക്കുന്നത് ശീലമാക്കിയിരുന്നു. ഒരുവർഷം മൾട്ടിപ്പിൾ എൻട്രി ആയിരുന്നു ഓരോതവണയും അപേക്ഷിക്കുമ്പോൾ കിട്ടിക്കൊണ്ടിരുന്നത്.
മൂന്നുദിവസം ഒഴിവുകിട്ടിയപ്പോൾ ഞാൻ ഇന്റർനെറ്റ് പരതി. പെനാങിലേക്ക് ടിക്കറ്റ് നിരക്ക് കൂടുതലായിരുന്നു. ലങ്കാവി ടിക്കറ്റ് നോക്കിയപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിപ്പോയത്. എയർ ഏഷ്യ ഫ്ലൈറ്റിൽ ഏകദേശം മൂവായിരം രൂപക്ക് സിങ്കപ്പൂരിൽ നിന്നും ലങ്കാവി പോയിവരാൻ ടിക്കറ്റ് കിടക്കുന്നു. ഒന്നുംനോക്കിയില്ല ടിക്കറ്റ് ആ നിമിഷം തന്നെ ബുക്ക് ചെയ്തു. അതായത് യാത്രപുറപ്പെടുന്നതിന്റെ തലേന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. നൈറ്റ് ഡ്യൂട്ടിയായിരുന്നതിനാൽ ഒറക്കച്ചടവോടെയാണ് ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ ബുക്കിങ്ങും നടത്തിയത്.
അങ്ങനെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു, വീട്ടിലെത്തി കുളിച്ചു റെഡിയായി എയർപോർട്ടിലേക്ക് യാത്രയായി. ഉച്ചക്ക് 12 മണിക്കായിരുന്നു സിങ്കപ്പൂരിൽനിന്നും ലങ്കാവി ഫ്ലൈറ്റ് സമയം. ഒന്നരമണിക്കൂർ ആകാശയാത്രയുണ്ട് ലങ്കാവി എത്തിച്ചേരാൻ.
ഒന്നരമണിക്കൂർ യാത്രക്കുശേഷം ഞാൻ ലങ്കാവി എയർപോർട്ടിന്റെ റൺവേ തൊട്ടു. വളരെ ചെറിയൊരു എയർപോർട്ട്. തിരക്ക് കുറവായിരുന്നതിനാൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഞാൻ എയർപോർട്ടിന് വെളിയിലെത്തി.
“ആദ്യ” ഹോട്ടലായിരുന്നു ഞാൻ ബുക്ക് ചെയ്തത്. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് ഇരുപത്തു മിനിറ്റ് യാത്രയുണ്ട്. എയർപോർട്ടിന് വെളിയിൽനിന്നും ഒരു ടാക്സിയിൽ ഞാൻ ഹോട്ടലിലേക്ക് യാത്രതിരിച്ചു. അഞ്ചു മിനിട്ടു ദൂരം പിന്നിട്ടതോടെ മനോഹരമായ കാഴ്ചകളായി. മലേഷ്യയിലെ മറ്റുസ്ഥലങ്ങളെപ്പോലെയല്ല റോഡിൽ തിരക്ക് നന്നേ കുറവാണ് ലങ്കാവിയിൽ. കേരളത്തിലെ ഒരുഗ്രാമത്തിൽ കൂടി യാത്രചെയ്യുന്ന തോന്നലായിരുന്നു എന്റെ മനസ്സിൽ. അത്രക്കും സുന്ദരമായിരുന്നു ആ യാത്ര.
സമയം ഉച്ചകഴിഞ്ഞു 2 മണിപിന്നിട്ടിരുന്നു. ലങ്കാവിയിലെ പ്രശസ്തമായ ഒരു ഹോട്ടലാണ് ആദ്യ. ഹോട്ടലിലെത്തി ചെക്ക് ഇൻ നടപടികൾ ആരംഭിച്ചു. അപ്പോഴാണ് ആ വലിയ അബദ്ധം ഞാൻ തിരിച്ചറിഞ്ഞത്. ഉറക്കച്ചടവോടെയാണ് ഫ്ലൈറ്റും,ഹോട്ടൽ ബുക്കിങ്ങും ചെയ്തതെന്ന് മുൻപേ പറഞ്ഞിരുന്നുവല്ലോ. ജൂൺ 24 മുതൽ 27 വരെയായിരുന്നു ഞാൻ ലങ്കാവിയിൽ ഹോട്ടൽ ബുക്ക് ചെയ്തിരുന്നത്. പക്ഷേ ഞാൻ ബുക്ക് ചെയ്തത് ജൂലൈ മാസത്തേക്കാണ്. ഇതുപോലൊരു അബദ്ധം മുൻപുണ്ടായിട്ടില്ല. ഞാനാകെ പരിഭ്രമിച്ചു. ഇനി എന്താകും? ഹോട്ടലുകാർ ബുക്കിംഗ് മാറ്റിത്തരുമോ?അഥവാ മാറ്റിതന്നില്ലെങ്കിൽ വേറെ ഹോട്ടൽ ബുക്ക് ചെയ്യേണ്ടിവരുമോ? ഞാനാകെ വിയർത്തു തുടങ്ങി.
അഗോഡ വഴിയായിരുന്നു ഞാൻ ഈ ഹോട്ടൽ ബുക്കുചെയ്തത്. എന്റെ അബദ്ധം മനസിലാക്കിയ ഹോട്ടലുകാർ അഗോഡ ഏജൻസിയിൽ ഫോൺ വിളിച്ചു. കുറേനേരത്തെ സംസാരത്തിനൊടുവിൽ എന്റെ ബുക്കിങ് ജൂണിലേക്ക് മാറ്റിത്തന്നു. അപ്പോഴാണ് എനിക്ക് സമാധാനമായത്. സമയം ഏകദേശം 3 മണികഴിഞ്ഞിരുന്നു. വിശപ്പ് നന്നേ മുറവിളികൂട്ടിയിരുന്നു. ഹോട്ടലിൽ നിന്നും ആഹാരംകഴിച്ചു, കുറച്ചു സമയം വിശ്രമിക്കാനായിരുന്നു എന്റെ പ്ലാൻ.
ലങ്കാവിയിലെ എന്റെ ആദ്യയാത്ര ഈഗിൾ സ്ക്വയറിലേക്കായിരുന്നു. ലങ്കാവിയിലെത്തിയാൽ കാണണമെന്ന് ആഗ്രഹിച്ചസ്ഥലം ഈഗിൾ സ്‌ക്വയർ ആയിരുന്നു. ആദ്യ ഹോട്ടലിൽനിന്നും 15 മിനിട്ടുനടക്കാവുന്ന ദൂരമേയുള്ളൂ ഈഗിൾ സ്ക്വയറിലേക്ക്. കുറച്ചുദൂരം നടന്നപ്പോൾ അങ്ങകലെ തലയെടുപ്പോടെ നിൽക്കുന്ന ഈഗിളിനെ ഞാൻ ദർശിച്ചു.
ഇനിയും കുറച്ചുദൂരം നടക്കാനുണ്ട്. ഞാൻ എന്റെ നടത്തവേഗത കൂട്ടി.ഇരുട്ടുന്നതിനുമുമ്പേ അവിടെയെത്തിയില്ലെങ്കിൽ വന്നതുവെറുതെയാകുമല്ലോ. സമയം അഞ്ചരയായിരിക്കുന്നു. സായാഹ്നമാണ് ഈഗിൾ സ്‌ക്വയറിലെ മനോഹരമായ കാഴ്ച.
കുവ ജെട്ടിയുടെ ഒത്തമധ്യത്തിലാണ് ഈഗിൾ സ്‌ക്വയർ സ്ഥിതിചെയ്യുന്നത്. ലങ്കാവിയിലെ ഏറ്റവും അറിയപ്പെടുന്ന മനുഷ്യനിർമ്മിത ആകർഷണങ്ങളിൽ ഒന്നാണ് ഈഗിൾ സ്‌ക്വയർ. പറക്കാനൊരുങ്ങുന്ന കഴുകന്റെ വലിയ ശിൽപ്പം. കടത്തുവള്ളത്തിലൂടെ ദ്വീപിലേക്കുള്ള സന്ദർശകരെ അഭിവാദ്യം ചെയ്യുന്ന ഒരു കാഴ്ച. ചുവപ്പുകലർന്ന തവിട്ടുകളറുള്ള ഭീമാകാരനായ കഴുകന്റെ പൊക്കം 12 മീറ്ററാണ്.
ഈഗിൾ സ്കൊയറിന്റെ ഏറ്റവും വലിയ പ്രേത്യേകത പർവ്വതങ്ങളുടെ പശ്ചാത്തലത്തിൽ കടലിലേക്ക് അഭിമുഖമായിരിക്കുന്ന കഴുകന്റെ അതിമനോഹരമായ കാഴ്ചയാണ്. ഈഗിൾ സ്കൊയറിൽ നിൽക്കുമ്പോൾ എന്റെ ഓർമ്മകൾ എന്നെ കൂട്ടിക്കൊണ്ടുപോയത് പ്രിത്വിരാജിന്റെ സൂപ്പർഹിറ്റ് സിനിമയായ പുതിയമുഖത്തിലെ “രഹസ്യമായ്“ എന്ന പാട്ടിലേക്കായിരുന്നു. പുതിയമുഖം സിനിമ കണ്ടപ്പോൾ മുതൽ ആ പാട്ടിന്റെ ലൊക്കേഷൻ എന്റെ മനസ്സിൽ കയറികൂടിയിരുന്നു. ഇന്ന് അതേ സ്‌ഥലത്തു നിൽക്കുമ്പോൾ മനസ്സിലെ ഒരു ആഗ്രഹം സാക്ഷാൽക്കരിച്ചതിന്റെ ആനന്ദത്തിലായിരുന്നു ഞാൻ.
ഈഗിൾ സ്കൊയർ സന്ദർശിക്കാനുള്ള നല്ല സമയം അതിരാവിലെയോ, വൈകുന്നേരമോ ആണ്. ഈഗിൾ സ്കൊയർ പ്രവേശനം സൗജന്യമാണ്. ഈഗിൾ സ്കൊയറിനോട് ഞാൻ വിടപറയുമ്പോൾ നേരം ഏറെ വൈകിയിരുന്നു.
ഇന്ന് എന്റെ രണ്ടാമത്തെ ദിവസമാണ് ലങ്കാവിയിൽ. പ്രഭാതഭക്ഷണത്തിനുശേഷം ഞാൻ ഹോട്ടൽ ലോബിയിലെത്തി. ലങ്കാവിയിൽ പൊതുഗതാഗതം ലഭ്യമല്ല. അതുകൊണ്ടുതന്നെ ടാക്സിയോ, ബൈക്കോ ആണ് ലങ്കാവി ദ്വീപിൽ കറങ്ങാൻ ഏറ്റവും ചിലവുകുറഞ്ഞ മാർഗം. ഇന്നത്തെ യാത്ര പ്രശസ്തമായ ഓറിയന്റൽ വില്ലേജിലേക്കായിരുന്നു. അവിടെയാണ് കേബിൾ കാറും, സ്കൈ ബ്രിഡ്‌ജും ഉള്ളത്.
എന്റെ ആവശ്യപ്രകാരം ഹോട്ടൽജീവനക്കാർ എനിക്കൊരു ടാക്സി ഏർപ്പാടാക്കിത്തന്നു. എമി എന്നായിരുന്നു ടാക്സി ഓടിക്കുന്ന ചെറുപ്പക്കാരന്റെ പേര്. ഹോട്ടലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ യാത്രയുണ്ട് കേബിൾ കാർ സ്റ്റേഷനിൽ എത്തിച്ചേരാൻ. കുറച്ചുദൂരം പിന്നിട്ടപ്പോൾ എമി എന്നോടായി പറഞ്ഞു, “സാർ എവിടെ പോകണമെന്ന് പറഞ്ഞാൽ മതി. ഇന്നത്തെ ഒരുദിവസം മുഴുവൻ എവിടെ പോകാനും ഞാൻ തയ്യാറാണ്.” “ഇപ്പോൾ കേബിൾ കാർ സ്റ്റേഷനിലേക്ക് പോകൂ” ഞാൻ പറഞ്ഞു. “ഒരുമണിക്കൂർ യാത്രയുണ്ട് അവിടെയെത്തിച്ചേരാൻ. വൈകിയാൽ നല്ല തിരക്കുമായിരിക്കും. പോകുന്നവഴി ചില സ്ഥലങ്ങൾ കാണാനുണ്ട്. സാറിന് താല്പര്യമെങ്കിൽ അവിടെ ഞാൻ കാർ നിർത്താം.” എന്ന് ഡ്രൈവറും ഞാൻ ഓക്കേയും പറഞ്ഞു.
ഏകദേശം അരമണിക്കൂർ പിന്നിട്ടതോടെ ഞങ്ങൾ ലങ്കാവി അക്വാറിയതിനു മുൻപിൽ എത്തിച്ചേർന്നു. ഞാൻ കാറിൽ നിന്നിറങ്ങിയെങ്കിലും അതിനുള്ളിലേക്ക് കയറാൻ വലിയ താല്പര്യം ഉണ്ടായിരുന്നില്ല. സിംഗപ്പൂരിലെ അക്വാറിയം പലതവണ കണ്ടുകഴിഞ്ഞതാണ്. ഇവിടുത്തേതും വെത്യസ്തമാകാൻ വഴിയില്ല. ഞാൻ എമിയോട് പറഞ്ഞു, “നമുക്ക് പോകാം. നേരെ കേബിൾ കാർ സ്റ്റേഷനിലേക്ക് വിട്ടോളൂ.” ഞങ്ങൾ അവിടെനിന്നും യാത്രയായി.
ഞങ്ങൾ കേബിൾ കാർ സ്റ്റേഷനിൽ എത്തിച്ചേർന്നു. 85 മലേഷ്യൻ റിങ്കിറ്റായിരുന്നു പ്രവേശനത്തുക. സന്ദർശകരുടെ തിരക്ക് തുടങ്ങിയിരുന്നു. സമയം കളയാതെ ഞാനും ക്യൂവിൽ സ്ഥാനംപിടിച്ചു. കേബിൾ കാറിലേക്കുള്ള പ്രവേശനകവാടത്തിൽ ഷാരൂഖ് ഖാന്റെ സൂപ്പർഹിറ് സിനിമയായ ഡോണിന്റെ പോസ്റ്ററിനോടൊപ്പമുള്ള വാചകം ഇതായിരുന്നു – “2006 ൽ ഡോൺ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയിൽ ലങ്കാവി സ്കൈകാബ് പ്രത്യക്ഷപ്പെട്ടു. ലോകമെമ്പാടും 17 ദശലക്ഷം യുഎസ് ഡോളർ വിൽപ്പന നേടി.” ഇതുകൂടി കണ്ടതോടെ കേബിൾ കാറിലേക്ക് പ്രവേശിക്കാൻ ഞാൻ കൂടുതൽ ആവേശഭരിതനായി.
കുറച്ചുനേരത്തെ കാത്തിരിപ്പിനൊടുവിൽ ഞാൻ കേബിൾ കാർ ക്യാബിനുള്ളിൽ പ്രവേശിച്ചു. എന്നെക്കൂടാതെ 4 പേർകൂടി ആ ക്യാബിനുള്ളിൽ ഉണ്ടായിരുന്നു. എല്ലാവരും ചൈനയിൽനിന്നും വന്നവർ. കേബിൾ കാർ മെല്ലെ നീങ്ങിത്തുടങ്ങി. നിബിഢ വനത്തിലൂടെയായിരുന്നു കുറേദൂരം ഞങ്ങൾ സഞ്ചരിച്ചത്. എങ്ങാനും താഴെവീണാൽ പൊടിപോലും കിട്ടുമെന്ന് തോന്നുന്നില്ല. എനിക്ക് ചെറിയ പരിഭ്രാന്തി തോന്നിയിരുന്നു. എങ്കിലും കൂടെയുള്ളവർ ഇതൊന്നും വകവെക്കാതെ ക്യാബിനുള്ളിൽ ഇരുന്നുകൊണ്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്നതുകണ്ടപ്പോൾ എന്റെ ഭയമൊക്കെ മാറി. സിങ്കപ്പൂർ,ഹോങ്കോങ് എന്നിവിടങ്ങളിലെ കേബിൾ കാറിൽ മുൻപ് സഞ്ചരിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നുമില്ലാത്ത ഭയമായിരുന്നു ലങ്കാവി കേബിൾ കാറിൽ യാത്രചെയ്യുമ്പോൾ.
ലോകത്തിലെ ഏറ്റവും കുത്തനെയുള്ള കേബിൾ കാർ യാത്രയായാണ് ലങ്കാവി കേബിൾ കാർ അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽനിന്നും 708 മീറ്റർ ഉയരത്തിലൂടെ ലങ്കാവിയിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയായ മൗണ്ട് മച്ചിൻചാങ്ങിലേക്കുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു.
മഴക്കാടുകളാൽ ഇടതൂർന്ന മലകളുടെ മുകളിലൂടെയുള്ള കേബിൾകാർ യാത്രയാണ് ലങ്കാവിയിലെ പ്രധാനകാഴ്ചയും,വിനോദവും. കുറച്ചുദൂരം പിന്നിടുന്നതോടെ കുറച്ചകലെയായി അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ലങ്കാവിയിലെ ദ്വീപുകൾ കാണാം. 2003 ലായിരുന്നു ലങ്കാവി കേബിൾ കാർ ഔദ്യോഗികമായി തുറന്നത്. ഏകദേശം ഇരുപതു മിനിട്ടു നീളുന്ന കേബിൾ കാർ യാത്ര ഒരിക്കലും മറക്കാനാവാത്തതാണ്.
കേബിൾകാർ യാത്രയുടെ അവസാനഭാഗത്താണ് ലങ്കാവി സ്കൈബ്രിഡ്ജ് സ്ഥിതിചെയ്യുന്നത്. കേബിൾ കാർ ടോപ് സ്റ്റേഷനിൽനിന്നും സ്കൈബ്രിഡ്ജിൽ എത്തിച്ചേരാൻ കുറെയധികം പടവുകൾ ഇറങ്ങിക്കയറണം. കുത്തനെയുള്ള പടവുകൾ വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത്.
പടവുകൾ കയറിയും ഇറങ്ങിയും ഞാൻ സ്കൈബ്രിഡ്ജിൽ എത്തിച്ചേർന്നു. ആരെയും അമ്പരപ്പിക്കുന്ന രീതിയിലാണ് ഈ ആകാശപാലത്തിന്റെ നിർമ്മിതി.125 മീറ്ററാണ് പാലത്തിന്റെ നീളം. മഴക്കാടുകൾക്കുമുകളിൽ സമുദ്രനിരപ്പിൽനിന്നും 660 മീറ്റർ മുകളിലാണ് ആരെയും വിസ്മയിപ്പിക്കുന്ന പാലം സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ആദ്യകാഴ്ചയിൽ പാലത്തിലേക്ക് കയറാൻ ആരുമൊന്ന് ഭയക്കും.
ഷാരൂഖാന്റെ ഡോൺ സിനിമയിലെ ക്ലൈമാക്സ് സംഘട്ടനം ചിത്രീകരിച്ചത് ഈ ആകാശപാലത്തിൽവെച്ചായിരുന്നു. ഒരുനിമിഷം ആ രംഗങ്ങളെല്ലാം എന്റെ മനസ്സിൽ കൂടി കടന്നുപോയി. ഷാരൂഖാന്റെ പാദസ്പർശം പതിഞ്ഞ അത്ഭുതാവഹമായ ആകാശപാലത്തിലൂടെ ഞാൻ കുറേനേരം നടന്നുകൊണ്ട് അവിടുത്തെ നയന മനോഹരിയായ പ്രകൃതിയെ പ്രണയിച്ചു.
ആകാശപാലത്തോട് ഞാൻ മനസ്സില്ലാമനസ്സോടെ വിടപറയുകയാണ്. വീണ്ടും പടവുകൾ ഇറങ്ങി കേബിൾ കാർ സ്റ്റേഷനിലേക്ക്. ഇരുപതു മിനിറ്റ് യാത്രക്കുശേഷം ഞാൻ ഡ്രൈവർ എമി കാർ പാർക്കുചെയ്തിരുന്ന സ്ഥലത്തെത്തി.
കേബിൾകാർ കാഴ്ചകൾ കണ്ട് മടങ്ങുമ്പോൾ ഉച്ചകഴിഞ്ഞു രണ്ടു മണി കഴിഞ്ഞിരുന്നു. വിശപ്പ് നന്നേ മുറവിളികൂട്ടിയതിനാൽ പോകുന്നവഴി ഉച്ചഭക്ഷണം കഴിച്ചിട്ട് മടങ്ങാമെന്ന് ഞാൻ എമിയോട് പറഞ്ഞു. ലങ്കാവിയെപ്പറ്റി പഠിക്കുമ്പോൾ വളരെ വെത്യസ്തമായ ഒരു റെസ്റ്റോറന്റിനെപ്പറ്റി വായിച്ചറിഞ്ഞിരുന്നു. ഉച്ചഭക്ഷണം അവിടെ നിന്നു കഴിക്കാമെന്നു ഞാൻ തീരുമാനിച്ചു.
കുറച്ചുദൂരം താണ്ടി ഞങ്ങൾ റെറ്റോറന്റിൽ എത്തി. ഇതുപോലെയുള്ള ഒരു റെറ്റോറന്റിൽ ഞാൻ മുൻപ് കയറിയിട്ടില്ല. റെറ്റോറന്റിന്റെ പേരാണ് ലമാൻ പാഡി റെസ്റ്റോറന്റ്. ഞങ്ങൾ റെറ്റോറന്റിനുള്ളിലേക്ക് പ്രവേശിച്ചു. ഒരു വയലിനുള്ളിലാണ് റെസ്റ്റോറന്റ്. ഓരോ കുടിലിലേക്കും പ്രവേശിക്കാൻ തടികൊടുള്ള നടപ്പാതയൊരുക്കിയിട്ടുണ്ട്. വയലിന്റെ ഓരങ്ങളിൽ അങ്ങിങ്ങായി ഓരോ കുടിൽ കെട്ടി അവിടെ അതിഥികൾക്കായി ഇരിപ്പിടം ഒരുക്കിയിരിക്കുന്നു.
ഒഴിഞ്ഞുകിടന്നിരുന്ന ഒരു കുടിലിൽ ഞാനും എമിയും പ്രവേശിച്ചു. കുടിലിനിള്ളിൽ പ്രവേശിക്കുമ്പോൾ പാദരക്ഷകൾ അഴിച്ചുമാറ്റണം. പിന്നീട് കുടിലിന്റെ മധ്യഭാഗത്തായി ഇട്ടിരിക്കുന്ന പൊക്കം കുറഞ്ഞ മേശയുടെ ഇരുവശങ്ങളിലായി തറയിൽ ഇരുന്നുകൊണ്ടാണ് ഭക്ഷണം കഴിക്കേണ്ടത്. പൊക്കം കുറഞ്ഞ കസേരകൾ ഉണ്ടെങ്കിലും ഇങ്ങനെ ഇരുന്നാണ് ആഹാരം കഴിക്കേണ്ടതെന്ന് എമി പറഞ്ഞു. ചിക്കനും മീൻ വിഭവങ്ങളുമായി ഒരു അത്യുഗ്രൻ മലേഷ്യൻ വിഭവവുമായി ഞാനും എമിയും പോരാട്ടം ആരംഭിച്ചു. ലമാൻ പാഡി റെസ്റ്റോറന്റിൽ നിന്നിറങ്ങുമ്പോൾ വയറിനോടൊപ്പം എന്റെ മനസ്സും നിറഞ്ഞിരുന്നു.
എമിയോട് യാത്രപറഞ്ഞു ഹോട്ടലെത്തിയപ്പോൾ വൈകുന്നേരം അഞ്ചുമണി പിന്നിട്ടിരുന്നു. കുളിയും ചെറുവിശ്രമത്തിനുശേഷം ക്യാമറയുമായി ലങ്കാവിയുടെ രാത്രികാഴ്ചകളിലേക്ക് ഞാനിറങ്ങി. ഏതുരാജ്യത്തുപോയാലും ഇനങ്ങനെയൊരു നടത്തം പതിവുള്ളതാണ്. മലേഷ്യയിലെ മറ്റുസ്ഥലങ്ങളിൽ നിന്നും വ്യത്യസ്തവും, വളരെ സുരക്ഷിതവുമാണ് ലങ്കാവി ദ്വീപ്.
ഇന്ന് എന്റെ മൂന്നാംദിനം. ഇന്നത്തെയാത്ര ഒരു ചരിത്രപ്രാധാന്യമുള്ള ഒരുസ്ഥലത്തേക്കായിരുന്നു. ഇതിഹാസ രാജകുമാരി മഹ്‌സൂരിയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് കുവ പട്ടണത്തിൽനിന്നും പന്ത്രണ്ടുകിലോമീറ്റർ അകലെയുള്ള മാവാത് ഗ്രാമത്തിലായിരുന്നു. ഇതിഹാസ രാജകുമാരി മഹ്‌സൂരിയുടെ ഓർമപ്പെടുത്തലാണ് മഹ്‌സൂരിയുടെ ശവകുടീരം. മകം മഹ്‌സുരി എന്നും അറിയപ്പെടുന്നു. ദ്വീപിലെ മിക്ക പ്രകൃതി ആകർഷണങ്ങളിലും യഥാർത്ഥ മലായ് ശൈലിയിൽ കെട്ടുകഥകൾ ഘടിപ്പിച്ചിരിക്കുന്നു, മഹ്‌സൂരിയുടെ ശവകുടീരം ഒരുപക്ഷേ അതിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസമാണ്.
200 വർഷങ്ങൾക്ക് മുമ്പ് ജനിച്ച സുന്ദരിയായ മഹ്‌സുരി എന്ന കന്യക (അല്ലെങ്കിൽ ചില വിവരണങ്ങളിലുള്ള രാജകുമാരി), സയാമികളുമായുള്ള സംഘട്ടനസമയത്ത് തന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചതാണ് കഥ ആരംഭിക്കുന്നത്.
അവളുടെ നിരപരാധിത്വത്തിൽ മഹ്‌സുരി പ്രതിഷേധിച്ചുവെങ്കിലും ഗ്രാമത്തിലെ മുതിർന്നവർ പെൺകുട്ടിയെ വിചാരണ ചെയ്തു, കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചു. അവളെ ഒരു സ്‌തംഭത്തിൽ കെട്ടിയിട്ടെങ്കിലും ആചാരപരമായ വധസ്‌തംഭം ഉപയോഗിച്ച് കുത്തിയപ്പോൾ അവൾ നിരപരാധിയുടെ അടയാളമായി വെളുത്ത രക്തം വീണു.
മരിക്കുന്ന ആശ്വാസത്തോടെ മഹ്സുരി ഏഴു തലമുറയുടെ ദുഖത്തോടെ ദ്വീപിനെ ശപിച്ചു. പിന്നീട് സയാമികൾ കെഡയെ കീഴടക്കി ദ്വീപ് ആക്രമിച്ചു – ലങ്കാവി നിവാസികൾ അവരുടെ പ്രധാന വിളയ്ക്ക് തീയിട്ടു. ആക്രമണകാരികളുടെ മുന്നേറ്റം തടയുന്നതിനായി അവരുടെ കിണറുകളിൽ വിഷം കലർത്തി. ഇന്നും ഐതിഹ്യമനുസരിച്ച് ചുട്ടുപൊള്ളുന്ന അരിയുടെ തെളിവുകൾ അടുത്തുള്ള പഡാങ് മാറ്റ്സിറത്തു (കരിഞ്ഞ അരിയുടെ വയൽ) അവശേഷിക്കുന്നു .
മഹ്‌സൂരിയുടെ ഇതിഹാസം ലങ്കാവിയുടെ താരതമ്യേന ‘പുതുമയുള്ള’ വിജയത്തിന് കാരണമാവുകയും അതിന്റെ അഭിവൃദ്ധി കണക്കിലെടുക്കുകയും ചെയ്താൽ ദ്വീപ് ശാപത്തെ അതിജീവിച്ചു. മഹ്‌സൂരിയുടെ ശവകുടീരം (മഹ്‌സുരി മരിച്ച സ്ഥലം) ഒരു ചരിത്ര സൈറ്റാക്കി മാറ്റി. അതിൽ മഹ്‌സൂരിയുടെ ദേവാലയം ഉൾപ്പെടുന്നു. വേലിയിറക്കിയ വെളുത്ത മാർബിൾ കൂടാതെ, ഒരു പരമ്പരാഗത മലായ് വീട്, ഒരു തിയേറ്റർ, ഒരു ‘ഡയോറമ മ്യൂസിയം’ എന്നിവയുടെ പുനർനിർമ്മാണമുണ്ട്. അതിൽ മഹ്‌സൂരിയുടെ ചില ആഭരണങ്ങളും അവളെ കൊന്ന ആയുധവും ഉണ്ട്. മഹ്‌സൂരിയുടെ ശവകുടീരത്തിൽ കുറച്ച് ഭക്ഷണശാലകളും അതിലേക്ക് കൈ മുക്കുന്നവരെ അനുഗ്രഹിക്കുന്ന ഒരു കിണറും ഉൾപ്പെടുന്നു. 10 മലേഷ്യൻ റിങ്കിട്ടാണ് മഹ്‌സൂരിയുടെ കോട്ടയിലേക്കുള്ള പ്രവേശനത്തുക.
ഉച്ചഭക്ഷണത്തിനുശേഷം പ്രസിദ്ധമായ പണ്ടായി സെനാങ് ബീച്ചിലേക്കായിരുന്നു യാത്ര. ലങ്കാവിയിലെ പ്രസിദ്ധവും തിരക്കേറിയതുമാണ് ഈ ബീച്ച്. നിരവധി വൈവിധ്യമാർന്ന കഫേകളും, റെസ്റ്റോറന്റുകളും, സുവനീർ ഷോപ്പുകളും സെനാങ് ബീച്ചിലേക്കെത്തുന്ന സന്ദർശകരെ ആകർഷിക്കുന്നതാണ്. കുറഞ്ഞ മദ്യവും ലഘുഭക്ഷണങ്ങളും വാഗ്ദാനം ചെയ്യുന്ന ബീച്ച് ഫ്രണ്ട് ബാറുകളും ലോഞ്ചുകളും ഒപ്പം വൈകും വരെ തത്സമയ സംഗീതവും സാംസ്കാരിക പ്രകടനങ്ങളും ഉള്ള ലങ്കാവി ദ്വീപിലെ ഏറ്റവും സജീവമായത് പന്തായി സെനാങ്ങിന്റെ രാത്രി ജീവിതത്തിന്റെ മാറ്റുകൂട്ടുന്നു.
ലങ്കാവി പോലെ ദ്വീപിൽ വന്നിട്ട് ഇതുപോലെ മനോഹരമായ ഒരു ബീച്ച് എല്ലാവരും സന്ദർശിക്കണം. ഏതായാലും ഞാൻ ബീച്ചിന്റെ സൗന്ദര്യം വേണ്ടുവോളം ആസ്വദിച്ചു. ജീവിതത്തിൽ ആദ്യമായി പാരാസെയ്‌ലിംഗ് നടത്തി. അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു അത്. വളരെ വൈകിയാണ് ഞാൻ ഹോട്ടലിലേക്ക് മടങ്ങിയത്.
ഇന്ന് എന്റെ നാലാംദിനം. രാവിലെ പത്തുമണിക്കാണ് സിംഗപ്പൂരിലെക്കുള്ള മടക്കയാത്ര. മനോഹരമായ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച ലങ്കാവിയോട് വിടപറഞ്ഞു.