ലേഖനം എഴുതിയത് – ഋഷിദാസ്.

ചക്രങ്ങളും റെയ്‌ലുകളും ഉപയോഗിച്ചുള്ള അതിവേഗതീവണ്ടികൾക്ക് മണിക്കൂറിൽ നാനൂറു കിലോമീറ്ററിന് മുകളിൽ സ്ഥിര വേഗതയോടെ സഞ്ചരിക്കുമ്പോൾ പല സങ്കീർണമായ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും .വളരെ വേഗത്തിൽ കറങ്ങുന്ന ലോഹ ചക്രങ്ങൾ ഘർഷണത്തിലൂടെ ഉൽപ്പാദിപ്പിക്കുന്ന താപോർജ്ജം നീക്കം ചെയുന്നത് തന്നെ ബുദ്ധിമുട്ടാവും .വലിയ വേഗത്തിൽ ചലിക്കുന്ന ട്രെയിനുകൾക്ക് മുകളിലുള്ള വൈദ്യുത ലൈനുകളിൽ നിന്നും വൈദ്യുതോർജ്ജം പാന്റോഗ്രാഫുകൾ വഴി ശേഖരിക്കുന്നതും പ്രയാസമായിത്തീരും .ഈ പ്രയാസങ്ങൾക്കുള്ള ഏറ്റവും എളുപ്പമുള്ള പോംവഴി ലോഹ ചക്രങ്ങളെയും പാന്റോഗ്രാഫുകളെയും ഒഴിവാക്കിയുള്ള മറ്റൊരു പ്രവർത്തന തത്വമുള്ള അതിവേഗ തീവണ്ടികളാണ് .മാഗ് ലെവ് അതിവേഗ തീവണ്ടികളാണ് ഇപ്പോൾ സാധാരണ റയിലിന്റെ തത്വങ്ങൾ ഉപയോഗിച്ചുള്ള ട്രെയിനുകൾക്ക് വെല്ലുവിളി ഉയർത്തുന്നത്.

മാഗ് ലെവ് (Mag Lev ) എന്നത് മാഗ്നെറ്റിക് ലെവിറ്റേഷൻ ( magnetic levitation) എന്നതിന്റെ ചുരുക്കപ്പേരാണ് .അതിശക്തമായ ഒരു കാന്തിക ബലത്തിന്റെ സഹായത്തോടെ ഒരു വസ്തുവിനെ വായുവിൽ സ്വതന്ത്രമായി ഉയർത്തി നിർത്തുന്നതിനെയാണ് മാഗ്നെറ്റിക് ലെവിറ്റേഷൻ എന്ന് പറയുന്നത് .ഉയർത്തപ്പെടുന്ന വസ്തുവിനെ ലീനിയർ മോട്ടോറിന്റെ തത്വത്തിൽ ട്രാക്കിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങളുടെ സഹായത്തോടെ വലിയ വേഗതയിൽ ചലിപ്പിക്കാൻ കഴിയും .ഇതാണ് പൊതുവായി മാഗ്നെറ്റിക് ലെവിറ്റേഷൻ അതിവേഗ ട്രെയിനുകളുടെ പ്രവർത്തന തത്വം .ഈ സംവിധാനത്തിന് ചക്രങ്ങളുടെയോ ,പാന്റോഗ്രാഫിന്റെയോ ആവശ്യം ഇല്ല .അതിനാൽ തന്നെ അതിവേഗതയിൽ ചലിക്കുമ്പോൾ സാധാരണ അതിവേഗ ട്രെയിനുകൾ നേരിടേണ്ടിവരുന്ന പല പ്രശ്നങ്ങളും മാഗ് ലെവ് ട്രെയിനുകൾക്ക് ഒഴിവാക്കാൻ കഴിയുന്നു.

ജർമൻ കാരനായ ഹെർമൻ കെമ്പെർ(Hermann Kemper ) ആണ് മാഗ്നെറ്റിക് ലെവിറ്റേഷൻ തത്വങ്ങളുടെ ആദ്യ പേറ്റന്റ് സ്വന്തമാക്കുനന്ത് .എഴുപതുകളുടെ അവസാനം ജർമനിയിലെ ഹാംബർഗിൽ ഒരു കിലോമീറ്ററിൽ താഴെ നീളമുള്ള ഒരു ചെറിയ പരീക്ഷണ മാഗ്നെറ്റിക് ലെവിറ്റേഷൻ ട്രെയിൻ സംവിധാനം നിർമ്മിക്കപ്പെട്ടു. തൊണ്ണൂറുകളിൽ കൊറിയയിലെ ഇൻചേയോൻ വിമാനത്താവളത്തിൽ മൂന്ന് കിലോമീറ്ററിൽ കൂടുതൽ ദൈർഖ്യമുള്ള മാഗ്നെറ്റിക് ലെവിറ്റേഷൻ ട്രെയിൻ സംവിധാനം നിർമ്മിക്കപ്പെട്ടു.ഒരു പക്ഷെ ലോകത്തിലെ ആദ്യ പ്രായോഗിക മാഗ് ലെവ് ട്രെയിൻ സംവിധാനമാണ് അത് .ആ സംവിധാനത്തിന്റെ വേഗത പക്ഷെ മണിക്കൂറിൽ 100 കിലോമീറ്ററിനടുത്തായിരുന്നു .അതിനാൽ തന്നെ അത് ഒരു അതിവേഗ മാഗ് ലെവ് ട്രെയിൻ സംവിധാനം ആയിരുന്നില്ല

നിലവിലുള്ള മാഗ് ലെവ് ട്രെയിൻ സംവിധാനങ്ങളിൽ രണ്ടുതരം സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത് .ഇലെക്ട്രോമാഗ്നെറ്റിക് സസ്‌പെൻഷൻ (Electromagnetic suspension (EMS) ) ഇലക്ട്രോ ഡയനാമിക് സസ്‌പെൻഷൻ (Electrodynamic suspension (EDS) ) എന്നിവയാണ് അവ .അതിശക്തമായ കാന്തിക ബലം നിർമിക്കുന്ന നിർമിക്കുന്ന രീതികളിലെ വ്യത്യാസം ആണ് ഈ രണ്ടു സാങ്കേതിക വിദ്യയുടെയും പ്രതേകത.

വലിയ സാമ്പത്തിക ചെലവാണ് മാഗ് -ലെവ് സംവിധാനങ്ങളുടെ ന്യൂനത സാധാരണ അതിവേഗ ട്രയിൻ സംവിധാനങ്ങളെക്കാൾ പല മടങ് ചെലവ് എറിയതാണ് ഇപ്പോഴുള്ള മാഗ്‌ -ലെവ് സംവിധാനങ്ങൾ . നിലവിലുള്ള മാഗ്‌ ലെവ് സംവിധാനങ്ങൾ ഒന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നില്ല . ഒരു പ്രദർശന വസ്തു എന്ന നിലയിലാണ് പല സംവിധാനങ്ങളുടെയും പ്രവർത്തനം .വേഗത വർധിക്കുമ്പോൾ എയർ റെസിസ്റ്റൻസ് വർധിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത .ഈ കാരണം കൊണ്ട് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനേക്കാൾ ഇരട്ടി ഊർജ്ജം മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമ്പോൾ വേണ്ടിവരും .വിമാനങ്ങൾ വായുമർദവും വളരെ കുറവുള്ള ഉയര്ന്ന അന്തരീക്ഷ മേഖലയിൽ സഞ്ചരിക്കുന്നതിനാലാണ് വിമാനങ്ങൾക്ക് ഇങ്ങെനെ ഒരു പ്രശനം നേരിടേണ്ടി വരാത്തത് .പക്ഷെ ഭൗമോപരിതലത്തിലൂടെ സഞ്ചരിക്കുന്ന അതിവേഗ തീവണ്ടികൾക്ക് ഈ പ്രയാസത്തെ മറികടക്കാൻ ആവില്ല.

ഒരു കിലോമീറ്റർ മാഗ് ലെവ് ട്രാക്ക് നിർമിക്കാൻ അമ്പതു മില്യൺ ഡോളർ മുതൽ നൂറു മില്യൺ ഡോളർ വരെ ചെലവ് വരുമെന്നാണ് കണക്കു കൂട്ടൽ .( മുന്നൂറ് കോടി രൂപ മുതൽ അറുനൂറ് കോടി രൂപ വരെ ) .അനുബന്ധ ഉപകരണങ്ങളുടെ ചെലവ് കൂടി വരുമ്പോൾ ഒരു അതിവേഗ മാഗ് -ലെവ് സംവിധാനത്തിന് കിലോമീറ്ററിന് ആയിരം കോടി രൂപയ്ക്കു മുകളിൽ നിർമാണ ചെലവ് വരുമെന്നാണ് ഏക ദേശ കണക്കുകൾ . മാഗ് -ലെവ് സംവിധാനങ്ങൾ വളരെ വ്യാപകമായി നിര്മിക്കപ്പെട്ടാലേ നിർമാണ പ്രവർത്തന ചെലവുകളിൽ കാര്യമായ കുറവ് ഉണ്ടാക്കാൻ ഇടയുളൂ .സമീപഭാവിയിൽ അതിനുള്ള സാധ്യത വിരളം ആയതിനാൽ മാഗ് -ലെവ് സംവിധാനങ്ങൾ വ്യാപകമായി നിര്മിക്കപ്പെടാനുള്ള സാധ്യതയും ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.