© Respected Owner.

മഹാരാഷ്ട്രയിലേക്ക് മൂന്നു ദിവസത്തെ ട്രെക്കിങ്ങ് എങ്ങനെ പ്ലാന്‍ ചെയ്യാം? മഹാരാഷ്ട്രയില്‍ ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പബ്ലിക് ട്രാന്‍സ് പോര്‍ട്ടില്‍ ഒരു മൂന്ന് ദിവസം കൊണ്ട് എവിടെയൊക്കെ ട്രെക്കിങ്ങ് ചെയ്യാം എന്നതിനെ കുറിച്ചാണ് ഈ വിവരണം.

Day 1 – Harihar Fort, Nasik : മഹാരാഷ്ട്രയിലുപരി കേരളത്തില്‍ പ്രശസ്തമായ സ്ഥലമാണ് നാസിക്കിനടുത്തുള്ള ഹരിഹര്‍ ഫോര്‍ട്ട്. ഭൂപ്രകൃതികൊണ്ട് അനുഗ്രഹീതമായ മലകളും താഴ് വാരവും, കണ്ണെത്താ ദൂരം പടര്‍ന്നു കിടക്കുന്ന വയലുകളും, അങ്ങിങ്ങായി ചെറിയ ഗ്രാമങ്ങളും.അതിനിടക്കായി തല ഉയര്‍ത്തിയ ഒരു ചെറിയ കോട്ട, അതാണ് ഹരിഹര്‍ ഫോര്‍ട്ട്. കേളത്തില്‍ നിന്ന് ഹരിഹര്‍ഫോര്‍ട്ടിലേക്ക് വരുന്നവര്‍, മുംബൈ വഴി (പന്‍വേല്‍ / കല്യാണ്‍) ഡെല്‍ഹി പോകുന്ന ട്രെയിനില്‍ കയറി നാസിക്കില്‍ ഇറങ്ങുക. നാസിക്കില്‍ പുലര്‍ച്ച എത്തുന്ന രീതിയില്‍ പ്ലാന്‍ ചെയ്യുക. നാസിക്കിലേക്ക് നേരിട്ട് ട്രെയിന്‍ കിട്ടിയില്ലെങ്കില്‍, മുംബൈയില്‍ രാത്രി എത്തുന്ന ട്രെയിനില്‍ വരാന്‍ ശ്രമിക്കുക. മുംബൈയില്‍ നിന്ന് നാസിക്കേലേക്ക് ദിവസേന ധാരാളം ട്രെയിനുകളുണ്ട്. ഒരു 3 മണിക്കൂറിന്‍റെ യാത്രയേയുള്ളു. റിസര്‍വേഷന്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.

പുലര്‍ച്ച നാസിക്കില്‍ എത്തിയാല്‍ ഉടന്‍ ത്രിംബക് (തൈറംബക്കേഷര്‍ / Trimbak) ബസ് കയറുക. റെയില്‍വെ സ്റ്റേഷന്‍റെ പുറത്തുതന്നെ ഒരു ചെറിയ ബസ് സ്റ്റാന്റുണ്ട്. അവിടെ നിന്ന് രാവിലെ അഞ്ച് മണി മുതല്‍ അര മണിക്കൂര്‍ ഇടവിട്ട് ബസ് ലഭിക്കും. ഒരു മണിക്കൂറിനുള്ളില്‍ ത്രിംബക് എത്താം. ത്രിംബക്കില്‍ നിന്ന് ഹരിഹര്‍ ഫോര്‍ട്ട് ട്രെക്കിന്‍റെ ബെയ്സ് വില്ലേജായ നിര്‍ഗുഡ്പാടയിലേക്ക് (Nirgudpada) ബസ് ലഭിക്കും. ബസ് സര്‍വ്വീസ് കുറവയാതിനാല്‍ ഈ റൂട്ടില്‍ ധാരാളം ഷയര്‍ടാക്സികള്‍ സര്‍വ്വീസ് ചെയ്യുന്നുണ്ട്. ത്രിംബക് ബസ് സ്റ്റാന്‍റിന്‍റെ അടുത്ത് നിന്നാണ് ഇവ സര്‍വ്വീസ് തുടങ്ങുന്നത്. നിര്‍ഗുഡ്പാടയില്‍ നിന്ന് 4 KM ട്രെക്ക് ചെയ്യാനുണ്ട് ഹരിഹര്‍ഫോര്‍ട്ട് എത്താന്‍. ഒന്നര മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് മുകളിലെത്താന്‍ കഴിയും. കൂടുതല്‍ തിരക്കില്ലെങ്കില്‍ ഒരു 20 മിനുട്ട് കൊണ്ട് പാറയിലൂടെ കയറി അവിടുത്തെ ഏറ്റവും ഉയര്‍ന്ന ഭാഗത്ത് എത്താം.

മുകളിലെത്തി കാഴ്ച്ചകള്‍ കണ്ടതിന് ശേഷം ഒരു ഒന്നര മണിക്കൂര്‍ കൊണ്ട് നിങ്ങള്‍ക്ക് താഴെ എത്താം. രാവിലെ 8 മണിക്ക് ട്രെക്കിങ്ങ് തുടങ്ങാന്‍ കഴിഞ്ഞാല്‍ ഉച്ചക്ക് 1 മണിയാകുന്പോഴേക്ക് വില്ലേജില്‍ എത്താന്‍ കഴിയും. ഇവിടെ നിന്ന് ബസിലോ ഷെയര്‍ ടാക്സിയിലോ ത്രിംബക്കിലേക്ക് തിരിച്ച് പോകുക. അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിക്കാം.

Option 1: With stay in a hotel in Mumbai : ആദ്യ ദിവസം ഒരു ഹോട്ടലില്‍ താമസിക്കാനുദ്ദേശികുന്നു എങ്കില്‍ മുംബൈ സെന്‍ട്രല്‍ ലൈനിനോട് (Mumbai suburban – central line) (Kalyan / Thane) അടുത്തുള്ള ഒരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്യുക. ത്രിംബക്കില്‍ നിന്ന് മുംബൈ എത്താന്‍ വേണ്ടി നാസിക്ക് സെന്‍ട്രല്‍ ബസ് ബസ്റ്റാന്റിലേത്ത് (Nasik Central Bus Stand = Nasik CBS) പോകുക. റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന റൂട്ടിലാണ് സെന്‍ട്രല്‍ ബസ് സ്റ്റാന്റ്. സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്ന് കസറയിലേക്ക് ബസ് ലഭിക്കും. രണ്ട് മണിക്കൂര്‍ കൊണ്ട് സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ നിന്ന് കസറ (Kasara) റെയില്‍വെ സ്റ്റേഷനിലെത്താം. മുംബൈ സെന്‍ട്രല്‍ ലൈനിലെ അവസാനത്തെ സ്റ്റേഷനാണ് കസറ. ഇവിടെ നിന്ന് മുംബൈ CST വരെ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കാം.

Option 2: With out stay : രാത്രി റൂം എടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ഏറ്റവും നല്ലത് നാസിക്ക് റെയില്‍വെ സ്റ്റേഷന്‍ തന്നെയാണ്. ത്രിംബക്കില്‍ നിന്ന് നാസിക് റെയില്‍വെ സ്റ്റേഷനിലേക്ക് ബസ് കയറുക. നേരിട്ട് ബസ് കിട്ടിയില്ലെങ്കില്‍, സെന്‍ട്രല്‍ ബസ് സ്റ്റാന്റില്‍ വന്ന് മാറിക്കയറുകയും ചെയ്യാം. വൈകുന്നേരം റെയില്‍വെ സ്റ്റേഷനിലും ചുറ്റുമായി ചിലവഴിച്ചതിന് ശേഷം, രാത്രി 12 മണിക്ക് ശേഷമുള്ള ഒരു ട്രെയിനില്‍ മുംബൈയിലക്ക് കയറുക. ഇതു വഴിപോകുന്ന എല്ലാ ട്രെയിനുകള്‍ക്കും കല്യാണില്‍ സ്റ്റോപ്പുണ്ടാകം. കല്യാണില്‍ ഇറങ്ങിയാല്‍ അടുത്ത ദിവസത്തെ യാത്ര എളുപ്പമാക്കാം.

Day 2 – Bhaha Caves, Visapur Fort and Lohagad Fort : രണ്ടാമത്തെ ദിവസം നമുക്ക് ലോണാവാലയിലെ ചില ഭാഗങ്ങള്‍ സന്ദര്‍ശിക്കാം. മുംബൈയില്‍ നിന്ന് ലോണാവാല എത്താന്‍ വേണ്ടി, രാവിലെയുള്ള ഏതെങ്കിലും എക്സ്പ്രസ് ട്രയിനില്‍ കയറുക. രാവിലെയുള്ള 2 ട്രെയിനുകളില്‍ 2S ബോഗിയുമുണ്ട്. ഇതില്‍ റിസര്‍വ്വ് ചെയ്താല്‍ ജനറല്‍ കന്പാര്‍ട്ടമെന്റിലെ തിരിക്കൊഴിവാക്കാം. ലോണാവാല എത്തിയതിന് ശേഷം, പൂനൈ ഭാഗത്തേക്കുള്ള ലോക്കല്‍ ട്രെയിനില്‍ കയറി ആദ്യത്തെ സ്റ്റോപ്പായ മലൗലിയില്‍ (Malavli) ഇറങ്ങുക. ഒരു 10 മിനുട്ട് കൊണ്ട് അവിടെ എത്താം. അവിടെ നിന്ന് ഒരു 3 KM നടന്നാല്‍ ബാജാ കേവ്സ് (Bhaja Caves) എത്താം. ബുദ്ദ മതവുമായ ബന്ധപ്പെട്ട ഒരു ഗുഹാ സമൂഹമാണ് ബാജാ കേവ്സ്. അതിനു തൊട്ടു മുന്നിലായി ബാജാ വാട്ടര്‍ഫാള്‍സും കാണാം. ബാജാ കേവ്സിലെ ടിക്കറ്റ് കൗണ്ടറിന്‍റെ പുറകിലൂടെ മുകളിലോട്ട് ഒരു വഴി കാണാം. അതിലൂടെ ഒരു ഒന്നര മണിക്കൂര്‍ ട്രെക്കിങ്ങ് ചെയ്താല്‍ ലോഹഗഡ് ഫോര്‍ട്ടിലെത്താം.

ലോഹഗഡ് ഫോര്‍ട്ടിലെ കാഴ്ച്ചകള്‍ കണ്ടെതിനു ശേഷം മറു വശത്തിലൂടെ താഴോട്ട് തിരിച്ചിറങ്ങാം. താഴെ കുറച്ച് ഹോട്ടലുകളുണ്ട്. അവിടെ നിന്ന് ഭക്ഷണം കഴിച്ചതിനു ശേഷം ഒരു 3 KM നടന്നാല്‍ ലോഹ ഗഡ് ഫോര്‍ട്ട് എത്താം. ഫോര്‍ട്ടിന്‍റെ മുകള്‍ വരെ സ്റ്റെപ്പുകളുണ്ട്. അത് കൊണ്ട് തന്നെ അര മണിക്കൂറിനുള്ളിന്‍ നിങ്ങള്‍ക്ക് മുകളിലെത്താം. കോട്ടയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ എല്ലാം കണ്ടെതിനു ശേഷം താഴെത്തിയാല്‍, അവിടെ നിന്ന് മലൗലിയിലേക്ക് ഷയര്‍ ജീപ്പുകള്‍ കിട്ടും. ചില സമയങ്ങളില്‍ നേരിട്ട് ലോണാവാലയിലേക്കും. മലൗവ് ലിയില്‍ നിന്ന് ലോക്കല്‍ ട്രെയിനില്‍ ലോണാവാലയിലെത്താം.

Option 1: Stay in a tent : ഇന്ന് രാത്രി ഒരു ടെന്റ് സ്റ്റേ ഉദ്ദേശിക്കുന്നുവെങ്കില്‍ ഏറ്റവും നല്ല തൊട്ടടുത്തുള്ള സ്ഥലം ഡൂക്ക് നോസ് (Duke’s Nose) ട്രെക്കിന്‍റെ ബേയ്സ് വില്ലേജായ കുറുവാന്തി വില്ലേജ് (Kuruvande Village) ആണ്. അവിടെ ടെന്റ് വാടകക്കും ലഭിക്കും. സ്റ്റേഷനില്‍ നിന്ന് 5 KM അകലെയാണ് കുറുവാന്തി വില്ലേജ് സ്ഥിതി ചെയ്യുന്നത്. സ്റ്റേഷന്‍റെ പരിസരത്ത് നിന്ന് വില്ലേജിലേക്ക് ഷെയര്‍ ജീപ്പ് ലഭിക്കും. സമയം ഇരുട്ടന്നതിന്‍റെ മുമ്പ് ഇവിടെയെത്താന്‍ കഴിഞ്ഞാല്‍ ഉടനെ ഡൂക്ക് നോസിന്റെ മുകളില്‍ കയറിയിറങ്ങാന്‍ നോക്കുക. അല്ലെങ്കില്‍ അതിരാവിലെ തന്നെ ഡൂക്ക് നോസിന്‍റെ മുകളില്‍ കയറുക. ശേഷം ഉടനെ ലോണാവാലയിലേക്ക് തിരിച്ച് വരുക.

Option 2: Stay in dormitory : റെയില്‍വെ സ്റ്റേഷനും ചുറ്റുമായി കുറ‍ഞ്ഞ നിരക്കില്‍ ഡോര്‍മിറ്ററി ലഭിക്കും.

Day 3 : Peb Fort Trekking and Matheran : മൂന്നാമത്തെ ദിവസം പെബ് ഫോര്‍ട്ട് വഴി മാത്തേരണിലെത്താം. പെബ് ഫോര്‍ട്ടില്‍ എത്താന്‍ വേണ്ടി, ലോണാവാല റെയില്‍സെ സ്റ്റേഷനില്‍ നിന്ന് കര്‍ജാട്ട് (Karjat) സ്റ്റോപ്പുള്ള മുംബൈ ഭാഗത്തേക്ക് പോകുന്ന ഒരു എക്സ്പ്രസര്‍ ട്രെയിനില്‍ കയറുക. 40 മിനുട്ട് കൊണ്ട് കര്‍ജാട്ട് എത്താം. അവിടെ നിന്ന് മുംബൈ ഭാഗത്തേക്കുള്ള ലോക്കല്‍ ട്രെയിനില്‍ നേരലിലേക്ക് (Neral) സഞ്ചരിക്കുക. നേരല്‍ സ്റ്റേഷനില്‍ നിന്ന് 3 KM അകലെയുള്ള ആനന്ദ് വാടി (Aanand Vadi) വില്ലേജിലേക്ക് ഷയര്‍ ഓട്ടോ ലഭിക്കും.

ആനന്ദ് വാടി വില്ലേജില്‍ നിന്ന് ട്രെക്കിങ്ങ് തുടങ്ങി, പെബ് ഫോര്‍ട്ട് വഴി നിങ്ങള്‍ക്ക് മാത്തേരണിനടുത്തുള്ള അമന്‍ലോഡ്ജിലെത്താം (Aman Lodge). സമയം ബാക്കിയുണ്ടെങ്കില്‍ 2.5 KM അകലെയുള്ള മാത്തേരണില്‍ പോയി തിരിച്ചു വരാം. ഒരോ 45 മിനുട്ട് കൂടുന്പോഴും അമന്‍ ലോഡ്ജില്‍ നിന്ന് മാത്തരണലിേക്ക് ടോയി ട്രെയിന്‍ സര്‍വ്വീസ് ഉണ്ട്. ഇതില്‍ 15 മിനുട്ടിനുള്ളില്‍ മാത്തേരണിലെത്താം. അവിടെ എത്തിയതിന് ശേഷം, 15 മിനുട്ടിനുള്ളില്‍ അതേ ട്രെയിനില്‍ തന്നെ തിരിച്ച് അമന്‍ ലോഡ്ജിലേക്ക് വരാം.

അമന്‍ ലോഡ്ജില്‍ നിന്ന് നേരലിലേക്ക് രാത്രി വരെ ഷയര്‍ ടാക്സി കിട്ടും. നേരലിലെത്തിയാല്‍ അവിടെ നിന്ന് മുംബൈയിലേക്ക് ലോക്കല്‍ ട്രെയിനിലെത്താം. തിരിച്ച് നാട്ടിലേക്ക്, രാത്രി പുറപ്പെടുന്ന ഏതെങ്കിലും ട്രയിനില്‍ റിസര്‍വ്വും ചെയ്യുക. ആദ്യ രണ്ട് ദിവസം തുടര്‍ച്ചയായി ട്രെക്കിങ്ങ് ചെയ്തത് കൊണ്ട് ക്ഷീണമുണ്ടങ്കില്‍ മൂന്നാമത്തെ ദിവസത്തെ ട്രെക്കിങ്ങ് ഒഴിവാക്കാം. പെബ് ഫോര്‍ട്ട് പോകാതെ, നേരലില്‍ നിന്ന് നേരെ മാത്തേരണില്‍ പോയി അവിടുയുള്ള വ്യൂ പോയന്റസ് കാണാം.

വിവരണം – The Indian Trails.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.