വിവരണം – മനാഫ് പെരിന്തൽമണ്ണ.
കുട്ടിക്കാലം തൊട്ട് പെരിന്തൽമണ്ണയിൽ നിന്ന് മണ്ണാർക്കാട്ടേക്കുള്ള യാത്രക്കിടയിൽ എന്നും വിസ്മയിച്ചിരുന്ന ഒരിടമാണ് കരിങ്കല്ലത്താണിയിലെ മൈലാടുംപാറയിലെ മുളങ്കാടുകൾ. ആനവണ്ടിയിൽ ഈ വഴി പോകുമ്പോൾ മുളങ്കാടുകൾക്കപ്പുറം എന്താവും എന്ന് ചിന്തിച്ചിരുന്നു… എന്നാൽ കാലങ്ങൾക്കിപ്പുറം തൊടുക്കാപ്പ് ഇക്കോ ടൂറിസം എന്ന പേരിൽ വനം വകുപ്പ് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തു.
കോഴിക്കോട് പാലക്കാട് ദേശീയപാതയിലാണ് ഈ ടൂറിസം കേന്ദ്രം .പെരിന്തല്‍മണ്ണ മണ്ണാര്‍ക്കാട് റൂട്ടില്‍ കരിങ്കല്ലത്താണി ടൗണിന് തൊട്ടടുത്ത് ദേശീയപാതയോട് ചേര്‍ന്നാണ് ഇവിടേക്കുള്ള പ്രവേശന കവാടം.. 20₹ ആണ് പ്രവേശന ഫീ. അകത്തോട്ട് കയറിയാൽ വശങ്ങളിലായി ഇടതൂർന്ന മുളങ്കാടിന് ഇടയില്‍ ചെങ്കല്ല് കൊണ്ട് കെട്ടിയ കെട്ടിടങ്ങള്‍ .സംസ്ഥാനത്തെ സരംക്ഷിത വന പ്രദേശങ്ങളെ കുറിച്ചുള്ള ഫോട്ടോ ഗാലറി സ്ഥാപിച്ച ഇന്റര്‍പ്രേട്ടെഷന്‍ സെന്റര്‍ , വനവിഭവങ്ങള്‍ ലഭ്യമായ വനവിഭവ കേന്ദ്രം , കുടിവെള്ളം ,ടോയ്ലെറ്റ് എന്നിവയും അവിടെയുണ്ട്.
ഇവിടെ നിന്നും മുളങ്കാടുകളുടെ ഓരം പറ്റി കാടിനുള്ളിലേക്ക്.. മയിലാടും പാറയിലെക്കുള്ള വഴി ഇതാണ് .കാട്ടുപാതയുടെ വശ്യതയറിയാന്‍ ഈ വഴി വരണം ചെങ്കുത്തായ പാറയുടെ മുകളിലൂടെയുള്ള യാത്രയില്‍ താഴെയുള്ള പ്രദേശങ്ങളുടെ ദൃശ്യം എല്ലാ ക്ഷീണവും തീര്‍ക്കും .കൂട്ടിനു എപ്പോളും കാറ്റിന്റെ കൈകള്‍. ചരിഞ്ഞു കിടക്കുന്ന കൂറ്റന്‍ പാറക്കെട്ടുകള്‍ താണ്ടി മുകളിലെത്തിയാൽ കണ്ണിനെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് മുമ്പിലെത്തുക. മുകൾഭാഗം പരന്ന പാറയിൽ നിന്ന് 360 ഡിഗ്രിയിലുള്ള വ്യൂ..
സമുദ്ര നിരപ്പില്‍ നിന്നും ആയിരം മീറ്ററിന് അടുത്ത് ഉയരം ഉള്ള ഇവിടെ കോടയും തണുപ്പും സ്വാഭാവികം .വിശാലമായ പാറയില്‍ ഇരുന്നാല്‍ ഹരിതാഭമായ പ്രകൃതിയുടെ സൌന്ദര്യം കണ്ടു മതിമയങ്ങാം .വീശിയടിക്കുന്ന കാറ്റില്‍ യാത്രയുടെ ക്ഷീണം അറിയില്ല. എത്ര നേരം ഇരുന്നാലും മതിയാകുകയില്ല . അമ്മിനിക്കാടന്‍ മലയും ,സൈലന്റ് വാലിയുടെ താഴ്വാരങ്ങളും മലപ്പുറം ജില്ലയിലെ ഉയരം കൂടിയ കൂമ്പൻ മലയും വനവും ,അട്ടപ്പാടി കുന്നുകളും, ദൂരെ ഒഴുകുന്ന മുറിയങ്കണ്ണിപ്പുഴയും ചെറുകുന്നുകളും എല്ലാം കണ്ട് മതി മറന്നിരിക്കാം.
പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തില്‍ ഉള്‍പ്പെട്ട തൊടുക്കാപ്പ് നിക്ഷിപ്ത വന പ്രദേശത്ത് 2014 ഫെബ്രുവരിയിലാണ് ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ പണി ആരംഭിച്ചത്. വൈകാതെ കുട്ടികളുടെ പാര്‍ക്കും ,ഇക്കോ ടീ ഷോപ്പും , വനത്തിനകത്ത് ചെറു കുടിലുകളും എരുമാടങ്ങളും ഒരുങ്ങും. മയിലാടും പാറയിലെക്കുള്ള ട്രക്കിംഗ്പാത കൂടി വനം വകുപ്പ് വിഭാവനം ചെയ്യുന്നുണ്ട്.. തിരുവിഴാംകുന്ന് റൈഞ്ചില്‍പ്പെട്ട 29 ഏക്കര്‍ വന പ്രദേശത്താണ് പദ്ധതി . മികച്ച ഇക്കോടൂറിസം പദ്ധതിയായി ഇതിനെ മാറ്റിയെടുക്കാനാണ് വനം വകുപ്പ് ഒരുങ്ങുന്നത്. ഈ ഇക്കോ ടൂറിസം കേന്ദ്രത്തിൽ ദിനേന കുടുംബങ്ങളടക്കം നിരവധി സഞ്ചാരികളെത്തുന്നുണ്ട്.
ഇവിടെയെത്താൻ :- പെരിന്തൽമണ്ണയിൽ നിന്നും മണ്ണാർക്കാട് റൂട്ടിൽ 16 km (NH966), അടുത്തുള്ള ബസ്റ്റാന്റ്: പെരിന്തൽമണ്ണ,മണ്ണാർക്കാട്. റെയിൽവേ സ്റ്റേഷനുകൾ: അങ്ങാടിപ്പുറം, ഷൊർണ്ണൂർ.