വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ.

“മാക്കുനി തറവാട് ക്ഷേത്രകുളം” – ഈ ക്ഷേത്രകുളം നിർമ്മിച്ചത് ശ്രീ മാക്കുനി ചന്തു നമ്പ്യാർ ആണ്. നിർമ്മാണ വർഷം 1897 ലാണ്. ആയനി വയൽ കുളം എന്ന പേരിലും ഈ കുളം അറിയപ്പെടുന്നു കാരണം ഈ സ്ഥലത്തിന്റെ പേര് ആയിനി വയൽ എന്നാണ്. മാക്കുനി തറവാട്ടുകാര്‍ക്ക് ‍വേണ്ടിയാണ് ഈ കുളം നിര്‍മ്മിച്ചത്. മാക്കുനി തറവാട്ടുകാര്‍ ജോലിക്കായി വിദേശത്തേക്ക് പോയതോടെ ഈ കുളം നാട്ടുകാര്‍ ഉപയോഗിക്കുവാന്‍ തുടങ്ങി.

മാക്കുനി തറവാട്ടില്‍ നിന്നും കെട്ടി പുറപ്പെടുന്ന വയനാട്ടു കുലവന്‍ തെയ്യം ഈ കുളത്തിലാണ് കൈകാല്‍ കഴുകുവാന്‍ എത്തുന്നത്. 110 വര്‍ഷം പഴക്കമുണ്ടെങ്കിലും ഈ കുളത്തിന്റെ പുതുമയും മനോഹാരിതയും ഇന്നും നിലനില്‍ക്കുന്നു. അടുക്കും ചിട്ടയുമുള്ള പടവുകള്‍ നിര്‍മ്മിക്കുവാനുപയോഗിച്ച കല്ലുകള്‍ക്ക് പ്രത്യേക സൗന്ദര്യവും ദൃഢതയുമുണ്ട്. ഈ കുളത്തിന്റെ പ്രത്യേകതയായ ഓവുചാല്‍ വെള്ളം പരിശുദ്ധമാക്കുന്നു.

മഴക്കാലമാകുന്നതോടെ വെള്ളം നിറഞ്ഞു നില്‍ക്കുന്ന ഈ കുളം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നതും ആകര്‍ഷണീയവുമാണ്. അഴീക്കോടുകാര്‍ മാത്രമല്ല വളരെ ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇവിടെ നീന്താനായെത്തുന്നുണ്ട്. മഴക്കാലമാകുമ്പോള്‍ ആയനിവയല്‍ പ്രദേശം ജനങ്ങളെക്കൊണ്ട് നിറയുന്നു.

പ്രകൃതി മനോഹരമായ ഒരു സ്ഥലം മനസ്സ് ശാന്തമാക്കാൻ പറ്റിയിടം , ഗ്രാമത്തിൻ തനി മണം ഇവിടുത്തെ ഇളം കാറ്റിന്റെ തലോടലാൽ മനസ്സിലാക്കാൻ കഴിയും. ക്ഷേത്ര കുളത്തിന്റെ നിർമ്മാണം വാക്കുകൾക്കും വർണ്ണനാതീതം. ഈ കുളത്തിലെ കൽപ്പടവുകൾ വ്യത്യസ്തമായ ഒരു കൺ കുളിർമയാണ് നമ്മുക്ക് നൽകുന്നത്.

മലയാള ചലച്ചിത്രങ്ങളായ ശ്രീ ജയറാം ചേട്ടൻ അഭിനയിച്ച ‘അമൃതം’, ഓർമ്മകളിൽ ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി ചേട്ടന്റെ ‘രക്ഷകൻ’ എന്നീ ചിത്രങ്ങളുടെ ഷൂട്ടിങ് ലൊക്കേഷന് ഈ പ്രശസ്തമായ ക്ഷേത്ര കുളം ഇടം നേടി.

ഈ ക്ഷേത്ര കുളം സന്ദർശിക്കുന്ന യാത്രികർ ദയവായി ഈ കാര്യങ്ങൾ ശ്രദ്ധിക്കുക – എണ്ണ , സോപ്പ് എന്നിവ ഉപയോഗിച്ച് കുളിക്കരുത് , കുളത്തിലും, പടവിലും തുപ്പരുത് , പ്ലാസ്റ്റിക്ക് മുതലായവ വലിച്ചെറിയരുത് . ഒരു നാടിന്റെ യശസ്സാണ് ഈ കുളം അത് സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോത്തരുടെയും ഉത്തരവാദിത്വമാണ്.

സഞ്ചരിച്ച ദൂരത്തേക്കാൾ പ്രധാനമാണ് സഞ്ചരിക്കാനുള്ള ദൂരം. മുന്നിലുള്ള സ്വപ്നത്തിന്റെ തീവ്രതയാണ് മനസ്സിന് കരുത്ത് പകരേണ്ടത് . ഓരോ യാത്രയും പ്രാഥമികമായി മനസ്സിലാക്കിത്തരുന്ന ഒരേ ഒരു കാര്യം ഇനിയും കാണാനുള്ള സ്ഥലങ്ങളുടെ വ്യാപ്തിയാണ്. നമ്മുടെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ പോലും നാം ശരിക്ക് കണ്ട് തീർക്കാറില്ലല്ലോ. നമ്മുടെ നാട്ടിൽ തന്നെ കാണാൻ വിട്ടുപോയ സവിശേഷമായ ഭൂഭാഗങ്ങൾ അനേകം വേറെയും ഉണ്ടാവും എന്ന മനസ്സിലാക്കലിൽ സഞ്ചാരം തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.