വിവരണം – Chinchu Sahyan Yedu.
ഏറെ കൊതിയോടെ കാത്തിരുന്ന മലക്കപ്പാറയാത്ര ആരംഭിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു. എന്നത്തേയും പോലെ ട്രിപ്പ് ആനവണ്ടിയിൽ തന്നെ. ഏറെ ആകാംഷയോടെയാണ് ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ നിന്നും യദുവിനും സഹ്യനുമൊപ്പം വണ്ടി കയറിയത്. യാത്രയാക്കാൻ നമ്മുടെ പ്രിയപ്പെട്ട ശബരിയേട്ടനും.
പതിനൊന്നേകാലോടെ RNk 486, നമ്മുടെ ചാലക്കുടിക്കാരൻ ചങ്ങാതി ട്രാക്കിലിട്ടപ്പോൾ തന്നെ സന്തോഷമടക്കാനാവാതെ ആദ്യം തന്നെ ചാടിക്കയറി. പിന്നാലെ യദുവും സഹ്യനും ശബരിയേട്ടനും എത്തി. നമ്മുടെ ഏറെ പ്രിയപ്പെട്ട സാരഥി പ്രമേഷേട്ടന് ഞങ്ങളെ പരിചയപ്പെടുത്തി ഏൽപിച്ചു കൊടുത്തിട്ട് യാത്ര പറഞ്ഞു പിരിഞ്ഞു.
12.25 നേ ബസ് എടുക്കൂ ആഹാരം കഴിച്ചു വന്നോളൂ എന്ന് സ്നേഹപൂർവ്വം പ്രമേഷേട്ടൻ ഓർമിപ്പിച്ചു. അങ്ങനെ ഉച്ചയൂണും കഴിഞ്ഞ് ഞങ്ങൾ നേരത്തെ പിടിച്ച ഹോട് സീറ്റ് ചില സാങ്കേതിക കാരണങ്ങളാൽ കണ്ടക്ടർ പോളിയേട്ടനു നല്കി തൊട്ടു പിന്നിലെ സീറ്റിൽ സ്ഥാനം പിടിച്ചു. മനോഹരമായ യാത്ര ആശംസിച്ച് പ്രമേഷട്ടൻ കൊമ്പനെ മെല്ലെ ചലിപ്പിച്ചു തുടങ്ങി.
യാത്രാ വിശേഷം പിന്നാലെ പറയാം. ഇപ്പോൾ ഈ കുറിപ്പ് മലക്കപ്പാറയിൽ നിന്നുള്ള മടക്കയാത്രയിൽ കാട്ടിലകപ്പെട്ട ഒരു കൂട്ടം ചെറുപ്പക്കാർക്ക് നമ്മുടെ ആനവണ്ടിയും ജീവനക്കാരും രക്ഷകരായ കഥ പറയാനാണ്. കനത്ത മഴയും കോടയും കാരണം മലക്കപ്പാറയിലേയ്ക്കുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു. കൂടാതെ അവധി ദിവസമായതു കൊണ്ട് സന്ദർശകരും വളരെയേറെ ഉണ്ടായിരുന്നു. ഏകദേശം അഞ്ചേമുക്കാലോടെയാണ് മലക്കപ്പാറയിൽ നിന്നും ഞങ്ങൾ തിരികെ യാത്ര ആരംഭിച്ചത്. മഴയും കോടയും കൊണ്ട് നല്ല ഇരുളിമയും ആയിരുന്നു. ഇടതടവില്ലാതെ പെയ്യുന്ന മഴയെയും കാഴ്ച മറയ്ക്കുന്ന കോടമഞ്ഞിനെയും വകഞ്ഞു മാറ്റി കൊമ്പൻ കുതിച്ചു പാഞ്ഞു.
അങ്ങനെ യാത്ര ഏകദേശം ഷോളയാർ പവ്വർ പ്രോജക്ടിനോട് അടുക്കാറായപ്പോൾ മുൻപിൽ പോയിരുന്ന ട്രാവലർ വഴിയിൽ ഓഫായി കിടക്കുന്നു. കാരണമന്വേഷിച്ചപ്പോൾ ചാർജ്ജിറങ്ങിയതാണെന്ന് അറിയാനായി. അതിലെ യാത്രക്കാരായ പത്തോളം യുവാക്കൾ ചേർന്ന് വാഹനം തള്ളി സ്റ്റാർട്ടാക്കി യാത്ര തുടർന്നു. പിന്നാലെ ഞങ്ങളും. ഇതിനിടയിൽ കാടിളക്കി പാഞ്ഞ ഒരു കുട്ടിക്കൊമ്പൻ ദർശനം തന്നു മടങ്ങി. മഴയാകട്ടെ പിൻമാറാനുള്ള ഭാവവും കാണിക്കുന്നില്ല. പവ്വർ സ്റ്റേഷനും പിന്നിട്ട് കുറച്ച് ദൂരം മുൻപോട്ട് പോയപ്പോഴാണ് വഴി മുടക്കി വീണ്ടും ആ ട്രാവലർ നിലയുറപ്പിച്ചത്.
യാത്രികരുടെ വെപ്രാളം കണ്ടപ്പോഴേ പണി കിട്ടിയെന്ന് ബോധ്യമായി. തുടർന്ന് നമ്മുടെ പ്രമേഷേട്ടനും പോളിയേട്ടനും യാത്രക്കാരുമെല്ലാം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ബാറ്ററി ചാർജ്ജ് പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. ട്രാവലറിനു യാത്ര തുടരാനാവില്ല. വണ്ടി സ്റ്റാർട്ടാകുന്നില്ല വെട്ടമില്ല വെളിച്ചമില്ല കനത്തമഴ . പെട്ടതോ ആനത്താരയിലും. സമയം ഏറെ വൈകുന്നു. ട്രാവലറിലെ യാത്രക്കാരെ ഞങ്ങൾക്കൊപ്പം യാത്രയ്ക്കായി ക്ഷണിച്ചു. പക്ഷേ ആ ആനക്കാട്ടിൽ വാഹനമുപേക്ഷിച്ചു പോരാനാവില്ലല്ലോ. തുടർന്ന് കൂടിയാലേചനകൾക്കു ശേഷം ട്രാവലർ ന്യൂട്യലാക്കി ബസിനു മുൻപേ പതിയെ കൊണ്ടു പോകാൻ ധാരണയായി. ട്രാവലറിനു വെളിച്ചമേകി നമ്മുടെ ആനവണ്ടി പതിയെ പിന്നാലെ.
നേരമേറെ വൈകിയിരുന്നെങ്കിലും മനുഷ്യത്വം അതിലേറെ മൂല്യമുള്ളതിനാൽ യാത്രികരും ജീവനക്കാരോട് സഹകരിച്ചു. അങ്ങനെ മെല്ലെ മെല്ലെ ആനവണ്ടിയുടെ നന്മയുടെ വെളിച്ചത്തിൽ ആ വാഹനത്തെയും അതിലെ യാത്രികരെയും വാഴച്ചാൽ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ സുരക്ഷിതമായി എത്തിക്കാനായി. വാഹനമുപേക്ഷിച്ചു വരാനുള്ള വിമുഖത കൊണ്ട് എറണാകുളം സ്വദേശികളായ ആ യുവാക്കൾ അവിടെ തങ്ങിക്കോളാം എന്നറിയിച്ചു. അങ്ങനെ ഒരു മണിക്കൂറോളം വൈകി ഞങ്ങൾ ചാലക്കുടിയിലെത്തി.
സഹ്യനുൾപ്പെടെ ചെറിയ കുഞ്ഞടങ്ങുന്ന നിറയെ യാത്രക്കാരുമായി എത്തിയ ബസ് ജീവനക്കാർക്ക് നേരം വൈകിയ കാര്യം ബോധിപ്പിച്ചോ, യാത്രക്കാരുടെ സൗകര്യം ബോധിപ്പിച്ചോ,ഡ്യൂട്ടി സമയം നീണ്ടു പോകുന്ന കാര്യമോർപ്പിച്ചോ ഒക്കെ അവരെ പരിഗണിക്കാതെ ആ യാത്ര തുടരാമായിരുന്നു. എന്നാൽ ആനക്കാട്ടിൽ അവരെ വിട്ടിട്ട് എങ്ങനെ പോരാനാകും എന്ന് പ്രമേഷേട്ടനും, ആ യാത്രികരുടെ ഒപ്പം സ്ത്രീകളും കുഞ്ഞു മക്കളുമുണ്ടേൽ എന്താ ചെയ്ക എന്നുമായിരുന്നു പോളിയേട്ടനും ആശങ്കപ്പെട്ടത്.
കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ കാരുണ്യത്തിൻ്റെയും നന്മയുടെയും ഭാവങ്ങൾ മാത്രമാകുന്ന യാത്രാക്കുറിപ്പുകൾ നിരവധി വായിച്ചിട്ടുണ്ടെങ്കിലും അതിന് സാക്ഷിയാവാൻ ആ മലക്കപ്പാറ യാത്രയിൽ എൻ്റെ കുടുംബത്തിനും കഴിഞ്ഞു. ആ പ്രിയപ്പെട്ടവരുടെ നന്മയിൽ ഏറെ സന്തോഷവും എന്നാൽ പ്രസ്ഥാനം ജീവനക്കാരോടു കാണിക്കുന്ന അവഗണനയിൽ കടുത്ത നിരാശയും അമർഷവും രേഖപ്പെടുത്തുവാൻ ഈ സന്ദർഭം വിനിയോഗിക്കട്ടെ.
പിന്നെ ഉന്നതങ്ങളിൽ ഇരുന്ന് എ.സി മുറിയിലെ കസേരയിലിരുന്നു കറങ്ങുന്ന കൊമ്പത്തെ സാറുമ്മാരോട് ഒന്ന് ഓർമിപ്പിക്കട്ടെ തങ്ങൾ ജോലി പ്രസ്ഥാനത്തോട് അമിതമായ കൂറും ആത്മാർത്ഥയും പുലർത്തുന്ന ധാരാളം പ്രമേഷുമാരും പോളിമാരും കേരളത്തിലുട നീളം ഉണ്ട്. അവരാണ് ജനമനസ്സുകളിൽ കെഎസ്ആർടിസിയുടെ പേരും പെരുമയും ഇന്നും നിലനിർത്തുന്നത്. അവരുടെ അത്യധ്വാനത്തിൻ്റെ ശമ്പളമെങ്കിലും സമയാമയം നല്കാനുള്ള മനസ്സെങ്കിലും നിങ്ങൾ കാണിച്ചാൽ അനേകം കുടുംബങ്ങൾ പട്ടിണിയില്ലാതെ കഴിഞ്ഞു പോകും.
ഇനി നിങ്ങൾ അത് നല്കിയില്ലെങ്കിലും ഇത്തരം നന്മകൾ ചെയ്യുന്നതിൽ നിന്നും, ആത്മാർത്ഥമായി ജോലി ചെയ്യുന്നതിൽ നിന്നും അവരെ വിലക്കാനാവില്ല. കാരണം ഇവർ പച്ച മനുഷ്യരാണ്.
പ്രമേഷട്ടനും പോളിയേട്ടനും ഒരു ബിഗ്സല്യൂട്ട്. നിറയെ സ്നേഹം. ഹൃദ്യമായ ഒരു യാത്രാനുഭവം നല്കിയതിന്. ഇനിയും ഞങ്ങൾ വരും കുടുംബമായി. നിങ്ങൾക്കൊപ്പമുള്ള ഒരു സ്നേഹ യാത്രയ്ക്കായി.