എഴുത്ത് – Joshna Sharon Johnson.

മലാനയെപ്പറ്റി എനിക്കൊന്നുമറിയില്ലായിരുന്നു. ഗവണ്മെന്റിനെ വകവെക്കാതെ, പുറം ലോകത്തെ വകവെക്കാതെ കഞ്ചാവ് കൃഷി നടത്തി അത് ലോകപ്രശസ്തമാക്കിയ ഗ്രാമം ആണ് മലാനയെന്ന് ആ പേര് പോലും കേൾക്കാത്ത എന്നോട് സുധി വിവരിച്ചു തന്നു. ഇതൊന്നും എന്നെ ഇളക്കിയില്ല. എന്റെ കെട്ടിയോനല്ലേ സാധനം.”അല്ലെങ്കിലും പെണ്ണുങ്ങൾക്ക് പോകാൻ കുറച്ചു പാടുള്ള സ്ഥലമാണ്” എന്നൊക്കെ പറഞ്ഞ് എന്റെ ഉള്ളിലെ ജോൺസന്റെ മകളെയും ഫെമിനിസ്റ്റിനെയും സുധി ഇളക്കി.

പിന്നെയെല്ലാം പെട്ടന്നായിരുന്നു. അഞ്ചു ദിവസത്തെ യാത്രക്ക് 15 ഡ്രെസ്സും തോർത്തും സോപ്പും ബിസ്കറ്റും കയ്യിൽകിട്ടിയ ആക്രിയെല്ലാം കെട്ടി ഞാൻ ഇറങ്ങി. കാറിൽ ആണല്ലോ പോകുന്നത്. ചുമക്കേണ്ടല്ലോ. ലഡാക്കിൽനിന്നു മണാലിയിലേക്ക് ലോക്കൽ ബസ്സിന്‌ ടിക്കറ്റ് ബുക്ക് ചെയ്‌തത്‌ ബസ് സ്റ്റാൻഡിൽ ചെന്നപ്പോഴാണ് ഞാൻ അറിഞ്ഞത്. വിട്ടുകൊടുത്തില്ല ഞാൻ.. മുഴുവൻ ഭാണ്ഡക്കെട്ടും കൂടെക്കൂട്ടി. പോകുന്ന വഴിക്ക് ഹൈഡ് ആൻഡ് സീക് തിന്ന് സുധിയെ കൊതിപ്പിച്ചു. ബസ് നിർത്തിയ സ്ഥലത്തുന്നെല്ലാം മാഗിയും ലേയ്സും കണ്ണിൽ കണ്ടെതെല്ലാം വാങ്ങി വിഴുങ്ങി. അങ്ങനെ തീറ്റയും ഉറക്കവും കാഴ്ചകാണലുമായി യാത്ര പുരോഗമിച്ചു.

രാവിലെ മൂന്നുമണിക്ക് പുറപ്പെട്ട ബസ് രാത്രി 11 മണിക്ക് മണാലിയെത്തി. ബസ്സിറങ്ങിയപ്പോൾ തോന്നിയത് പത്തു മസ്സാജ് ഒന്നിച്ചു ചെയ്ത പ്രതീതിയായിരുന്നു. രാത്രി ഒരു ദിവസം അവിടെ താമസിച്ചു. പിറ്റേന്ന് മലാനയുടെ അടുത്തുള്ള ചെറിയ ടൗൺ ആയ ജാരിയിൽ എത്തി. എന്നാൽ തിന്നതെല്ലാം പതുക്കെ പണിതന്നു തുടങ്ങി.അങ്ങനെ ജാരിയിൽ മുറിയെടുക്കേണ്ടി വന്നു.

അവിടെവച്ചാണ് ഞാൻ ആദ്യമായി തുക്പ കഴിക്കുന്നത്.. (എന്ത് പണികിട്ടിയാലും തീറ്റ ഞാൻ മുടക്കാറില്ല.) നല്ല മട്ടൻ വേവിച്ച് അതിൽ സ്വന്തമായി ഉണ്ടാക്കുന്ന ന്യൂഡിൽ ചേർത്ത് വേവിച്ച് ഒരു കുഴിപ്പാത്രത്തിൽ മുളകും ചേർത്ത് വിളമ്പും. കിടു ഡിഷ്. അന്നുച്ചക്ക് ജാരി മുഴുവനും തെണ്ടി നടന്ന്, ആരുമറിയാതെ സുധി കട്ടുപറിച്ചുതന്ന ആപ്പിളും മാതളനാരങ്ങായും പേരക്കയുമെല്ലാം പിന്നേം വെട്ടിവിഴുങ്ങി. എന്തായാലും എന്റെ വയറിന്റെ പ്രശ്നം കഴിഞ്ഞു.

പിറ്റേന്ന് ജാരിയിൽനിന്ന് മലാനക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് പകുതിവഴിയിൽ മല ഇടിഞ്ഞുകിടക്കുന്നു എന്നറിഞ്ഞത്. അങ്ങനെ രണ്ടു വണ്ടി കയറി വേണം മലാന പോകാൻ എന്ന് മനസിലായി. ഇടയ്ക്കു മല ഇടിഞ്ഞു കിടക്കുന്നതു നടന്നു കയറുകയും വേണം. നടപ്പ് എന്ന് കേട്ടപ്പോൾ എന്റെ വയറുവേദന പൂർവാധികം ശക്തിയിൽ തിരിച്ചു വന്നു. എന്നാൽ ഞാനില്ലാതെ പോകില്ല എന്ന സുധിയുടെ ഭീഷണിയിൽ എനിക്ക് വഴങ്ങേണ്ടിവന്നു. അങ്ങനെ ഷെയർ ടാക്സിയിൽ ഞങ്ങൾ രണ്ടു സീറ്റ് ബുക്ക് ചെയ്ത് ബാഗിലെ പകുതി സാധങ്ങളും താമസിച്ച മുറിയുടെ ഓണർ വിജയിനെ ഏൽപ്പിച്ച് യാത്ര തുടങ്ങി. പോകും വഴി വിവരിക്കാൻ വയ്യ. അവതാർ സിനിമേടെ അകത്തൂടെ പോകുംപോലെ.

പതിനഞ്ചു മിനിറ്റുനുള്ളിൽ ഞങ്ങൾ മലയിടിഞ്ഞു കിടക്കുന്ന സ്ഥലത്തെത്തി. കഷ്ടകാലത്തിനു പിന്നെയും മല ഇടിഞ്ഞു തുടങ്ങിയിരുന്നു. ഈ മലയോട് ചേർന്നൊരു ആറുണ്ട്‌. അത് കടന്നു കുറച്ചുദൂരം മുൻപോട്ടു കാട്ടിലൂടെ നടന്നു തിരിച്ചു ആറ് മറികടന്നാൽ നല്ല വഴിയിലേക്കെത്തും. എത്ര കരഞ്ഞിട്ടും എന്നെയും കൊണ്ടേ പോകൂ എന്ന് സുധി പറഞ്ഞു. വേറെ വഴിയില്ലാതെ പടികളിറങ്ങി ഞാൻ ആറ്റിന്കരയിലേ കല്ലിൽ വലിഞ്ഞു കയറി. അടുത്ത കല്ലിലേക്ക് ചാടണം. ഇടയിൽ നല്ല ഒഴുക്കിലും ആഴത്തിലും വെള്ളം. സുധി അണ്ണാനെപ്പോലെ ചാടി മറ്റേ കല്ലിൽ ഇരുപ്പായി. എന്റെ ഫോണും ക്യാമറയും മൂപ്പര് സേഫ് ആക്കി. സുധിക്ക് മുൻപേ ചാടിയ പഞ്ചാബിച്ചെക്കൻ എന്റെ ചാട്ടം കാണാൻ സുധിക്കൊപ്പം കുത്തിയിരുന്നു.

രണ്ടും കൽപ്പിച്ച് ഞാൻ ചാടി…ബ്ലും… മുങ്ങിപ്പോയ എന്നെ സുധിയും പഞ്ചാബിച്ചെക്കനും ചേർത്ത് പൊക്കിയെടുത്തു. മുന്നോട്ടും പിറകോട്ടും പോകാൻ പേടിച്ച് ഞാൻ കല്ലിൽ അള്ളിപ്പിടിച്ചു കിടന്നു. പിന്നീടെല്ലാം എന്നെ തള്ളിവിട്ട് വീഴുമ്പോളൊക്കെ കരകയറ്റി സുധി പുറകെ നിന്നു. നല്ല തണുപ്പുള്ള വെള്ളം ഞാൻ നല്ലോണം കുടിച്ചു. ഒരുവകക്ക് മറുകരയെത്തി.

പിന്നെയുള്ള കാട് വീണ്ടും അവതാർ സ്റ്റൈലിലാണ്. ഉരുണ്ടും പിരണ്ടും നിരങ്ങിയും ഞാൻ നടന്നു. എന്നാൽ റോഡിലേക്ക് എത്താനായി പിന്നെയും ആറ് തിരികെ കടക്കണമായിരുന്നു. ആ വഴി എളുപ്പമായിരുന്നു. അങ്ങനെ നനഞ്ഞ കോഴിയായി ചേറിൽ മുങ്ങി ഞാൻ റോഡിലെത്തി.  അടുത്ത വണ്ടിയിൽ കയറി. ഞാൻ പതിയെ മയങ്ങി. മലനായെത്തിയപ്പോഴാണ് ഞാൻ കണ്ണ് തുറന്നത്. മലാന ഗ്രാമത്തിലേക്ക് പിന്നെയും മുന്ന് കിലോമീറ്റർ നടക്കണമായിരുന്നു. ഞാൻ അവിടെയുള്ള ഒരു വീട്ടിൽക്കയറി കുളിച്ച് വേഷം മാറി. അടുത്തുള്ള ചായക്കടയിൽ കയറി ഒരു മാഗിയും ചായയും കഴിച്ച് ഞാൻ നടക്കാൻ തുടങ്ങി. ഇത്രയും കഷ്ട്ടപ്പെട്ട സ്ഥിതിക്ക് ഇനിയാ ഗ്രാമം കണ്ടിട്ടേയുള്ളുവെന്ന് ഞാൻ തീരുമാനിച്ചു.

ഇടക്കിടക്കുകണ്ട ചായക്കടകളിൽനിന്ന് ലേയ്സും ചായയും വാങ്ങിത്തന്നു സുധി എന്നെ ബൂസ്റ്റിച്ചു. വെറും മൂന്നുകിലോമീറ്റർ 4 മണിക്കൂറുകൊണ്ട് നടന്ന് റെക്കോഡിട്ട ഞാൻ രാത്രിയോടെ ഗ്രാമത്തിലെത്തി. പ്രതീക്ഷക്ക് വിപരീതമായിരുന്നു അവിടുത്തെ അവസ്ഥ. ഇടുങ്ങിയ വഴികളും വേസ്റ്റ് കൂമ്പാരം നിറഞ്ഞ ഇടുക്കുകളും ദുർഗന്ധം വമിക്കുന്ന കാനകളും. പുറമെ നിന്ന് സ്ത്രീകൾ അധികം അവിടെയെത്താറില്ല. അതുകൊണ്ടാണോ കുഞ്ഞുങ്ങളൊക്കെ എന്നെ തുറിച്ചും തൊട്ടും നോക്കി. നിന്റെ മുടിയെന്താ ഇങ്ങനെ, നീയെങ്ങനെയാ തടിച്ചത് മുതലായ ചോദ്യങ്ങൾ പുറമെ.

1000 രൂപക്ക് തീരെ നിലവാരമില്ലാത്ത ഒരു മുറിയാണ് ഞങ്ങൾക്ക് കിട്ടിയത്.. എന്നാലും ക്ഷീണംകൊണ്ട് അന്ന് രാത്രി ഞങ്ങൾ നന്നായി കിടന്നുറങ്ങി. രാവിലെ, ഈ യാത്രയിൽ ഇനി ഞാൻ തനിച്ചു മതിയെന്ന് പ്രഖ്യാപിച്ച്, ഞാൻ ഒരു വഴിക്കും സുധി മറ്റൊരുവഴിക്കും ഇറങ്ങി. ഞങ്ങളുടെ രണ്ടു പേരുടെ കാഴ്ചകളും രണ്ടായിരുന്നു. സുധി കഞ്ചാവ് കൃഷിയും മലാന ക്രീമിന്റെ നിർമാണവും തൊട്ടുകൂടാ ക്ഷേത്രവും കണ്ടു. ഞാനപ്പോൾ കഞ്ചാവടിച്ചു കിറുങ്ങിയ ചേട്ടന്മാരെയും വേസ്റ്റ് കൂമ്പാരവും എല്ലിച്ച നായ്ക്കളെയും കണ്ടു. സുധിയുടെ ജീവിതത്തിലെ ഏറ്റവും നല്ല യാത്രയായും എന്റെ ജീവിതത്തിലെ സാഹസിക ദുരന്ത യാത്രയായും അത് മാറി. പക്ഷെ ഒരുവട്ടം കൂടി ഞാൻ പോകും. മലാനയെ സുധി കണ്ട കണ്ണിലൂടെ കാണാൻ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.