വിവരണം – പ്രശാന്ത് കൃഷ്ണ.
കഴിഞ്ഞ വർഷം മുഖപുസ്തകത്തിൽ ആമ്പൽ പാടങ്ങൾക്ക് നടുവിലൂടെ നടക്കുന്ന ഒരാളുടെ മിഴിവാർന്നൊരു ചിത്രം കണ്ടതുമുതൽ മനസ്സിൽ കയറിയ ആഗ്രഹമായിരുന്നു ആമ്പൽ പാടങ്ങൾ കാണാൻ പോകണം എന്നുള്ളത്. പല കാരണങ്ങൾ കൊണ്ടും കഴിഞ്ഞ വർഷം അത് നടന്നില്ല, എന്നാൽ ഇത്തവണ പൂക്കൾ വിരിഞ്ഞു തുടങ്ങി എന്നറിഞ്ഞത് മുതൽ യാത്ര പോകാനായി ഒരുങ്ങിയതാണ് ഞാൻ. എന്നാൽ പതിവുപോലെ തടസങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉണ്ടായിക്കൊണ്ടിരുന്നു, ഇത്തവണ അത് മഴയുടെ രൂപത്തിലായിരുന്നു. മഴയുള്ള സമയത്ത് പോയാൽ ആമ്പൽ പൂക്കൾ കാണാൻ കഴിയില്ല എന്ന് ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞിരുന്നു .
മുഖപുസ്തകത്തിലെ കുറച്ചു സുഹൃത്തുക്കളോട് സ്ഥലങ്ങൾ കൃത്യമായി ചോദിച്ചു മനസിലാക്കി 13-10-2019 നു രാവിലെ ഞാനും പ്രിയ സുഹൃത്തു സുബാഷും കൂടി യാത്രയ്ക്കൊരുങ്ങി. വീട്ടിൽ നിന്ന് മൂന്നു മണിക്കൂർ യാത്രയുണ്ട് ആമ്പൽ പാടങ്ങൾ ഉള്ള സ്ഥലത്തേയ്ക്ക്. അങ്ങനെ രാവിലെ 4 മണിക്ക് തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു. നല്ല വെയിൽ വീഴും മുൻപ് എത്തണം എന്നാണ് സുഹൃത്തുക്കൾ പറഞ്ഞിട്ടുള്ളത് ആമ്പൽ പൂക്കൾ രാത്രി വിരിയുകയും പകൽ കൂമ്പുകയും ചെയ്യുന്നവയാണ്. എന്തായാലും രാവിലെ 7 മണിക്ക് തന്നെ ഞങ്ങൾ സ്ഥലത്തെത്തി.
കോട്ടയം ജില്ലയിലെ ഇല്ലിക്കൽ, മലരിക്കൽ, പനച്ചിക്കാട്, പുതുപ്പള്ളി എന്നിവിടങ്ങളിലാണ് ആമ്പലുകൾ ധാരാളമായി പൂവിട്ടു നിൽക്കുന്നത്. കൊട്ടാരക്കര – ചെങ്ങന്നൂർ – ചങ്ങനാശ്ശേരി വഴി നാട്ടകം എത്തി അവിടെ സിമെന്റ് കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു വേണം ഇല്ലിക്കൽ എത്താൻ അവിടുന്ന് തിരുവാർപ്പ് പോകുന്ന വഴിക്കു മുന്നോട്ടു പോയാൽ മലരിക്കൽ എത്താം. ഞങ്ങൾ പോകുന്ന വഴിക്കു ആൾക്കാർ അവരുടെ കയ്യിലും വാഹനങ്ങളിലുമായി ധാരാളം പൂക്കൾ പറിച്ചുകൊണ്ടു പോകുന്നുണ്ടായിരുന്നു.
ഞങ്ങൾ എത്തിയപ്പോഴേയ്ക്കും അവിടവമാകെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. അവധി ദിവസം ആയതിനാലാകും ഇത്രയും തിരക്ക്, എന്തായാലും വാഹനം ഒതുക്കി വച്ചു ഞങ്ങൾ കാഴ്ചകൾ ആസ്വദിച്ചക്കാൻ ഒരുങ്ങി. കൃഷി ചെയ്തിരുന്ന പാടങ്ങളിലാണ് ആമ്പലുകൾ ഇങ്ങനെ കണ്ണെത്താ ദൂരം പൂത്തു നിൽക്കുന്നത്. ഇനി കൃഷിയിറക്കുമ്പോൾ ഇവയെ മരുന്ന് തളിച്ച് നശിപ്പിക്കും എന്നിട്ടാണ് നിലം ഉഴുതു കൃഷിക്ക് യോഗ്യമാക്കുന്നത്. കണ്ണെത്താ ദൂരത്തോളം ചുവന്ന ആമ്പൽ പൂക്കൾ അതങ്ങനെ സൂര്യന്റെ ഇളം പ്രകാശത്തിൽ തിളങ്ങി നിൽക്കുന്നു. ഒരുപക്ഷെ തുലിപ് പുഷ്പങ്ങൾ കഴിഞ്ഞാൽ (നേരിട്ട് കണ്ടിട്ടില്ല ചിത്രങ്ങളിൽ കണ്ടതാണ്) എന്റെ മനസിനെ ഏറ്റവുമധികം സന്തോഷിപ്പിച്ചത് ഈ കാഴ്ചകൾ തന്നെയാണ്.
കുറച്ചു മാസങ്ങൾക്കു മുൻപ് സുന്ദരപാണ്ഡ്യപുരത്തു സൂര്യകാന്തി പൂക്കൾ കാണാൻ പോയപ്പോൾ പോലും ഇത്തരത്തിൽ ഒരു ഭംഗി അവയ്ക്കുള്ളതായി അനുഭവപ്പെട്ടില്ല. മനോഹരമെന്നോ അതിമനോഹരം എന്നോ വിശേഷിപ്പിച്ചാൽ അത് ചെറുതായിപോകും അത്രയ്ക്കുണ്ട് ആ കാഴ്ച. സത്യത്തിൽ കുറച്ചു നല്ല ചിത്രങ്ങൾ പകർത്തണം എന്ന ആഗ്രഹത്തോടെയാണ് ഞാൻ മലരിക്കൽ എത്തിയത് പക്ഷെ ആൾക്കാരുടെ തിരക്ക് കാരണം ഞാൻ വിചാരിച്ചപോലുള്ള പല ചിത്രങ്ങളും എടുക്കാൻ സാധിച്ചില്ല. ആ വിഷമത്തിലായിരുന്നു ഞാൻ.
മറ്റൊരു വിഷമം തോന്നിയ കാഴ്ച കൂടി ഇവിടെ പങ്കുവയ്ക്കുന്നു, ഞാൻ ഈ പറയുന്നതിനോട് എത്രപേർ യോജിക്കുമെന്നു അറിയില്ല എന്നാലും എന്റെ മനസ്സിൽ തോന്നിയത് ഇവിടെ കുറിക്കുന്നു. ഇതുപോലുള്ള കാഴ്ചകൾ കാണുക ആസ്വദിക്കുക ചിത്രങ്ങൾ പകർത്തുക ഇതെല്ലാം നമുക്കെല്ലാവർക്കുമുള്ള ആഗ്രഹങ്ങളാണ് അതിനൊന്നും ആരും തടസമാകില്ല പക്ഷെ ആ കാഴ്ചകളെ ഒരു രീതിയിലും നശിപ്പിക്കാനുള്ള ശ്രമങ്ങൾ നമ്മളിൽ നിന്നുണ്ടാകാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
ഇനി മലരിക്കൽ കണ്ടത് പറയാം. ആമ്പൽ പാടങ്ങൾ കാണാൻ വരുന്നവർ ഓരോരുത്തരും കെട്ടുകണക്കിനു പൂക്കളാണ് പറിച്ചുകൊണ്ടു പോകുന്നത്. സത്യത്തിൽ ആമ്പൽ പൂവുകൾക്കു അധികനേരം ആയുസില്ല എന്നിരുന്നാലും ആ കാരണത്താൽ അവയെ പറിച്ചു നശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഒരു തരത്തിലും ആ പൂവുകൾ നമുക്ക് ഉപയോഗമില്ല പിന്നെന്തിനാണ് അവയെ പറിച്ചെറിയുന്നത്? മനസിലാകുന്നില്ല. ഞാൻ ചിലരോട് ചോദിച്ചു നിങ്ങൾ എന്തിനാണ് ഈ പൂക്കളൊക്കെ പറിച്ചതെന്നു “വെറുതെ പറിച്ചതാണ്” എന്നാണ് അവർ തന്ന മറുപടി.
ശരിയാണ് നിങ്ങൾക്ക് ന്യായീകരിക്കാം ഈ പൂക്കൾ നശിച്ചു പോകുന്നതാണല്ലോ ഇല്ലെങ്കിൽ നാളെ അവയെ മരുന്ന് തളിച്ച് നശിപ്പിക്കുമല്ലോ എന്നൊക്കെ പക്ഷെ ഒന്നോർക്കുക. പൂക്കൾ ചെടികളിൽ നിൽക്കുമ്പോഴുള്ള ഭംഗി അത് പറിച്ചെടുത്തു നമ്മുടെ കൈകളിൽ വയ്ക്കുമ്പോൾ കിട്ടില്ല. ഒരു കൊച്ചു കുട്ടി പൂക്കൾ കണ്ടു അതിശയത്തോടെ അത് പറിച്ചെടുത്താൽ അത് നമുക്ക് മനസിലാക്കാം പക്ഷെ എന്തിനു മുതിർന്നവർ? മനസിനെ വല്ലാതെ വിഷമിപ്പിച്ച കാര്യങ്ങൾ പറഞ്ഞു പോയതാണ്. പ്രകൃതിയിലുള്ള ഒന്നിനെയും അറിഞ്ഞുകൊണ്ടു നശിപ്പിക്കാതിരിക്കാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കുക. അത് നമ്മുടെ കടമയാണ് പലതും നാളേക്കുവേണ്ടി പകർന്നു നൽകേണ്ട കടമ നമുക്കുള്ളതാണ് എന്നോർക്കുക.
NB – കൃഷി ആവശ്യങ്ങൾക്കായി ഉടനെ പാടം ഉഴുതു തുടങ്ങും അതിനു മുന്നേ ആമ്പൽ ചെടികളിൽ മരുന്ന് തളിച്ച് അവയെ നശിപ്പിക്കും അതിനാൽ ഈ കാഴ്ചകൾ എത്രദിവസം ഉണ്ടാകും എന്ന് ഉറപ്പു പറയാൻ കഴിയില്ല. പോകാൻ ആഗ്രഹിക്കുന്നവർ തിരക്കിയിട്ടു മാത്രം പോവുക.