വിചിത്രമായ ചില മാലിദ്വീപ് അനുഭവങ്ങൾ…

Total
1
Shares

വിവരണം – Sakeer Modakkalil.

പവിഴ ദ്വീപിലെ ജീവിതം – ഞാൻ 6 വര്ഷം ജീവിച്ച മാലിദ്വീപ് ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യങ്ങളിൽ ഒന്നാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ പടര്ന്നു കിടക്കുന്ന കുറെ കൊച്ചു കൊച്ചു ദ്വീപുകൾ. ഓരോ ദ്വീപിനും അതിന്റെതായ സ്വത്വം ഉണ്ട്‌ എങ്കിലും അവ തമ്മിൽ ഒരു അന്ധർധാര ദൃശ്യമാണ്. മാലിദ്വീപിന്റെ ചരിത്രമോ ഭൂമിശാസ്ത്രമോ അല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. അവിടത്തെ എന്റെ മനോഹരമായ അനുഭവങ്ങൾ ആണ്.

1. “ബലാലേ ബലാലേ” ഇങ്ങോട്ടു നോക്ക് : മാലിദ്വീപിലെ അധ്യാപനത്തിന്റെ തുടക്കം എല്ലാവരെയും പോലെ എനിക്കും വല്യ ബുദ്ധിമുട്ടായിരുന്നു. കാരണം.. അറിയാത്ത ഭാഷ… തീർത്തും വ്യത്യസ്തമായ രീതിയിൽ പെരുമാറുന്ന കുട്ടികൾ ഒക്കെ…

ബലാൽ, ഹിമാര്, ഹയവാൻ ഇതൊക്കെ മലപ്പുറം ജില്ലയിൽ ചെറിയ തരം തെറികളായാണ്. മാലിദ്വീപിലെ എന്റെ ആദ്യ ദിനങ്ങളിൽ കുട്ടികൾ എന്നെ” ബലാലേ ” എന്ന് വിളിക്കുമായിരുന്നു. ഇത് കേൾക്കുമ്പോൾ എനിക്ക് വല്ലാത്ത അരിശം കയറും. നാട്ടിൽ നിന്നു ഈ തെറി കേൾക്കാൻ വിമാനം കയറി വരേണ്ട വല്ല കാര്യവുമുണ്ടോ എന്ന് തോന്നി. പക്ഷെ കുട്ടികളുടെ ദേഹത്തു എങ്ങാൻ കൈ വെച്ചാ വല്യ പുലിവാലായാകും അതുകൊണ്ടു ഞാൻ ക്ഷമിച്ചു. ഒരിക്കൽ സഹികെട്ട് ഞാൻ അവിടത്തെ ഒരു പ്രാദേശിക ടീച്ചറോട് കാര്യം പറഞ്ഞു കുട്ടികൾ എന്നെ ബലാലേ എന്ന് വിളിക്കുന്നു. ആ അധ്യാപകന്റെ മറുപടി കേട്ടു ഞാൻ ഞെട്ടി. പാവം കുട്ടികൾ എന്നോട് അവരുടെ ഭാഷയിൽ (ദിവേഹി ) നോക്കൂ.. നോക്കു… എന്നാ പറയുന്നേ. ഞാൻ വെറുതെ തെറ്റിദ്ധരിച്ചു.

ഒരിക്കൽ ഞാൻ കടയിൽ ചെന്നു കടക്കാരനോട് “Bebey എക്കിലോ ഹുക്കുരു ധീബെ ” എന്ന് പറഞ്ഞു. അതായത് “ചേട്ടാ ഒരു കിലോ പഞ്ചസാര തരൂ “എന്നാ ഉദ്ദേശിച്ചേ. ‘ഹുകുരു ‘എന്നാൽ വെള്ളിയാഴ്ചയും ‘ഹകുരു ‘എന്നാൽ പഞ്ചസാരയും ആണ് അവരുടെ ഭാഷയിൽ. ഞാൻ ചോദിക്കുന്നത് “ഒരു കിലോ വെള്ളിയാഴ്ച തരൂ “എന്നാണ്. കടക്കാരൻ യാതൊരു ഭാവ മാറ്റവും ഇല്ലാതെ ” ഹുകുരു കീനേ ധേണു ” എന്ന് മറുപടി പറഞ്ഞു. അതായത് “വെള്ളിയാഴ്ച എങ്ങനെ തരാൻ പറ്റും “എന്നു. എന്തായാലും എന്റെ പങ്കപ്പാട് കണ്ടു മനസ്സലിഞ ആ പാവം എന്നെ പറഞ്ഞു മനസ്സ്സിലാക്കി പഞ്ചസാര തന്നു വിട്ടു.

നമുക്ക് ഭാഷ അറിയുമെങ്കിലും അറിയില്ല എന്നു പൊട്ടൻ കളിക്കുന്നത് കൊണ്ട് ചില നേട്ടങ്ങൾ ഉണ്ട്‌. ഒരിക്കൽ ഞാൻ മാലിദ്വീപിന്റെ തലസ്ഥാനത്തു ( Male’) നിന്ന് എന്റെ ദ്വീപായ വെയ്മണ്ടൂവിലേക്ക് വരുമ്പോൾ ഒരു കാർഡ് ബോർഡ് പെട്ടി നിറയെ പച്ചക്കറി കൊണ്ട് വന്നു. ദ്വീപുകളിൽ പച്ചക്കറിക്ക് വല്യ ക്ഷാമമാണ്. ബോട് ക്യാപ്റ്റനും സഹായിയും കൂടി എന്നോട് അഡിഷണൽ ചാർജ് ചോദിച്ച്. അവർക്ക് ഇംഗ്ലീഷ് അറിയില്ല പക്ഷെ അവർ ചോദിക്കുന്നത് എനിക്ക് മനസ്സിലായി. ഞാൻ പിന്നെ ശുദ്ധ ഇംഗ്ലീഷിൽ മാത്രം സംസാരിക്കാൻ തുടങ്ങി അവന്മാർ പഠിച്ച പണി പതിനെട്ടും പയറ്റി എന്നെ പറഞ്ഞു മനസ്സിലാക്കിക്കാൻ. ഞാൻ മനസ്സിലാകാത്ത പോലെ പൊട്ടൻ കളിച്ചു. അവസാനം ക്യാപ്റ്റൻ സഹായിയോട് പറഞ്ഞു നമ്മൾ പറയുന്നതൊന്നും ഇവന് മനസ്സിലാകുന്നില്ല ഇനി സംസാരിച്ചിട്ട് കാര്യമില്ല വിട്ടേക്കാൻ. ഒരു ചിരിയും ചിരിച്ചു അഡിഷണൽ ചാർജും കൊടുക്കാതെ ഞാൻ പെട്ടിയും കൊണ്ട് പോന്നു .

2. ആങ്കറുകളും പ്രായപൂർത്തിയായ പെണ്കുട്ടികളും : ഇവ തമ്മിൽ എന്താ ബന്ധം എന്നല്ലെ ? ബന്ധം ഉണ്ട്‌. വർഷത്തിൽ ഒരു ദിവസം രാത്രി അവിടത്തെ യുവാക്കൾ ചേർന്ന് പൂഴി മണൽ കൊണ്ട് അവിവാഹിതരായ പെങ്കുട്ടികളുടെ വീടിനു മുന്നില് ഒരു ആങ്കർ വരക്കും. ഈ ആങ്കറുകൾ ദ്വീപിനു നടുവിലെ പൂഴി മണൽ കൊണ്ട് വരച്ച ഒരു കപ്പലുമായി വര വരച്ചു ബന്ദിപ്പിക്കും. ആദ്യത്തെ തവണ ഇത് കണ്ടപ്പോൾ എനിക്ക് ഒന്നും മനസ്സിലായില്ല.. പിന്നീട് അന്വേഷിച്ചപ്പോളാണ് കഥ അറിയുന്നത്. ഒരു പെണ്കുട്ടി മാത്രമാണെങ്കിൽ ഒരു ആങ്കെർ. 2 എണ്ണം ഉണ്ടെങ്കിൽ 2 ആങ്കെർ. അങ്ങനെ. പഴയ കാലത്ത് പ്രായപൂര്തിയായ പെൺകുട്ടികൾ താമസിക്കുന്ന വീടിനു മുന്നിൽ കൊടി നാട്ടുമായിരുന്നത്രേ.

വാല്ക്കഷ്ണം -ഇതൊന്നും കണ്ടു നേരെ അങ്ങ്‌ കയറി ചെല്ലരുത്. ഇവിടെ പ്രയപൂര്തിയായ പെൺകുട്ടികൾ ഉണ്ടോ എന്ന്നു ചോദിച്ച്. നല്ല തല്ലു കിട്ടും.
വെറുതെ ഒരു ആചാരത്തിന്റെ പേരിൽ അവർ തുടരുന്നു എന്നേ ഉള്ളൂ. അവർ വിവാഹം കഴിക്കുന്നത് ഇതൊന്നും നോക്കി അല്ല

3. മതിന്ധാ ബോട്ട് – ആകാശത്തിലൂടെ പോകുന്ന ബോട്ട്: മനസ്സിലായില്ല അല്ലേ ?.പറയാം . മാലിദ്വീപിലെ പല വാക്കുകളും പ്രയോഗങ്ങളും രസകരമാണ് . മതിന്ധാ ബോട്ട് എന്നത് കൊണ്ട് അവർ ഉദ്ദേശിച്ചത് വിമാനം ആണ്. ( Mathi – മുകളിൽ ,dha -പോകുന്ന ,Boat-ബോട്ട് തന്നെ ). അതായത് മാലിദ്വീപുകാർക്കു വാഹനം എന്നാൽ ബോട്ട് ആണ് അതു കൊണ്ട് ആദ്യമായി വിമാനം കണ്ടപ്പോൾ അവരും കരുതി ഇതു ആകാശത്തിലൂടെ പോകുന്ന ബോട്ട് ആണെന്ന് .

Brainstorm – എന്ന വാക്ക് അവർ തർജമ ചെയ്തിരിക്കുന്നത് “സിംഗുണ്ടി തൂഫാൻ ” എന്നാണ് . Brainstorm എന്നാൽ വിദ്യാഭ്യാസ വിചക്ഷണർ ഇടക്കിടെ ഉപയോഗിക്കുന്ന വാക്കാണ് .അതായത് ഒരു വിഷയത്തെ കുറിച്ചു പെട്ടെന്ന് കുറെ ഐഡിയകൾ ഉണ്ടാക്കി ലിസ്റ്റ് ചെയ്യുന്ന രീതി ആണ് .അല്ലാതെ അതിനു കൊടുങ്കാറ്റുമായി ഒരു ബന്ധവും ഇല്ല . മാലിദ്വീപുകാർ അതിനെ തലച്ചോറിലെ കൊടുങ്കാറ്റാക്കി ( സിംഗുണ്ടി – തലച്ചോർ അല്ലെങ്കിൽ ബുദ്ധി ,തൂഫാൻ – കൊടുങ്കാറ്റ്‌ ).
മറ്റൊരു രസകരമായ വാക്കു അവർ കുമിള തർജമ ചെയ്തിരിക്കുന്നത് “ബുബുള്ളി ” എന്നാണ് .ഇംഗ്ലീഷിൽ കുമിളക്ക് bubble (ബബിൾ ) എന്നാണ് പറയുക. ഇതു പണ്ട് ഏതോ ഇംഗ്ലീഷ് വായിക്കാനറിയാത്ത ് മാലിദ്വീപുകാരൻ “ബുബുള്ളി ” എന്നു വായിച്ചു അങ്ങനെ കുമിള ബുബുള്ളി ആയി . ഇതു എന്റെ കണ്ടുപിടുത്തം ആണ് – ചരിത്രവുമായി ഒരു ബന്ധവും ഇല്ല .

സ്വയം പൊങ്ങുന്നതിനും സെൽഫ് അടിക്കുന്നതിനും അവർ പറയുന്നത് “കാറാഫേലാനി ” എന്നാണ് .അതായത് “തണ്ണിമത്തൻ മുറിക്കുക” ( കാറ -തണ്ണിമത്തൻ ,ഫലാനി – മുറിക്കുക )എന്നു അർത്ഥം .എന്താണ് അങ്ങനെ പറയുന്നത് എന്നു എത്ര ആലോചിച്ചിട്ടും എനിക്കൊരു പിടിയും കിട്ടിയിട്ടില്ല .

4. ഫെൻകുളി ദുവസ് – മാലിദ്വീപിലെ ഹോളി : മാലിദ്വീപിൽ എങ്ങനെയാണ് ഹോളി എത്തിയത് എന്നറിയില്ല. വർഷത്തിൽ 4-5 ദിവസംനീണ്ടു നില്ക്കുന്ന ഒരു ആഘോഷമാണ് ഇവിടത്തെ ഹോളി. കുട്ടികൾക്ക് മാത്രമായുള്ള ഒരു ആഘോഷമാണിത്. ഫെൻകുളി തുടങ്ങിയാൽ ഉച്ചക്ക് ശേഷം എല്ലാ കുട്ടികളും ചെറിയ പ്ലാസ്റ്റിക് കവറുകളിലും ബക്കറ്റിലുമായി വെള്ളം നിറച്ചു തങ്ങളുടെ ഇരകളെ കാത്തു പലയിടത്തായി ഒളിച്ചു നിൽക്കും. ആരെയെങ്കിലും എറിയാൻ പാകത്തിന് കിട്ടിയാൽ വെള്ളം നിറച്ച കവർ കൊണ്ട് എറിയും.

ആദ്യകാലങ്ങളിൽ പച്ചവെള്ളമാണ് ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ നിറം കലക്കിയ വെള്ളവും ഉപയോഗിക്കാറുണ്ട്. അധ്യാപകരെ എറിയരുത് എന്നു കർശന നിർദ്ദേശം സ്കൂളിൽ നിന്നു നല്കിയിട്ടുള്ളതിനാൽ കുട്ടികൾ നമ്മളെ പലപ്പോഴും വെറുതെ വിടും. എങ്കിലും എനിക്ക് പലപ്പോഴും ഏറു കിട്ടിയിട്ടുണ്ട്. ആദ്യ വർഷം ഈ പരിപാടിയുടെ ഗുട്ടൻസ് പിടികിട്ടാത്തതിനാൽ വൈകുന്നേരം കടയിലേക്ക് പോയ എന്നെ എന്റെ ഒരു വിദ്യാർത്ഥിയുടെ ഉമ്മ തന്നെ തലയിലൂടെ വെള്ളം ഒഴിച്ചു. കുട്ടികൾക്ക് നമ്മൾ അവരുടെ കൂടെ കളിക്കുന്നത് ഇഷ്ടമായത് കൊണ്ട് ഞാൻ പലപ്പോഴും അവർ എന്നെ എറിയുന്നത് ഒരു സ്പോർട്സ്മാൻ സ്പിരിറ്റിയിലെ എടുക്കാറുള്ളു.
.
5. അഡോൾഫ് ഹിറ്റ്ലറും ആടും : അജ ഗജാന്തരം ഉള്ള രണ്ടു സാധനങ്ങളല്ലേ ഇവ രണ്ടും എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. പറയാം.. മാലിദ്വീപിലെ ക്ലാസ്സ്‌ മുറികൾ ഏതൊരു അധ്യാപകനും തികഞ്ഞ വെല്ലുവിളി ആണ്. 10-15 കുട്ടികളെ ഒരു ക്ലാസ്സിൽ ഉണ്ടാവൂ എങ്കിലും ചിലർക്ക് ഇംഗ്ലീഷ് മനസ്സിലാവില്ല, ചിലർ ക്ലാസ്സ്‌ മുറിയിൽ ഓടി നടക്കും അങ്ങനെ ഒരു പാട് പ്രശ്നങ്ങളാണ്.

ഒരിക്കൽ എഴാം ക്ലാസ്സിൽ ഞാൻ അഡോൾഫ് ഹിറ്റ്ലറിനെ കുറിച്ച് പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ക്രൂരനായ അഡോൾഫ് ഹിറ്റ്ലർ….. ജൂത വംശഹത്യ…
നാസിസം എന്ന അപകടകരമായ തത്വ ശാസ്ത്രം… ഞാൻ കത്തിക്കയറുകയാണ്… മിഴിച്ചിരിക്കുന്ന കുട്ടികളുടെ മനസ്സിൽ ഇപ്പോൾ അഡോൾഫ് ഹിറ്റ്ലറിനോടും അയാളുടെ ക്രൂരതയോടും വിരോധം തോന്നുന്നുണ്ടാവും, മനുഷ്യത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവർ ബോധവാന്മായിട്ടുണ്ടാവും എന്ന ആത്മ വിശ്വാസത്തിൽ ഞാനങ്ങനെ വിജൃംഭിച്ചു നിക്കുന്ന സമയം…

മുഹൈമിൻ എന്ന ഒരു ശിഷ്യൻ എണീറ്റു നിന്നു.. ഞാൻ കരുതി ഹിറ്റ്ലറെ കുറിച്ച് വല്ല സംശയവും ചോദിക്കാനാവും എന്ന്..പക്ഷെ അവന്റെ ചോദ്യം വേറൊന്നായിരുന്നു… സാറ് ആട് കരയുന്നതു കേട്ടിട്ടുണ്ടോ എന്ന് ! അപ്പോഴത്തെ എന്റെ അവസ്ഥ പറഞ്ഞറിയിക്കാൻ പറ്റില്ല.. ( ഈ മുഹൈമിനിന്റെ വീട്ടിൽ ആണ് ഞാൻ താമസിക്കുന്നത്. അത് കൊണ്ട് അവനെ ചീത്ത പറയാനും വയ്യ )എന്റെ ഉത്തരത്തിനു കാത്തു നിൽക്കാതെ അവൻ ഉച്ചത്തിൽ മ്മേ… മ്മേ.. ആട് കരയുന്ന ശബ്ദം മിമിക്രി ആയി അവതരിപ്പിച്ചു.. ക്ലാസ്സു മുറി കൂട്ട ചിരിയിൽ മുങ്ങിപ്പോയി…

ഇപ്പൊ നിങ്ങൾക്ക് തോന്നും ഇവന്മാർക്ക് പ്രാന്താണോ എന്ന്.. അല്ല.. ദ്വീപിലെ ആളുകൾ പ്രത്യകിച്ചും കുട്ടികൾ ജീവിതത്തിൽ ഒരിക്കലും വലിയ ജീവികളെ കണ്ടിട്ടില്ല. അവർ കണ്ടിട്ടുള്ള കരയിലെ ഏറ്റവും വലിയ ജീവി പൂച്ചയാണ്.. വലിയ പെരുന്നാളിന് അറുക്കാൻ വേണ്ടി തലേ ദിവസം ആരോ ദ്വീപിലേക്ക്‌ ഒരു ആടിനെ കൊണ്ട് വന്നിരുന്നു. ജനിച്ചിട്ട് ഇന്നു വരെ ആടിനെ കാണാത്ത കുട്ടികൾ തലേദിവസം മുതൽ ആട് കരയുന്നതും, തിന്നുന്നതും കാട്ടമിടുന്നതും ഒക്കെ നോക്കി ആടിന്റെ പിന്നാലെയാണ്.. അവരുടെ ചിന്തകളിൽ ആട് മാത്രമേ ഉള്ളൂ. നമ്മളും കുട്ടിക്കാലത്ത് ആനയെ കണ്ടാൽ അതിന്റെ പിന്നാലെ കൂടില്ലേ അത് പോലെ. ആടിനെ മാത്രം ഓർത്തിരിക്കുന്ന അവരുടെ മുന്നിൽ അഡോൾഫ് ഹിറ്റ്ലറിനെ അവതരിപ്പിച്ച എനിക്കല്ലേ ശരിക്കും പ്രാന്ത് !

6. ക്രൂരന്മാരായ മലബാറികൾ : മാലിദ്വീപിലെ പാഠ പുസ്തകത്തിലെ ഒരു പ്രധാന അധ്യായം ആണ് ” മലബാറികളുടെ ആക്രമണവും ദോൻ ബണ്ടറിനും “. അങ്ങനൊരു ചരിത്രം നമ്മൾ ഇവിടെ ഒരിക്കലും പഠിച്ചിട്ടില്ലെങ്കിലും മാലിദ്വീപിൽ അധ്യാപകനായപ്പോൾ ഇങ്ങനെ ഒരിക്കലും കേൾക്കാത്ത ചില പേരുകളും സംഭവങ്ങളും ഒക്കെ പഠിപ്പിക്കേണ്ടി വന്നു.

1752 ൽ സുൽത്താൻ മുകറം മുഹമ്മദ്‌ ഇമാദുദ്ധീൻ 3 എന്ന സുൽത്താന്റെ കാലത്താണ് കണ്ണൂരിലെ ആലി രാജാക്കന്മാരുടെ സൈന്യം മാലിദ്വീപിലെ ആക്രമിച്ചത്. തുടർന്ന് സുൽത്താനെയും അദ്ധേഹത്തിന്റെ അനന്തരവനെയുമൊക്കെ തട്ടി കൊണ്ട് പോയി. 3 മാസവും 20 ദിവസവും നീണ്ടു നിന്ന മലബാറി ഭരണത്തിനിടയിൽ സുൽത്താന്റെ കൊട്ടാരവും മാലെ ( male ‘) എന്ന അവരുടെ തലസ്ഥാനവുമൊക്കെ തീയ്യിട്ടു നശിപ്പിച്ചു. നിരവധി മാലിദ്വീപുകാരും കൊല്ലപ്പെടുകയുണ്ടായി. ദോൻ ബന്ദാരിൻ എന്ന മാലിദ്വീപുകാരുടെ സ്വാതന്ത്ര്യ സമര പോരാളി ആണ് മലബാറി ഭരണം അവസാനിപ്പിച് മാലിദ്വീപിനെ മോചിപ്പിച്ചത്.

അങ്ങനെ മലബാരികളുടെ ക്രൂരതയും ഡോൺ ബന്ദാരിൻന്റെ വീര ശൂര പരാക്രമങ്ങളും ഒക്കെ പഠിപ്പിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നി ഇപ്പോൾ ഇവന്മാരെല്ലാം കടുത്ത മലബാറി വിരോധികളായിരിക്കുന്നു എന്ന്.. ഈ കുരു ഇപ്പോൾ പൊട്ടിച്ചു വിടണം. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ഇവന്മാർ മലബാറി വിരോധികൾ ആവും. സത്യത്തിൽ ആരാണ് ഈ മലബാരികൾ എന്ന് അവന്മാർക്ക് ശരിക്ക് പിടി കിട്ടിയിട്ടില്ല. പോര്ടുഗിസുകാരെ പോലെ ഏതോ യൂറോപ്യൻ അക്രമികൾ ആവും എന്നാണ് അവർ കരുതിയിരിക്കുന്നത്. ( portugese കാർ മാലിദ്വീപിൽ ഒരു പാട് അക്രമങ്ങൾ നടത്തിയിട്ടുണ്ട് ).

നമ്മുടെ ദ്വീപിൽ ഒരു മലബാറി ഉണ്ടെന്ന് ഞാൻ പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി എല്ലാവരും ആവേശത്തിൽ ആയി.. കൂട്ടത്തിൽ നല്ല കുരുത്തക്കേടുള്ള ‘ഫസീഹു ‘ എന്നവൻ സാർ ആളെ പറ ഞങ്ങൾ ഇപ്പൊ അവനെ ശരിയാക്കി തരാം എന്ന ഭാവത്തിലാണ്.. ആ മലബാറി നമ്മുടെ സ്കൂളിലുണ്ട് എന്ന് ഞാൻ.. കുട്ടികൾ ഒന്ന് കൂടി ആവേശ ഭരിതരായി… ആ മലബാരിയാണ് ഇപ്പോൾ നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത് ! ഇത് കേട്ടതും….സാർ… എന്ന ഒരു അലർച്ചയായിരുന്നു ക്ലാസ്സിൽ… സാവധാനം അവരെ ഞാൻ പറഞ്ഞു മനസ്സിലാക്കി. ഞാനോ എന്റെ പിതാമഹന്മാരോ നിങ്ങളെ ആക്രമിച്ചിട്ടില്ല എന്നും മലബാറിൽ നിന്നു വന്ന ചില അക്രമികൾ പണ്ട് ചെയ്ത അക്രമത്തിനു മലബാരികൾ എല്ലാം ഉത്തരവാദികൾ അല്ല എന്നുമൊക്കെ… മലബാറികളോടുള്ള വിരോധം അതോടെ തീർന്നു സമാധാനത്തോടെ അവർ വീട്ടിൽ പോയി…..

NB – ‘ഫസീഹ്‌’ എന്ന പേരാണ് അവർ ‘ഫസീഹു ‘ എന്ന് ഉപയോഗിക്കുന്നത്. എല്ലാ പേരിന്റെയും അവസാനം അവർ ‘ഉ ‘ ചേർക്കും. ‘ഷാഫി ‘ അവർക്കു ‘ഷാഫിഉ ‘ ആണ്. ഞാൻ അവർക്കു ‘സക്കീറു ‘ ആണ്.

7. മാലിദ്വീപിന്റെ ബുദ്ധ പാരമ്പര്യം : പണ്ട് പണ്ട് മാലിദ്വീപ് ബുദ്ധന്മാർ ജീവിച്ചിരുന്ന രാജ്യമായിരുന്നു. 1153 യോട് കൂടിയാണ് മാലദ്വീപ് ഒരു മുസ്ലിം രാജ്യമായി മാറുന്നത്. തൊദ്ദൂ, നിലന്ധൂ, കാശിദു ( thoddoo, nilandoo, kashidhoo ) തുടങ്ങിയ ദ്വീപുകളിൽ നിന്നു ബുദ്ധ വിഹാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള അന്വേഷണത്തിനിടയിൽ ഞാൻ താമസിക്കുന്ന ദ്വീപായ വെയ്മണ്ടൂ ( veymandoo ) എന്ന ദ്വീപിനടുത്തുള്ള കിൻബിധൂ ( kinbidhoo ) എന്ന ദ്വീപിലും ഒരു ബുദ്ധ വിഹാരം ഉള്ളതായി അറിവ് കിട്ടി. അങ്ങനെ ഒരിക്കൽ അതൊന്ന് കണ്ടു പിടിക്കണം എന്ന മോഹവുമായി ഞാൻ ആ ദ്വീപിലേക്കു പോയി. അവിടെയുള്ള ജോയ് സാർ എന്റെ സുഹൃത്താണ്.. ( നമ്മുടെ ഗ്രൂപ്പ്‌ മെമ്പർ കൂടി ആണ് ). കിൻബിധൂ വളരെ ചെറിയ ഒരു ദ്വീപാണ്.. മുൻപ് പലപ്പോഴും പോയിട്ടുണ്ടെങ്കിലും അങ്ങനെ ഒരു വിഹാരത്തിന്റെ അവശിഷ്ടമൊന്നും കണ്ടിട്ടില്ല..

ജോയ് സാറിനോട് ഞാൻ കാര്യം പറഞ്ഞു.. ഇങ്ങനെ ഒരു സംഭവം നിങ്ങളുടെ ദ്വീപിൽ ഉണ്ടെന്ന്…സാറും വര്ഷങ്ങളായി അവിടെ താമസിക്കുകയാണെങ്കിലും അങ്ങനൊരു സാധനം കണ്ടിട്ടില്ല.. എന്നാൽ നമുക്കതു കണ്ടു പിടിക്കണം എന്ന് പറഞ്ഞു സാറും കൂടെ കൂടി… ദ്വീപിലെ പലരോടും അന്വേഷിച്ചെങ്കിലും ഒരു പിടിയും കിട്ടിയില്ല. അവസാനം ഒരാൾ കാണിച്ചു തരാമെന്നേറ്റു.. അയാൾ ഞങ്ങളെയും കൊണ്ട് ദ്വീപിന്റെ കാട് പിടിച്ചു കിടക്കുന്ന ഒരു ഭാഗത്തേക്ക്‌ കൊണ്ട് പോയി.. ഒരു ഭാഗത്തു കുറച്ചു തെങ്ങിൻ തോപ്പുകളാണ്. അത് കഴിഞ്ഞു കൈതച്ചെടികൾ ഇടതൂർന്നു നിൽക്കുന്ന ഒരു സ്ഥലത്തെത്തി… മുന്നോട്ടു വഴിയൊന്നും ഇല്ല. അവസാനം കൈതച്ചെടികൾ വകഞ്ഞു മാറ്റി അയാൾ കാണിച്ചു തന്നു ഒരു വൃത്താകൃതിയിൽ ഉള്ള പഴയ ഒരു കെട്ടിടത്തിന്റെ അവശിഷ്ടം. കാട് പിടിച്ചും മണ്ണടിഞ്ഞും കിടക്കുന്നതിനാൽ പെട്ടെന്നൊന്നും തിരിച്ചറിയാനാവില്ല അതൊരു കെട്ടിടത്തിന്റെ അവശിഷ്ടം ആണെന്ന്… ആ ഭാഗം അവിടത്തുകാർ ഇപ്പോൾ ഉപയോഗിക്കാറില്ല. ബുദ്ധ ക്ഷേത്രങ്ങളെ മാലിദ്വീപുകാരുടെ ഭാഷയിൽ “കോയിലു ” ( കോവിൽ ) എന്നാണു പറയുക.

ഇതിന്റെ തൊട്ടടുത്തു തന്നെ കടലാണ്. അങ്ങനെ അവിടെ നിന്നു ഞങ്ങൾ കടൽക്കരയിലേക്കു നടന്നപ്പോൾ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടു. വിഹാരത്തിലേക്കുള്ള വഴിയും അതിനുപയോഗിച്ചിരുന്ന കല്ലുകളുമൊക്ക ഇപ്പോഴും ആ കടൽക്കരയിൽ ഉണ്ട്. എല്ലാം നിർമിച്ചിരിക്കുന്നത് പവിഴപ്പുറ്റിന്റെ കല്ലുകൾ കൊണ്ടാണ്. കടൽക്കരയിൽ ധാരാളം അത്തരം കല്ലുകൾ ഉണ്ടെങ്കിലും സൂക്ഷിച്ചു നോക്കിയാൽ പ്രകൃത്യാ ഉള്ള കല്ലുകളും ആളുകൾ മുറിച്ചെടുത്തു നിര്മാണത്തിനുപയോഗിച്ച കല്ലുകളും തിരിച്ചറിയാനാവും. ഏതായാലും വിജയശ്രീലാളിതരായി ഞാനും ജോയ് സാറും അവിടെ നിന്നു വേറൊരു വഴിയിലൂടെ തിരിച്ചു വന്നു….

NB – മാലിദ്വീപിലെ മിക്കവാറും ദ്വീപുകളുടെ അവസാനം ‘ദൂ’ എന്നായിരിക്കും. ‘ദൂ’ എന്നാൽ ദ്വീപ്‌ എന്നാണ് അവരുടെ ഭാഷയിൽ.

8. ബോടു ഈദ്‌ അഥവാ വല്യ പെരുന്നാൾ : രണ്ടു പെരുന്നാളിനും ആഘോഷമുണ്ടെങ്കിലും നമ്മുടെ നാട്ടിൽ നിന്നു വ്യത്യസ്തമായി ( നാട്ടിൽ ചെറിയ പെരുന്നാളിനാണ് കൂടുതൽ ആഘോഷം ) വലിയ പെരുന്നാളിനാണ് ( ബക്രീദ്) കൂടുതൽ ആഘോഷം. ഏകദേശം ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷം ഉണ്ടാവും. ആഘോഷ പരിപാടികൾ പാതിരാ വരെ നീണ്ടു നിൽക്കും. പെരുന്നാൾ ദിവസം പള്ളിയിൽ പോയ ശേഷം എല്ലാവരും കൂടി അറ്റോൾ ഓഫീസിലേക്കു പോകും. കുറേ ദ്വീപുകളുടെ കൂട്ടമാണ് അറ്റോൾ ( atoll ). ഞാൻ താമസിക്കുന്ന ദ്വീപ് കുറേ ദ്വീപുകളുടെ തലസ്ഥാനമാണ്.. അവിടെ വെച്ചു എല്ലാവർക്കും കുടിക്കാൻ ജ്യുസും ബിസ്കറ്റുമൊക്കെ ലഭിക്കും. അറ്റോൾ ഓഫീസർ ഓരോരുത്തരെയായി കൈപിടിച്ച് ആണ് അവിടേക്ക് സ്വീകരിക്കുക.

ഇതോടു കൂടി ആഘോഷങ്ങളുടെ തുടക്കമായി. ഇനിയുള്ള ദിവസങ്ങൾ ആട്ടവും, പാട്ടും, കളിയുമായി ഒരു കുടുംബം പോലെയാണ് അവർ ജീവിക്കുക.
ആദ്യമായി പൊതു കളി സ്ഥലത്തു വെച്ചു ബഷി, പന്ത് കളി തുടങ്ങിയ നാടൻ കളികളാണ്. സ്ത്രീകളും പുരുഷന്മാരും ഗ്രൗണ്ടിന്റെ രണ്ടു ഭാഗങ്ങളിലായി വ്യത്യസ്ത കളികളിൽ ഏർപ്പെടും. ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണം ഒരു പൊതു സ്ഥലത്തു എല്ലാവർക്കുമായി തയ്യാറാക്കും.

ഉച്ചയോടു കൂടി ‘ദിഗു ദണ്ഡി ‘ എന്നറിയപ്പെടുന്ന ഒരു ഡാൻസുമായി യുവാക്കൾ ദ്വീപ് ചുറ്റാൻ തുടങ്ങും. ഒരു ചെറിയ വടി ഉപയോകിച്ച് വട്ടത്തിലും വരിയായി നിന്നുമൊക്കെ ഉള്ള നൃത്തമാണിത്. ഈ ദിവസങ്ങളിൽ എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം കഴിക്കുക. ഒരു രസകരമായ കാര്യം സ്പെഷ്യൽ വിഭവമായി അവർ ഒരുക്കുന്നത് നമ്മുടെ പൊറാട്ടയാണ്. ഇത് ഉണ്ടാക്കാൻ അറിയുന്ന അപൂർവ്വം ആളുകളെ ദ്വീപിലുള്ളൂ..

വൈകുന്നേരമായാൽ ഒരാൾ ഒരു ചെറിയ മുത്തുക്കുടയുമായി എല്ലാ വീടുകളിലും പോയി കുട്ടികൾക്ക് അനുഗ്രഹം കൊടുക്കുന്ന ഒരു ആചാരമുണ്ട് ‘ കോഡി ജാഹ്ന് ‘ എന്നാണ് ഇതറിയപ്പെടുന്നത്. സൂര്യാസ്തമയത്തിനു ശേഷമാണ് ബാക്കി ഗംഭീര ആഘോഷ പരിപാടികൾ. വൈകുന്നേരത്തോടു കൂടി തന്നെ കുറേ യുവാക്കൾ പച്ചില കൊണ്ട് തങ്ങളുടെ ശരീരം മുഴുവൻ മറക്കും. കണ്ണുകൾ ഒഴിച്ച് ബാക്കി ശരീരം മുഴുവൻ ഇങ്ങനെ മറക്കും. കണ്ടാൽ ഒരു മരമാണെന്നേ തോന്നൂ ( ഒരു പൊന്തക്കാട് ). കുറേ ആളുകൾ പ്രേതങ്ങളായും മറ്റു ഭീകര ജീവികളായും വേഷം കെട്ടും. തുടർന്ന് ‘ബോട് ബെറു’ വിന്റെ ( ചെണ്ട കൊട്ട് ) അകമ്പടിയോടെ തെരുവിലൂടെ ആട്ടവും പാട്ടും ഉണ്ടാവും.’ മാലി ‘അഥവാ ‘ഹേഹദൂൻ ‘ എന്നാണ് ഈ പരമ്പരാഗത നൃത്തം അറിയപ്പെടുന്നത്.

മാലിദ്വീപുകാർ അവരുടെ സംസ്കാരത്തെ ദിവേഹി -ഇസ്ലാം സംസ്കാരം എന്നാണ് പറയുക. പഴയ ദ്വീപ് സംസ്കാരത്തിന്റെയും ആദിവാസി പാരമ്പര്യത്തിന്റെയും ( tribal culture ) പിൻതുടർച്ചായാണ് ഇത്തരം നൃത്ത രൂപങ്ങൾ. രാത്രി 10 മണിയോട് കൂടി സ്റ്റേജ് കെട്ടി ഡാൻസും പാട്ടും ബോട് ബെര് എന്നറിയപ്പെടുന്ന ചെണ്ടമേളവും ആരംഭിക്കും. പലപ്പോഴും ആഘോഷങ്ങൾ 2 am വരെയൊക്കെ നീണ്ടു പോകും..
പല ദ്വീപുകളിലും ഈ ആഘോഷ പരിപാടികൾ വ്യത്യസ്ത രീതിയിലായിരിക്കും. ചിലയിടങ്ങളിൽ പെങ്കുട്ടികളുടെ ഡാൻസ് ഉണ്ടാവും. ചിലയിടങ്ങളിൽ ഒരു വൃത്തത്തിനു ചുറ്റും നിന്നുമുള്ള ഡാൻസും കാണാം.

NB – ബോട് ബെറുവിനുള്ള ചെണ്ട ഉണ്ടാക്കുന്ന പണികൾ പെരുന്നാളിന് മാസങ്ങൾ മുൻപേ തുടങ്ങും. തെങ്ങിന്റെ തടി ഉപയോഗിച്ചാണ് ചെണ്ട ഉണ്ടാക്കുന്നത്‌. കടലാമയുടെ തോൽ ആണ് പരമ്പരാഗതമായി ചെണ്ടയിൽ കൊട്ടാനുള്ള ഭാഗത്തു ഉപയോഗിക്കുന്നത്.. ഞാൻ താമസിച്ചിരുന്ന വീട്ടിലെ കാരണവർ ആണ് ഞങ്ങളുടെ ദ്വീപിലെ ചെണ്ട ഉണ്ടാക്കൽ വിദഗ്ദൻ. അതിനാൽ ഈ പണി തുടക്കം മുതൽ കാണാൻ അവസരം കിട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

You May Also Like

അച്ഛനോടൊപ്പം ഞാൻ കണ്ട ഊട്ടി; ഇനിയൊരിക്കലും നടക്കാത്ത ആ യാത്ര

വിവരണം – ശുഭ ചെറിയത്ത്. യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്ര ആയിരിക്കും. ഓർമയിലെ ആദ്യയാത്ര … ചിലർക്കത് കുടുംബത്തോടൊപ്പമാകാം , ചിലർക്ക് സുഹൃത്തുക്കളോടൊപ്പമാകാം അതുമല്ലെങ്കിൽ സ്ക്കൂൾ വിനോദയാത്രയാകാം … ആ യാത്രയുടെ ബഹിർസ്ഫുരണം പിന്നീടുള്ള…
View Post

തണുപ്പ് ആസ്വദിക്കാൻ ഒരു യാത്ര പോകാം… ഇതാ ടോപ് 10 സ്ഥലങ്ങൾ

അൽപ്പം തണുപ്പ് ആസ്വദിക്കുവാനായി ഒരു ട്രിപ്പ് പോകുന്നവർ ധാരാളമാണ്. ഇത്തരത്തിൽ തണുപ്പ് ആസ്വദിക്കുവാനായി തിരഞ്ഞെടുക്കാവുന്ന മികച്ച പത്ത് സ്ഥലങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. മൂന്നാർ – കേരളത്തിൽ തണുപ്പ് ആസ്വദിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം മൂന്നാർ തന്നെയാണെന്നതിൽ ആർക്കും സംശയമൊന്നും ഉണ്ടാകില്ല.…
View Post

കേരളത്തിലെ പത്രങ്ങളുടെ ചരിത്രം – ഒരു മലയാളി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ..

കേരളീയരുടെ ജീവിതത്തിന്‍്റെ ഭാഗമാണ് പത്രങ്ങള്‍. കേരളീയ സംസ്കാരത്തിന്‍്റെ ഭാഗമാണ് പത്രവായന. ഒരു ശരാശരി മലയാളിയുടെ ദിവസം ആരംഭിക്കുന്നത് ഒരു കൈയില്‍ കാപ്പിയും മറ്റേ കൈയില്‍ പത്രവുമായിട്ടാണ്. കേരളത്തിലെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും മികച്ച സംഭാവന നല്‍കിയത് പത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണെന്നു കാണാം.…
View Post

മുഗൾ സാമ്രാജ്യം – ചക്രവർത്തിമാരും അവരുടെ അന്ത്യവും

ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻ‌ഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ്‌ മുഗളർ. മംഗോൾ എന്നതിന്റെ പേർഷ്യൻ/ചഗതായ് രൂപഭേദമായ മുഗൾ…
View Post

കടുവ വേലായുധൻ – ആനപ്പണിക്കാരിലെ എക്കാലത്തെയും വലിയ അതികായൻ !!

എഴുത്ത് – വിനു പൂക്കാട്ടിയൂർ. ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായൻ ‘കടുവ വേലായുധേട്ടൻ’ ആനയില്ലാത്ത ലോകത്തേക്ക് യാത്രയായിട്ട് എട്ട് വർഷങ്ങൾ. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ അനന്തകോടിപ്രണാമം. ഒരുപാട് പേരുടെ അഭ്യർത്ഥനയായിരുന്നു സാക്ഷാൽ കടുവയുടെ കഥകൾ കേൾക്കണമെന്ന്. എന്നാൽ എന്നെപോലെയുള്ള ഒരാൾക്ക് വലിയ…
View Post

ഓൺലൈൻ തട്ടിപ്പ് നടത്താനൊരുങ്ങിയ മദാമ്മയ്ക്ക് തിരിച്ചു പണികൊടുത്ത് മലയാളി

തട്ടിപ്പുകാർ പലവിധത്തിലുണ്ടെങ്കിലും, ഇപ്പോൾ കൂടുതലും തട്ടിപ്പുകൾ നടക്കുന്നത് ഓൺലൈനിലൂടെയാണ്. ആർക്കും ഒരു സംശയവും തോന്നാതെ പറ്റിക്കാൻ മിടുക്കരായ ഇവരുടെ വലയിൽ പലരും വീണിട്ടുമുണ്ട്. ഇത്തരത്തിലൊരു ഉഗ്രൻ തട്ടിപ്പുകാരിയെ മനസ്സിലാക്കി തിരിച്ചു പണികൊടുത്ത കഥയാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയും, സാമൂഹിക പ്രവർത്തകനും, ശില്പിയുമായ…
View Post

കരിയെ മെരുക്കിയ കടുവ വേലായുധൻ; ആനപ്പണിക്കാരിലെ ധീരൻ – പാർട്ട് 3

ആനപ്പണിയിലെ എക്കാലത്തെയും വലിയ അതികായനായ ‘കടുവ വേലാധൻ’ എന്ന അപൂർവ്വ മനുഷ്യനെക്കുറിച്ചുള്ള കഥ. അവസാന ഭാഗം. ആദ്യഭാഗം വായിക്കുവാൻ : https://bit.ly/33rRcbo. എഴുത്ത് – വിനു പൂക്കാട്ടിയൂർ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ അപ്രതീക്ഷിത ഇടിയേറ്റ് പുതുനഗരം പാടത്തു വീണ്ടുകിടക്കുന്ന കർണ്ണൻ. കർണ്ണന്റെ നെഞ്ചുപിളർക്കാൻ കുതിച്ചുവരുന്ന…
View Post

1000 രൂപയ്ക്ക് താമസമടക്കം ‘മൂന്നാർ’ ടൂർ പാക്കേജുമായി കെഎസ്ആർടിസി

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ വരുന്ന സ്ഥലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ മൂന്നാർ. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍, തണുത്ത കാലാവസ്ഥ, പുൽമേടുകൾ, ഷോലക്കാടുകൾ തുടങ്ങിയ ഘടകങ്ങളാണ് മൂന്നാറിന്റെ പ്രകൃതഭംഗിയ്ക്ക്…
View Post

KSRTC SWIFT വോൾവോ സ്ലീപ്പർ ബസ്സിലെ യാത്ര; ഒരു പാസഞ്ചർ റിവ്യൂ

വിവരണം – ലിജോ ചീരൻ ജോസ്. ഇരുപത്തിരണ്ടു വർഷമേ ആയിട്ടുള്ളു ഞാൻ നമ്മുടെ ആനവണ്ടിയിലെ ദീർഘദൂര യാത്രകൾ ആരംഭിച്ചിട്ട്. ഗുരുവായൂർ – കോയമ്പത്തൂർ ഫാസ്റ്റിലാണ് തുടക്കം. കുറച്ചു വര്ഷം മുൻപ് വരെ കര്ണാടക ആർ ടി സി വോൾവോ ബസുകൾ കേരളത്തിലേക്ക്…
View Post